ADVERTISEMENT

മലയാളികളുടെ ദേശീയോത്സവമായ ഓണം സാധാരണയായി ഇംഗ്ലിഷ് മാസം അനുസരിച്ചു ഓഗസ്റ് അല്ലെങ്കിൽ സെപ്റ്റംബർ മാസത്തിലും മലയാള മാസം അനുസരിച്ചു ചിങ്ങത്തിലും കടന്നുവരുന്നു. മഹാബലിയുടെ ഓർമ്മ പുതുക്കികൊണ്ട് കടന്നുവരുന്ന ഓണം കേരളത്തിൽ മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷമാക്കുകയാണ് പതിവ്. വാമന വിജയത്തെ അടിസ്ഥാനമാക്കി പണ്ടു കാലത്ത് ക്ഷേത്രങ്ങളിൽ ആഘോഷിച്ചിരുന്ന ക്ഷേത്രോത്സവം പിന്നീട് കുടുംബങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത  കുടുംബോത്സവമായി മാറി. ഒരു വിളവെടുപ്പുത്സവം അഥവാ ഒരു വ്യാപാരോത്സവം ആണന്നു പറയാം കേരളത്തിലെ ഓണം.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം നാൾ മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിച്ച് ചതയം നാൾ വരെ നീണ്ടുനിൽക്കുന്ന സദ്യ, തിരുവാതിരകളി, തുമ്പിതുള്ളൽ, ഊഞ്ഞാലാട്ടം, പുലികളി, പൂക്കളം, ഓണതല്ല്, വടംവലി, അത്തചമയം, വള്ളം കളി.. ആഹാ എന്തു സന്തോഷം ആണ്. കൂടാതെ ക്ലബ്ബുകൾതോറും സംഘടിപ്പിക്കുന്ന നാടൻ പന്തുകളി മത്സരവും പകിടകളി മത്സരവും കാണികളിലും കളിക്കുന്നവരിലും ഒരുപോലെ ആവേശം ഉണർത്തുന്ന വിനോദങ്ങൾ...

ഓണ നാളുകളിലെ മലയാളി മങ്കമാരുടെ കസവുമുണ്ടും കസവുസാരിയും ഒക്കെ മലയാളി മനസ്സുകളിൽ ഗൃഹാതുരത്വം ഉണർത്തുന്നു. എന്നാൽ ഇന്നത്തെ തലമുറ കിട്ടുന്ന സമയം മുഴുവൻ കേവലം മൊബൈൽ ഫോണിലും ടി വി യിലും നോക്കിയിരിക്കുമ്പോൾ ഇവയിൽ പലതും അന്യം നിന്നു പോകുന്നു എന്നത്  അത്യധികം വേദന ഉളവാക്കുന്നു.

വാകത്താനം, കാടമുറി സി.എം. സ്. സൂളിലെ കൊച്ചു കൂട്ടുകാരുമൊത്തുള്ള ആദ്യ നാളുകളിലെ സ്കൂൾ ഓണാഘോഷങ്ങൾ, ഓണക്കോടിയുമിട്ട് കൊച്ചു കൂട്ടുകാരുമൊത്തു പാറി പറന്നു നടന്ന നിമിഷങ്ങൾ. അമ്മ തന്നു വിട്ട പപ്പടവും ഉപ്പേരിയും ശർക്കര വരട്ടിയതും ഒക്കെ കൂട്ടി സ്കൂളിൽ തയാറാക്കിയ ഓണ സദ്യ ടീച്ചർമാരും കുട്ടികളുമൊത്തു ഉണ്ടത്... എത്ര നല്ല ഓർമ്മകൾ...

