ADVERTISEMENT

വിഷ്ണു പാദത്തിൽ ചേർന്ന് മുക്തി നേടാനുള്ള ആ അവസാനയാത്രയിൽ എന്തേ അച്ഛന് ഇങ്ങനെ ഒരു ആഗ്രഹം തോന്നാൻ!! അതോ അച്ഛന്റെ അനുഗ്രഹം എനിക്ക് ഒരിക്കൽ കൂടി ലഭിക്കാനുള്ള ഒരവസരം കണ്ണനുണ്ണി ഒരുക്കി തന്നതോ? 2007 സെപ്റ്റംബർ 15ന് നാട്ടിലേക്ക് രമയും അമ്മയുമായി സംസാരിക്കുമ്പോൾ “അച്ഛന് കുറച്ച് സുഖമില്ല: ശ്വാസംമുട്ടല് പോലെ, ഒരു കിതപ്പ് പോലെ തോന്ന്ണ് ണ്ട് കുറച്ച് നടക്ക് മ്പഴക്കും” ന്നൊക്കെ പറഞ്ഞത് കേട്ടപ്പോൾ വല്ലാതെ വിഷമം തോന്നി. 

ഒരു അഞ്ച് മാസം മുമ്പ് ഏപ്രിൽ 12ന് നാട്ടിലെത്തി, തൃശൂരിൽ വെച്ച് എല്ലാവരും കൂടി വിഷു ആഘോഷിച്ച് -  വിഷുക്കണി കണ്ട് അച്ഛന്റെ അടുത്ത്ന്ന് വിഷുക്കൈനീട്ടം മേടിച്ച് ആ കാൽക്കൽ നമസ്കരിച്ച് അനുഗ്രഹവും കിട്ടി, പടക്കം പൊട്ടിക്കലും വിഷു സദ്യയും എല്ലാം ആസ്വദിച്ച്, പിന്നെ രണ്ടാഴ്ച കൂടി കഴിഞ്ഞ്, മേയ് 1 ന് (മേടത്തിൽ ചിത്ര) ഗുരുവായൂരപ്പനെ തൊഴുത്, ഗുരുവായൂർ കൃഷ്ണ ഹോട്ടലിൽ വെച്ച് അച്ഛന്റെ അശീതിയും നമ്മൾ പുത്തൻ കോവിലകക്കാരെല്ലാവരും കൂടി ഗംഭീരായി നടത്തി, മേയ് 5 ന് അച്ഛന്റെം അമ്മടെം കാൽ തൊട്ട് നമസ്കരിച്ച്, അനുഗ്രഹവും വാങ്ങി, ഏയർപോർട്ടിലേക്ക് പോകാനായി കാറിൽ കയറിയപ്പോൾ ഒരു നിമിഷമെങ്കിലും വിചാരിച്ചോ ഇത് അവസാനത്തെ കാണലായിരിക്കും അച്ഛനെയെന്ന്!! അച്ഛന് അത് നന്നായി അറിയാമായിരുന്നെങ്കിലും, ഞങ്ങളുടെ മനസ്സിൽ ആ ചിന്ത ഒരു നിമിഷ നേരത്തേക്ക് പോലും ഉണ്ടായില്ല എന്നതാണ് സത്യം.

മെയ് 1 ന് എൺപതാം പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ച് “പൂർണ്ണിമ”യിലേക്ക് നടക്കുമ്പോൾ, രവിയുടെ കൈ പിടിച്ച്, “ഇത് എന്റെ അവസാനത്തെ പിറന്നാളാണ്, ട്ടൊ” എന്ന് അച്ഛൻ ഉറപ്പിച്ച് പറഞ്ഞപ്പോൾ, “അതൊക്കെ മോൾ ള്ള് ഒരാളല്ലേ തീർച്ചാക്കാ, നമ്മളല്ലല്ലോ” എന്ന് തമാശയായി ചിരിച്ച് കൊണ്ട് പറഞ്ഞ രവിയോട്, “അതൊക്കെ ശര്യാ, പക്ഷെ നോക്കിക്കോളൂ, അടുത്ത പിറന്നാളിന് ഞാൻ ഉണ്ടാവില്ല” എന്ന് ഉറപ്പിച്ച് പറഞ്ഞുവത്രെ, അച്ഛൻ. തിരിച്ച് ചിക്കാഗോലെത്തിയ ശേഷവും സാധാരണ പോലെ ആഴ്ചയിലൊരു ദിവസം കിട്ടാറുള്ള അച്ഛന്റെ നീണ്ട കത്തുകൾ ഒരു മാറ്റവും കൂടാതെ, പിറ്റത്താഴ്ച തൊട്ട് കിട്ടി തുടങ്ങി. അതുപോലെ തന്നെ ആഴിചയിലൊരിക്കലുള്ള ഫോൺ കാളുകളും എല്ലാ ആഴ്ചയിലും തുടർന്നു. അപ്പോഴേക്കും കേൾവി നന്നായി കുറഞ്ഞിരുന്നതിനാൽ, ഫോണിൽ ഇങ്ങട് പറയലായി അധികവും; അങ്ങട് പറയാനുള്ള വിശേഷമൊക്കെ പതിവു പോലെ കത്തിലൂടെ തന്നെ കൈമാറി.

