ADVERTISEMENT

നമ്മുടെ ഗൃഹാതുരതയെ ഏറ്റവുമധികം ലാളിക്കുന്ന രണ്ട് ആഘോഷങ്ങളാണ് ഓണവും വിഷുവും. അതുകൊണ്ട്തന്നെ ഓണവും വിഷുവും പ്രമേയമായി വരുന്ന പാട്ടുകളും നമുക്കേറെ പ്രിയങ്കരമാണ്. കുറേ കേട്ട് പഴകിയ ഒരുപാട് ഓണപ്പാട്ടുകളുണ്ട്. ഇവയ്ക്കിടയിൽ അധികം കേൾക്കപ്പെടാതെ പോയ, എന്നാൽ തുമ്പപ്പൂ പോലെ നൈർമ്മല്യമുള്ള, ഓണത്തിന്റെ നിറവും നിനവും ഈണങ്ങളിൽ നിറച്ച ചില പാട്ടുകളുണ്ട്. എവിടെയോ കളഞ്ഞുപോയ, പ്രിയമുള്ളതെന്തൊക്കെയോ ഉള്ളിന്നുള്ളിൽ തിരഞ്ഞുപോകാൻ പ്രേരിപ്പിക്കുന്ന ചിലത്.

"പൂക്കളം കാണുന്ന പൂമരം പോലെ നീ പൂമുഖത്തിണ്ണയിൽ നിന്നു" എന്ന പാട്ട് ഓണപ്പൂ പോലെ ഓർമ്മയിൽ പൂത്തുലയുന്ന ഒന്നാണ്. പൊന്നോണതരംഗിണി ആൽബത്തിലെ ഈ പാട്ട് എഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പിയും ഈണം നൽകിയിരിക്കുന്നത് രവീന്ദ്രൻ മാസ്റ്ററും ആലപിച്ചിരിക്കുന്നത് യേശുദാസുമാണ്. ഒരു ഓണക്കാലത്ത് വീണ്ടും കണ്ടുമുട്ടുന്ന പഴയ പ്രണയിതാക്കളുടെ സ്‌മരണകളാണ് ഈ പാട്ട് നിറയെ. പൂമുഖത്തിണ്ണയിൽ വീതിക്കസവുള്ള വീരാളിപ്പട്ടുടുത്തു നിൽക്കുന്ന പഴയ പ്രണയിനിയെ ആരാധനയോടെ, ഏറെ സ്നേഹത്തോടെ വരികളിൽ വരച്ചിടുകയാണ്. അവളെ നോക്കിനിൽക്കുമ്പോൾ ആ മനോഹര കാഴ്ച്ച തന്നെയാണ് ഓണം എന്ന് തോന്നുന്നത്ര പ്രണയാതുരമായ ഒരു മനസ്സിന്റെ പ്രതിഫലനങ്ങൾ എവിടെയൊക്കെയോ നമ്മളിലും കാണാൻ കഴിയും.

പൊന്നോണ തരംഗിണിയിലെ തന്നെ മറ്റൊരു പാട്ടായ "പാതിരാമയക്കത്തിൽ പാട്ടൊന്നു കേട്ടേൻ പല്ലവി പരിചിതമല്ലാ" എന്ന പാട്ടും ഓണത്തിന്നോർമ്മകൾ നിറഞ്ഞതാണ്. നഷ്ടങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ പാട്ട്. അൽപം വിഷാദഛായ കലർന്ന വരികളിൽ പലതും നമ്മെ പൊയ്പോയ കാലത്തെ ഓർമ്മിപ്പിക്കും. പഴയ പൊന്നോണത്തിൻ പൂവിളിയുയരുന്നതും പഴയൊരുത്രാടത്തിൻ പൂവെട്ടം കവിയുന്നതും നമുക്കുള്ളിൽ തന്നെയാണെന്ന് തിരിച്ചറിയും.

