ADVERTISEMENT

കേരളീയരുടെ ദേശീയോത്സവമാണ് ഓണം. കർക്കടകത്തിലെ ഇരുണ്ടകാലം കഴിഞ്ഞ് മാനം തെളിയുന്ന ചിങ്ങമാസത്തിലാണ് വിദേശികൾ സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ വന്നത്. മഴമാറി കച്ചവടം പുനരാരംഭിക്കുന്നത് ചിങ്ങത്തിലെ തിരുവോണം നാളിലാണ്. ചിങ്ങമാസത്തിൽ അത്തം മുതൽ ചതയം നാൾ വരെ നീണ്ടു നിൽക്കുന്നതാണ് ഓണം. ഉത്രാടവും, തിരുവോണവും ആണ് ഏറ്റവും നല്ല ഓണസദ്യ. അവിട്ടം അമ്മായി ഓണം ആണ്.

ഓണത്തിനു പൂവിടാത്ത ഹൈന്ദവ ഗൃഹങ്ങൾ ഇല്ല. ഓണത്തപ്പന്റെ ആസ്ഥാനം തൃക്കാക്കരയാണ്. അത്തംനാള്‍ മുതല്‍, തിരുവോണം വരെ പൂക്കളമിട്ട്, ഊഞ്ഞാലിലാടി, തിരുവോണ നാള്‍ മാവേലിയെ നടുമുറ്റത്ത് കുടിയിരുത്തി, അഞ്ചു തിരിയിട്ട നിലവിളക്ക് കത്തിച്ചു വെച്ച് പൂജകൾ ചെയ്ത് പിന്നെ ഓണക്കളികളും ഓണക്കോടിയും പിന്നെ വിഭവസമൃദ്ധമായ സദ്യയും ഒക്കെയായി, ചതയം നാള്‍ മാവേലിയെ എടുത്തുമാറ്റുന്നതു വരെ ഓണം തിമിർക്കുകയായിരുന്നു. "കാണം വിറ്റും ഓണം ഉണ്ണണം" എന്നൊരു പഴഞ്ചൊല്ല് ഉണ്ടല്ലോ?. മലയാളികൾ ഓണത്തിന്നു വേണ്ടതെല്ലാം ഒരുക്കുന്നത് ഉത്രാടം നാളിലാണ്.

ഉത്രാടം ദിവസം കാലത്ത് മലയാളി മങ്കമാർ മുണ്ടും വേഷ്ടിയും ചുറ്റി അമ്പലത്തിൽ പോകുന്നു. പിന്നെ വീട്ടിൽ വന്ന് ഗംഭീര ഓണസദ്യ ഒരുക്കുന്നു. മഹാബലിയെ വരവേൽക്കാനായിട്ടാണ് വീട്ടുമുറ്റത്ത് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളിൽ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ രൂപങ്ങൾ പ്രതിഷ്ഠിക്കുന്നു.

പിന്നൊന്നു ഓണക്കാഴ്ച സമർപ്പണമാണ്. ഏറ്റവും നല്ല കുലയാണ് ഇതിനായി തിരഞ്ഞെടുക്കുക. ജന്മിമാർക്ക് പാട്ടക്കാരായ ആളുകൾ നൽകേണ്ട നിബന്ധനയാണ് ഇത്. കൊണ്ടു വരുന്നവർക്ക് ഓണക്കോടിയും മറ്റും കൊടുക്കുന്നു. ഞങ്ങളുടെയെല്ലാം ചെറുപ്പകാലത്ത് അച്ഛന്റെ വീട്ടിൽ കണ്ടിട്ടുണ്ട് ഈ ചടങ്ങുകൾ. ഗുരുവായൂർ ക്ഷേത്രത്തിലാണ് ഏറ്റവും വലിയ കാഴ്ചക്കുല സമർപ്പണം.

പിന്നൊന്ന് വട്ടി കൊണ്ടുവരുക എന്നൊരു ചടങ്ങാണ്. അതായത് ഭർത്താവിന്റെ വീട്ടിൽ നിന്നും ഭാര്യവീട്ടിലേക്ക് ഒരു വലിയ വട്ടി നിറയെ നേന്ത്രപ്പഴക്കുല, കായ വറുത്തത്, ശർക്കര ഉപ്പേരി, പപ്പടം എന്നിവ കാര്യസ്ഥൻ വശം കൊടുത്തയക്കും. പെൺ വീട്ടുകാർ കൊണ്ടുവന്ന ആൾക്ക് ഓണപ്പുടവയും, ക്യാഷും കൊടുക്കുന്നു.

