ADVERTISEMENT

''ഡാ മാത്തൂ.. നമ്മടെ കറിയ എവിടെ? അവനെ കാണുന്നില്ലല്ലോ'' ''അത് ശരിയാണല്ലോ.. ഞാൻ ഓർക്കുകേം ആരെയോ മിസ് ആകുന്നുണ്ടല്ലോയെന്ന്'' മാത്യൂസ് എഴുന്നേറ്റ് സുവർണജൂബിലി ഹാളിൽ കൂടിയിരിക്കുന്ന മുഖങ്ങളിലെല്ലാം കറിയയെ പരതിക്കൊണ്ടു ജോമോനോട് പറഞ്ഞു. ഋഷിയും ബെഞ്ചമിനും വിനോദുമെല്ലാം തിരച്ചിലിൽ പങ്കുചേർന്നു. ''എന്താടാ നോക്കുന്നെ?'' അവരുടെ തിരച്ചിൽ കണ്ടാണ് മീനാക്ഷി അങ്ങോട്ടുവന്നത്. സാന്ദ്രയും റസിയയും അവരുടെയൊപ്പം ഉണ്ടായിരുന്നു. ''നമ്മുടെ കറിയ.. അവനായിട്ട് വല്ല കോണ്ടാക്ടുമുണ്ടോ?'' ഋഷിയാണ് ചോദിച്ചത്. ''നമ്മുടെ ചുണ്ടൻ കറിയ അല്ലെ.. വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ കണ്ടായിരുന്നു. അവന് മേസ്തിരി പണിയാ. എന്റെ വീടിന്റെ അടുത്തൊരു വീടുപണിക്ക് വന്നപ്പോ കണ്ടതാ. ഞാൻ മിണ്ടാൻ ചെന്നപ്പോ അറിയുന്ന ഭാവം പോലും നടിച്ചില്ല.'' റസിയ പറഞ്ഞു. ''ചുണ്ടൻ കറിയ.. അവൻ കേൾക്കണ്ട കേട്ടോ.. ഹഹഹ... നമ്മുടെ സീനിയർ ഒരുത്തൻ അങ്ങനെ വിളിച്ചിട്ട് മൂക്കിടിച്ചു പരത്തിയതാ.. പാവം.. മുൻശുണ്ഠി ഉണ്ടേലും സ്നേഹം ഉള്ളോനായിരുന്നു.'' ജോമോൻ പഴയകാലം ഓർത്തു.

''അതെയതെ.. എസ് റ്റി കിട്ടാഞ്ഞിട്ട് ബസ് തടയാനും ഉച്ചക്ക് കൈ കഴുകാൻ ചെല്ലുമ്പോ മുറ്റത്തേക്ക് കയറാതെ പട്ടിയെ അഴിച്ചുവിട്ട ഡ്രോയിങ് സാറിന്റെ വൈഫിനെ കശുമാങ്ങാ കൊണ്ടെറിഞ്ഞതും ഒക്കെ ഇപ്പോഴുമോർക്കുന്നു. അവൻ അത്യാവശ്യം പഠിക്കുമായിരുന്നല്ലോ.. പിന്നെന്തുപറ്റി?'' ''പത്താം ക്ലാസ് കഴിയുന്ന സമയത്താണ് അവന്റെ അച്ഛൻ മരിക്കുന്നത്. അമ്മക്കെന്തോ അസുഖമൊക്കെ ഉണ്ടായിരുന്നല്ലോ. പിന്നെ അനിയത്തിമാർ ഒന്നോ രണ്ടോ എന്തോ.. ഇവനല്ലേ മൂത്തത്.. അതുങ്ങളുടെ കാര്യോം നോക്കണ്ടേ? പിന്നെയവൻ കിട്ടുന്ന ഓരോ പണിക്കിറങ്ങി എന്നാ കേട്ടത്'' റസിയ തനിക്കറിയാവുന്നത് പറഞ്ഞു. ''എടാ.. ഇവിടുത്തെ പരിപാടി തീരാൻ നിൽക്കുന്നില്ല. മൂത്തവൾക്ക് പനി.. കാലാവസ്ഥ മാറിയതിന്റെയാവും. ഞാൻ അങ്ങോട്ട് ചെല്ലട്ടെ.. ഏതേലും ഡോക്ടറെ കാണിക്കണം'' ''അയ്യോ.. അപ്പൊ നീ ഋഷീടെ വീട്ടിലേക്കില്ലേ? അവന്റെ ബീവിടെ ബിരിയാണി.. ഹോ'' ''ഹേയ്.. ഞാനുറപ്പായും ഉണ്ടാകും. അതിനല്ലേ നേരത്തെ പോയി ഡോക്ടറെ ഒക്കെ കണ്ടു ഫ്രീയാകാം എന്ന് ഓർത്തത്.'' മാത്യൂസ് അവരോടു പറഞ്ഞിട്ട് ഹാൾ വിട്ടു.

സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള പൂർവവിദ്യാർഥി സംഗമത്തിനെത്തിയതായിരുന്നു പഴയ കൂട്ടുകാരെല്ലാവരും, ഒപ്പം തങ്ങൾ പത്താം ക്ലാസ് പൂർത്തിയാക്കിയിട്ട് മുപ്പത് വർഷങ്ങൾ തികയുന്നു. ഈ ബാച്ചിന്റെ സംഭാവനകൊണ്ടുണ്ടാക്കിയ സുവർണജൂബിലി ഹാളിലാണ് എല്ലാവരും ഒത്തുകൂടിയിരിക്കുന്നത്. നാല് ബാച്ചുകളിൽ ഉള്ള പത്താം ക്ലാസുകാർ എല്ലാം കൂടെ ആയതിനാൽ പത്ത് ബി യിലുണ്ടായിരുന്ന ഉറ്റസുഹൃത്തുക്കളാണ്‌ മാറിയിരുന്ന് സംസാരിച്ചത്. എല്ലാവരും തന്നെ വിദേശത്തോ സ്വദേശത്തോ നല്ല രീതിയിൽ ജീവിക്കുന്നു. ''കറിയാ കൂടി ഉണ്ടായിരുന്നേൽ നല്ല രസമായിരുന്നു. നമ്മൾ അഞ്ചുപേരുമില്ലാതെ അന്നൊരു ദിവസം പോലുമുണ്ടായിരുന്നിട്ടില്ല'' ഋഷിയുടെ വീട്ടിൽ ബിരിയാണി കഴിക്കുന്നതിനിടെ ബെഞ്ചമിൻ പറഞ്ഞപ്പോൾ മറ്റുള്ളവരും ശരി വെച്ചു. ''എടാ.. നിങ്ങടെ കൂടെ പഠിച്ച സ്കറിയാ തോമസ് അല്ലെ? അവൻ ലക്ഷം വീട് കോളനിയിൽ ആണ് താമസം.'' ഋഷിയുടെ ഉമ്മ ഫാത്തിമ ടീച്ചറാണ് പറഞ്ഞത്. ''ഏഹ്!! അവനെ ടീച്ചർക്കറിയാമോ? അവന്റെ നമ്പർ കൈയ്യിലുണ്ടോ? ഒന്ന് വിളിക്കട്ടെ..'' ബെഞ്ചമിൻ ചാടിയെണീറ്റു.

