ADVERTISEMENT

ഷോർട്ട് ലിസ്റ്റഡ് ഫയൽ ഇങ്ങെടുക്ക് അയാൾ തന്റെ എച്ച് ആർ മാനേജറോട് പറഞ്ഞു. ഇന്നല്ലേ നമ്മൾ ഫൈനൽ ഇന്റർവ്യൂ പറഞ്ഞത്. എല്ലാവരും എത്തിയല്ലോ അല്ലെ. അതേ സർ എല്ലാവരും എത്തി. എപ്പോഴാ സ്റ്റാർട്ട് ചെയ്യുന്നേ. ഞാൻ പറയാം. ആ ഫയൽ ഇങ്ങ് തരൂ. അയാൾ അതു വാങ്ങി. അയാൾ ആ ബയോഡാറ്റയുടെ ഫയൽ തുറന്നു. മുന്നിൽ പൂരിപ്പിച്ചു വച്ച ആ അപേക്ഷയിൽ കണ്ട ഫോട്ടത്തിന് നല്ല മുഖപരിചയം തോന്നി അയാൾക്ക്. എവിടെയോ കണ്ടു മറന്ന പോലെ. ഗോകുൽ മേനോൻ, മേലേത്ത് വീട്, ശിവപുരം. ആ വിലാസം അയാൾ പിന്നെയും പിന്നെയും വായിച്ചു. വല്ലപ്പോഴും ഉപയോഗിക്കാനായി മാറ്റിവെച്ചിരുന്ന കണ്ണട അയാൾ കൈയ്യിലെടുത്തു. അതിലെ അവസാനത്തെ പൊടിയും തുടച്ചു മാറ്റി അയാൾ അത് ധരിച്ചു. എന്നിട്ട് ഉറപ്പിച്ചു തനിക്ക് തെറ്റിയില്ലെന്ന്. ഈ സിവി ഒന്ന് മാറ്റിവെച്ചോളൂ, അവസാനം വിളിക്കാം. ബാക്കിയുള്ള ഇന്റർവ്യൂ തീരാൻ ഏകദേശം 3 മണിയായി. അവസാനം അയാൾ ആ ബയോഡാറ്റ തുറന്നു. ഒരു പഴയ പുസ്തത്താളു തുറക്കുന്ന ലാഘവത്തോടെ...

മേലേത്ത് വീട്... അതേ ഇവൻ അങ്ങനെയേ ചെയ്യൂ. 'അതെങ്ങനെയാ, കള്ളനായ അച്ഛന്റെ മോനല്ലേ. അപ്പൊ അങ്ങനെയേ വരൂ...' അയാൾ തന്റെ ഇരു കൈകളും കൊണ്ട് ചെവി പൊത്തിപ്പിടിച്ചു. ജാതകദോഷം എന്ന ഒറ്റക്കാരണത്താൽ അച്ഛനെ കല്യാണം കഴിക്കേണ്ടി വന്ന അമ്മയ്ക്ക് ഒരിക്കലും ആ ബന്ധത്തെ അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ബോംബെയിൽ ജോലിയുണ്ടായിരുന്ന അച്ഛൻ അമ്മയെ കല്യാണം കഴിച്ച് കൂടെ നിന്ന കുറച്ചു മാസങ്ങൾ മാത്രമാണ് അവർ ജീവിച്ചത്.

പ്രസവത്തിനായി വീട്ടിൽ വന്ന അമ്മയെ വീട്ടുകാർ തിരിച്ചു വിട്ടില്ല എന്ന് പറയുന്നതാവും സത്യം. യഥാർഥത്തിൽ അമ്മയ്ക്കും അതുതന്നെയായിരുന്നു ഇഷ്ടം എന്നത് കാലക്രമേണ അവനു മനസ്സിലായി. വല്ലപ്പോഴും മാത്രം വരാറുള്ള അതിഥിയായി അച്ഛൻ മാറിയപ്പോൾ ചിലപ്പോഴൊക്കെ അവൻ ആ വീട്ടിൽ തീർത്തും ഒറ്റപ്പെട്ട പോലെ തോന്നി. ആങ്ങളമാരുടെ കൈയിലെ കളിപ്പാട്ടയായി മാറിയ അമ്മയ്ക്ക് ഒരിക്കലും തന്റെ മകനെ പൂർണമായി അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അവർക്ക് ഒരുപാട് കുറവുകളുള്ള ഒരു അച്ഛന്റെ മകൻ മാത്രമായിരുന്നു അവൻ. 

