ADVERTISEMENT

"ഹരിയേട്ടൻ എങ്ങും പോയില്ലാർന്നോ.." പഴയ ഓടിട്ടൊരു വീട്. ഉമ്മറത്ത് ചാരുകസേരയിൽ ഒന്ന് മയങ്ങുകയായിരുന്നു ഹരി. അവിചാരിതമായി ലക്ഷ്മിയുടെ ചോദ്യം കേട്ടപ്പോൾ തെല്ലൊന്നമ്പരപ്പോടെ ചുറ്റും ഒന്ന് നോക്കി. പിന്നീടാണ് ലക്ഷ്മിയെ കണ്ണിൽ പെട്ടത്. നരകയറിയ മാറിലേക്ക് തോളിലെ തോർത്ത് പുതച്ചു കൊണ്ട് ഹരി പറഞ്ഞു. "കയറി വരാം" ലക്ഷ്മി ഹരിയുടെ എതിർവശത്തെ ഇരുത്തിയിൽ ഇരുന്നു. ഹരിയുടെ കണ്ണുകളിലേക്ക് തന്നെ കുറച്ചു നേരം നോക്കിയിരുന്നു. "ചേച്ചി ഇവിടെയില്ലേ ഹരിയേട്ടാ.. പിന്നെ മോളൊക്കെ" "ഉഷ പഞ്ചായത്തിൽ ഒരു കാര്യത്തിനായി പോയിരിക്കുകയാ. മോൾക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. അവളിടക്ക് വരാറുണ്ട്.." "ഉം.." ലക്ഷ്മി എന്ന് മൂളുക മാത്രം ചെയ്തു. "ഹരിയേട്ടൻ വല്ലാതെ വയസ്സായിപ്പോയത് പോലെ തോന്നുന്നു." "വയസ്സായിപ്പോയതല്ല.. വയസ്സായതന്ന്യാ ലച്ചൂ" എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും അവസാനിച്ച പോലെ. രണ്ടു പേരും കുറച്ചുനേരം ഒന്നും മിണ്ടിയില്ല.

ഹരിയേട്ടൻ അറി‍ഞ്ഞു കാണുമല്ലോ.. ഞങ്ങൾ തമ്മിൽ പിരിഞ്ഞു. ഞാനാണ് ഡിവോഴ്സ് ചോദിച്ചത്. കുട്ടികൾ ഉണ്ടാവാത്തത് എന്റെ കുറ്റം കൊണ്ടല്ല. എങ്കിലും പിടിച്ചു നിന്നു. ഒരു മുറിയിൽ എനിക്ക് ശ്വാസം മുട്ടിത്തുടങ്ങി. മാനസികമായി ഒരടുപ്പവും തോന്നാത്ത രണ്ടുപേർ വീർപ്പുമുട്ടിയുള്ള ജീവിതം. "അറിഞ്ഞിരുന്നു.. നിന്നെ ഒന്ന് വിളിക്കണം.. കാണണം എന്നൊക്കെ ഉണ്ടായിരുന്നു. പിന്നെ വേണ്ടാന്ന് വച്ചു." "ഞാൻ പ്രതീക്ഷിച്ചിരുന്നു.. ആ വിളിക്ക്.. ഇപ്പോഴല്ല. എന്റെ കല്യാണത്തിന് മുൻപ്." ഹരി കുറച്ചൊന്ന് മൗനമായ്.. "അതൊക്കെ പോട്ടെ.. പണ്ടത്തെ പോലെ എഴുത്തും വായനയുമൊക്കെ ഇപ്പോഴും നടക്കുന്നില്ലേ?" "ഇല്ല ലച്ചൂ.. എഴുത്ത് വേരുകൾ പോലെയാണ്. അത് പഴയകാലത്തിലേക്ക് ആഴ്ന്നിറങ്ങി ഓർമ്മകളെ കുത്തിനോവിക്കും. അല്ലെങ്കിൽ വരിഞ്ഞു മുറിക്കും. രണ്ടായാലും വേദനയാണ്. അതുകൊണ്ട് എഴുത്തു മാത്രമല്ല വായനപോലും ഇപ്പോ നന്നേ കുറവാണ്." "ഞാൻ ചിന്തിക്കാറുണ്ട് അവർ എന്താണ് നേടിയതെന്ന്. അച്ഛനും അമ്മാവൻമാർക്കും ജാതിയും സമ്പത്തുമായിരുന്നല്ലോ മുഖ്യം. മീത്തലെ മഠത്തിൽ എന്ന പേരുകേട്ട തറവാട് അതിന്റെ മഹിമ. എന്റെ ജീവിതം ജീവിക്കേണ്ടത് ഞാൻ മാത്രമായിരുന്നില്ലേ.. ഇതൊന്നും മരിക്കുമ്പോൾ അവർ കൊണ്ടുപോയതുമില്ല.. ബാക്കിയാവുന്നത് ഞാൻ മാത്രം അനുഭവിക്കേണ്ടുന്ന ജീവിതം."

