ADVERTISEMENT

വടക്ക് പടിഞ്ഞാറ് ദേശത്തുള്ള രജതപർവ്വതത്തിനു കീഴേയാണ് പാണ്ഡുകേശ്വർ സ്ഥിതി ചെയ്യുന്നത്. ഒരിക്കൽ പാണ്ഡുകേശ്വർ ഗ്രാമാതിർത്തിയിലൂടെ ദാഹിച്ചു വലഞ്ഞു പോകുന്നൊരു വൃദ്ധൻ ഒരുച്ച നേരത്തു കാടിനുള്ളിൽ ഒരു കിണർ കണ്ടു. ഉത്സാഹത്തോടെ അയാൾ തന്റെ ദാഹം മറന്നുകൊണ്ട് കിണറിനെ ലക്ഷ്യമാക്കി ഓടിയടുത്തു. വെള്ളത്തിനായി കിണറിൽ എത്തിനോക്കിയ അയാൾ കിണറിനടിയിൽ ധാരാളം രത്നങ്ങളും വിലപിടിപ്പുള്ള ആഭരണങ്ങളും വെള്ളത്തിനിടയിലൂടെ തിളങ്ങുന്നത് കണ്ടു. അയാൾ വികാരഭരിതനായി അവയെ നോക്കി നിന്നു. അയാളുടെ മനസ്സിൽ നിന്ന് ദാഹമെന്ന വികാരം അപ്രത്യക്ഷമായി അയാൾ ആവേശത്തോടെ അതെല്ലാം സ്വന്തമാക്കണമെന്ന ആഗ്രഹത്താൽ ചുറ്റും നോക്കി ആരും വരുന്നില്ലെന്ന് ഉറപ്പാക്കി. പിന്നെ അയാൾ ആ കിണറിലേക്ക് എടുത്തു ചാടി...

ഒരുപാട്‌ വർഷങ്ങൾക്ക് മുൻപ് പാണ്ഡുകേശ്വറിന്റെ ഒരു വശം മുഴുവൻ വലിയ കാടായിരുന്നു. ആ കാട് കടന്നിട്ട് വേണം ആളുകൾക്ക് പാണ്ഡുകേശ്വറിൽ എത്തിച്ചേരാൻ. ആ നാടിന്റെ ഒത്ത നടുക്കായിരുന്നു വിരൂപസ്ഥാൻ എന്ന് അറിയപ്പെടുന്ന പാർത്ഥമഹാരാജാവിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ആ രാജ്യത്തിലേക്ക് എത്തിച്ചേരാൻ ഈ കാട്ടുവഴി അല്ലാതെ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. ആ വഴിയിലെ വലിയ പ്രശ്നം സൂര്യൻ അസ്തമിച്ചാൽ ആ വഴിയിൽക്കൂടെ കള്ളന്മാരുടെ വിഹാരം ആയിരുന്നു. അവര് ആളുകളെ അപഹരിച്ചും, കൊന്നും വിലസിക്കൊണ്ടിരുന്നു. പ്രജകൾക്കും രാജാവിനും ഇവരെക്കൊണ്ട് തലവേദന എടുത്തു. രാത്രിയിൽ എങ്ങാനും ആ വഴിയിൽ അകപ്പെട്ട പിന്നെ ആളുകൾക്ക് എന്ത് സംഭവിക്കും എന്ന് ആർക്കും ഉറപ്പ് പറയാൻ പറ്റില്ലായിരുന്നു.