'സാരമില്ല മോനെ നിനക്ക് ഒരു ജോലി കിട്ടുന്നത് വരെയല്ലേ ഉള്ളൂ ഈ കഷ്ടപ്പാട്,' വീട്ടിലെ കാര്യസ്ഥനായ അച്യുതൻ നായർ പറഞ്ഞു. എല്ലാം ഒളിഞ്ഞും തെളിഞ്ഞും കാണുന്ന ഒരാൾ എന്ന നിലയിൽ അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നനയുന്നുണ്ടായിരുന്നു. പക്ഷേ വിധിയാണോ മനുഷ്യനാണോ പറ്റിച്ചത് എന്ന് അറിയില്ല. ഒരു ദിവസം ഒരു ഫോൺകോൾ വന്നു. അത് അയാളുടെ അച്ഛൻ ജോലി ചെയ്യുന്ന കമ്പനിയിലെ ഒരു സുഹൃത്തിന്റെ ആയിരുന്നു. കമ്പനിയിൽ ഒരു വലിയ സാമ്പത്തിക ക്രമക്കേട് നടന്നെന്ന്. ആരെങ്കിലും വന്നു അയാളെ രക്ഷിക്കണമെന്നും പറയാനായിരുന്നു ആ ഫോൺ കോൾ. പക്ഷേ ആര് കേൾക്കാൻ. കള്ളൻ അതിന്റെ ഫലം അനുഭവിക്കും. അമ്മാവന്റെ വാക്കുകൾ കേട്ട് നിർവികാരയായി നിൽക്കുന്ന അമ്മയെയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത്. പ്രത്യേകിച്ച് ഒരു ഭാവഭേദവും ആ മുഖത്ത് കാണാൻ കഴിഞ്ഞില്ല. ഒരു ബന്ധവും ഇല്ലാത്ത ആരെയോ പറ്റി കേട്ടതുപോലെ.

അന്വേഷിക്കാൻ ബന്ധുക്കൾ ഇല്ലാത്ത, സഹായിക്കാൻ ഭാര്യവീട്ടുകാർ എത്തില്ലെന്ന ഉത്തമധാരണ ഉള്ളതുകൊണ്ട് തന്നെ സ്വയരക്ഷ അയാൾ തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ അധികം വൈകാതെ ആ വാർത്ത വീട്ടിലേക്ക് എത്തി. അയാളുടെ മരണവാർത്ത. ഈ ലോകത്ത് അവന് ഒറ്റപ്പെട്ട പോലെ തോന്നി. ആരും ഇല്ലാതായ പോലെ. ഒരാശ്വാസത്തിന് അവൻ അമ്മയെ നോക്കി. ആ മുഖത്ത് ഒരു നിർവികാരതയായിരുന്നു. ആങ്ങളയോട് ഒരു കള്ളന്റെ ഭാര്യ ആവേണ്ടി വന്നല്ലോ എനിക്ക് എന്ന് പരിതപിക്കുന്നത് അവൻ കേട്ടു. ചെന്നന്വേഷിക്കാനോ ഏറ്റുവാങ്ങാനോ ആരും ഇല്ലാതെ ആ ശവം ഏതോ സമൂഹശ്മശാനത്തിൽ എരിഞ്ഞടങ്ങി. പരീക്ഷ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ ആണ് അച്ഛന്റെ കമ്പനിയിൽ നിന്നും അവനെ കാണാൻ ഒരാൾ ആ വീട്ടിലേക്ക് വന്നത്. പക്ഷേ അവനെ കാണാൻ പോലും അനുവദിക്കാതെ അയാളെ പറഞ്ഞു വിട്ടു എന്ന് കേട്ടനേരം അവന് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇന്നാ നിന്റെ അച്ഛന്റെ സമ്പാദ്യം. അച്ഛന്റെ ബാഗ് അവന്റെടുക്കലേക്ക് വലിച്ചെറിഞ്ഞു. 