അങ്ങനെ നാല് മാസം കടന്ന് പോയി. അപ്പോഴാണ് അച്ഛന് കുറേശ്ശെ ശ്വാസം മുട്ടൽ പോലെ വരുന്നു നടക്കുമ്പോൾ എന്ന് രമ പറഞ്ഞത്. അച്ഛനും കുറച്ച് നേരം അന്ന് ഫോണിൽ സംസാരിച്ചു. “ഞാൻ നാട്ടിലേക്ക് വരാം; കുറച്ച് ദിവസം അച്ഛന്റെം അമ്മടെം ഒപ്പം നിക്കാൻ” എന്ന് ഞാൻ പറഞ്ഞത് രമ ഒരു കടലാസ്സിൽ എഴുതി അച്ഛന് കാണിച്ച് കൊടുത്തപ്പോൾ, “അതൊന്നും വേണ്ട, പ്പൊങ്ങട് വന്ന് പോയിട്ടല്ലേള്ളു; ഇനിപ്പൊ തന്നെ രണ്ടാമത് വരൊന്നും വേണ്ട, എനിക്ക് അങ്ങിനെ വയ്യായൊന്നുല്ല്യ” എന്ന് അച്ഛൻ ഉറപ്പിച്ച് പറഞ്ഞു. അധികം സംസാരിച്ച് ശ്വാസം മുട്ടൽ കൂടേണ്ടെന്നും പറഞ്ഞ് അച്ഛൻ ഫോൺ പിന്നെ അമ്മടെ കൈയ്യിൽ കൊടുത്തു. അമ്മയും പറഞ്ഞു, “അധികൊന്നുല്ല്യ, പേടിയ്ക്കൊന്നും വേണ്ട” എന്നൊക്കെ. ഫോൺ വെച്ച ശേഷം രവി എന്നോട് പറഞ്ഞു, “ഞാൻ നാളെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം, ഉമ ഒന്ന് നാട്ടിൽ പോയി വരൂ; അച്ഛന് ഒന്നും സംഭവിയ്ക്കൊന്നുല്ല്യ, പക്ഷെ കുറച്ച് ദിവസം അച്ഛന്റെം അമ്മടെം അടുത്ത് പോയി നിന്ന് വരൂ” എന്ന്.  

അന്ന് അച്ഛനും ഞാനുമായുണ്ടായ ഫോൺ സംഭാഷണ സമയത്ത്, അച്ഛന്റെ അടുത്തിരുന്നിരുന്ന മുരളിഏട്ടൻ, അച്ഛൻ ഫോൺ വെച്ച് കഴിഞ്ഞപ്പോൾ അച്ഛനോട് ചോദിക്കുകയും ചെയ്തുത്രെ, “എന്തിനാ ഉമയോട് വരണ്ട എന്ന് പറഞ്ഞത്? കുഞ്ഞേട്ടമ്മാമന് ഉമെ കാണണം ന്ന് തോന്ന്ണില്ല്യേ?”എന്ന്.  “കാണണം ന്ന് തോന്ന്ണില്ല്യേ ന്ന് ചോദിച്ചാൽ, കാണണംന്നൊക്കെണ്ട്. പക്ഷെ പ്പൊങ്ങട് വന്ന് പോയല്ലേള്ളൂ; ഇത് കോഴിക്കോട്ന്ന് തൃശ്ശൂർക്ക് വരണ പോലൊന്ന്വല്ലല്ലൊ.. വേണ്ട, പ്പൊ വരാനൊന്നും പറയണ്ട. എനിക്ക് വല്ലതും പറ്റാച്ചാൽ ക്രിയകൾ ചെയ്യാൻ വേണച്ചാ വന്നോട്ടെ; അതു മതി” എന്ന് പറഞ്ഞ ശേഷം, “വരണ്ടേരും; ഒരു രണ്ട് ദിവസത്തിന്റുള്ളില് അവിടുന്ന് പുറപ്പടണ്ടി വരും” എന്ന് തലയാട്ടി ഉറപ്പിച്ച് കൊണ്ട് അച്ഛൻ മുരളിഏട്ടനോട് പറയും ചെയ്തുന്ന് മുരളിഏട്ടനും രമയും ഞങ്ങളോട് പിന്നെ പറയായിരുന്നു.

അന്ന് സെപ്തംബർ 15 - എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച വൈകുന്നേരം ഇവിടെ ചിക്കാഗൊൽ, ഒത്തു കൂടാറുള്ള ഞങ്ങൾ 7-8 കുടുംബങ്ങൾ ഉള്ള ഒരു  ആധ്യാത്മിക കൂട്ടായ്മ അന്ന്, ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ട, ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളായ സേതു- മൃദുലമാരുടെ വീട്ടിൽ വെച്ചായിരുന്നു. അതിന് പോണ വഴി കാറിൽ വെച്ചും എന്റെ നാട്ടിലേക്കുള്ള പോക്കിനെ പറ്റി തന്നെയാണ് ഞാനും രവിയും സംസാരിച്ചിരുന്നത്. അവിടെയെത്തി, കുശലം പറയലും ചായ കുടിയും ഒക്കെ കഴിഞ്ഞ് സന്ധ്യക്ക് വിളക്കു കൊളുത്തി നാമം ജപം, ഭജന, കീർത്തനങ്ങൾ, ആധ്യാത്മിക വിഷയത്തെ പറ്റിയുള്ള തുടർ ചർച്ച ഒക്കെ കഴിഞ്ഞ് സമർപ്പണ ശ്ലോകങ്ങളും ചൊല്ലി അവസാനിപ്പിച്ച്, ആരതിയും ഉഴിഞ്ഞ് എണീറ്റ് പ്രസാദം വിതരണം ചെയ്യുമ്പോൾ, സേതു എന്നോട്, “ഉമേ അച്ഛന് വിശേഷിച്ചൊന്നുല്ല്യല്ലൊ, അല്ലെ?” എന്നൊരു ചോദ്യം. ആദ്യം അത് കേട്ടപ്പോൾ ഞാനൊന്ന് അമ്പരന്നു, എന്താപ്പൊ സേതു ഇങ്ങിനെ ചോദിക്കാൻ എന്നാലോചിച്ച്.  