''വേണ്ടടാ.. നിങ്ങൾ വിളിച്ചാൽ അവൻ വരില്ല. ഞാൻ എന്തേലും പണിയുടെ കാര്യം പറഞ്ഞു വിളിച്ചോളാം. ഒരിക്കൽ എന്തോ പണിക്കിവിടെ വന്നതാ. എന്നെ കണ്ടപ്പോഴൊന്ന് പരുങ്ങി. പിന്നെ ഋഷിയൊക്കെ പുറത്താണ് ഞാൻ തനിച്ചേ ഉള്ളൂവെന്നൊക്കെയറിഞ്ഞപ്പോൾ ഇവിടെയടുത്താണ് പണിയെങ്കിൽ അവൻ വല്ലപ്പോഴും വന്ന് സംസാരിക്കാറുണ്ട്. അകത്തേക്ക് കയറാൻ പറഞ്ഞാൽ കയറില്ല..'' ''അതെന്നാ...?'' ''ഒരുതരം കോംപ്ലക്സ്. എങ്ങുമെവിടെയും എത്തിയിട്ടില്ലന്നുള്ള തോന്നൽ. ഇന്നുകണ്ടില്ലേ? എത്രപേരുണ്ടായിരുന്നു പൂർവവിദ്യാർഥി സംഗമത്തിന്? നിങ്ങളൊക്കെ നല്ല നിലയിലായതുകൊണ്ടു വന്നു. കൂലിപ്പണിയും ഓട്ടോയോടിക്കലും അങ്ങനെ താഴെത്തട്ടിൽ ജോലിചെയ്യുന്നവർ ചുരുക്കം പേരല്ലേ വന്നിരുന്നത്?'' ''അത് ശെരിയാ.. എന്നാലും ഞങ്ങളൊക്കെ എങ്ങനെ നടന്നിരുന്നതാ ടീച്ചറെ. അന്ന് ഇരുപത്തിയഞ്ചുപൈസേടെ പ്യാരി മുട്ടായീ മേടിക്കണേൽ നല്ലനേരം നോക്കണം. അന്നാകെ പൈസയുള്ളത് റഷീടെ കൈയ്യിലും കറിയേടെ കൈയ്യിലുമാ.''

''അതെയതെ... ഞാൻ ഉമ്മാടെ കാര്യുണ്യം കൊണ്ട് കിട്ടുന്ന പൈസേം കൊണ്ട് വരുമ്പോ കറിയ അധ്വാനിച്ചുണ്ടാക്കുന്ന പൈസേം കൊണ്ട് വരും. പുളിമുട്ടായീം തേൻ മുട്ടായീം.. തോമാച്ചേട്ടന്റെ കടയിലെ പരിപ്പ് വടയും. അവന്‍ വാങ്ങിക്കൊണ്ട് വരും... നമ്മളെല്ലാം കൂടിയിരുന്ന് കഴിക്കും.'' ''മിണ്ടാതെടാ.. വായിൽ വെള്ളം വരുന്നു. വല്ലപ്പോഴും കിട്ടുന്നത് കൊണ്ടായിരിക്കും അതിനൊക്കെ വല്ലാത്ത രുചിയായിരുന്നു.'' ജോമോൻ കലാലയ ജീവിതത്തിലെ വീണ്ടെടുക്കാനാവാത്ത ഓർമകളിൽ മുഴുകി. ''ടീച്ചറെ.. പൈപ്പ് ശരിയാക്കിയിട്ടുണ്ട് കേട്ടോ...?'' ''എത്രയാടാ സ്കറിയാ തോമസേ?'' ''ഓഹ്!!... അത് ചെറിയ പണിയല്ലേ ഉണ്ടായിരുന്നുള്ളൂ. ഒന്നും വേണ്ട'' കറിയ കൈലിമുണ്ടിന് മുകളിൽ ഉടുത്ത തോർത്തഴിച്ച് മുഖവും കൈയ്യും തുടച്ചിട്ട് അരയിൽ കെട്ടി ഷർട്ട് അതിന് മുകളിലൂടെ ഇട്ടു. എന്നിട്ട് മടിക്കുത്തിൽ നിന്നൊരു ദിനേശ് ബീഡിയെടുത്ത് ചുണ്ടിൽ വെച്ചിട്ട് തീപ്പെട്ടി എടുത്തപ്പോഴാണ് തന്നെ നോക്കി നിൽക്കുന്ന ഫാത്തിമ ടീച്ചറെ കണ്ടത്.