'അമ്മ എന്താ ഈ കാണിക്കുന്നേ, അച്ഛന്റെ അവസാനത്തെ ഓർമ്മയാ ഇത്.' അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. 'അച്ഛൻ തെറ്റു ചെയ്തെന്ന് അമ്മയ്ക്ക് ഉറപ്പുണ്ടോ' ഒറ്റശ്വാസത്തിൽ അവൻ ചോദിച്ചു. 'ചോദ്യം ചെയ്യാൻ മാത്രം നീ വളർന്നോ. അത്രയ്ക്ക് അച്ഛനോട് സ്നേഹമുണ്ടെങ്കിൽ പൊയ്ക്കോ ഇവിടുന്ന്.' അവൻ അമ്മയെ നോക്കി. ആങ്ങളയുടെ വാക്ക് കേട്ടിട്ട് ഒന്നും പറയാതെ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ ഈ ലോകത്ത് അവൻ ആരും ഇല്ലാത്തവനായ പോലെ തോന്നി. വലിച്ചെറിഞ്ഞ ആ ബാഗും കൈയ്യിലെടുത്ത് അയാൾ അച്യുതൻ നായരുടെ അടുത്തെത്തി. അദ്ദേഹത്തോട് ചോദിച്ചു. 'അയാൾ എവിടെക്കാ പോയത്?' 'റെയിൽവേ സ്റ്റേഷനിലേക്കാ മോനെ പോയത്. ഇതാ അയാളുടെ നമ്പർ. അമ്മാവൻ ഇവിടെ ചുരുട്ടിക്കളഞ്ഞപ്പോൾ ഞാൻ എടുത്തു വച്ചതാ. മോനോട് വിളിക്കാൻ പറയുന്നത് കേട്ടു.' അച്ഛന്റെ ബാഗ് എടുത്തു അവൻ വേഗത്തിൽ നടന്നു. പടിപ്പുര എത്തിയപ്പോൾ അവൻ ഒന്ന് തിരിഞ്ഞു നോക്കി എന്തോ അവന്റെ നെഞ്ചിൽ ഒരു വല്ലാത്ത ഭാരം ഉരുണ്ടു കൂടിയിരുന്നു.

'സർ, ആ അവസാനത്തെ കാൻഡിഡേറ്റിനെ വിളിക്കുന്നില്ലേ?' എച്ച് ആർ മാനേജരുടെ ആ ചോദ്യമാണ് അയാളെ തന്റെ ചിന്തകളിൽ നിന്നുണർത്തിയത്. 'വരാൻ പറയൂ.' മെ ഐ?' ഭാവ്യതയോടെ ഉള്ള ആ ചോദ്യത്തെ നിറഞ്ഞ പുഞ്ചിരിയോടെ അവൻ അകത്തേക്ക് ക്ഷണിച്ചു. 'മിസ്റ്റർ ഗോകുൽ അല്ലെ?' 'അതെ സർ.' 'ഗോകുൽ കാത്തിരുന്നു മുഷിഞ്ഞോ.' 'ഇല്ല സർ. ഒരിക്കലും ഇല്ല.' അവൻ മറുപടി പറഞ്ഞു. 'ഗോകുൽ തന്റെ വീട്ടുപേര് എന്താ. മേലെത്ത് വീട് ശിവപുരം അല്ലെ?' ബയോഡേറ്റയിൽ കണ്ണോടിച്ചു കൊണ്ട് അവൻ ചോദിച്ചു. 'സാറിന് അറിയോ അവിടെയൊക്കെ.'