പിന്നീട് കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ എന്റെ ബാല്യകാല വിദ്യാഭ്യാസ കാലത്ത് ഓണപരീക്ഷയുടെ ടൈം ടേബിൾ കിട്ടുമ്പോൾ മുതൽ ഞങ്ങൾ കൂട്ടുകാർക്കിടയിൽ തുടങ്ങുന്ന ഓണാഘോഷം പരീക്ഷ കഴിഞ്ഞു നടത്തുന്ന സ്കൂളിലെ വമ്പിച്ച ഓണാഘോഷ പരിപാടിയോടുകൂടി സമാപിക്കുമ്പോൾ പപ്പടം, എരിശ്ശേരി, സാമ്പാർ, കാളൻ, അവിയൽ, തോരൻ, ശർക്കരവരട്ടി, ഉപ്പേരി തുടങ്ങിയ വിഭവങ്ങൾ കൂട്ടിയുള്ള  ഓണസദ്യ.. അതിനു ശേഷം ഉള്ള പായസം കുടി... അന്നേ ദിവസം പട്ടു പാവാടയും ബ്ലൗസുമിട്ടു സ്കൂൾ വരാന്തയിലൂടെ ഗമയിൽ നടന്നിരുന്ന കാലം.. ഇന്നലെ എന്നപോലെ മനസ്സിൽ വരുന്ന ആ നല്ല നാളുകൾ...

കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിലും  ചങ്ങനാശ്ശേരി എസ്. ബി. കോളജിലും എത്തിയപ്പോൾ കോളജ് തലത്തിലുള്ള അതി ഗംഭീരമായ ഓണാഘോഷങ്ങളിൽ പങ്കെടുത്ത് കൂട്ടുകാരികളുമായി ഓണം അടിച്ചു പൊളിച്ചു ആഘോഷിച്ചത്... ഇനിയും തന്നിലേക്ക് തിരികെ വരാത്ത ആ എത്ര എത്ര നല്ല നല്ല നാളുകൾ..

കേരളം വാണ നീതിമാനായ രാജാവ് മഹാബലി തമ്പുരാൻ തന്റെ പ്രജകളെ കാണാൻ എത്തുന്ന സുദിനമണ് തിരുവോണം എന്ന ഐതീഹ്യ പെരുമയിൽ ലോകമെങ്ങുമുള്ള മലയാളികൾ ഊറ്റംകൊണ്ട് പാട്ടിലും പഴങ്കഥകളിലുമുള്ള ഗതകാല സ്മരണകൾ അയവിറക്കി തിരുവോണം ആഘോഷിക്കുമ്പോൾ ഓണം പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും നമ്മെ പഠിപ്പിക്കുന്നുണ്ടെങ്കിലും ഇന്നും പലയിടങ്ങളിലും അസമത്വവും ചൂഷണവും ദുരയും പകയും കൊള്ളയും കൊലയും മർദ്ദനവും അടിച്ചമർത്തലുകളും ഇപ്പോഴും കൊടി കുത്തി വാഴുന്നു.

ഇന്ന് ഓണം കെങ്കേമമായി നാം ആഘോഷിക്കുമ്പോൾ അതിൽ തനിമയുടെ അംശം അന്യം നിന്നുപോകുന്ന കാഴ്ചകളാണ് എങ്ങും. എന്നാൽ കെട്ടുകാഴ്ചകൾ ഇല്ലെങ്കിലും ഒരു മുണ്ടും നേരിയതും ഉടുത്തു ഓണം ആഘോഷിക്കാൻ മലയാളി ഉള്ളടത്തോളം കാലം ഓണം വർഷം തോറും എത്തികൊണ്ടേ ഇരിക്കും.. ഒപ്പം മാവേലി തമ്പുരാനും...

ലോകം മുഴുവനും ഉള്ള എല്ലാ മലയാളികൾക്കും എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും പരസ്പരമുള്ള ഒത്തുചേരലിന്റെയും പ്രതീകമായി തീരട്ടെ ഈ ഓണം എന്ന ആശംസയോടെ....

English Summary:

Malayalam Article ' Onasmrithi ' Written by Sandra Ninan Vakathanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com