'മല്ലു നഴ്സ് ഫ്രം കേരള'; അമാനുഷികരല്ല, വികാരങ്ങളും വിഷമങ്ങളും ബുദ്ധിമുട്ടുകളുമുള്ള സാധാരണ മനുഷ്യർ തന്നെ
Mail This Article
"ലോകത്തിന്റെ ഏതു കോണിൽ നോക്കിയാലും ഒരു മലയാളി ഉണ്ടാകും". പണ്ട് ആരോ തമാശയ്ക്ക് പറഞ്ഞത് ആണെങ്കിലും അതിൽ കാര്യമുണ്ട്. ഇന്ന് അത് "ലോകത്തിന്റെ ഏതു കോണിലും ഒരു മലയാളി നഴ്സ് ഉണ്ടാകും" എന്ന് മാറ്റി പറയുന്നതാകും കൂടുതൽ ഉചിതം എന്നു തോന്നുന്നു. ലക്ഷങ്ങൾ മുടക്കി പഠിച്ചിട്ടും തുച്ഛമായ ശമ്പളത്തിൽ നാട്ടിലെ ആതുരാലയങ്ങളിൽ ജോലി എടുക്കാൻ വിധിക്കപ്പെട്ട, കൃത്യസമയത്ത് ഭക്ഷണം കഴിക്കാനാകാതെ വിശ്രമമില്ലാതെ തൊഴിലിടങ്ങളിൽ ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്ന ഒരു വിഭാഗം ഒരുപക്ഷേ ആവശ്യം വരുമ്പോൾ മാത്രം മാലാഖമാരാക്കുന്ന ഇവരായിരിക്കണം. ലോകത്തിന്റെ വിവിധ കോണുകളിലേക്കുള്ള മലയാളി നഴ്സുമാരുടെ കുടിയേറ്റം ഇതിന്റെ ബാക്കിപത്രവും...
ലോകത്തിന്റെ നാനാഭാഗത്തും കേരളത്തിൽ നിന്നുള്ള നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ നഴ്സുമാർ കേരളത്തിൽ എവിടെ നിന്ന് വന്നു, ആദ്യ നഴ്സുമാർ ആരായിരുന്നു എന്നൊക്കെ. അതിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ തിരുവിതാംകൂറെന്ന നാട്ടുരാജ്യത്തിന്റെ ചരിത്രത്തിലായിരിക്കും ചെന്നെത്തുക. കേരള ചരിത്രത്തിൽ തൊട്ടുകൂടായ്മയും തീണ്ടലും ജാതീയതയും നിറഞ്ഞ് നിന്നിരുന്ന കാലഘട്ടം. വസൂരി വന്നാൽ ദൈവകോപമാണ് എന്നു കരുതി ആ കുടിലുകൾ മുഴുവൻ കത്തിച്ചുകളയുകയോ, രോഗം വന്നയാളെ പായയിൽ പൊതിഞ്ഞു കിണറ്റിലോ കാട്ടിലോ ഉപേക്ഷിക്കുകയോ ചെയ്തിരുന്ന കാലം. തിരുവിതാംകൂർ മഹാരാജാവ് (1885 - 1924) ആയിരുന്ന ശ്രീമൂലം തിരുനാൾ രാമവർമ്മ തന്റെ നാട്ടുരാജ്യത്ത് പണിതുയർത്തിയ ആതുരാലയത്തിൽ (ഇന്നത്തെ തിരുവനന്തപുരം ജനറൽ ആശുപത്രി) രോഗികൾക്ക് മികച്ച ശുശ്രൂഷ ലഭിക്കണം എന്ന ഉദ്ദേശത്തിൽ, 1906 ൽ തന്റെ സുഹൃത്തായ വിശാല കൊല്ലം രൂപതാ മെത്രാൻ അഭിവന്ദ്യ ദൈവദാസൻ അലോഷ്യസ് മരിയൻ ബെൻസിഗറിനെ സമീപിക്കുകയുണ്ടായി.