അങ്ങനെ ഇവരെ ഒതുക്കാൻ പല വഴികളും രാജാവ് പ്രയോഗിച്ചു എന്നാൽ ഒന്നും വഴിപ്പോയില്ലെന്ന് മാത്രവുമല്ല രാജാവ് തോറ്റുകൊണ്ടേയിരുന്നു. രാജാവിന്റെ ഉറക്കം നഷ്ടപ്പെട്ടു. അങ്ങനെ ഒരു ദിവസം ദൂരെ നിന്നൊരാൾ രാജ്യത്തിലെയീ പ്രശ്നം അറിഞ്ഞിട്ട് രാജകൊട്ടാരത്തിൽ വന്നു. താൻ ഇതിനു പരിഹാരം ഉണ്ടാക്കിത്തരാം എന്നും പകരം ആ കാടിന്റെ ഉള്ളിൽ ഒരു കുടിൽ വെച്ചു താമസിക്കാൻ അനുവാദം തരണം എന്നും പറഞ്ഞു. അതൊരു നല്ല ഉടമ്പടിയായി രാജാവിനു തോന്നി. അദ്ദേഹം അത് സമ്മതിച്ചു.. അയാൾ സ്വയം രാജാവിനെ പരിചയപ്പെടുത്തി, അദ്ദേഹത്തിന്റെ പേര് കൃഷ്ണരൂപൻ എന്നായിരുന്നു. കൈകേസി ദേശത്തിലാണ് അദ്ദേഹം ജനിച്ചത് എന്നും കൃഷ്ണരൂപൻ രാജാവിനോട് പറഞ്ഞു. അസാമാന്യമായ മെയ്ക്കരുത്തുള്ള സുന്ദരനായ ആ യുവാവിന്റെ ആവശ്യങ്ങൾ എല്ലാം രാജാവ് അംഗീകരിച്ചു. അങ്ങനെ രാജ നിർദ്ദേശപ്രകാരം കൃഷ്ണരൂപൻ കാടിന്റെ ഉള്ളിലേക്ക് നടന്നു നീങ്ങി.

പാണ്ഡുകേശ്വറിലെ മറ്റൊരു വസന്തകാലം പൊട്ടിപുറപ്പെട്ടു. എല്ലാ വസന്തകാലങ്ങളിലും രാജ്യത്തെ ശിവക്ഷേത്രത്തിൽ പ്രത്യേകമായ പൂജ നടത്തി വന്നിരുന്നു. ആ പൂജക്ക് ശേഷം രാജാവും പരിവാരങ്ങളും മൃഗവേട്ടക്ക് പോകുമായിരുന്നു, അത് രാജ്യത്തിന്റെ അഭിമാനകരമായൊരു വസന്തകാല വിനോദമായിരുന്നു. രാജ്യം എല്ലാ വർഷത്തെപ്പോലെയും ആഘോഷത്തിൽ മുങ്ങി. ഇപ്പോൾ പഴയ പോലുള്ള ഒരു പ്രശ്നങ്ങളും രാജ്യത്തിൽ ഉണ്ടായിരുന്നില്ല. വളരെ സുഭിക്ഷമായ രാജ്യമായി പാണ്ഡുകേശ്വർ മാറിയിരുന്നു. അക്രമകാരികളെയൊന്നും കാണാൻ പോലും ഉണ്ടായിരുന്നില്ല. എങ്ങും സമാധാനം വിളയാടി. ജനങ്ങൾക്കും രാജാവിനും അത് വലിയൊരു ആശ്വാസമായിത്തീർന്നു.

പാർത്ഥമഹാരാജാവ് ആ സുദിനത്തിൽ കൃഷ്ണരൂപനെ കാണാനാഗ്രഹിച്ചു. എങ്കിലും കൃഷ്ണരൂപൻ ഒരു നിബന്ധന പറഞ്ഞിരുന്നു. അത് താൻ വന്ന് രാജാവിനെ കാണുന്നവരെ ഒരിക്കലും തന്നെ അന്വേഷിച്ചാരും കുടിലിലേക്ക് വരരുത് എന്നായിരുന്നു. അക്കാരണത്താൽ രാജാവ് തന്റെയാ ആഗ്രഹം മനസ്സിൽ തന്നെ സൂക്ഷിച്ചു. പക്ഷെ രാജ്യത്തിന്റെ രാജ്ഞിക്കും മന്ത്രിക്കും ഇതിൽ എന്തൊ അസ്വഭാവികത തോന്നിയിരുന്നു. കൊട്ടാരത്തിൽ രാജാവ് അറിയാതെ ഒരിക്കൽ രാജ്ഞിയിത് മന്ത്രിയോട് പറഞ്ഞു. ഇതിലെ രഹസ്യം കണ്ട് പിടിച്ചറിയാൻ ഇരുവർക്കും വല്ലാത്ത ആകാംഷയുണ്ടായിരുന്നു. ഈ രഹസ്യം കണ്ടുപിടിച്ചു പറഞ്ഞാൽ തക്കതായ ഒരു പ്രതിഫലം തരാമെന്ന് രാജ്ഞി മന്ത്രിയോട് പറഞ്ഞു. സ്വതവേ കുശാഗ്രബുദ്ധിക്കാരനായ മന്ത്രി ഈ വാഗ്ദാനത്തിലൂടെ ഒരുപാട്‌ പണം സാമ്പാദിക്കാമെന്നുള്ള കണക്കുകൂട്ടലിൽ അത് സമ്മതിച്ചു.