ഹരി മൗനമായിരിക്കുന്നത് കണ്ട് ലക്ഷ്മി തുടർന്നു.. "ഞാൻ ഹരിയേട്ടനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഞാൻ ഇടയ്ക്കൊക്കെ ചിന്തിക്കാറുണ്ട് വിധി മറിച്ചായിരുന്നെങ്കിൽ ഞാൻ ഈ വീട്ടിൽ ജീവിക്കേണ്ടവളല്ലേ.. ഹരിയേട്ടന്റെ ലച്ചുവായ്.. ഞാൻ ഒത്തിരി സ്വപ്നം കണ്ടിരുന്നു ഹരിയേട്ടാ.. നമ്മൾ വായിച്ചു കൂട്ടിയ കഥകളും കവിതകളും നമ്മുടെ കൂടെ ജീവിക്കുന്നതും.. ഹരിയേട്ടന്റെ കൈകൾ കോർത്തുപിടിച്ചു അമ്പലനടയിലൂടെ നടക്കുന്നതും.. നമ്മുടെ മക്കൾ.. അങ്ങനെ ഒത്തിരി.." ഹരിയുടെ കണ്ണുകൾ നിറഞ്ഞു. "അയ്യോ ഹരിയേട്ടനെ വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. അതിനല്ല ഞാൻ വന്നതും. ഒന്ന് കാണണം എന്ന് തോന്നി അത്രമാത്രം. എങ്കിൽ ഞാൻ ഇറങ്ങട്ടെ ഹരിയേട്ടാ.. ഇനിയും ജന്മങ്ങൾ ഉണ്ടാവുമെന്നുള്ള സ്വപ്നമൊന്നുമില്ല. അങ്ങനെയെങ്കില്‍ പഴയ ജന്മത്തെ തെറ്റുകൾ തിരുത്തി ഈ ജന്മം സ്വപ്നങ്ങൾ നിറവേറ്റാൻ കഴിയേണ്ടതായിരുന്നില്ലേ.. പടിയിറങ്ങുന്നതിന് മുൻപായി ലക്ഷ്മി ഹരിയുടെ പുറംകൈയിൽ പതിയെ ഒന്ന് തൊട്ടു. ഹരി രണ്ടു കൈയ്യും കോർത്ത് ഹൃദയത്തോട് ചേർത്ത് തേങ്ങി.. രണ്ടു കണ്ണുനീർ തുള്ളികൾ കൈകളിൽ പടർന്ന് ഒന്നായി താഴേക്കൊഴുകി.. പിന്നീട് ലക്ഷ്മിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.. അവൾ ധൃതിയിൽ പടിയിറങ്ങി..

"ഹരിയേട്ടാ നിങ്ങളെന്തേ പശുവിനെ അഴിച്ചു കെട്ടാഞ്ഞേ.. നല്ല മഴ വരുന്നത് കണ്ടില്ലേ.." ഉഷയുടെ ചോദ്യം കേട്ടപ്പോൾ ഹരിക്ക് പരിസരബോധം വീണ്ടുകിട്ടി.. "പിന്നെ നിങ്ങൾ അറിഞ്ഞിരുന്നോ.. ഇന്നലെ രാത്രി മീത്തലെ മഠത്തിലെ ലക്ഷ്മിയില്ലേ അവൾ തൂങ്ങി മരിച്ചു. ഇന്ന് വൈകുന്നേരമേ ബോഡി എത്തൂന്നാ പറഞ്ഞെ. അവിടെ ഒന്ന് കയറിയേക്ക്.." "ഉം.. പോകണം. ഇനിയും വൈകിച്ചുകൂടാ.." ഹരി ഇറയത്തെ അയലിൽ നിന്നും ഒരു ഷർട്ട് വേഗമെടുത്തണിഞ്ഞ് കൈകൾ തെരുത്ത് നടവഴിയിലേക്കിറങ്ങി..

English Summary:

Malayalam Short Story ' Lakshmi ' Written by Bavith K. Meethal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com