അവൻ അപ്പോൾ കമ്പനി അയച്ച ഉദ്യോഗസ്ഥന്റെ മുന്നിലായിരുന്നു. 'മോനെ, ഞാൻ വന്നത് മോന്റെ അച്ഛൻ കുറ്റക്കാരൻ അല്ലെന്ന് കണ്ടത്തി. ഇങ്ങനെയൊക്കെ സംഭവിച്ചതിൽ ബോസിന് കുറ്റബോധം ഉണ്ട്. ആരോ മനപ്പൂർവം അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാണ്. അദ്ദേഹം നിങ്ങൾക്ക് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാൻ തയാറാണ്.' 'എന്റെ അച്ഛന് പകരം ആവുമോ അത്?' അവൻ പൊട്ടിത്തെറിച്ചു. 'ഇല്ലെന്ന് അറിയാം. എന്നാലും മോൻ അവിടെ വരെ ഒന്ന് വരണം. എന്നിട്ട് എന്ത് വേണേലും തീരുമാനിക്കാം.' കാത്തിരിക്കാൻ ആരുമില്ലാത്ത തുറന്ന് വച്ച ആ വാതിൽ കൊട്ടിയടയ്ക്കാൻ അവനു മനസ് വന്നില്ല. മുന്നിൽ അവനായുള്ള വാതായനങ്ങൾ അച്ഛൻ തുറന്ന് കൊടുക്കുകയാണെന്ന് തോന്നി. കാലം തന്റെ ജോലി തുടർന്നു കൊണ്ടേയിരുന്നു. ആത്മാർഥമായ ജോലിയും ബോസിന്റ കുറ്റബോധവും കമ്പനിയുടെയും മകളുടെയും സംരക്ഷണം അവന്റെ കൈയ്യിൽ എത്താൻ അധികം സമയം എടുത്തില്ല.

'സാറിനറിയുമോ അവിടെയൊക്കെ?' 'ഗായത്രീ ദേവി, അവർ എവിടെയാ ഇപ്പൊ?' അതിന് ഒരു മറുചോദ്യമായിരുന്നു അവൻ ചോദിച്ചത്. 'സാറിനറിയോ വല്ല്യമ്മയെ. ഇപ്പൊ വയ്യാണ്ടായിരിക്കുന്നു. ഒരു മകനുണ്ടായിരുന്നു. നാട് വിട്ട്പോയപ്പോ മുതൽ അധികം സംസാരമൊന്നും ഇല്ല. അച്യുതൻ നായർക്കും കുടുംബത്തിനും ഒപ്പം താമസിക്കുന്നു. ബാക്കി എല്ലാവരും പുതിയ സ്ഥലത്തേക്ക് മാറി. എന്നെങ്കിലും മകൻ വരുമ്പോൾ ഇവിടെയാണ് വരിക എന്ന് പറഞ്ഞു എവിടേക്കും മാറാറില്ല.' കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണുനീർ തൂവാലയാൽ മറച്ചു അവൻ ഗോകുലിനോട് പറഞ്ഞു. 'തനിക്ക് അടുത്ത മാസം ഒന്നിനു ജോലിയിൽ ജോയിൻ ചെയ്യാം.' നന്ദി പറഞ്ഞു വാതിലിന് അടുത്തെത്തിയ ഗോകുൽ അവനോട് ചോദിച്ചു. 'സർ ഞാൻ വല്യമ്മയെ കാണാൻ പോകുന്നുണ്ട്. സാറിന് എങ്ങനെയാ വല്യമ്മയെ അറിയുക.' ഗോകുലിന്റെ ചോദ്യം കേട്ട് ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു. 'ഞങ്ങൾ തമ്മിൽ ഒരു ചെറിയ ബന്ധം ഉണ്ട്. ഒരു അമ്മ മകൻ ബന്ധം.' 'ഗിരീഷേട്ടൻ' ഗോകുലിന്റ ചുണ്ടുകൾ അവനറിയാതെ പറഞ്ഞു.

'അച്ഛാ...' അപ്പോഴാണ് കൊഞ്ചിക്കൊണ്ട് ഒരു കുട്ടി അവിടേക്ക് ഓടി വന്നത്. 'ഇത് എന്റെ മോളാണ്.' ഗോകുലിന്റെ നോട്ടം കണ്ട് ഗിരീഷ് അവനോട് പറഞ്ഞു. 'മോളെ ഇത് ഒരു മാമനാണ്.' അവൻ മോളോട് പറഞ്ഞു. 'എന്താ മോളുടെ പേര്.' ഗോകുൽ കുഞ്ഞിനോട് ചോദിച്ചു. 'ഗായു... അല്ല ഗായത്രി ദേവി. അതാ എന്റെ മുഴുവൻ പേര്.' അതും പറഞ്ഞു അവൾ ഓടിപ്പോയി. അപ്പോൾ ചുമർ ക്ലോക്കിൽ സമയസൂചികൾ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുന്നുണ്ടായിരുന്നു..

English Summary:

Malayalam Short Story Written by Harsha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com