ജാതി മതഭേദമന്യേ തീണ്ടലും തൊടീലും അയിത്തവും ഇല്ലാതെ, എല്ലാ ജനങ്ങളെയും ഒരുപോലെ മനുഷ്യനായി കണ്ട് ചേർത്തുപിടിച്ച് ശുശ്രൂഷിക്കുന്ന ആതുരസേവനരംഗത്തെ മികവുള്ളവരെ തേടി അഭിവന്ദ്യ പിതാവ് കടന്നു ചെന്നത് സ്വന്തം സ്വദേശമായ സ്വിറ്റ്സർലാൻഡിലേക്ക് ആയിരുന്നു. അവിടെ 1844ൽ ഫാദർ തിയോഡഷ്യാസ് ഫ്ളോറൻറ്റിനിയെന്ന കപ്പൂച്ചിയൻ വൈദീകനാൽ തുടക്കം കുറിക്കപ്പെട്ട, ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ സ്ഥാപക മദർ ജനറൽ ആയിരുന്ന മദർ പൗളാബക്കിനോട് കത്ത് മുഖേന അടിയന്തിരമായി നഴ്സുമാരായ കന്യാസ്ത്രീകളെ വിട്ടുതരണമെന്ന് എഴുതി. തുടർന്ന് തന്റെ ദേശമായ സ്വിറ്റ്സർലാൻഡിലേക്ക് നേരിട്ട് ചെന്ന് സന്യാസി സമൂഹത്തിന്റെ മദർ ജനറലുമായി ചർച്ച നടത്തി. നഴ്സുമാരെയല്ല പകരം നഴ്സിംഗ് പഠിപ്പിക്കാൻ കഴിവുള്ളവരെ തന്നെ ആവശ്യപ്പെട്ടു. അതിന്റെ ഫലമായി മദർ പൗളാബക്കിന്റെ നേതൃത്വത്തിൽ ലെയോണി, സിസേറിയ, സലോമി, റീന എന്നിങ്ങനെ അഞ്ച് പേരടങ്ങുന്ന ഹോളിക്രോസ് കന്യാസ്ത്രീ സമൂഹം വലിയ ഒരു ഉദ്യമത്തിന് തുടക്കം കുറിച്ചുകൊണ്ട്, ദേശാന്തരങ്ങൾ പിന്നിട്ട് 21 ദിവസത്തെ യാത്രയ്ക്ക് ഒടുവിൽ 1906 നവംബർ 4ന് കൊല്ലത്ത് എത്തിച്ചേർന്നു.
തുടർന്ന് ഒരു പകലും രാത്രിയും യാത്ര ചെയ്ത് തിരുവിതാംകൂറിലെ ജനറൽ ആശുപത്രിയിൽ എത്തി, അവിടെ സേവനം ചെയ്യാൻ തുടങ്ങി. പിന്നീടവർ കൊല്ലത്തെ ആശുപത്രിയിലും തങ്ങളുടെ സേവനങ്ങൾ എത്തിച്ചു. തുടർന്നുള്ള വർഷങ്ങളിൽ സ്വിറ്റ്സ്സർലൻഡിൽ നിന്നും ഇരുപത്തൊൻപത് കന്യാസ്ത്രീകൾ ദേശങ്ങൾ താണ്ടി ഇവിടേക്ക് വന്നു ചേർന്നു. ആലപ്പുഴയിലും, മാവേലിക്കരയിലും, തിരുവല്ലയിലും, നാഗർകോവിലിലും, നൂറനാട്ടെ കുഷ്ഠരോഗ ആശുപത്രിയിലും അവർ സേവന നിരതരായി. തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ ഉള്ളിൽ നഴ്സിംഗ് കോർട്ടേഴ്സും ഒരു ചാപ്പലും മഹാരാജാവ് ആ സന്യാസ സമൂഹത്തിന് അനുവദിച്ചു നൽകി. കൊട്ടിയത്തെ ഹോളിക്രോസ് ആശുപത്രിയും നഴ്സിംഗ് സ്കൂളും കൊല്ലത്തിന് മാത്രമല്ല, കേരളത്തിന് തന്നെ അവർ നൽകിയ സംഭാവനയാണ്. കേരളത്തിലെ ആദ്യ നഴ്സുമാർ അവരായിരുന്നു, ദേശങ്ങൾ താണ്ടി കേരളത്തിന്റെ മണ്ണിൽ എത്തിയ ആ അഞ്ച് സ്വിസ്സ് കന്യാസ്‌ത്രീ സമൂഹം. അതെ, അവരായിരുന്നു കേരളത്തിലെ ആദ്യ മാലാഖമാർ.
