ADVERTISEMENT

"സിസ്റ്ററെ എന്റെ പേരുണ്ടോ?" രാജമ്മ സിസ്റ്റർ വളരെ പരുക്കത്തോടെ അയാളെ നോക്കി. ഇല്ല എന്ന് പറയുന്നതിനേക്കാളും വലിയ ഉത്തരമാണ് രാജമ്മ സിസ്റ്ററിന്റെ മുഖത്ത്. അയാൾ വീണ്ടും സർക്കാർ ആശുപത്രിയുടെ ബെഞ്ചിൽ ഇരുന്നു. സർക്കാർ ആശുപത്രിയുടെ ഇടനാഴികളിൽ എവിടെ പേര് വിളിച്ചാലും അയാൾ ഇതേ ചോദ്യവുമായി ഉണ്ടാകും... എന്റെ പേരുണ്ടോ? ഇന്നലെ ലേബർ റൂമിന്റെ മുന്നിലും ഇയാൾ നിൽക്കുന്നത് കണ്ടു. ചിലരൊക്കെ ഇദ്ദേഹത്തിനോട് ചിരിക്കും. ചിലർ ഭൂതകാലത്തിൽ തന്നോട് എന്തോ വലിയ തെറ്റ് ചെയ്തവനെ പോലെ നോക്കും. ചിലർ ഇങ്ങനെ ഒരാൾ ഉണ്ട് എന്ന് പോലും കാണാതെ കടന്നു പോകും. പക്ഷേ ഇയാൾ എല്ലാവരെയും നോക്കാറുണ്ട്.. എന്നെ അറിയുന്നവരുണ്ടോ എന്ന് പരതാറുണ്ട്. പക്ഷേ അയാളോട് മാത്രം ആരും ഒന്നും പോയി പറഞ്ഞില്ല എന്ന് മാത്രം.

കഴിഞ്ഞ ഒരാഴ്ചയായി അയാൾ ഇവിടെയുണ്ട്. ചിലപ്പോൾ മഴയത്ത് ഇറങ്ങി പോകുന്നത് കാണാം. അയാൾ ഇവിടെ ഉണ്ട് എന്നതിൽ കവിഞ്ഞു ആർക്കും ഒരു ആവലാതി ഇല്ല. കാരണം ഇത് സർക്കാർ ആശുപത്രി ആണ്. ഇവിടെ ആരൊക്കെ വരുന്നു.. എന്തിനൊക്കെ വരുന്നു.. ആരൊക്കെ പോകുന്നു.. ആരെയൊക്കെയോ കൊണ്ട് പോകുന്നു. മുൻപ് ഭിക്ഷക്കാർ ഉണ്ടായിരുന്നു. ഇപ്പോൾ എന്തോ സർക്കാർ ആശുപത്രിക്കുള്ളിൽ കടത്തില്ല. ഇയാൾ ആരോടും ഇരക്കുന്നത് കണ്ടിട്ടില്ല. ഇയാൾ ഒരു ഭിക്ഷക്കാരൻ അല്ല.. ഒരു ബീഡി പോലും വലിക്കുന്നത് കണ്ടിട്ടില്ല. ചിലപ്പോൾ പുറത്തു പോയി വലിക്കുന്നുണ്ടാകും. ഈ ബെഞ്ചിൽ ആണ് സ്ഥിരമായി കാണുക. ഇങ്ങേർക്ക് സ്ഥിരമായി ഒരു ഡ്രസ്സ് മാത്രമേ ഉള്ളൂ. കുറച്ചു കറ ഉണ്ട് എങ്കിലും മുഷിഞ്ഞത് അല്ല...

