ADVERTISEMENT

"ആരോട് ചോദിച്ചിട്ടാ നീ അമ്മേടെ പേഴ്സിൽ നിന്ന് കാശെടുത്തെ കുഞ്ഞാ? എന്തിനാ നീ കാശെടുത്തെ? അത് പറയാതെ നിനക്ക് ഇന്ന് ഓണ സദ്യയില്ല കുഞ്ഞാ." കുഞ്ഞന്റെ അമ്മ ആക്രോശിച്ചുകൊണ്ട് അവനു നേരെ ചീറി. ഓണക്കളത്തിൽ പൂക്കൾക്കിടയിൽ ഒളിപ്പിച്ചു വച്ച നാല് നെയ്യപ്പങ്ങൾ ആരും കാണുന്നില്ലെന്ന് അവൻ ഒളികണ്ണിട്ടു നോക്കി ഉറപ്പുവരുത്തി. നേരത്തേ, തൃക്കാക്കരയപ്പന് നേദിക്കാനുള്ള അട തയാറാക്കുന്നത് കണ്ട കുഞ്ഞൻ, 'മാവേലിത്തമ്പുരാന് ഒന്നും കൊടുക്കണ്ടേ അമ്മേ' എന്ന് പലവട്ടം അവന്റെ അമ്മയോട് ചോദിച്ചതാണ്.. "നീ പോയേ ചെക്കാ. അതിനൊക്കെ അതിന്റെ ചിട്ടകളുണ്ട്. ആചാരങ്ങളൊന്നും തന്നിഷ്ട്ടത്തിന് മാറ്റാൻ പറ്റ്ണതല്ല. അവന്റെയൊരു മാവേലി തമ്പുരാൻ.!" അമ്മയുടെ പുച്ഛത്തിലുള്ള മറുപടി കേട്ട് കുഞ്ഞൻ വിഷമത്തിലായി.

'മാവേലി നാടുവാണീടും കാലം, മാനുഷരെല്ലാരും ഒന്നു പോലെ' എന്ന പാട്ട് കേട്ട അന്നു തൊട്ടേ കുഞ്ഞന് മഹാബലിയെ വലിയ ഇഷ്ടമാണ്. തന്റെ വീട്ടിലെ ചേട്ടനും ചേച്ചിക്കും തനിക്കുമിടയിൽ, തന്നോടു മാത്രം അമ്മ കാട്ടുന്ന വിവേചനം കൊണ്ടാണോ എന്നറിയില്ല, എല്ലാരേം ഒരുപോലെ കാണുന്ന മഹാബലിയോട് അവന് വല്ലാത്ത ആരാധനയാണ്. ചേട്ടനേം ചേച്ചിയേം പോലെ, കുഞ്ഞൻ പഠിക്കാൻ അത്ര മിടുക്കനല്ല. പക്ഷെ, സഹജീവി സ്നേഹം കുഞ്ഞന് കൂടുതലാണെന്ന് എല്ലാരും പറയും. പിന്നെ, കുഞ്ഞനെ നന്നായി അറിയുന്നോര് ഇത്രേം കൂടെ പറയും : "ഓൻ മഹാബലീന്റെ ഫാനാ ന്ന്." അമ്മയും ചേട്ടനും ചേച്ചിയും ഓണക്കളത്തിന് മുന്നിൽ നിൽപ്പുണ്ട്. ഓണം കൊള്ളാനുള്ള തയാറെടുപ്പിലാണ് അവർ. അമ്മയിൽ നിന്ന് അടിച്ചു മാറ്റിയ കാശുകൊണ്ട്, കുഞ്ഞൻ വാങ്ങിയ നാലു നെയ്യപ്പങ്ങൾ, തന്റെ പ്രിയപ്പെട്ട മാവേലിത്തമ്പുരാന് കഴിക്കാനായി, ഓണക്കളത്തിന്റെ പൂക്കൾക്കിടയിൽ ഒളിച്ചു വച്ചിട്ടുണ്ട് അവൻ. അമ്മ ഉണ്ടാക്കിയ അട തൃക്കാക്കരപ്പന്റെ അരികിൽ നിവേദ്യമായി ഇരിപ്പുണ്ട്.