''അയ്യോ.. സോറി ടീച്ചറെ'' അവൻ ബീഡി മുറ്റത്തേക്ക് വലിച്ചെറിഞ്ഞു. ''നിന്റെ കൂട്ടുകാർ ഒക്കെ വിളിക്കാറുണ്ടോടാ?'' മുറ്റത്ത് കായ്ച്ചുകിടക്കുന്ന കിളിച്ചുണ്ടൻ മാവിലേക്ക് ആയിരുന്നു കറിയയുടെ നോട്ടം. ''ഹേയ്.. എന്റേൽ ആരുടേം നമ്പറൊന്നുമില്ല. ഋഷി ഇനിയെന്നാ ടീച്ചറെ വരുന്നേ? അവനെത്ര പിള്ളേരാ?'' ''ഹോ ! ഇപ്പോഴേലും നീ അവനെ ഒന്നന്വേഷിച്ചല്ലോ സ്കറിയാ തോമസേ... കഴിഞ്ഞ തവണ വന്നപ്പോഴും അവൻ നിന്നെ തിരക്കിയിരുന്നു. ചോദിക്കാന്‍ മറന്നു.. നിന്റെ വൈഫും പിള്ളേരുമൊക്കെ?'' ''ടീച്ചർ അറിയും.. ഞാൻ ജാൻസിയെ ആണ് കല്യാണം കഴിച്ചത്. ജാൻസി തോമസ്'' ''ഏത്? നമ്മുടെ സ്‌കൂളിന് മുന്നിൽ പെട്ടിക്കട ഉണ്ടായിരുന്ന തോമാച്ചേട്ടന്റെ മോളോ? ആ കാലു വയ്യാത്ത കുട്ടി?'' ''അതെ ടീച്ചറെ.. ഞങ്ങൾക്ക് രണ്ടു മക്കളാ.. മൂത്തത് നാലിലും. ഇളയത് ഒന്നിലും'' ''എഹ്.. അതെന്നാടാ? ഋഷീടെ മോളിപ്പോ മെഡിസിന് പഠിക്കുവാ.'' ''താമസിച്ചാ കല്യാണം കഴിച്ചത് ടീച്ചറെ. രണ്ടാളുടേം ജീവിതമൊരുപോലെ ആയിരുന്നു. എനിക്കുമുണ്ടല്ലോ പ്രശ്നങ്ങൾ.. അവൾക്കുമുണ്ട്. അതുകൊണ്ടു പരസ്പരം മനസിലാക്കി മുന്നോട്ടുപോകാമെന്ന് കരുതി.''

''അവൾക്ക് വല്ല ജോലിയുമുണ്ടോടാ സ്കറിയാ തോമസേ? ഭിന്നശേഷിക്കാർക്ക് സംവരണം ഒക്കെ ഉള്ളതല്ലേ?'' ''എന്ത് സംവരണം ടീച്ചറെ? ഒക്കെയും പേപ്പറുകളിൽ മാത്രമേയുള്ളൂ. എല്ലാം രാഷ്ട്രീയ സ്വാധീനത്തിലാണ് കാര്യം. തങ്ങളുടെ പാർട്ടി മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കും ശിങ്കിടികൾക്കും കൊടുത്തുകഴിഞ്ഞു വല്ലതും ഉണ്ടേൽ തരും. ഇറച്ചി തിന്നിട്ട് എല്ലിൻകഷണം പട്ടിക്കിട്ടു കൊടുക്കുന്ന പോലെ.'' കറിയ കിളിച്ചുണ്ടൻ മാവിൽ മൂത്തുപഴുത്തുകിടക്കുന്ന മാങ്ങയിൽ നിന്ന് കണ്ണുപറിക്കാതെ പറഞ്ഞു. ''അന്നന്നേരത്തെ ആഹാരത്തിനുള്ളത് മാത്രം ഉണ്ടാക്കുന്ന ഞങ്ങൾക്കുണ്ടോ മതവും രാഷ്ട്രീയവും. ഇവരെല്ലാം വീതം വെച്ച് കഴിച്ചിട്ട് ബാക്കി വല്ലതുമുണ്ടേൽ മതി... സാരമില്ല.. ജനിച്ചുപോയില്ലേ... ജീവിക്കണം എന്നേയുള്ളൂ ഇപ്പോൾ ആശ'' ''ഹ്മ്മ്.. ശരി... നീ കേറി വാ... കുറച്ചു മാങ്ങാപ്പഴം ഇരിപ്പുണ്ട്. ഇന്നലെ പറിച്ചുവെച്ചതാ. പോരാത്തേന് ഋഷി നാട്ടിൽ വാങ്ങിയിട്ട പറമ്പീന്ന് പണിക്കാര് വന്നപ്പോ കുറെ ഏത്തക്കായും പേരക്കയും കപ്പയും കാച്ചിലുമൊക്കെ കൊണ്ടുവന്നു. ഇവിടെ ഞാൻ മാത്രമല്ലേയുള്ളൂ, എനിക്കെന്തിനാ ഇത്രേം''

