ADVERTISEMENT

അവനെപ്പോഴും ഇരുട്ടിന്റെ മറപറ്റി മാത്രമേ സഞ്ചരിക്കാറുള്ളു. അത് വലിയൊരു ചർച്ചക്ക് കാരണമായി, പതിനെട്ടാം മൈലിലെ കോളനി അസോസിയേഷൻകാർ പല രീതിയിൽ അതിനെ ചർച്ച ചെയ്തുകൊണ്ടിരുന്നു. ഇന്നെങ്കിലും ആ കള്ളനെ പിടിക്കണം കോളനിയിലെ തലമൂത്ത റിട്ടയേർഡ് ജഡ്ജിയദ്ദേഹം ഉത്തരവിട്ടു. കോളനി അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ ശ്രമിച്ചു. കോളനിയിൽ രാത്രി മുഴുവൻ ആളുകൾ കാവൽ നിന്നു. എങ്കിലും അവനെ പിടിക്കാൻ കഴിഞ്ഞില്ല. അല്പം പാതിരാക്കാറ്റേറ്റ് അവർ ഒരൊറ്റ നിമിഷം മയങ്ങുമ്പോൾ അവൻ അതിനിടയിലൂടെ സൂക്ഷ്മതയോടെ കടന്നുപോയി. ഒന്നും മോഷണം പോകാത്തതിനാലും അവന്റെ വരത്തുപോക്കിനാലും കോളനിക്കാർക്ക് തലവേദനയെടുത്തു. കോളനിയുടെ പ്രസ്റ്റീജ് തകരുമോ എന്നവർ ഭയന്നുകൊണ്ടിരുന്നു. പലതരത്തിലുള്ള ഊഹക്കഥകളും, പരസ്പരം കുറ്റം പറച്ചിലുകളും ഇതിനിടയിലൂടെ നടന്നുകൊണ്ടിരുന്നു.. ദേ അവൻ ഇന്ന ആളുടെ ഭാര്യയുടെ ജാരൻ ആണെന്ന് ഇവർ പറയും ഇവരെക്കുറിച്ചീക്കഥ മറ്റൊരാൾ പറയും. അങ്ങനെ അങ്ങനെ ജഡ്ജിയുടെയും പ്രസിഡന്റ്, സെക്രെട്ടറി എന്ന് വേണ്ട സകലരുടെ ഭാര്യമാരെക്കുറിച്ചും കോളനിയിൽ കഥകൾ ഇറക്കി. സ്വന്തം ചാരിത്രത്തെ തെളിയിക്കണ്ടത് പതിനെട്ടാം മൈലിലെ സ്‌ത്രീകളുടെ ദുരവസ്‌ഥയായിമാറിക്കൊണ്ടിരുന്നു. അവർക്കിതിലെ സത്യം തെളിയിക്കണമായിരുന്നു..

പതിനെട്ടാം മൈൽ കോളനിക്കിടെയിലൂടെ നടന്നാൽ വലിയൊരു കുന്നിൻപുറത്തെത്താം. അതിന്റെ ചരിഞ്ഞ പ്രതലങ്ങൾക്ക് നടുവിൽ മഴ പെയ്തു കുത്തിയൊലിച്ചുണ്ടായൊരു വെള്ളച്ചാട്ടമുണ്ട്. അത് മുറിച്ചു കടന്നു വളരെ നേരം നടന്നാൽ ഒരു വീടുണ്ട്. അവിടെ വയസ്സായ ഒരമ്മ താമസിച്ചിരുന്നു. താമസിച്ചിരിക്കുന്നു എന്ന് പറയാൻ കഴിയാത്ത അവസ്ഥ തന്നെ. ആ കുടിലിനു വാതിലില്ല, കാറ്റിനുപോലും മുട്ടിവിളിക്കാതെ അവരെ ശല്യം ചെയ്യാം. അമ്മക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടിരുന്നു. രണ്ടു കാലിലും ചന്തിയിലും കിടന്നു കിടന്നു വ്രണം പൊട്ടി ഒലിച്ചിരുന്നു, അതിലൂടെ പുഴുക്കൾ നിറഞ്ഞു വേദനകൊണ്ട് അവർ ആരുമില്ലാതെ അലറിക്കരഞ്ഞ ഒരു ദിവസം അവിചാരിതമായി കൂട്ടം തെറ്റിയാ ചെറുപ്പക്കാരൻ ആ താഴ്‌വാരത്തിൽ എത്തിച്ചേർന്നു. ദൂരെ നിന്ന് പോലും കേട്ടാൽ ഭയം തോന്നുന്ന അത്ര ശബ്ദത്തിൽ ആ അമ്മ വേദനകൊണ്ട് പുളഞ്ഞു നിലവിളിച്ചിരുന്നത് ഇയാൾ കേട്ടു. അയാൾ തന്റെ കൈ രണ്ടും ചെവിടിന്റെ പുറത്തൂടെ വട്ടം പിടിക്കുകയും അങ്ങനെ ആ വീടിന്റെ അടുത്തേക്ക് നടന്നെത്തുകയും ചെയ്തു. അങ്ങനെ അവൻ അവിടുത്തെ സ്ഥിരം സന്ദർശകനായി മാറി. കുറച്ചു മാസങ്ങൾ കൊണ്ട് അമ്മയുടെ മുഴുവൻ മുറിവും അവൻ ഉണക്കി. പരിപൂർണമായ സുഖം ലഭിച്ചു.