ഇതെന്തു മര്യാദകേടാണെന്ന് കഴിഞ്ഞ ഓണം മുതൽ കുഞ്ഞന് തോന്നിത്തുടങ്ങിയതാണ്. കൊല്ലത്തിലൊരിക്കൽ ഓണനാളിൽ മാത്രം വരുന്ന മാവേലിത്തമ്പുരാന്റെ പേരിലാണ് ഓണാഘോഷം മുഴുവൻ. എന്നിട്ടോ! പൂജയും, നിവേദ്യമായി അടയും, തൃക്കാക്കരപ്പനായ വാമന മൂർത്തിക്ക് മാത്രം. 'മാവേലിത്തമ്പുരാന് വെറും പുകഴ്ത്തൽ മാത്രേ ഉള്ളോ?' ഇതായിരുന്നു കുഞ്ഞന്റെ സങ്കടം. എന്നാലും ഇത്തവണ തന്റെ മാത്രം സമ്മാനമായ നെയ്യപ്പത്തിന്റെ രുചിയറിഞ്ഞ് മാവേലിത്തമ്പുരാൻ ഹാപ്പിയാകുമെന്ന് കുഞ്ഞന് ഉറപ്പാണ്. അവൻ ആകാംക്ഷയോടെ മാവേലിത്തമ്പുരാന്റെ വരവ് കാത്ത് പൂക്കളത്തിനരികിൽ നിന്നു. അമ്മ പറയുന്നതിനനുസരിച്ച് ചേട്ടൻ ഓണപ്പൂജ തുടങ്ങിക്കഴിഞ്ഞു. ചേച്ചിയും അരികിലുണ്ട്. കുഞ്ഞന്റെ കണ്ണു മുഴുവൻ അവൻ പൂക്കൾക്കിടയിൽ ഒളിച്ചു വച്ചിരിക്കുന്ന നെയ്യപ്പങ്ങളിലാണ്. ഇനി മാവേലി താൻ വച്ച നെയ്യപ്പങ്ങൾ കണ്ടില്ലെങ്കിലോ! അവന് വേവലാതിയായി. മാവേലിക്ക് എളുപ്പത്തിൽ എടുക്കാനായി, കാൺകെ വെക്കണമായിരുന്നോ? 