സേതുവിന് അച്ഛനെ നന്നായി അറിയാം. അച്ഛനും അമ്മയും ഇവിടെ ചിക്കാഗോവിൽ ഞങ്ങളുടെ അടുത്ത് വന്നപ്പോൾ കണ്ട് സംസാരിച്ചതിന് പുറമെ, നാട്ടിൽ വരുമ്പോ പല തവണ ഗുരുവായൂരിലും കോഴിക്കോട്ടും ഞങ്ങളുടെ വീട്ടിൽ സേതു വന്നിട്ടുണ്ട്. അച്ഛനായി വളരെ നേരം ഇരുന്ന് സംസാരിക്കാറുമുണ്ട്.  തമ്പുരാൻ എന്നേ അച്ഛനെ വിളിക്കാറുള്ളു സേതു. അച്ഛൻ ഇരിക്കുന്ന കസേരയുടെ അടുത്തുള്ള കസേര ദൂരത്തേക്ക് നീക്കി മാറ്റി വെച്ച്, അച്ഛന്റെ നേർമുന്നിൽ നിലത്ത് അച്ഛനേയും നോക്കി ചമ്രം പടിഞ്ഞിരുന്നാണ് പോണ വരെ അവർ തമ്മിലുള്ള സംസാരം എന്നൊക്കെ രമ പറയാറുണ്ടായിരുന്നു. എത്ര പറഞ്ഞാലും അച്ഛന്റെ അടുത്ത് കസേരയിൽ ഇരിക്കില്ല സേതു. അത്ര ബഹുമാനമാണ് അച്ഛനെ. പക്ഷെ, അച്ഛന് കുറച്ച് സുഖല്യ; നടക്കുമ്പൊ ചെറിയൊരു ശ്വാസം മുട്ടൽ എന്ന, അന്ന് രാവിലെ കിട്ടിയ വർത്തമാനൊന്നും പറഞ്ഞ് കഴിഞ്ഞിരുന്നില്ല. ടിക്കറ്റൊക്കെ ബുക്ക് ചെയ്ത ശേഷം നാട്ടിൽ പോണ കാര്യം എല്ലാവരോടും പറയാം എന്നാണ് ഞാൻ വിചാരിച്ചിരുന്നത്; അതോണ്ട് നാട്ടിൽ പോവാൻ ഒരാലോചനള്ള കാര്യൊന്നും ആരോടും പറഞ്ഞേര്ന്നില്ല. പക്ഷെ പെട്ടെന്ന് സേതു ഇങ്ങനെ അച്ഛന് വിശേഷിച്ചൊന്നുല്ല്യല്ലൊന്ന് ഇങ്ങട് ചോദിച്ചപ്പോൾ, അന്ന് രാവിലെ അച്ഛനുമായുണ്ടായ ഫോൺ സംഭാഷണവും അച്ഛന്റെ ചെറിയ ശ്വാസംമുട്ടലിന്റെ കാര്യവും ഞാൻ നാട്ടിൽ പോവാണെന്നുമൊക്കെ പറഞ്ഞു.

പ്രസാദമൊക്കെ കഴിച്ച് കഴിഞ്ഞപ്പോഴേക്കുമുണ്ട് എന്റെ ഫോൺ അടിക്കുന്നു. വേഗം ചെന്ന് എടുത്തപ്പോൾ രശ്മിയാണ്, “വല്യമ്മേ, മുത്തച്ഛൻ പോയി വല്യമ്മേ… അമ്മ ദാ പ്പൊ വിളിച്ച് പറഞ്ഞതാണ്” എന്ന് രശ്മി വിതുമ്പിക്കൊണ്ട് പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ല്യ. ഉടനെ തന്നെ തൃശ്ശൂർക്ക് വിളിച്ചു ഞങ്ങൾ.   നാട്ടിൽ അപ്പോൾ സെപ്തംബർ 16 ഞായറാഴ്ച രാവിലെയാണ് സമയം. കുട്ട്യേട്ടനാണ് എല്ലാം വിസ്തരിച്ച് പറഞ്ഞ് തന്നത്. മനസ്സ് വിങ്ങിപ്പൊട്ടീട്ട്… കണ്ണ് നിറഞ്ഞൊഴുകീട്ട്.. കുട്ട്യേട്ടൻ പറയണത് മര്യാദയ്ക്കൊന്നും കേൾക്കാൻ പറ്റീരുന്നില്ല എനിക്ക്; പിന്നെ രവി ഫോൺ വാങ്ങി കുട്ട്യേട്ടനായി സംസാരിച്ച് എല്ലതും മനസ്സിലാക്കി.  