അങ്ങനെ ഒരു ദിവസം അമ്മയുടെ അരികിൽ ഇരിക്കുമ്പോൾ അവർ ആദ്യമായി അവന്റെ പേര് ചോദിച്ചു. ശേഷൻ ആണെന്ന് ആ യുവാവ് പറഞ്ഞു. ശേഷൻ എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ ഒരു യാത്ര ചെയ്യാൻ ഇറങ്ങിയതാണെന്നും കൂട്ടം തെറ്റി ഇവിടെ എത്തിയതാണെന്നും അവൻ പറഞ്ഞു. ശേഷൻ എവിടെനിന്ന് വരുന്നു എവിടേക്ക് പോകുന്നു എന്ന് മാത്രം അമ്മയോട് പറഞ്ഞില്ല. കൃത്യം രാത്രി പാതിരാവ് ആകുമ്പോൾ അവിടെ എത്തുകയും പുലർച്ചെ തിരിച്ചുപോരുകയും ചെയ്യുന്നത് ആയിരുന്നു അവന്റെ ശീലം. അവൻ രാത്രിയിലാണോ പകലിലാണോ വരുന്നത് എന്ന് ചിന്തിക്കാനുള്ള ബോധത്തെ അവനെക്കാണുമ്പോൾ അമ്മ മറന്നു പോകുമായിരുന്നു. അവനെ അത്രക്ക് ഇഷ്ടമായിരുന്നത് കൊണ്ടും രോഗം ഭേദമാക്കിയതിന്നാലും അമ്മ ഒന്നും ചോദിക്കാറുമില്ലായിരുന്നു.. ഇതിനിടയിൽ കോളനിയിലെ പ്രശ്‍നം രൂക്ഷമായ്ക്കൊണ്ടിരുന്നു. അങ്ങനെ അവർ എല്ലാവരും തീരുമാനിച്ചുകൊണ്ട് ഒരു അഭിപ്രായത്തിൽ എത്തിച്ചേർന്നു. ജഡ്ജിയദ്ദേഹത്തിന്റെ അധ്യക്ഷതയിൽ യോഗം വിളിച്ചു ചേർക്കുകയും രാത്രി എല്ലാ പുരുഷന്മാരും കൂടി കാവലിരിക്കാനും തീരുമാനിച്ചു. അങ്ങനെ പിറ്റേ ദിവസം അവർ കാവലിരിക്കുകയും ചെയ്തു.