അവന്റെ കുഞ്ഞുമനസ്സിൽ ആ സംശയം ഉരുണ്ടുകൂടിയ ആ നിമിഷം, അതാ നിൽക്കുന്നു, സാക്ഷാൽ മാവേലിത്തമ്പുരാൻ കുഞ്ഞന്റെ മുന്നിൽ! ഇതുവരെ അവൻ കണ്ട രൂപത്തിൽ നിന്ന് ആ രൂപം കുറച്ച് വ്യത്യസ്തമായിരുന്നു. അതിമനോഹരമായിരുന്നു മഹാബലിയുടെ രൂപവും, ഭാവവും ചിരിയും! നിറഞ്ഞു തുളുമ്പുന്ന സ്നേഹം, പ്രകാശം പോലെ പ്രസരിപ്പിച്ച് കൊണ്ട്, പുഞ്ചിരി തൂകി, കുഞ്ഞനെ നോക്കി അങ്ങനെ നിൽപ്പാണ് കക്ഷി! കുഞ്ഞൻ അദ്ദേഹത്തെ ഇമവെട്ടാതെ നോക്കി നിന്നു. നിറയെ ആരാധനയോടെയും സ്നേഹത്തോടെയും അദ്ദേഹത്തെ നോക്കി അവനും ചിരിച്ചു. "എട കുഞ്ഞാ, നീ ആരോടാ ഈ ചിരിക്കിണേ?" ചേച്ചി അവനെ നോക്കി കളിയാക്കി. കുഞ്ഞൻ അതൊന്നും കേട്ടതേയില്ല. അവൻ താൻ മഹാബലിക്കായി കരുതി വച്ച നെയ്യപ്പങ്ങൾ എങ്ങനെ അദ്ദേഹത്തിന് കൊടുക്കും എന്ന ചിന്തയിലാണ്. പെട്ടെന്നവൻ ഓണക്കളത്തിലെ പൂക്കൾ വകഞ്ഞു മാറ്റി, ഒരു നെയ്യപ്പം പുറത്തെടുത്തു. പൂജ നടക്കുന്നതിനിടെ, ഇതു കണ്ട അമ്മയും ചേട്ടനും അന്തം വിട്ടു. "ടാ പൊട്ടാ, നീ എന്ത് അധിക പ്രസംഗമാണീ കാട്ട് ണത്?" പെട്ടെന്നാണ് അമ്മ ആ നെയ്യപ്പങ്ങൾ കണ്ടത്. അതിലൊരെണ്ണം മഹാബലിക്ക് കൊടുക്കാനായി കുഞ്ഞൻ എടുത്ത് പിടിച്ചിട്ടുമുണ്ട്. "ആര് തന്നടാ നിനക്കീ നെയ്യപ്പം? ആരോട് ചോദിച്ചിട്ടാ നീയിത് കളത്തില് വച്ചത്?" അമ്മ ആക്രോശിച്ചുകൊണ്ട് അവനെ തല്ലി. 

കുഞ്ഞൻ വല്ലാതെ പേടിച്ച്, പിന്നെയുള്ള തല്ലിൽ നിന്ന് ഒഴിഞ്ഞു മാറി. സ്നേഹപ്പുഞ്ചിരി പൊഴിച്ച് നിൽക്കുന്ന മാവേലിത്തമ്പുരാന്റെ അരികിലേക്കവൻ ഓടിച്ചെന്നു. അവൻ അദ്ദേഹത്തിന്റെ പിന്നിലൊളിച്ചു. ഓടിവന്ന അമ്മക്ക് അവനെ അപ്പോൾ കാണാനായില്ല. മഹാബലി ഒന്നു പുറംതിരിഞ്ഞ്, കുഞ്ഞന്റെ കൈയ്യിൽ അവൻ അപ്പോഴും മുറുകെപ്പിടിച്ചിരുന്ന നെയ്യപ്പത്തിന് നേരെ നിറചിരിയോടെ കൈ നീട്ടി. അവൻ അത്ഭുതവും സന്തോഷവും നിറഞ്ഞ മുഖത്തോടെ അദ്ദേഹത്തിനത് നൽകി. അദ്ദേഹമത് രുചിച്ച് നോക്കിക്കൊണ്ട്, അവന്റെ കവിളിലും നെറുകയിലും തലോടി. ഒരു നിമിഷം അവനെല്ലാം മറന്നു നിന്നു. ഇതുവരെ അറിയാത്ത ഒരു സ്നേഹത്തൂവൽത്തലോടലിൽ, അമ്മയുടെയും ചേട്ടന്റെയും ചേച്ചിയുടെയും ചീത്തവിളിയൊന്നും അവൻ കേട്ടതേയില്ല. അവർക്ക് അവനെ കാണാനേ കഴിഞ്ഞില്ല. "കള്ളൻ! പേടിച്ച് എവിടെയെങ്കിലും ഒളിച്ചു കാണും. നീയെവിടെ പോകാനാ കുഞ്ഞാ. എന്റെ കൈയ്യിൽ കിട്ടും നിന്നെ." ആചാരം തെറ്റിച്ചതിലും, പൂക്കളം നെയ്യപ്പം ചികഞ്ഞ് അലങ്കോലമാക്കിയതിലും അമ്മയുടെ കലി അപ്പോഴും അടങ്ങിയിട്ടില്ല. കളത്തിലുള്ള ബാക്കി നെയ്യപ്പങ്ങൾ എടുത്തുമാറ്റി പൂക്കൾ നേരെയാക്കി, കുഞ്ഞന്റെ ചേട്ടൻ പൂജ തുടർന്നു. മഹാബലിത്തമ്പുരാന്റെ കൈപിടിച്ച് നടന്നുപോയ കുഞ്ഞനെ അവർക്ക് കാണാൻ കഴിഞ്ഞില്ല.

