മകൻ ഉപേക്ഷിച്ചു പോയി; 'ഒരു രാത്രി പെരുമഴയിൽ വീടിന്റെ ചുമരിടിഞ്ഞു വീണത് ഒറ്റക്കായ ആ പാവം അമ്മയുടെ ദേഹത്തേക്കായിരുന്നു...'
Mail This Article
ലതേച്ചി ഓർമ്മയായിട്ട് അഞ്ചുവർഷങ്ങൾക്കിപ്പുറവും അവരുടെ കൈവിരലുകളിലെ നനുത്ത സ്നേഹതണുപ്പ് പലപ്പോഴുമെന്നെ ചുറ്റിപ്പിടിക്കാറുണ്ട്. നാനാവർണ്ണങ്ങൾ പൊതിഞ്ഞ നാരങ്ങമിഠായികളും, അരിയുണ്ടകളും സമ്മാനിച്ച് എന്റെ ബാല്യകാലത്തെ ലതേച്ചി മധുരതരമാക്കിമാറ്റിയിട്ടുണ്ട്. മൈലാഞ്ചിചുവപ്പ് പകർന്നുതന്ന് സ്നേഹത്തിനെപ്പോഴും ചുവപ്പുനിറമാണെന്ന് പലയാവർത്തി പറയാതെ പറഞ്ഞുതന്നിട്ടുമുണ്ട്. അപ്രതീക്ഷിതമായി ചെമ്പകപ്പൂക്കൾ സമ്മാനിച്ച് എന്റെ ബാല്യകാലമെപ്പോഴും അദ്ഭുതകരമാക്കി മാറ്റിയിരുന്ന ലതേച്ചിയേ ഞാൻ വർഷങ്ങൾക്കു ശേഷം കാണുമ്പോൾ കിടക്കയിൽനിന്ന് സ്വയം എഴുന്നേൽക്കാൻ കഴിയാതെ സ്വന്തം കാര്യങ്ങളൊന്നും ഒറ്റക്കു നിർവ്വഹിക്കാൻ കഴിയാതെ ശയ്യാവലംബിയായ അവസ്ഥയിലായിരുന്നു. രാവിലെ കുളിച്ച്, ചുവന്ന വലിയ പൊട്ടുതൊട്ട്, അരക്കൊപ്പമുള്ള മുടിയഴിച്ചിട്ട്, അലക്കിതേച്ച വസ്ത്രങ്ങൾ ധരിച്ച്, പതിമൂന്നുവയസ്സായ മകന്റെ കൈപിടിച്ച് എനിക്ക് മിഠായികൾ സമ്മാനിച്ചിരുന്ന ലതേച്ചിയെ ഈ അവസ്ഥയിൽ കാണേണ്ടിവന്ന ദുര്യോഗത്തിൽ ഞാൻ സകല ഈശ്വരന്മാരെയും ശപിച്ചു.
ഭീകരമായി മഴപെയ്ത ഒരു തുലാവർഷരാത്രിയാണ് ലതേച്ചിയെ ചതിച്ചത്. വീടിന്റെ ചുമരിടിഞ്ഞു വീണത് അവരുടെ ദേഹത്തേക്കായിരുന്നുവത്രേ. ഇരുളാർന്ന മുറിയിലായിട്ടും ഓരോന്ന് ആലോചിച്ചുനിന്ന എന്നെ ലതേച്ചി പെട്ടന്നു തിരിച്ചറിഞ്ഞു. "രമ്യ വല്ല്യ കുട്ടിയായല്ലോ ഇപ്പോ എവിടെയാണ്?" "ഷൊർണ്ണൂര് പഠിക്കാണ്" ഞാൻ നേർത്തസ്വരത്തിൽ മറുപടി നൽകി. "നല്ലോണം പഠിക്കണം ട്ടോ. പഠിച്ച് വലിയാളാവണം" ലതേച്ചി വിശേഷങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. "രമ്യയെക്കാൾ പത്തുവയസ്സു കൂടുതലാണ് എന്റെ മകന്. അവൻ ഒരു പെൺകുട്ടിയെയുംകൊണ്ട് നാടുവിട്ടു. രണ്ട് വർഷമായി പോയിട്ട് ഒരു വിവരോല്ല്യ. വയ്യാണ്ടായ ഈ അമ്മയെ അവന് ഇനി എന്തിനാ?" അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. യാത്ര പറഞ്ഞിറങ്ങാൻ നേരം ലതേച്ചി മടിച്ചുമടിച്ചാണ് എന്നോട് ആ ചോദ്യമെറിയുന്നത്. "കുട്ടിയേ ന്നെ ഒന്ന് കുളിപ്പിച്ച് തര്വോ? രണ്ടാഴ്ചയായി കുളിച്ചിട്ട്" ദിവസം രണ്ടുനേരം കുളിച്ചിരുന്നതാണ്. ഇപ്പോ ഒരാഴ്ചയിൽപ്പോലും ഒരു നേരം കുളിക്കാൻ പറ്റ്ണില്ല. ചൂടും, വിയർപ്പുമെനിക്ക് സഹിക്കാൻ വയ്യ. തലയിൽ വെള്ളം കണ്ടിട്ട് ദിവസങ്ങളായി. മുടിയൊക്കെ പോയി ശേഷിച്ച മുടിയാണെങ്കിലോ ജടകുത്തിയപോലെയായി. ബുദ്ധിമുട്ടാവില്ലെങ്കിൽ എന്നെ ഒന്നു കുളിപ്പിച്ച് തര്യോ?"