അച്ഛൻ രാവിലെ എണീറ്റ് കാലും മുഖവും കഴുകി വിളക്ക് കൊളുത്തി തൊഴുതു കഴിഞ്ഞപ്പൊഴേക്കും കുറച്ചൊരു ക്ഷീണവും  വയ്യായയും തോന്നി വീണ്ടും കട്ടിലിൽ വന്ന് കിടന്നുവത്രെ. കൈകൾ കൂപ്പി നാമം ജപിച്ച് കിടക്കന്നായിരുന്നു. ഹരിദ്വാരിൽ ‘ഹർ കി പൈരി’യിൽ നിന്ന് സ്വന്തം കൈ കൊണ്ട് മുക്കിയെടുത്ത ആ പവിത്രമായ ഗംഗാജലം സൂക്ഷിച്ചു വെച്ചിരുന്ന കുപ്പിയിൽ നിന്ന് ഗംഗാജലവും കുറച്ചെടുത്ത് സേവിച്ചിരുന്നു. ഇടയ്ക്കിടയ്ക്ക് കണ്ണനുണ്ണീടെ മുന്നിൽ വിളക്ക് കൊളുത്തി വെച്ചോടത്തേക്ക് നോക്കി തൊഴ്ന്നും ഉണ്ടായിരുന്നു. എല്ലാ മാസവും സംക്രമ സമയത്ത് നെയ് വിളക്കാണ് അച്ഛൻ കൃത്യമായി കത്തിച്ചിരുന്നത്.  അന്ന് സംക്രമം ആണെന്നറിയാം. അമ്മയോട്, “നെയ് വിളക്ക് കത്തിക്കണ്ടേ, മറക്കണ്ട” എന്നൊക്കെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. അന്ന് പക്ഷെ വൈന്നേരത്തോടെയേ സംക്രമം ആവുള്ളു എന്ന് അമ്മ പറഞ്ഞപ്പോൾ, ശരിയെന്ന് അമ്മയോട് തലയാട്ടി കാണിക്കുകയും ചെയ്തു. പിന്നെയും കണ്ണനുണ്ണിയെ നോക്കി കൈ കൂപ്പി തൊഴുതു.

ഹോസ്പിറ്റലിൽ പോവാം ന്ന് രമയും ഉണ്ണികൃഷ്ണനും നിർബന്ധിച്ച് പറഞ്ഞപ്പൊ, അതൊന്നും വേണ്ടാന്ന് പറഞ്ഞൂത്രേ അച്ഛൻ. തനിക്ക് പോവാനുള്ള സമയായീന്ന് അച്ഛന് തന്നെ നന്നായി അറിയാമായിരുന്നു. അച്ഛന് വയ്യെന്ന് കേട്ട് കുട്ട്യേട്ടനും മുരളിഏട്ടനും ഒക്കെ എത്തി. ഇവരൊക്കെ വരുന്നത് കണ്ട്,  അവിടുത്തെ സെക്യൂരിറ്റി ഗാർഡും അച്ഛനെ കാണാൻ മോള്ള്ലെ നിലയിലെ ഫ്ലാറ്റിലേക്ക് ഓടി വന്നു, അച്ഛൻ കിടന്നിരുന്ന മുറിയുടെ വാതിൽക്കൽ വന്ന് അച്ഛനെ നോക്കിയപ്പോൾ, മുഖത്ത് ചെറീയൊരു പുഞ്ചിരിയോടെ, ഞാൻ പോവായീ എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചുവത്രെ അച്ഛൻ അദ്ദേഹത്തെ നോക്കിയിട്ട്. ആ ഗാർഡ് എന്നോട് പിന്നെ പറഞ്ഞു തന്നതാണ് ഈ സംഭവം. പിന്നെയും രണ്ട് പ്രാവശ്യം കൂടി വിളക്ക് വെയ്ക്കണോടത്തയ്ക്ക് നോക്കി ഭഗവാനെ കൈ കൂപ്പി തൊഴുത്, അങ്ങന്നെ കണ്ണടയ്ക്കാണത്രെ ഉണ്ടായത്. നടന്നാലുള്ള കിതപ്പും ക്ഷീണവും അല്ലാതെ, ഒട്ടും ഒരു വേദനയോ വയ്യായയോ ഒന്നുമില്ലാതെ, ശാന്തമായ ഒരു അന്ത്യം. കുട്ട്യേട്ടനാണ് ഒക്കെ രവിയോട് പറഞ്ഞു കൊടുത്തത്.  
 

അനായാസേന മരണം വിനാ ദൈന്യേന ജീവനം  

ദേഹി മേ കൃപയാ സിന്ധോ ത്യായി ഭക്തിം അചഞ്ചലം
 

എന്ന് കുട്ട്യാവുമ്പൊ തൊട്ട് കേട്ട് വളർന്ന ശ്ലോകം, അതിന്റെ പൂർണ്ണമായ അർഥത്തിൽ മുന്നിൽ കണ്ടത് ഇവിടെയാണ് - അച്ഛന്റെ ജീവിതത്തിലും മരണത്തിലും ആണ്. നല്ലൊരു ജീവിതം ലഭിക്കുന്നതിനേക്കാൾ ഭാഗ്യം ചെയ്യണം നല്ലൊരു മരണത്തിന്, ആയാസം കൂടാതെയുള്ള മരണത്തിന് എന്ന് പണ്ടുള്ളവർ പറഞ്ഞത് എത്ര ശരി!!  