ഡ്രസ്സ് മാറാൻ വീട്ടിൽ പോകണ്ടേ? ഇനി ഭ്രാന്തൻ ആണോ? ഹേയ് അല്ല.. അല്ലെന്ന് പറയാൻ.. അല്ലെന്നു പറയാൻ ഒന്നുമില്ല. കാരണം നോർമൽ എന്ന് പറയുന്ന നമ്മൾ എല്ലാവരും ബോധമുള്ള ഭ്രാന്തന്മാർ അല്ലേ... മാനസിക രോഗികൾ. ഭ്രാന്തന്മാർ എന്ന് വിളിക്കുന്നവർ ശരിക്കും മാനസികരോഗികൾ ആണോ... കാരണം ഭ്രാന്തിന്റെ അവസ്ഥയിൽ അവർക്കു ചിന്തിക്കാനുള്ള മനസോ ബോധമോ എന്നെ നഷ്ടപ്പെട്ടു പോയിരിക്കുന്നു. അവര് എന്താണെന്നോ ചെയ്യുന്നത് എന്താണ് എന്നോ അവർക്ക് അറിയില്ല. അവരുടെ വേദന അറിയില്ല.. മറ്റുള്ളവരുടെയും. നമ്മളോ? നമുക്ക് നമ്മുടെ വേദന മാത്രം മനസിലാകും. മറ്റുള്ളവന്റെ വേണ്ട നമുക്ക് തോന്നൽ മാത്രമാണ്. കഥകൾ ആണ്. ഇംഗ്ലിഷ്കാരൻ പറയും പോലെ അവന്റെ ഷൂസിനുള്ളിൽ കയറി നിൽക്കാനൊന്നും ആർക്കും കഴിയില്ലല്ലോ. അപ്പോൾ ആരാണ് മാനസികരോഗി? ഞാൻ?

ഇത് പലപ്പോഴും ഞാൻ കേട്ടിട്ടുള്ളതാണ്. ഭാര്യയുടെ അടുത്തുനിന്ന്.. അമ്മയുടെ അടുത്തുനിന്ന്.. അടുത്ത് അറിയുന്ന കൂട്ടുകാരുടെ അടുത്തുനിന്ന്.. ചിലപ്പോൾ ഒക്കെ അല്ല പലപ്പോഴും ഞാനും ഇവരെയെല്ലാം അങ്ങനെ തന്നെ ആണ് വിളിച്ചിട്ടുള്ളതും.. ചിലപ്പോളൊക്കെ തോന്നിയിട്ടും ഉണ്ട്. എനിക്ക് വട്ടായിരുന്നോ എന്ന്.. ചിലപ്പോൾ ഒക്കെ എനിക്ക് ചുറ്റുമുള്ളവർക്കും. ഒരു വലിയ ഭ്രാന്താലയം... കുറെ രോഗികൾ.. കുറച്ചു മാത്രം മനുഷ്യന്മാർ.. ഈ ലോകം.. അയാൾ എന്തായാലും ഒരു ഭ്രാന്തൻ അല്ല. ഭ്രാന്തമായി ആരെയും നോക്കിയില്ല, അയാൾക്കു ഭ്രാന്താണ് എന്ന് ആർക്കേലും തോന്നിയോ. അറിയില്ല.. കാരണം എന്റെ അറിവിന്‌ പുറത്തുള്ളതെല്ലാം മിഥ്യയാണ്.. ഇരുട്ടത്താണ്.. ആ ഇരുട്ടിലേക്ക് കയറിച്ചെല്ലാൻ എനിക്ക് ഭയമാണ്. ആ ഭയം ഇഷ്ടമല്ലാത്തത് കൊണ്ട് എനിക്ക് അയാൾ ഭ്രാന്തനല്ല. ആ ബെഞ്ചിൽ ചുരുണ്ടു കൂടി ഇരിക്കുന്നതല്ലാതെ അയാൾ ഉറങ്ങുന്നത് ഞാൻ കണ്ടിട്ടില്ല. ചിലപ്പോൾ ഉറങ്ങുന്നുണ്ടാകും.. ഞാൻ കണ്ടിട്ടില്ല. കഴിഞ്ഞ രാത്രിയും മഴ പെയ്യുന്നുണ്ടായിരുന്നു. ആശുപത്രി വരാന്തയുടെ ഓരത്തു നിന്നും അയാൾ മഴ നോക്കി നിന്നു. ആരെയോ പ്രതീക്ഷിക്കുന്ന പോലെ.. മഴ കഴിഞ്ഞു ഒരു യാത്ര പോകുന്ന പോലെ.. 