''ടീച്ചറിങ്ങു തന്നാൽ മതി.. എന്റെ മേല് മുഴുവൻ അഴുക്കാ. ചെറിയൊരു പണിയും കൂടി കഴിഞ്ഞാ ഇങ്ങുവന്നെ'' അകത്തേക്ക് പോയ ടീച്ചറുടെ വരവും കാത്ത് പൂന്തോട്ടത്തിലെ ചെടികളിലേക്കും നോക്കി നിൽക്കുന്ന കറിയയുടെ മനസ്സിൽ പഴങ്ങളും കൊണ്ട് ചെല്ലുമ്പോൾ മക്കളുടെ മുഖത്തുണ്ടാകാൻ പോകുന്ന സന്തോഷമായിരുന്നു.. ഒപ്പം ഒരാഴ്ചത്തേക്ക് വിശപ്പ് മാറാൻ പറ്റുമല്ലോയെന്നും. ''അതെന്നാടാ ചുണ്ടൻ കറിയേ നിനക്കകത്തേക്ക് കേറിയാൽ?'' ഇടി മുഴക്കം പോലൊരു ശബ്ദം പുറകിൽ കേട്ടപ്പോൾ ഞെട്ടിത്തരിഞ്ഞ കറിയയുടെ മുഖത്ത് ആയിരം പൂത്തിരികൾ കത്തിയ പ്രകാശം പരന്നു, പൊടുന്നനെ അത് കെടുകയും ചെയ്തു. ''ഡാ... ചുണ്ടാ..'' "ഡാ കറിയാ... നീ അറിയുമോടാ?'' വരാന്തയിൽ നിന്നവരെല്ലാം ചോദ്യശരങ്ങൾ പുറപ്പെടുവിച്ചപ്പോൾ കറിയ അവരെ ഓരോരുത്തരേയും നോക്കി. ജോമോൻ, ബെഞ്ചമിൻ, മാത്യൂസ്, ഋഷി, വിനോദ്.... എല്ലാവരുമുണ്ട്. കറിയയുടെ കണ്ണ് നിറഞ്ഞു. അവൻ തിരിഞ്ഞു നോക്കാതെ മുറ്റത്തുനിന്നുള്ള പാതയിലൂടെ നടന്നപ്പോൾ മാത്യൂസ് ഓടിവന്നവന്റെ വയറിലൂടെ വട്ടം പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നു.

''ഒന്നാം ക്ലാസ് മുതൽ ഒരു ബെഞ്ചിലിരുന്ന് പഠിച്ച നമുക്കെന്ന് മുതലാടാ അഴുക്കും മണവും വേർതിരിവ് ഉണ്ടായത്. അഴുക്കും മണവുമെല്ലാം ഇപ്പഴത്തെ ആളുകൾക്കാണ്.. നമ്മളൊക്കെ ഒരേ ബെഞ്ചിലിരുന്ന് ഉണ്ടും പഠിച്ചും കളിച്ചും വളർന്നതല്ലേ.. അന്ന് ജാതിയോ മതമോ ഉണ്ടായിരുന്നോ? പറയനും പുലയനും നസ്രാണിയും മുസ്ലീമും നായരുമെന്നോക്കെയുള്ള വേർതിരിവ് വല്ലോം ഉണ്ടായിരുന്നോ... തോളത്ത് കൈയ്യിട്ടല്ലായിരുന്നോടാ നമ്മള് നടന്നെ.. ഈവക വേർതിരിവ് ഒക്കെ ഉണ്ടാകുന്നത് വയസറിയിച്ചു വോട്ടവകാശത്തോടെയാടാ. കാരണം അധികാരം വേണം അവറ്റകൾക്ക്... ജാതിയും മതവും തിരിച്ചു ഓരോരുത്തർക്കും വേണ്ട അവകാശങ്ങൾക്ക് വേണ്ടി മുറവിളി കൂട്ടുമ്പോൾ പാവങ്ങൾ ഇപ്പൊ കിട്ടും എന്നോർക്കും..എന്നാൽ എല്ലാം രാഷ്ട്രീയ നേതാക്കന്മാരും സിൽബന്ധികളും കീശയിൽ ആക്കുമ്പോൾ തോൽക്കുന്നത് മനുഷ്യരാടാ.. നിന്നെപ്പോലെ കിട്ടേണ്ട അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നഷ്ടപ്പെട്ട മനുഷ്യർ.. പക്ഷെ ഒന്നുണ്ട്... ഒരു മനസ്സോടെ കളിച്ചുവളർന്ന നമ്മുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കാൻ മാത്രമേ അവർക്ക് പറ്റിയിട്ടുള്ളു.. വളർത്തി വലുതാക്കാൻ പറ്റിയിട്ടില്ല".