അച്ഛന്റെ ഈ അവസാന നിമിഷത്തെ പറ്റി ഒക്കെ കുട്ട്യേട്ടൻ ഞങ്ങളോട് ഫോണിൽ പറയണത്, അവിടെ ഉള്ള ഞങ്ങളുടെ മറ്റു സ്നേഹിതരും കേട്ടു.  എല്ലാവരും എന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിക്കാണ്. മനസ്സിന്റെ വിങ്ങിപ്പൊട്ടൽ ഒന്ന് ശാന്തമായപ്പോഴാണ് സേതു എന്നോട് വന്ന് പറയണത്, “ഉമേ, നമ്മുടെ സത്സംഗം കഴിഞ്ഞ് എണീറ്റപ്പൊ ഞാൻ ഉമയോട്, 'അച്ഛന് വിശേഷിച്ചൊന്നുല്ല്യല്ലൊ, ല്ലെ?’ എന്ന് ചോദിച്ചില്ലേ, എന്താറിയോ കാരണം? നമ്മൾ നാമം ജപിച്ചു കൊണ്ടിരിക്കുമ്പോൾ, പെട്ടെന്നുണ്ട്, ഈ മുറിയുടെ മറ്റേ അറ്റത്തുള്ള ആ കോണിപ്പടിയിൽ ഉമടെ അച്ഛൻ നിൽക്കുണു!! ഉമയെ തന്നെ നോക്കി നിൽക്കാണ്. ഞാൻ സ്വപ്നം കാണോ മറ്റൊ ആണോ എന്നറിയാൻ കണ്ണ് അടച്ച് പിടിച്ച് പിന്നെ തുറന്ന് നോക്കി. അപ്പഴൂണ്ട് തമ്പുരാൻ അവിടന്നെ നിൽക്കുണു, ഉമേം നോക്കി കൊണ്ട്! നല്ല വ്യക്തായി കണ്ടു ഉമേ ഞാൻ. ഒരു രണ്ട് മിനുറ്റ് കഴിഞ്ഞപ്പൊ നിക്കണോട് ത്ത് ന്ന് അങ്ങന്നങ്ങട് മാഞ്ഞു പോവും ചെയ്തു തമ്പുരാൻ. എനിക്ക് വിശ്വസിക്കാൻ പറ്റീല്ല്യ. അതാ ഞാൻ ഇതൊക്കെ കഴിഞ്ഞ് എണീറ്റ ഉടനെ ഉമയോട് അച്ഛന് വിശേഷിച്ചൊന്നുല്ല്യല്ലൊ എന്ന് ചോദിച്ചത്” എന്നായിട്ട്!!  

മനസ്സിന്റെ വിഷമം അധികാവാണോ അതോ കുറച്ച് സമാധാനം കിട്ടാണോ എന്താ ആ നിമിഷം എന്റെ മനസ്സിൽ തോന്നിയത് എന്ന് പറയാൻ വയ്യ ട്ടൊ.  ഭഗവാന്റെ അടുത്തേക്കുള്ള ആ അവസാന യാത്രയിൽ എന്നെം രവിയേയും ഒന്ന് കൂടി കണ്ട് അനുഗ്രഹിക്കാൻ തന്നെയല്ലേ അച്ഛൻ ഇവിടെ വന്നിട്ടുണ്ടാവുക! ഞാനാണ് അച്ഛൻ ആ കോണിപ്പടിയിൽ നിൽക്കണത് കണ്ടിരുന്നത് എന്നാണെങ്കിൽ, എന്റെ മനസ്സിന്റെ വിഭ്രാന്തിയാണെന്ന് വിചാരിക്കാം അച്ഛന് കുറച്ച് സുഖല്ല്യ എന്ന വർത്തമാനം ആ രാവിലെ കേട്ടത് മനസ്സിൽ കിടക്കണ കാരണം മനസ്സിന്റെ ഒരു കളിയാവാം ഇങ്ങനെ അച്ഛനെ കാണണത്. പക്ഷെ, ഇവിടെ ഞങ്ങളുടെ വളരെ അടുത്ത സുഹൃത്തായ സേതുവാണ് അച്ഛനെ കാണണത്. അതും അച്ഛന് അസുഖണ്ട് എന്നൊന്നും അറിയും കൂടി ചെയ്തിരുന്നില്ല സേതു. അപ്പൊ ഇത് വെറും മനസ്സിന്റെ ഒരു തോന്നലല്ല; അച്ഛൻ ആ അവസാന യാത്രയിൽ ഞങ്ങളെ ഒന്നു കൂടി കണ്ട് അനുഗ്രഹിക്കാൻ വന്നത് തന്നെയാണ്, അത് കഴിഞ്ഞ് കുട്ടികളുടെ അടുത്തും പോയി അവരെയും അനുഗ്രഹിച്ചിട്ടുണ്ടാവും; ഉറപ്പാണ്. 