ചെറിയ തണുപ്പുള്ള രാത്രിയായിരുന്നു അത്. അമ്മക്കന്ന് കുറച്ചു റാക്ക് കുടിക്കണം എന്ന് പറഞ്ഞു. ശേഷൻ അമ്മയെ നോക്കി ചിരിച്ചു. ഉടൻ പുറത്തോട്ട് പോകുകയും പിന്നെ എവിടെനിന്നോ ഒരു കുപ്പികള്ളുമായി തിരിച്ചു വരികയും ചെയ്തു. ഒരുപാട്‌ നാളുകൾക്ക് ശേഷം അവർ സന്തോഷത്തോടെ ഒരു കവിൾ കള്ളുകുടിച്ചു. അന്ന് രാത്രി സന്തോഷത്തോടെ ആ അമ്മ ശേഷന്റെ തലയിൽ കൈവെച്ചുകൊണ്ട് പറഞ്ഞു. "നീ നന്നായി വരും കുട്ടി, ഈശ്വരൻ നിന്നെ അനുഗ്രഹിക്കും." ഈ നരകത്തിൽ നിന്നും ഈ പാപിയെ അദ്ദേഹം എന്നാണോ ആവോ മോചിപ്പിക്കുക. അവർക്ക് കണ്ണീർ നിയന്ത്രിക്കാനായില്ല. ശേഷൻ ഒന്നും പറയാതെ ആ അമ്മയെ നോക്കിക്കൊണ്ടിരുന്നു. പിന്നെ കണ്ണുകൾ തുടച്ചുകൊടുത്തുകൊണ്ട് അമ്മയോട് പറഞ്ഞു. "അമ്മ ഉറങ്ങിക്കോളു " അന്ന് രാത്രിയിൽ അമ്മയൊരു സ്വപ്നം കണ്ടു, ശേഷൻ പാതിരാവിൽ ഒരു കുളത്തിൽ നീരാടിക്കൊണ്ടിരുന്നപ്പോൾ അമ്മ അവിടേക്ക് ചെല്ലുകയും അമ്മയെക്കണ്ടപ്പോൾ തമാശയൊപ്പിക്കാൻ മെല്ലെ മെല്ലെ അവൻ മുങ്ങിപ്പോകുന്നു. പിന്നെ പൊങ്ങാനാവാതെ മുങ്ങിപോകുന്നു. അവർ ഭയന്നു കരയുകയും ശേഷൻ വേഗം നീന്തി അടുത്തേക്ക് വന്നവരെ ആശ്വസിപ്പിക്കുന്നു. എന്തൊ ഒരു സുഗന്ധമവനെ ചുറ്റപ്പെട്ടിരിക്കുന്നു. അവൻ തൊടുമ്പോൾ തന്റെ വേദനകൾ എല്ലാം അവർ മറക്കുന്നു. ഒരു സുഖം തോന്നുന്നു.. അമ്മയാ സ്വപ്നത്തിൽ മുഴുകിക്കിടന്നു. പിന്നീട് ഒരിക്കലും ആ സ്വപ്നത്തിൽ നിന്നും ആ അമ്മ വ്യതിചലിച്ചില്ല. ആ രാത്രിയോടെ ആ അമ്മ നിര്യാതയായി..

മുൻപ് പറഞ്ഞത് പ്രകാരം അസോസിയേഷനിലെ ആളുകൾ നിരനിരയായി അങ്ങിങ്ങായി കാവൽ നിന്നു. രാത്രി അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് പടർന്നു. ദൂരെ എവിടെയൊനിന്ന് ആരെയും വശീകരിക്കുന്ന തരത്തിളുള്ള സുഗന്ധം ഉയർന്നു പൊങ്ങി. അതവരെ മുഴുവൻ പൊതിഞ്ഞു. ചിലരെല്ലാം ആ സൗരഭ്യത്തിൽ മയങ്ങിക്കൊണ്ട് ബോധം നഷ്ടപ്പെട്ട പോലെ നിന്നു. ചുറ്റും നടക്കുന്നത് മുഴുവൻ അവർ കാണുകയും എന്നാൽ ഒന്നിലും പ്രതികരിക്കാനോ സാധിക്കാതെ അവർ നിശ്ചലരായിത്തീർന്നു. എന്നാൽ ഏറ്റവും ശക്തരായ ആളുകൾ അവിടേക്ക് തന്നെ നോക്കികൊണ്ടിരുന്നു. അൽപ സമയത്തിന് ശേഷം അവർ ദൂരെ ഒരു പ്രകാശം കണ്ടു. ക്രമേണയത് അടുത്തേക്ക് വരുന്നതായും. ഒടുവിൽ അത് അടുത്തെത്തുകയും ചെയ്തു. ഒടുവിലാ പ്രകാശം ശേഷനായി പരിണാമപ്പെട്ടു. ഇരുട്ടിൽ തെളിഞ്ഞു നിൽക്കുന്ന വിളക്കുകളെക്കാൾ വലിയൊരു പ്രകാശമയമായിത്തീർന്നു അവിടെ. ഇത് പകലാണോ എന്ന് പോലും എല്ലാവർക്കും സംശയം തോന്നി. 