ലിവിങ് റൂമിലെ വിലകൂടിയ സോഫയിൽ ഒരു മുള്ളിന്മേൽ എന്നപോലെയാണ് കറിയ ഇരുന്നത്. ഋഷിയുടെ ഭാര്യ തണുപ്പിച്ച ജ്യൂസ് കൊണ്ടുവന്ന് കൊടുത്തപ്പോൾ അവന്റെ കൈയ്യൊന്നു വിറച്ചു. ഒരിറക്ക് കുടിച്ചിട്ടവൻ കഴിക്കാനാവാതെ ടീപ്പോയിൽ വെച്ചപ്പോൾ ജോമോനും മാത്യൂസുമൊക്കെ അമ്പരന്നു ''എന്നാടാ കറിയാ? എന്ന പറ്റി? അത് കുടിക്ക് നീ'' ''ഇറങ്ങുവേലടാ... സാറേ'' കറിയ സോഫയിൽ നിന്നെഴുന്നേറ്റ് അരയിൽ കെട്ടിയ തോർത്തെടുത്തുടുത്തു, കലങ്ങിയ കണ്ണുകൾ തുടച്ചിട്ട് അൽപം മാറി നിന്നു ''വിലയുള്ളതൊന്നും കുടിക്കാറില്ല.. ഇറങ്ങുവേല. ചെല പണിസ്ഥലത്തുന്നും ഇതുപോലൊക്കെ കിട്ടും. ഇപ്പഴിറങ്ങിയ ചില സാധനമൊക്കെ ഉണ്ടല്ലോ.. എന്തോന്നാ.. കുഴിമന്തിയോ കോഴി പൊള്ളിച്ചതോ ഒക്കെ... പിള്ളേരു പറയും അതിന്റെയൊക്കെ പേര്. വാങ്ങിച്ചുകൊടുക്കാനുള്ള പാങ്ങില്ല. അപ്പോപ്പിന്നെ ഇതുപോലെ വായ്ക്ക് രുചിയായിട്ട് വല്ലോം കിട്ടുമ്പോ ഞാൻ തന്നെ കഴിക്കുന്നത് എങ്ങനാ? വായിൽ വെക്കുമ്പോ പൊള്ളിപ്പോകുന്ന പോലാ'' ചുറ്റുമുള്ളവരുടെയും കണ്ണ് നിറഞ്ഞു.