പിറ്റേന്ന് തന്നെ രവി എനിക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് ഒക്കെ ശരിയാക്കി രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഞാൻ നാട്ടിലെത്തി. അച്ഛൻ ഇല്ലാത്ത നാട്ടിലേക്കുള്ള ആദ്യത്തെ യാത്ര. രമയും ഉണ്ണിക്കൃഷ്ണനും എയർപോർട്ടിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. നേരെ തൃശ്ശൂരിലെ ഫ്ലാറ്റിൽ. അച്ഛൻ വിശ്രമിച്ചിരുന്ന - അവസാന ശ്വാസം എടുത്ത്, ഭഗവത് പദം ചേർന്ന ആ കട്ടിലിൽ, അച്ഛന്റെ പാദങ്ങൾ വെച്ചിരുന്നിടത്ത് നമസ്കരിച്ച് പൊട്ടി പൊട്ടി കരഞ്ഞപ്പോഴാണ് മനസ്സിന് കുറച്ചൊരു ആശ്വാസം കിട്ടിയത്. അമ്മയേയും കെട്ടിപിടിച്ച് ആ കാൽക്കൽ നമസ്കരിച്ചു. ദഹിപ്പിക്കലും ക്രിയകളും എല്ലാം ഐവർ മഠത്തിൽ വെച്ച് വേണ്ട പോലെ, വിധിയാം വണ്ണം നടത്തിയിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ശ്രീശനോട് അച്ഛൻ എല്ലാം പറഞ്ഞ് ഏൽപ്പിച്ചിരുന്നു. “മുത്തച്ഛന് എന്തെങ്കിലും പറ്റിയാൽ കോഴിക്കോട്ടേയ്ക്കൊന്നും കൊണ്ടു പോവാൻ നിൽക്കണ്ട, പട്ടാമ്പിയ്ക്കടുത്തുള്ള, ഈ ക്രിയകളൊക്കെ ചെയ്യുന്ന ആ സ്ഥലത്ത് വെച്ച് ശ്രീശൻ തന്നെ എല്ലാം ചെയ്താൽ മതി ട്ടൊ” എന്നൊക്കെ ശ്രീശനോട് പറഞ്ഞിരുന്നുവത്രെ. അച്ഛൻ പറഞ്ഞേൽപ്പിച്ച പോലെ തന്നെയാണ് എല്ലാം ചെയ്തതും. ഐവർ മഠം എന്ന ആ പേരങ്ങട് ഓർമ്മ കിട്ട്യേര്ന്നില്ല അച്ഛന്; അതാണ് 'പട്ടാമ്പിയ്ക്കടുത്തുള്ള സ്ഥലം’ എന്ന് പറഞ്ഞ് കൊടുത്തത്. 

അതൊക്കെ കഴിഞ്ഞ് പന്ത്രണ്ടാം ദിവസം, സെപ്തംബർ 27 വ്യാഴാഴ്ച, കുട്ട്യേട്ടനും മുരളി ഏട്ടനും ഞങ്ങളും എല്ലാവരും കൂടി വീണ്ടും ഐവർ മഠത്തിൽ പോയി പിണ്ഡവും എല്ലാ ക്രിയകളും വൃത്തിയായി ചെയ്തു. അത് കഴിഞ്ഞ് അവിടെ തന്നെയുള്ള  പാർത്ഥസാരഥി അമ്പലത്തിൽ ഇരുന്ന് വിഷ്ണു സഹസ്രനാമവും എല്ലാവരും കൂടി ജപിച്ചു. മനസ്സിന് തൃപ്തിയായ വിധം എല്ലാം ചെയ്ത് കഴിഞ്ഞപ്പൊൾ വലിയൊരു സമാധാനം. കുറച്ച് ചിതാഭസ്മം ഗംഗാനദിയിൽ ഒഴുക്കാനായി ചെറിയൊരു കുടത്തിൽ കൊണ്ട് വന്ന്, ഗുരുവായൂരിൽ നമ്മുടെ ‘പൂർണ്ണിമ’യുടെ മുറ്റത്തുള്ള ഉത്തമവൃക്ഷത്തിൽ സൂക്ഷിച്ചു വെച്ചു. കുറച്ച് വർഷങ്ങൾക്ക് ശേഷം, കാശിവിശ്വനാഥന്റെ മുന്നിൽ നന്നായി തൊഴുത് പ്രാർഥിച്ച്, അച്ഛന്റെ ചിതാഭസ്മം വേണ്ടപ്പെട്ട ചടങ്ങുകളോടെ, അവിടെ കാശിയിൽ, വിശ്വനാഥന്റെ തൊട്ട് മുന്നിലൂടെ ഒഴുകുന്ന ഗംഗാനദിയിൽ എനിക്കും രമയ്ക്കും കൂടി സമർപ്പിക്കാനും സാധിച്ചു എന്നത് മനസ്സിന് വല്ലാത്തൊരു സന്തോഷം തരുന്ന കാര്യമായിരുന്നു. 