മഹാബലിയുടെ കൂടെപ്പോയ കുഞ്ഞന് മുൻപിൽ, പുതിയൊരു ലോകവാതിൽ തുറക്കുകയായിരുന്നു. ആ വാതിലിനപ്പുറം അവൻ കണ്ടത്, കണ്ണിന് ഇമ്പം തോന്നുന്ന കാഴ്ച്ചകൾ! കാതിനിമ്പം തോന്നുന്ന ശബ്ദങ്ങൾ! എല്ലായിടത്തും സന്തോഷത്തോടെ ചിരിക്കുന്ന മനുഷ്യർ! അങ്ങോട്ടുമിങ്ങോട്ടും ആക്രമിക്കാതെ, ഒരുമയോടെ കഴിയുന്ന പക്ഷിമൃഗാദികൾ! താനിപ്പോൾ ഏതു ലോകത്താണ്? അവനപ്പോഴും മഹാബലിത്തമ്പുരാന്റെ കൈ പിടിച്ചാണ് നടപ്പ്. അവന് വിശപ്പില്ല. ദാഹമില്ല. ആകാശം പോലെ, അതിരുകളില്ലാതെ, എങ്ങും പൂക്കളും, ഫലങ്ങൾ ആവോളം കായ്ച്ചു നിൽക്കുന്ന മരങ്ങളും, ശുദ്ധമായ തെളിനീരൊഴുകുന്ന ചോലകളും, ഭംഗിയുള്ള വീടുകളും, അവിടെയെല്ലാം സന്തോഷത്തോടെ കഴിയുന്ന മനുഷ്യരേയും കണ്ട്, അവൻ അവനെത്തന്നെ മറന്നുപോയി. വൈകുന്നേരമായിട്ടും കുഞ്ഞനെക്കാണാതെ നെട്ടോട്ടമായി, വീട്ടുകാരും നാട്ടുകാരും. ഒരു ദാക്ഷിണ്യവുമില്ലാതെ, എപ്പോഴും വഴക്കുപറഞ്ഞ്, അവനെ സ്വൈര്യം കെടുത്തിയ അവന്റെ അമ്മ, ഇപ്പോൾ കരഞ്ഞ് കരഞ്ഞ് കണ്ണീർ വറ്റി കിടപ്പാണ്. 'എന്റെ കുഞ്ഞിനോട് ഞാനെന്താണ് ദൈവേ ചെയ്തത്' എന്ന് അവർ തലതല്ലി കരഞ്ഞു കൊണ്ടിരുന്നു. മുറ്റത്ത്, പൂക്കൾ മുഴുവൻ വാടിക്കിടന്ന പൂക്കളം കണ്ട്, അവന്റെ ചേച്ചിയും ചേട്ടനും പൊട്ടിക്കരഞ്ഞു. കുഞ്ഞന്റെ തിരോധാനത്തിന് ഒരു തുമ്പും കിട്ടിയില്ല. 