അവരുടെ സംസാരം കേട്ടപ്പോൾ എന്റെ ഹൃദയത്തിലൊരു കൊള്ളിയാൽ മിന്നി. ജോലിയ്ക്കു പോയി സ്വന്തം ജീവിതവ്യവഹാരങ്ങളൊക്കെ ഒറ്റയ്ക്കു നിർവ്വഹിച്ചിരുന്ന ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് അശനിപാതമായിവരുന്ന വീഴ്ച്ചയും, മാറാരോഗങ്ങളും അവനെ എത്ര പെട്ടന്നാണ് നിസ്സഹായനായി തീർക്കുന്നത്? കാലമെ നീ എത്ര ക്രൂരനാണ്. ഉത്തരം പറയാൻ വെറുതെ ഒന്നു സംശയിച്ചെങ്കിലും ഞാൻ പെട്ടന്ന് മറുപടി പറഞ്ഞു. അതിനെന്താ ലതേച്ചി ഞാൻ കുളിപ്പിച്ചു തരാം. അങ്ങനെ ലതേച്ചിയെ സഹായിക്കുന്ന ചേച്ചിയും ഞാനും കൂടി തലയിലും ദേഹത്തും എണ്ണ തേച്ച്, പുതിയ സോപ്പ്തേച്ച്, ചൂടുവെള്ളത്തിൽ ലതേച്ചിയെ കുളിപ്പിച്ചു. കുറെദിവസത്തിനു ശേഷം ദേഹത്ത് വെള്ളം വീണതുകൊണ്ടായിരിക്കണം. പുതുമഴ കൊള്ളുന്ന ഇലകളെപ്പോലെ ചേച്ചിയുടെ ശരീരം ചെറുതായി വിറച്ചു. പിഞ്ചുകുഞ്ഞിനെപ്പോലെ ചേച്ചി ആ കുളി ശരിക്കുമാസ്വദിച്ചു. വാർദ്ധക്യം വന്നു പുണർന്നാൽ പിന്നെ മനുഷ്യന് രണ്ടാം ബാല്യമാണെന്ന് പറയുന്നത് എത്ര ശരിയാണ്. കുളികഴിഞ്ഞ് തലതുടച്ച് അലക്കി തേച്ച വസ്ത്രങ്ങൾ ധരിപ്പിച്ചപ്പോൾ ലതേച്ചിയ്ക്ക് എന്റെ ബാല്യകാലത്ത് കണ്ട ലതേച്ചിയുമായി വിദൂരസാമ്യം തോന്നി.
യാത്രപറഞ്ഞിറങ്ങാൻ നേരം ലതേച്ചി പറഞ്ഞു "നിക്ക് സമാധാനായിട്ടോ. നല്ല സുഖണ്ടിപ്പോ. ഇനി നന്നായിട്ടൊന്നുറങ്ങണം, ന്റെ കുട്ടിക്ക് നല്ലതേവരൂ." ലതേച്ചിയെന്നെ ചുറ്റിപ്പിടിച്ച് കവിളത്തൊരുമ്മതന്നു. കൈകൾ വീശി ഞാൻ തിരിഞ്ഞു നടന്നു. തിരിഞ്ഞുനടക്കുമ്പോൾ ക്ഷണികമായ മനുഷ്യജീവിതത്തെക്കുറിച്ചും, രോഗമോ അപകടമോ നിമിത്തം ആരോഗ്യം നഷ്ടപ്പെടുകയും, എന്തു കാര്യത്തിനും ബന്ധുമിത്രാതികളെ ആശ്രയിക്കേണ്ടിവരികയും, അവർക്ക് ബാധ്യതയും ശാപവുമായി ജീവിക്കേണ്ടി വരികയും ചെയ്യുന്ന ദുരിതാവസ്ഥയും എന്റെ മനസ്സിനെ കുത്തിനോവിച്ചു കൊണ്ടേയിരുന്നു. ലതേച്ചിയുടെ ജീവിതാവസ്ഥ എന്നിൽ മാനസികമായും, വൈകാരികമായും ഒരുപാടു പരിവർത്തനങ്ങൾ സൃഷ്ടിച്ചു. ജീവിതത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടിലേക്കും തിരിച്ചറിവിലേക്കുമുള്ള ജാലകങ്ങൾ തുറന്നുതന്നു. നിറഞ്ഞ സംതൃപ്തിയോടെയും ആനന്ദത്തോടെയുമാണ് അന്നുരാത്രി ഞാൻ ഉറങ്ങാൻ കിടന്നത്. ഉറങ്ങാൻ കിടക്കുമ്പോൾ ലതേച്ചിയുടെ കൈവിരലുകളിലെ തണുപ്പും, ലതേച്ചിയുടെ അനുഗ്രഹംചൊരിയുന്ന വാക്കുകളും എന്നെ വലയം ചെയ്തിരുന്നു. എന്റെ ഒരു ദിവസം മനോഹരമാകാൻ ഇതൊക്കെ ധാരാളമാണ്.