2007 സെപ്തംബറിൽ അച്ഛൻ ഭഗവത് പദം ചേർന്ന് കഷ്ടിച്ചൊരു നാലു മാസം കഴിഞ്ഞ് 2008 ജനുവരി 5, ശനിയാഴ്ച. നല്ല മഞ്ഞും തണുപ്പും ഉള്ളൊരു രാത്രി. സുഖനിദ്ര. പെട്ടെന്നുണ്ട് എന്റെ മുന്നിൽ അച്ഛൻ! ഒരു കാറിലാണിരിക്കുന്നത്. “വേഗം കേറൂ; നമുക്ക് കുറച്ച് അമ്പലങ്ങളിൽ പോകാം” എന്നും പറഞ്ഞ് എന്നെ വിളിച്ച് കാറിൽ കേറ്റുന്നു. അച്ഛൻ മുന്നിലെ സീറ്റിലാണിരിക്കണത്. പിന്നിലെ സീറ്റിൽ വല്യ വല്യമ്മയും ‘സീതാരാമം’ ചെറേമ്മയും (അഛന്റെ സഹോദരിമാർ) ഇരിക്കുന്നുണ്ട്. ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരിക്കുകയാണ് അവർ രണ്ടുപേരും. പല പല ക്ഷേത്രങ്ങളുടേയും മുന്നിൽ കാർ നിർത്തി എന്നോട് ഇറങ്ങാൻ പറഞ്ഞ് അവിടെയൊക്കെ എന്നെ സുഖായി തൊഴീച്ചു. ഗുരുവായൂർ കണ്ണനുണ്ണിയേയും, തിരുമാന്ധാം കുന്നിലമ്മയേയും കാടാമ്പുഴ ഭഗവതിയേയും ഒക്കെ സുഖായി തൊഴുത ശേഷം കോഴിക്കോട്ടെത്തി; തളീലപ്പനേയും മങ്കാവിലമ്മയേയും തൊഴുത ശേഷം കാർ നേരെ തിരുവന്നൂർക്കാണ് വിട്ടത്. നാറണ്യാട്ടമ്മയേയും തിരുവന്നൂരപ്പനേയും നന്നായി തൊഴുതു. ഈ ക്ഷേത്രങ്ങളിലൊക്കെ അച്ഛനും എന്റെ കൂടെ വന്ന് എന്റെ ഒപ്പം നിന്ന് തൊഴുന്നുണ്ടായിരുന്നു. വല്യമ്മയും ചെറേമ്മയും പക്ഷേ, ഒന്നും മിണ്ടാതെ കാറിൽ തന്നെ ഇരിയ്ക്കായിരുന്നു. തൊഴാൻ വന്നില്ലെങ്കിലും അവരുടെ അനുഗ്രഹം എന്നിൽ ചൊരിയുന്നുണ്ടായിരുന്നെന്ന് അവരുടെ ആ നോട്ടത്തിൽ നിന്ന് വ്യക്തമായി അറിയാനുണ്ടായിരുന്നു. 

ഇവിടെയൊക്കെ വിസ്തരിച്ച് തൊഴുത്, പൂജാരിമാർക്ക് എന്നെ കൊണ്ട് ദക്ഷിണ കൊടുപ്പിച്ച് അവരുടെ അനുഗ്രഹവും നേടി, തീർഥവും പ്രസാദവും ഒക്കെ സേവിച്ച് / കുറിയിട്ട്, അവസാനം കാർ നമ്മുടെ പുത്തൻ കോവിലകത്തിന്റെ മുന്നിൽ നിർത്തി. നമ്മുടെ പഴേ കോവിലകം. ഒരു മാറ്റവുമില്ല. ആ വലിയ വാതിൽ കടന്ന് പുത്തൻ കോലോത്തെ പടിയ്ക്കലേക്ക് കയറിയപ്പോൾ, അവിടെ ആ പഴയ കട്ടില്മ്പ്ൽ അച്ഛമ്മ ഇരിയ്ക്ണ്‌ ണ്ടോ, ഓടിട്ട തട്ടിന്മേൽ പക്ഷികൾ കലപില കൂട്ടി പറന്ന് നടക്ക് ണ് ണ്ടോ, വല്യമ്മാമൻ നാലേട്ടിൽ ഇരുന്ന് ചായ കുടിയ്ക്ണ്‌ ണ്ടോ, പൊട്ടൻ (നാരായണൻ) പശുക്കളേം നോക്കി നാലേട്ടിന്നപ്പുറത്ത്, ചെറേമ്മടെ മുറീടെ പുറത്തുള്ള മിറ്റത്ത് നിക്ക് ണ്’ണ്ടോ എന്നൊക്കെയാണ് എന്റെ കണ്ണുകൾ ആദ്യം തേടിയത്. ഇല്യ.. അവരെ ആരേം കാണാനില്ല. പക്ഷെ ശാന്തിക്കുള്ള അരീക്കര നമ്പൂതിരി ഭഗവതികെട്ട് നട അടയ്ക്കാതെ ഞങ്ങളെ കാത്തിരിക്കാണ്. ഞങ്ങൾ തൊഴാൻ വരുന്നുണ്ട് എന്ന് ആരാണാവോ അരീക്കരയോട് പറഞ്ഞത്!! ഭഗവത്യേട്ടിലും സുഖായി തൊഴുത് നമസ്കരിച്ചു. ദക്ഷിണ കൊടുത്ത് പ്രസാദവും വാങ്ങി. ഒക്കെ കഴിഞ്ഞ് പുറത്ത് കടന്ന് എന്നെ കൂട്ടാതെ അച്ഛൻ മാത്രം കാറിൽ കേറി. വല്യമ്മയും ചെറേമ്മയും കാറിന്റെ പിൻ സീറ്റിൽ എന്നെ നോക്കി ഇരിക്കുക തന്നെയാണ്.