ഓണം കഴിഞ്ഞ്, ചിങ്ങമാസം മുഴുവനും കടന്നുപോയി. അതു കഴിഞ്ഞ്, ഈ കർക്കടകത്തിലും അവന്റെ വീട്ടുകാർക്കോ നാട്ടുകാർക്കോ കുഞ്ഞനെക്കുറിച്ച് ഒരു വിവരവുമില്ല. കലിതുള്ളി മഴ തോരാതെ നിന്ന, ഇന്നത്തെ പൂരാടരാവിൽ കുഞ്ഞന്റെ അമ്മയ്ക്ക്, സ്വപ്നത്തിലെന്നപോലെ ഒരു പഴയ കാഴ്ച്ച ഓർമ്മ വന്നു. കഴിഞ്ഞ ഓണത്തിനിട്ട പൂക്കളത്തിൽ കുഞ്ഞൻ മറച്ചുവച്ച നെയ്യപ്പങ്ങൾ! അന്ന് രാത്രി ആ അമ്മ ഉറങ്ങിയില്ല. നാളെ ഉത്രാടമാണ്. സങ്കടമെല്ലാം ഉള്ളിലൊതുക്കി, അവർ രാവിലെ തന്നെ ഉണർന്ന്, ഓണത്തിനുള്ള ഒരുക്കം തുടങ്ങി. കുഞ്ഞനില്ലാതെ ഓണമുപേക്ഷിച്ച് ഇരുന്ന, കുഞ്ഞന്റെ ചേട്ടനോടും ചേച്ചിയോടും ഓണക്കളമിടാൻ പറഞ്ഞു കുഞ്ഞന്റെ അമ്മ. തിരുവോണനാളിൽ രാവിലെ പൂക്കളത്തിനു മുൻപിൽ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി, പൂജക്കൊരുങ്ങി നിന്നു, കുഞ്ഞന്റെ ചേട്ടനും ചേച്ചിയും. 

അന്ന് കുഞ്ഞന്റെ അമ്മ അട മാത്രമല്ല തയാറാക്കിയത്. നാല് നെയ്യപ്പങ്ങളും അതിനൊപ്പമുണ്ടായിരുന്നു. മനസ്സിൽ തിങ്ങിയും വിങ്ങിയും ഇടറി നിന്ന വേദനയോടെ, കുഞ്ഞന്റെ അമ്മ, ആ നാലു നെയ്യപ്പങ്ങളും പൂക്കളത്തിന്റെ മുകളിലേക്ക് വച്ചു. ഇനി തന്റെ മോനോട് ഒരിക്കലും, ഒരു ജന്മത്തിലും വിവേചനം കാട്ടില്ലയെന്ന്, അവർ കണ്ണീരോടെ മനസ്സിലുറപ്പിച്ചു. ആ നിമിഷം, പൂക്കളത്തിനു മുന്നിൽ, നിറഞ്ഞ പുഞ്ചിരിയോടെ നിന്ന മഹാബലിയുടെ പുറകിൽ നിന്നും മുന്നിലേക്ക് വന്ന കുഞ്ഞൻ, കളത്തിൽ അവന്റെ അമ്മ വച്ച നെയ്യപ്പങ്ങളിൽ നിന്ന് ഒരെണ്ണമെടുത്ത് തന്റെ മഹാബലിത്തമ്പുരാന് നേരെ നീട്ടി. പ്രകാശം ചൊരിഞ്ഞു നിന്ന ആ കൈകളിലേക്ക് അത് കൊടുത്ത നേരം, അവിടെ നിന്ന കുഞ്ഞനെ അവരെല്ലാം കണ്ടു. ഒരു പുഞ്ചിരിയോടെ അവിടെ നിന്നും മാറി നിന്നു മഹാബലി. "എന്റെ കുഞ്ഞാ...." എന്ന് സന്തോഷക്കരച്ചിലോടെ ഓടി വന്ന് തന്നെ കെട്ടിപ്പിടിച്ച അമ്മക്കൈകളിലൊതുങ്ങി നിന്ന കുഞ്ഞനു നേരെ, സ്നേഹപ്പുഞ്ചിരി തൂകി കൈകൾ വീശി അകലേക്ക് മാഞ്ഞകന്നു കുഞ്ഞന്റെ പ്രിയപ്പെട്ട മഹാബലി!

English Summary:

Malayalam Short Story Written by Hari Vattapparambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com