പ്രണയവും ഗൃഹാതുരതയും മാത്രമല്ല ഈ പാട്ടുകൾ. ഓണത്തിന്റെ ഒരുമയുടേയും സമത്വത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് പലതും. ശ്രീകുമാരൻ തമ്പി എഴുതി, രവീന്ദ്രൻ മാസ്റ്റർ ഈണം നൽകി, യേശുദാസ് ആലപിച്ച ഉത്സവഗാനങ്ങളിലെ "ഉത്രാടപ്പൂനിലാവേ വാ" എന്ന പാട്ട് ഇതിനൊരു ഉദാഹരണമാണ്.  ഉത്രാടപ്പൂനിലാവിനെ ക്ഷണിക്കുന്നത് തിരുവോണത്തിന്‍ കോടിയുടുക്കാന്‍ കൊതിക്കുന്ന തെരുവിന്‍ മക്കള്‍ക്ക് ഓണക്കോടിയായ് വരാനാണ്. ഓണാക്കോടിയായി ഓടിയെത്തുന്ന നിലാവ്... എത്ര സുന്ദരമായ സങ്കൽപം.. അല്ലെ?

ഉത്സവഗാനങ്ങളിലെ തന്നെ മറ്റൊരു പാട്ടാണ് "പായിപ്പാട്ടാറ്റിൽ വള്ളം കളി പമ്പാനദി തിരയ്ക്ക് ആർപ്പുവിളി". ഓണത്തോടൊപ്പമെത്തുന്ന വള്ളംകളികളുടെ ഓർമ്മപ്പെടുത്തലാണ് ഈ പാട്ട്. വള്ളംകളി ഏറെയൊന്നും പരിചിതമല്ലാത്തൊരു മലയാളി പോലും ഈയൊരു പാട്ടിലൂടെ വള്ളംകളിയെ സ്നേഹിച്ചുപോകും.

പ്രണയാതുരമായ ഓണമോർമ്മകൾ പ്രമേയമാക്കിയ മറ്റൊരു പാട്ടാണ് പൊന്നോണതരംഗിണിയിലെ "ശ്രാവണ സങ്കൽപ തീരങ്ങളില്‍ ശാരിക പാടിയ നേരം". കെ. ജയകുമാർ എഴുതി, എസ്. ബാലകൃഷ്ണൻ ഈണമിട്ടിരിക്കുന്ന ഈ പാട്ട് മനസ്സിലുറഞ്ഞു കിടക്കുന്ന ആർദ്രമായ വികാരങ്ങളെ ഒരു നനുത്ത വിരൽസ്പർശം കൊണ്ടുണർത്തും. 

"ഉത്രാടം പണ്ടെപ്പോല്‍ ദൂതുപറഞ്ഞതും

കാറ്റിന്റെ കൈകളാല്‍ മുല്ലയിറുത്തതും

നിന്നെ വധുവായ് അണിയിച്ചതും

ഇന്നലെ സന്ധ്യയിലായിരുന്നു..." അല്ലെ? ആ ഇന്നലത്തെ സന്ധ്യയിങ്ങനെ ചിന്തകളിൽ തെളിഞ്ഞുനിൽക്കുന്നില്ലേ?

ഉത്സവഗാനങ്ങളിലെ മറ്റൊരു പാട്ടായ "എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍ ഇന്നെത്ര ധന്യതയാര്‍ന്നു.." ഈ പാട്ടിലും ഓണത്തിന്നോർമ്മകൾ വന്നുപോകുന്നുണ്ട്. "ഋ‌‌തുകന്യ പെയ്യുമീ നിറമെല്ലാം മാഞ്ഞാലും ഹൃദയത്തിൽ പൊന്നോണം തുടരും.." എന്ന് അവസാനിക്കുന്ന ഈ പാട്ടിലെ വരികൾ പോലെ, ഹൃദയത്തിലെന്നും പൊന്നോണം തുടരാൻ കാലദേശങ്ങൾക്കതീതമായി മലയാളിക്ക് മലയാളത്തിന്റെ മണമുള്ള പാട്ടുകളുണ്ടല്ലോ അല്ലെ?!

English Summary:

Malayalam Article ' Hridayathil Ponnonam Thudarum ' Written by Divya S. Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com