ഞാൻ കാറിൽ കേറുന്നതിന് മുൻപ് കാറിന്റെ വാതിൽ അടച്ച്, കാർ വിട്ടോളാൻ അച്ഛൻ ഡ്രൈവറോട് ആംഗ്യം കാണിച്ചു. മുന്നോട്ട് പോകുന്ന ആ കാറിൽ ഇരുന്നു കൊണ്ട്, പിന്നാക്കം തിരിഞ്ഞ് എന്നെത്തന്നങ്ങനെ നോക്കി ചിരിച്ച്, കൈ വീശി കാണിച്ച് കൊണ്ടിരിക്കുന്ന അച്ഛന്റെ ചിരിയും മുഖത്തെ ആ സംതൃപ്തിയും ഇത്രയും വർഷം കഴിഞ്ഞ് ഇതെഴുതുമ്പോഴും എന്റെ മുന്നിൽ തെളിഞ്ഞ് കാണുകയാണ്!! ഈ പുത്തൻ കോലോത്തിന്റെ മുന്നിൽ എന്നെ എന്താങ്ങനെ ഒറ്റയ്ക്ക് എറക്കി വിട്ട് അച്ഛൻ പോയത്, ഞാനിനി എന്താ ചെയ്യണ്ടത് എന്ന് ഒരു നിമിഷം മനസ്സിൽ ചിന്തിച്ചപ്പോഴേക്കുമുണ്ട് ഫോൺ അടിക്കുന്നു! ഫോൺ ശബ്ദം കേട്ട് ഞെട്ടി ഉണർന്നപ്പോഴാണ് ഇത് വരെ കണ്ടതൊക്കെ ഒരു സ്വപ്നമായിരുന്നെന്ന ബോധം മനസ്സിലുദിച്ചത്. വേഗം ഫോൺ എടുത്തു. നാട്ടിൽ നിന്ന് അമ്മയും രമയുമായിരുന്നു. പിറന്നാളാശംസകൾ അറിയിക്കാൻ വിളിച്ചതാണ് അമ്മേം രമേം. ധനുമാസത്തിലെ അനിഴം - എന്റെ ആണ്ടു പിറന്നാൾ! ഞാൻ കലണ്ടർ നോക്കീട്ടുണ്ടായിരുന്നില്ലാത്തതിനാൽ അന്ന് എന്റെ നക്ഷത്രമാണെന്ന് ഇവർ ഫോണിൽ പറയണവരെ യാതൊരു അറിവുമുണ്ടായിരുന്നില്ല! അമ്മ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. അച്ഛൻ ഇല്യാത്ത ആദ്യത്തെ പിറന്നാൾ.

അമേരിക്കയിലേക്ക് കുടിയേറിക്കഴിഞ്ഞ ശേഷം അധികം പിറന്നാളുകളൊന്നും അച്ഛന്റെ ഒപ്പം ഉണ്ടായിട്ടില്ലെങ്കിലും അച്ഛൻ ഈ ലോകത്ത് ഉണ്ടായിരുന്നല്ലോ. ഇതാണ് അച്ഛനില്ലാത്ത ലോകത്തിലെ എന്റെ ആദ്യത്തെ പിറന്നാൾ. പക്ഷെ നോക്കു, അച്ഛൻ അത് മറന്നില്ല. കൃത്യ ദിവസം രാവിലെ തന്നെ വന്ന്, എന്നെ കൈ പിടിച്ച് കൂടെ കൊണ്ട് പോയി സകല ക്ഷേത്രങ്ങളിലും തൊഴീച്ച്, ദക്ഷിണ കൊടുപ്പിച്ച്, തീർഥവും പ്രസാദവും സേവിപ്പിച്ചു! ഇതിലപ്പുറം എന്താണ് വേണ്ടത്, അല്ലെ?! ഏത് ലോകത്താണെങ്കിലും ഇവരൊക്കെ നമ്മളെ അനുഗ്രഹിച്ച് കൊണ്ട്, നമ്മളെ കാത്ത് രക്ഷിച്ച് കൊണ്ട് നമ്മുടെ കൂടെ തന്നെയുണ്ട് എന്നതിന് ഇതിലും വലിയൊരു തെളിവ് വേണോ!! ഭഗവത് പദം ചേരാനുള്ള അച്ഛന്റെ ആ അവസാന യാത്രയിലും അത് കഴിഞ്ഞ് അച്ഛനില്ലാത്ത ഈ ലോകത്തെ എന്റെ ആദ്യത്തെ പിറന്നാളിനും അച്ഛൻ എന്റെ അടുത്ത് വരാനും അച്ഛന്റെ ആ അനുഗ്രഹം എനിക്ക് ലഭിക്കാനുമുള്ള ഭാഗ്യം - അതു തന്നെയല്ലേ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും അനുഗ്രഹവും? അതെ എന്ന് നിസ്സംശയം പറയാം!

English Summary:

Malayalam Memoir ' Avasanayathra ' Written by Uma Raviraja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com