ഉത്രാടം ദിവസം രാവിലെ വേണ്ടപ്പെട്ടവർക്ക് ഓണക്കോടി കൊടുക്കുന്നു. അതിട്ട് ഓണസദ്യയെല്ലാം കഴിഞ്ഞ് ആൺ പിള്ളേർ പന്തു കളിക്കാൻ പോകുന്നു, കളി വള്ളത്തിൽ കയറുന്നു. പെൺ പിള്ളേർ കൈകൊട്ടി കളി കളിക്കുന്നു. കൈകൊട്ടി കളിയുടെ താളലയങ്ങൾ ഗൃഹാന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കുന്നു.  ഉത്രാടം ദിവസം രാത്രി പാണസമുദായത്തിൽ പെട്ടവർ വീടുകൾ തോറും വന്ന് തുകിലുണർത്ത് പാട്ട് പാടുന്നു. അതോടൊപ്പം വാദ്യവുമുണ്ടാകും. അവർക്ക്  അതിന് അവകാശങ്ങൾ ഉണ്ട്. വീട്ടുകാർ അത് കൊടുക്കുന്നു.

ഓണത്തിന്റെ പ്രധാന ആകർഷണം ഓണ സദ്യയാണ്. കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, ഉപ്പേരി, പുളിയിഞ്ചി, നാരങ്ങ, കൂട്ടുകറി, പച്ചടി, കടുമാങ്ങ,  പപ്പടം, പഴനുറുക്ക്, കായവറുത്തത്, ശർക്കര ഉപ്പേരി, ചേന വറുത്തത്, പാലട, സേമിയ പായസം, പഴപ്പായസം, ചെറുപയർ പായസം എന്നിങ്ങനെ നീണ്ടുപോകുന്നു. (പാലടക്കും, പഴത്തിനുമാണ് പ്രഥമ സ്ഥാനം)

കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ പഴഞ്ചൊല്ല്. ഓണാഘോഷവും, പൂവിടൽ മത്സരവുമെല്ലാം ഇന്ന് വീടുകളിൽ നിന്നും പൊയ്ക്കൊണ്ടിരിക്കുന്നു.  നാടൻ വിനോദങ്ങൾ പലതും പമ്പ കടന്നു. ഇന്നാകട്ടെ സർക്കാർ തലത്തിലാണ് പൂവിടൽ മത്സരങ്ങൾ എല്ലാം കൊണ്ടാടുന്നത്.

ഓണം ഐതിഹ്യം 

മഹാബലി ഭരിച്ചിരുന്ന കാലത്ത് മനുഷ്യരെല്ലാം ഒന്നുപോലെ ആയിരുന്നു. കള്ളമോ, ചതിയോ, പൊളിവചനങ്ങളോ ഒന്നും ഇല്ലായിരുന്നു. ലക്ഷ്മി ദേവി നാട്ടിൽ പ്രഭ ചൊരിഞ്ഞു. എങ്ങും എല്ലാവർക്കും സമൃദ്ധിയും, സന്തോഷവും ആയിരുന്നു. അപ്പോ മഹാബലിക്ക് ആശ കൂടി. സ്വർഗ്ഗവും കൂടി പിടിച്ചടക്കണം എന്ന മോഹം മനസ്സിലുദിച്ചു. ദേവന്മാരൊക്കെ ഭയചകിതരായി. അവർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. ദേവന്മാരുടെ അമ്മയായ അദിതി മഹാവിഷ്ണുവിനെ തപസ്സു ചെയ്ത് ദേവന്മാരെ രക്ഷിക്കാനുള്ള വരം വാങ്ങി. തുടർന്ന് മഹാബലി ഒരു യാഗം (വിശ്വജിത്ത്) നടത്തി. അപ്പോൾ മഹാവിഷ്ണു വാമനൻ ആയി അവതാരം എടുത്തു. മഹാബലിയോട് ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ഗുരുവായ ശുക്രാചാര്യർക്ക് ചതി മനസ്സിലായി. അയാൾ ബലിയെ വിലക്കി. അത് കണക്കാക്കാതെ ബലി വാമനന് മൂന്നടി മണ്ണ് അളന്നെടുക്കാൻ അനുവാദം നൽകി. 

വാമന രൂപത്തിൽ വന്നത് ഭഗവാൻ ആണെന്ന് ബലി മനസ്സിലാക്കിയിരുന്നു. ആകാശത്തോളം വളർന്ന വാമനൻ തന്റെ കാൽപാദം അളവുകോൽ ആക്കി.  ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും, ഭൂമിയും, പാതാളവും അളന്നെടുത്തു. മൂന്നാമത്തെ ചുവട് അളക്കാൻ സ്ഥലമില്ലാതായപ്പോൾ ബലി തന്റെ ശിരസ്സ് കാണിച്ചു കൊടുത്തു. അപ്പോൾ വാമനൻ തന്റെ പാദസ്പർശനത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്നും മോചിതനാക്കി. സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠമായ സുതലത്തിലേക്ക് ഉയർത്തി. അവിടെ അദ്ദേഹത്തിന് കാവലായി നിർത്തുകയും ചെയ്തു. ചിങ്ങമാസത്തിലെ തിരുവോണനാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ ജനങ്ങളുടെ ഇടയിലേയ്ക്ക് വരുന്നു എന്നാണ് വിശ്വാസം.

English Summary:

Malayalam Article ' Onam ' Written by Syamala Haridas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com