''സ്‌കറിയാ തോമസേ.. നേരെചൊവ്വേ കാര്യം പറഞ്ഞാൽ നീ വരത്തില്ല. ചിലത് പറയാനുണ്ട്... എടാ.. ഒരു കുലയിൽ പല ഫലങ്ങൾ ഉണ്ടായാൽ അതിലെല്ലാം നല്ലത് ആവൂല്ല. രുചിയുള്ളതും പുളിപ്പും കേടായതും മൂപ്പെത്താതെ വാടി പോകുന്നതുമെല്ലാം ഉണ്ടാകും. ഈ ലോകത്ത് എല്ലാരും എൻജിനീയർമാരും ഡോക്ടർമാരും വക്കീലന്മാരുമൊക്കെ ആകാൻ പറ്റൂലല്ലോ. കൃഷിക്കാരും ദിവസ തൊഴിലാളികളും എല്ലാം വേണം. എന്നാലേ ലോകം മുന്നോട്ട് പോകൂ. ദൈവം നിനക്കൊരു കഴിവ് തന്നിട്ടുണ്ട്. അധ്വാനിച്ചു ജീവിക്കാനുള്ള ആരോഗ്യം തന്നിട്ടുണ്ട്. അത് പോരെ...?'' ഫാത്തിമ ടീച്ചർ അവന്റെ കൈയ്യിൽ പിടിച്ചപ്പോൾ കറിയ മുച്ചുണ്ട് കാണിച്ചു ചിരിച്ചു. ''ഇപ്പഴാ ചുണ്ടൻ കറിയ ആയെ.. അവന്റെയാ തൊലിഞ്ഞ ചിരി.. ഹഹ.. എടാ ചുണ്ടൻന്ന് വിളിക്കുമ്പോ ഇപ്പ തല്ലാൻ തോന്നാറുണ്ടോ?'' ബെഞ്ചമിൻ കറിയയുടെ തോളിൽ മുഷ്ടിചുരുട്ടി ഇടിച്ചുകൊണ്ടു ചോദിച്ചു ''ഹേയ്...''

''എടാ കറിയാ... ഞാനിപ്പോ വന്നത് ഉമ്മയെ അങ്ങോട്ട് കൊണ്ടുപോകാനാണ്. പ്രായമായില്ലേ? ഇവിടെ തനിച്ചെങ്ങനാ നിർത്തുന്നെ... നീയെനിക്കൊരുപകാരം ചെയ്യണം.. ഈ വീടും പറമ്പുമൊക്കെ നോക്കണം. ശമ്പളമൊന്നും തരില്ല. പകരം നിനക്കും പിള്ളേർക്കും ആ ഔട്ട് ഹൗസിൽ താമസിക്കാം. ഇവിടെ നാട്ടിലിവന്മാർക്ക് പലർക്കും വീടൊന്നുമില്ല. അതുകൊണ്ടു ലീവിന് വരുമ്പോ ഈ വീട്ടിലേക്കായിരിക്കും വരുന്നത്.'' ''വരുന്നത് വിളിച്ചുപറയാടാ കറിയാ.. നമുക്ക് അടിച്ചുപൊളിക്കാം..'' വിനോദ് അവന്റെ തോളിൽ കൈയ്യിട്ടുപറഞ്ഞു. ''വരുന്നതും താമസിക്കുന്നതുമൊക്കെ കൊള്ളാം.. എനിക്ക് വാടക തന്നേക്കണം...'' ഋഷി ഇടയ്ക്ക് കേറി പറഞ്ഞപ്പോൾ കറിയ അവനെ നോക്കി. "വാടക നിനക്കുള്ളതാടാ... ഇവന്മാർ നിന്റെ പിള്ളേരുടെ പഠിപ്പ് ഏറ്റിട്ടുണ്ട്. അവരെത്രവേണേലും പഠിച്ചോട്ടെ.. ഞാൻ പറഞ്ഞില്ലേ... അധികാര ദല്ലാളന്മാർക്ക് നമ്മുടെ മനസ്സിൽ ജാതിമത രാഷ്ട്രീയ വേർതിരിവ് എന്ന വിഷം കുത്തി വെക്കാനെ പറ്റിയിട്ടുള്ളു... അത് വളർത്തി വലുതാക്കാൻ സാധിച്ചിട്ടില്ല'' കറിയയുടെ കണ്ണ് നിറഞ്ഞു.. കൈ കൂപ്പി തൊഴുത് മടങ്ങുമ്പോൾ ഒരു കുടക്കീഴിൽ പഠിച്ചു വളർന്ന ആ കലാലയ ജീവിതം ആയിരുന്നു കറിയയുടെ മനസിൽ. പാവപ്പെട്ടവൻ എന്നോ പണക്കാരൻ എന്നോ സവർണ്ണൻ എന്നോ അവർണ്ണൻ എന്നോ വേർതിരിവ് ഇല്ലാത്ത ആ നല്ല കാലം.

English Summary:

Malayalam Short Story Written by Sebin Bose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com