അയാൾ നടന്നുപോകാൻ ശ്രമിച്ചപ്പോൾ ബോധം തിരിച്ചുകിട്ടിയ ചിലർ ആക്രോശിച്ചു. ആക്രമിക്കിനേടാ... ചിലർ അയാളെ കടന്നു പിടിച്ചു. എങ്കിലും ശേഷൻ അവരെയും വഹിച്ചുകൊണ്ട് മുന്നോട്ട് നടന്നു. ചിലർ അയാളെ വടികൾ കൊണ്ട് അടിച്ചു വീഴ്ത്താൻ നോക്കി. പക്ഷെ അയാൾക്ക് അതൊന്നും പ്രശ്നമായിതോന്നിയില്ല. അയാളുടെ മുഖത്തുനിന്ന് പുഞ്ചിരി മായുന്നുണ്ടായിരുന്നില്ല. അക്രമം ഫലം കാണാത്തതിന്നാലും ക്രമേണ തളർച്ച തോന്നിയതിനാലും അവർ തളർന്നു നിലത്തിരുന്നു. പിന്നീട് എന്തൊ വലിയ ക്ഷീണത്താൽ പെട്ടെന്ന് ഉറങ്ങിപ്പോകുകയും ചെയ്തു. ആ ചെറുപ്പക്കാരൻ അവരെ തിരിച്ചൊന്നും ചെയ്തത് പോലുമില്ലായിരുന്നു. പക്ഷെ ശരിക്കും അത്ഭുതം സംഭവിച്ചത് പിറ്റേന്ന് പുലർച്ചക്കാണ്. പതിവുപോലെ ഭാര്യമാർ ഉണർന്നപ്പോൾ കാവലിനുപോയ തങ്ങളുടെ ഭർത്താക്കന്മാർ എല്ലാവരും അടുത്തു കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവർ അവരോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒന്നും ഓർമയില്ലെന്ന് ഭർത്താക്കന്മാർ പറഞ്ഞുകൊണ്ടേയിരുന്നു. സത്യത്തിൽ തലേന്ന് സംഭവിച്ച കാര്യങ്ങൾ ഒന്നും ആർക്കും ഓർമ്മയുണ്ടായിരുന്നില്ല.. 

രണ്ടു വർഷങ്ങൾക്ക് ശേഷം ലുഥിയാനയിലെ ഒരാശുപത്രിയിൽ മറ്റൊരു പേരുമായി അവൻ പ്രത്യക്ഷപ്പെട്ടു. ഞാൻ ആനന്ദ് കിഷോർ, അദ്ദേഹം സ്വയം പരിചയപ്പെടുത്തി. വളരെ ദുർഗന്ധം വമിക്കുന്ന ഒരു മുറിക്കു മുന്നിലേക്ക് ഒരു നഴ്സ് അയാളെ നയിച്ചു. വാർഡ് നമ്പർ രണ്ട് എന്ന് മുകളിൽ എഴുതിയിരുന്നത് വളരെ അവ്യക്തമായിരുന്നു. ഇവരെ ലുഥിയാനയിലെ ഒരു ഔട്ട് സ്കേർട്ടിൽ നിന്നും പിടിച്ചു കൊണ്ട് വന്നതാണ്. ഇപ്പോഴും ശരിക്കും അസുഖം മാറിയിട്ടില്ല, ഇവർ കുളിക്കാറില്ല. കുളിപ്പിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ മാന്തി പരിക്കേൽപ്പിക്കുന്നത് കൊണ്ട് ഇപ്പോൾ ആരും അടുത്തു പോകാറില്ല. മുറിക്കുള്ളിൽ നിന്നും രണ്ട് കണ്ണുകൾ ഇരുട്ടിനെ വകഞ്ഞുമാറ്റി തെളിഞ്ഞു. അയാൾ അകത്തേക്ക് നടക്കാൻ ശ്രമിച്ചപ്പോൾ ആ നഴ്സ് അയാളെ തടയാൻ ശ്രമിച്ചു. സാർ, അതിനു ശ്രമിക്കേണ്ട ഫലം മറ്റൊന്നാവില്ല. നഴ്സിനെ മെല്ലെ നോക്കിക്കൊണ്ട് ആനന്ദ് ചിരിച്ചു. പിന്നെ പതിയെ മുറിക്കുള്ളിലെ ഇരുട്ടിലേക്ക് നടന്നുനീങ്ങി...

English Summary:

Malayalam Short Story ' Rithuvinte Veethikal ' Written by Harirag Pakkan