ലോകത്തിനു മുന്നിൽ നഴ്സിംഗ് എന്നത് വെറും ഒരു തൊഴിൽ അല്ലെന്നും അതിന് കാരുണ്യം, സേവനം എന്നിങ്ങനെ അർഥമുണ്ടെന്നും, കഠിനമായ പരിശ്രമത്തിലൂടെയും പരിപൂർണ്ണ സമർപ്പണത്തിലൂടെയും മാത്രമാണ് അതിലേക്ക് എത്തിച്ചേരാൻ സാധിക്കൂ എന്നും ലോകത്തിന് ബോധ്യപ്പെടുത്തികൊടുത്തത് ആധുനിക നഴ്സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിങ്ഗേൽ ആണ്. "വിളക്കേന്തിയ വനിത" എന്നറിയപ്പെടുന്ന ഇവരുടെ ജന്മദിനമാണ് വർഷംതോറും അന്താരാഷ്ട്ര നഴ്സിംഗ് ദിനമായി ആചരിക്കുന്നത്. 1820 മെയ് 12 ന് ഇറ്റലിയിലെ ഫ്ലോറൻസിൽ ജനിച്ച മിസ് നൈറ്റിങ്ഗേലിന്റെ ഇരുനൂറ്റി നാലാമത് ജന്മദിനമാണ് ഈ വർഷം ആഘോഷിക്കുന്നത്. ക്രിമിയൻ യുദ്ധകാലത്ത് മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കാനായി, വൈദ്യുതി പോലും ഇല്ലാതിരുന്ന സമയത്ത് കൈയ്യിൽ ഒരു വിളക്കുമേന്തി ഓരോരുത്തരുടേയും കിടക്കയ്ക്കരികിൽ പോയി വേണ്ട ശുശ്രൂഷകൾ ചെയ്തിരുന്നതിനാലാണ് ഇവരെ വിളക്കേന്തിയ വനിത എന്നു വിളിക്കുന്നത്.
തൂവെള്ള വസ്ത്രമണിഞ്ഞ് ചിറകുകൾ വിരിച്ച് നിൽക്കുന്നതാണ് "സ്വർഗ്ഗത്തിലെ മാലാഖമാർ" എന്ന് സങ്കൽപം എങ്കിലും, സമാധാനത്തിന്റെ വെള്ള വസ്ത്രമണിഞ്ഞ നഴ്സുമാരെ ചിലപ്പോഴൊക്കെ ഭൂമിയിലെ മാലാഖമാരാക്കാറുണ്ട്. ഇന്ന് വെള്ള വസ്ത്രങ്ങൾ അപൂർവ്വമായികൊണ്ടിരിക്കുകയാണ്. ആധുനിക ആശുപത്രികളുടെ പ്രതീകമായി നഴ്‌സിംഗ് വേഷം പല വർണ്ണങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴും നമ്മുടെ മനസ്സിൽ വെളുത്ത വസ്ത്രത്തിൽ കാണുന്ന നഴ്സിന്റെ രൂപം തന്നെ ആകും മിഴിവേകി നിൽക്കുന്നത്. ദുരന്തങ്ങളും മഹാമാരികളും വരുമ്പോൾ മാത്രം ചാർത്തിത്തരുന്ന കുറെയേറെ അംഗീകാരങ്ങൾക്കും ചേർത്തു നിർത്തലുകൾക്കും അപ്പുറം, നഴ്സുമാരെ അമാനുഷികരായ മാലാഖമാരാക്കാതെ അവരും സാധാരണ മനുഷ്യരാണെന്നും, എല്ലാ വികാരങ്ങളും വിഷമങ്ങളും ബുദ്ധിമുട്ടുകളും അവർക്കും ഉണ്ടെന്നും, അപ്പോഴും അവർ നമുക്ക് വേണ്ടി ഓടിനടന്ന് ജോലി ചെയ്യുന്ന നമ്മുടെ സഹജീവികൾ ആണെന്നും ഓർത്താൽ മതി.