അങ്ങനെ വസന്തകാലത്തു വേട്ടക്ക് പോകാൻ തയ്യാറായ രാജാവിനോട് കൃഷ്ണരൂപന്റെ കുടിലിൽ പോയി അദ്ദേഹത്തെ സന്ദർശിക്കാമെന്നുള്ള ഒരു നിർദേശം മന്ത്രി മുന്നോട് വെച്ചു. എന്നാൽ രാജാവിനത് സമ്മതമായില്ല. ഒടുവിൽ കൃഷ്ണരൂപന് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാം അതുകൊണ്ടാവാം അദ്ദേഹം ഇത്രകാലം രാജാവിനെ സന്ദർശിക്കാത്തത് എന്നും മറ്റും പറഞ്ഞു വിശ്വസിപ്പിച്ചുകൊണ്ട് മന്ത്രി തന്റെ നിർദേശത്തെ പാർത്ഥമഹാരാജാവിനെക്കൊണ്ട് സമ്മതിപ്പിച്ചു. കൂട്ടത്തിൽ രാജ്ഞിയും ഒളിഞ്ഞും തെളിഞ്ഞും അന്തപുരത്തിൽ വെച്ചുകൊണ്ടും ഇതു തന്നെ പറഞ്ഞു കൊണ്ടേയിരുന്നു. ഒടുവിൽ രാജാവിന് വേറെ നിവൃത്തിയില്ലാതെയായിത്തീർന്നു.

അങ്ങനെയവസാനം രാജാവ് ഒരു പാതിരാവിൽ സർവ്വസന്നാഹവുമായി കാടിനുള്ളിലെ കുടിലിലേക്ക് പോയി. ഒരുപാട്‌ ദൂരം നടന്നപ്പോഴും ആ കുടിൽ കാണാത്തതിനാൽ അവർക്കെല്ലാം വല്ലാത്തൊരു അമ്പരപ്പുണ്ടായിക്കൊണ്ടിരുന്നു. ഒടുവിൽ ഒരുപാട്‌ നടന്നു ക്ഷീണിച്ച ശേഷം അവർ ഉൾകാട്ടിൽ ദൂരെ കൃഷ്ണരൂപൻ നിർമ്മിച്ച കുടിൽ കണ്ടു. വർധിച്ച ഉത്സാഹത്തോടെ അവർ അവിടേക്ക് നടന്നടുത്തു. നടക്കുമ്പോൾ മുഴുവൻ വഴിയോരങ്ങളിൽ ഒരുപാട്‌ അസ്ഥികൂടങ്ങൾ അവർ ചെറിയ വെളിച്ചതിന്റെ സഹായത്താൽ കണ്ടു. രാജാവും മന്ത്രിയും ശരിക്കും അത് കണ്ടപ്പോൾ ഒന്ന് ഭയന്നുപോയി. എങ്കിലും ധൈര്യം സംഭരിച്ചുകൊണ്ടവർ കുടിലിന്റെ അടുത്തെത്തി. അവിടെയെങ്ങും കൃഷ്ണരൂപനെ കാണാൻ സാധിച്ചില്ല. ഒരു കാറ്റിന്റെ ചലനം പോലുമുണ്ടായില്ല. കുടിൽ നശിച്ചുപോകാനായിരുന്നു. അവർക്കൊന്നും മനസ്സിലായില്ല. എങ്കിലും അവർ അങ്ങിങ്ങായി നടന്നുകൊണ്ട് കൃഷ്ണരൂപനെ തിരഞ്ഞു. പെട്ടന്ന് അവരുടെ കൈയ്യിലെ വിളക്കുകൾ എങ്ങനെയോ അണഞ്ഞു. ഇരുട്ടിൽ അപരിചിതമായൊരു ഗന്ധം പടരുന്നുണ്ടായിരുന്നു. 