ഞാൻ ഈ ആശുപത്രിയിലേക്കു മാറിയിട്ട് അധികം നാളായില്ല.. അത് കൊണ്ട് ഇവിടെ മുഴുവൻ പരിചയമായി വരുന്നതേ ഉള്ളൂ. രാവിലെ മെഡിക്കൽ കോളജിൽ നിന്നും മെയിൽ വന്നു.. ആരും ഏറ്റെടുക്കാതെ മൃതദേഹങ്ങൾ മെഡിക്കൽ കോളജിന് നൽകണം. ഇവിടെ അങ്ങനെ എന്തേലും ഉണ്ടോ.. എല്ലാ സർക്കാർ ആശുപത്രിയിലും ഒന്നോ രണ്ടോ കാണും. ചിലത്‌ പൈസ അടച്ചു ഏറ്റെടുക്കേണ്ട എന്ന് കരുതി ഉപേക്ഷിക്കുന്നതാണോ എന്ന് പോലും തോന്നാറുണ്ട്. എന്തായാലും ഞാനും കമ്പോണ്ടർ ബാബുവും കൂടി മോർച്ചറിയിലേക്ക് പോയി. പോകുന്ന വഴിക്കും അയാളെ ഒന്ന് നോക്കി.. അയാൾ പേര് വിളിക്കുന്നവരുടെ ഊഴം നോക്കി പിന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു. പിന്നെ പതിയെ തിരിച്ചു ബെഞ്ചിൽ വന്നു ഇരുന്നു. ഇതല്ലേ എന്നും കാണുന്നത്. ഉള്ളിൽ ചെറുതായിട്ടെങ്കിലും ചിരിച്ചു. ബാബു ഇത് അറിഞ്ഞതേ ഇല്ലാ എന്ന മട്ടിൽ നടന്നു.

മോർച്ചറിക്ക് എന്നും ക്ലോറോഫിൽ നിറഞ്ഞ മണം ആണ്. പണ്ടും ഇങ്ങനെ. ഇപ്പോഴും ഇങ്ങനെ.. ഇത് മാറ്റേണ്ട സമയം ആയി.. ഇത് ഒരു താൽക്കാലിക വാസസ്ഥാനം ആണ്. നിത്യതയിൽ ഉറങ്ങുന്നവർ ഇടയ്ക്ക് വന്നു പോകുന്ന ഇടം. ഇവിടെ ചന്ദനതിരികൾ എങ്കിലും ആർക്കേലും കത്തിച്ചു വെച്ച് കൂടെ.. "ഇവിടെ ഒന്ന് മാത്രേ ഉള്ളു സാറേ.. ഒരു ശശിധരൻ നായർ... ഏതോ യാത്രയ്ക്കിടെ പറ്റിയതാണ്.. അഡ്രസ്സിൽ ഒക്കെ അന്വേഷിച്ചിട്ടു ആരും വന്നിട്ടില്ല.." അയാൾ.. അയാൾ ഇവിടെ ഉറങ്ങുന്നു.. "സാറെ ഇത് മെഡിക്കൽ കോളജിലെ ആംബുലൻസിലേക്കു മാറ്റട്ടെ." മാറ്റിക്കൊള്ളാൻ ബാബുവിനോട് പറഞ്ഞു ഞാൻ വേഗം നടന്നു.. പക്ഷേ.. ആ ബെഞ്ച് ശൂന്യമായിരുന്നു. തന്റെ പേരിന്റെ ഊഴം അറിഞ്ഞിട്ടോ അറിയാതെയോ അയാൾ പോയിരിക്കുന്നു. ഒന്ന് ഉറക്കെ വിളിച്ചു പറയണം എന്ന് ഉണ്ടായിരുന്നു.. ശശിധരൻ നായർ.. നിങ്ങളുടെ പേര് ഞാൻ വിളിച്ചിരിക്കുന്നു.!

English Summary:

Malayalam Short Story ' Listile Perukaran ' Written by Arun Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com