പിന്നീട് ഒരു സിംഹം തന്റെ ഇരയെ വലിക്കുന്ന പോലെ ഇരുട്ടിനുള്ളിലേക്ക് ഓരോരോ ആളുകൾ അപ്രത്യക്ഷമാകുന്നതായി ഓരോരുത്തർക്കും തോന്നി. സംഗതി സത്യമായിരുന്നു. ഭടന്മാരുടെ ദീനമായ അലർച്ച കേട്ട് രാജാവ് നടുങ്ങി. എന്തൊ ഒരു ജീവി അവരുടെ രക്തം കുടിക്കുന്ന ശബ്ദം കേട്ടു. എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഒരു വിളക്ക് തപ്പിയെടുത്തു കത്തിച്ചു നോക്കിയ രാജാവ് ഇരുട്ടിൽ വ്യാഖ്രത്തെപോലെയിരുന്ന് മന്ത്രിയുടെ പച്ചമാംസം കഴിക്കുന്ന കൃഷ്ണരൂപനെ കണ്ടു. ഇതിനിടയിൽ മന്ത്രി അപ്രത്യക്ഷമായ വിവരം പാർത്ഥമഹാരാജാവ് അറിഞ്ഞതേയില്ല. അദ്ദേഹം ഇത് കണ്ട് തളർന്നു പോയി. എങ്കിലും ഉള്ളിൽ ഉറഞ്ഞുപൊങ്ങിയ ധൈര്യത്തിൽ കൃത്യം കൃഷ്ണരൂപന്റെ കഴുത്തിനെ നോക്കി അദ്ദേഹം വാൾ എടുത്തു നിമിഷവേഗത്തിൽ വീശി. കൃഷ്ണരൂപന്റെ ശരീരവും തലയും തമ്മിൽ വേർപ്പെടുന്നതായി അദ്ദേഹം ആ ചെറിയ വെളിച്ചതിൽ കണ്ടു.. പിന്നെ വീശിയ വാളിനോടൊപ്പം വിളക്ക് കെട്ടുപോയി. എങ്ങും രക്തത്തിന്റെ ഗന്ധം അവശേഷിച്ചു.. അർദ്ധബോധത്തിൽ രാജാവ് ലക്ഷ്യമറിയാതെ കാടിനുള്ളിലൂടെ ആ രാത്രിയിൽ ഓടി...

പിന്നീടുള്ള പ്രഭാതത്തിൽ രാജ്യം കണ്ട കാഴ്ച്ച. കൃഷ്ണരൂപൻ മരിച്ചു വീണ സ്ഥലത്തവിടെ വലിയൊരു കിണർ രൂപപ്പെട്ടു. അതിനെ ആ രാജ്യത്തിലുള്ളവർ മോഹക്കിണർ എന്നു വിളിച്ചു. ആരെങ്കിലും അതിലേക്ക് നോക്കിയാൽ അവരെയാ കിണർ മോഹിപ്പിക്കുകയും ഉടനെ അവർ കിണറിൽ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്യുമായിരുന്നു. അങ്ങനെ മരണം തിരഞ്ഞെടുത്ത ഒരാളുടെ ആത്മാവിനു പകരമായി കൃഷ്ണരൂപൻ പുനർജനിക്കുമെന്ന് പ്രസിദ്ധനായ ഒരു മന്ത്രവാദി പറഞ്ഞിരുന്നു. അതിനാൽ കർശനമായ നിയമത്തോടെ ആ കിണർ സംരക്ഷിക്കപ്പെട്ടു. ആരും അതിനടുത്തേക്ക് പോയതേയില്ല. കാട്ടിലൂടെ ഓടി നാട്ടിൽ എത്തിയ രാജാവിന് ഭ്രാന്ത് പിടിപെട്ടു. അന്തപുരത്തിൽ എത്തിയ ഉടനെ അദ്ദേഹം രാജ്ഞിയെ കൊലപ്പെടുത്തി. അദ്ദേഹവും സ്വയം ആത്മഹത്യ ചെയ്തു. മരിക്കുമ്പോൾ അദ്ദേഹം ഉറക്കെ കരഞ്ഞിരുന്നത്രെ...

English Summary:

Malayalam Short Story ' Viralattatheyoru Vasanthakalam ' Written by Harirag Pakkan