മനസ്സിൽ ചോദ്യങ്ങളുമായി അയാൾ ആ നാട്ടിലെത്തി; 'മരിക്കും മുമ്പ് അമ്മ പറഞ്ഞ വ്യക്തിയെ കണ്ടുപിടിക്കണം...'
Mail This Article
മുറ്റത്തെ കിണറിൽ നിന്ന് വെള്ളം കോരി കൊണ്ടിരിക്കുന്ന വീണ മോൾ ഒരു ഭിക്ഷക്കാരൻ വീടിന്റെ ഗെയ്റ്റ് തുറന്ന് വരുന്നത് കണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു "അച്ഛാ.. ഇവിടെ ആരോ വന്നിരിക്കുന്നു..." മോളുടെ വിളി കേട്ട് അച്ഛൻ വേഗം വാതിൽ തുറന്ന് നോക്കിയപ്പോൾ അധികം പ്രായം ഇല്ലാത്ത യാചകന്റെ വേഷം ധരിച്ച ഒരു മനുഷ്യൻ. യാചകന് അൽപം ധർമ്മം കൊടുക്കാൻ വേണ്ടി അകത്തേക്ക് പോയ സമയം മുറ്റത്തിരിക്കുന്ന സൈക്കിൾ അയാൾ എടുക്കാനായി നോക്കിയ പോലെ വീണമോൾക്ക് തോന്നി. ആ സമയം വീണ മോൾ ഉറക്കെ ഒച്ചവെച്ചു.. "അച്ഛാ... നമ്മുടെ മുറ്റത്തിരിക്കുന്ന സൈക്കിൾ അയാൾ എടുക്കാൻ നോക്കുന്നു" മകളുടെ ഒച്ച കേട്ട് കൈയ്യിൽ ഉണ്ടായിരുന്ന ഒരു കത്തിയുമായി അച്ഛൻ ഓടി വന്നു. മോളുടെ അച്ഛൻ, രുദ്രൻ മാഷ് ഓടി വരുന്ന സമയം യാചകൻ സൈക്കിളിൽ നിന്ന് പിടി വിട്ട് അവിടെ തന്നെ നിലയുറപ്പിച്ചു. അയാളോട് രുദ്രൻ മാഷ് ചോദിച്ചു. "നിങ്ങൾ ആരാണ്?, എന്ത് വേണം?, എന്തിനു ഇവിടെ വന്നു? ഉടനെ ഈ വീടിന് പുറത്തു പോകൂ" എന്നിങ്ങനെ ശരം വിട്ട പോലെ കുറെ ചോദ്യങ്ങൾ നിർത്താതെ ചോദിച്ചു. ഇത് കേട്ട് അയാൾ ഗെയ്റ്റിന് പുറത്തേക്ക് നടന്നു പോയി. ഉടനെതന്നെ ആ ഗെയ്റ്റ് രുദ്രൻ മാഷ് അടച്ചു. അച്ഛനും മകളും നെഞ്ചിൽ കൈവെച്ച് നെടുവീർപ്പിട്ടു ഒരു നിമിഷം അവിടെ നിന്നു.
പിറ്റേ ദിവസം അതിരാവിലെ രുദ്രൻ മാഷും വീണ മോളും അമ്പലത്തിൽ പോയപ്പോൾ വലിയ ഒരു ആൾകൂട്ടം ആൽത്തറയിൽ കാണപ്പെട്ടു. അവിടെ നിന്ന് ഇതുവരെ ആരും കേൾക്കാത്ത ഒരു ഓടകുഴൽ നാദം കേട്ടു. പിന്നീട് ആരാണ് ഓടകുഴൽ വിളിക്കുന്നത് എന്ന് നോക്കിയപ്പോൾ വീണ മോൾ ഞെട്ടി പോയി. ഉടനെ അവൾ അച്ഛന്റെ കൈകളിൽ മുറുകെ പിടിച്ചു പറഞ്ഞു.. "അച്ഛാ... അത് അയാൾ ആണ്." അമ്പലത്തിൽ നിന്നും കിട്ടിയ പ്രസാദം നെറ്റിയിൽ ചാർത്തി അച്ഛനും മകളും തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ മനസ്സിൽ കടന്നു കൂടിയത് അൽപം മൗനം മാത്രം. തലേ ദിവസം നടന്ന സംഭവങ്ങൾ ഒരു നടുക്കത്തോടെ അവർ വീണ്ടും ഓർത്തു. പിന്നീട് നാല് ദിവസത്തേക്ക് ആരും ആ അപരിചിതനെ കണ്ടില്ലായിരുന്നു. എന്തായാലും വീണ് മോൾക്ക് അൽപം ആശ്വാസമായി. പക്ഷേ ഏഴാം ദിവസം വീണ്ടും അമ്പലനടയിൽ അയാൾ വന്നു. അവിടെ കൂടിയിരിക്കുന്നവർ അയാൾക്ക് ചുറ്റും കൂടി. എല്ലാവരും കൂടി അയാളോട് ചോദിച്ചു "നിങ്ങൾ ആരാണ്? എവിടെ ആയിരുന്നു ഇത്രയും നാൾ?"
അവിടെ ഉണ്ടായിരുന്നവരോട് ആ യാചകൻ ഇങ്ങനെ പറഞ്ഞു "ഞാൻ ഒരു വഴിപോക്കൻ, വഴി തേടി വന്നവൻ, ഒന്നും ഇല്ലാത്തവൻ എന്നാൽ എല്ലാം ഉള്ളവൻ, അന്നം തേടി വന്നതല്ല ആളെ തേടി വന്നതാണ്." അയാൾ തുടർന്നു... "ഒരു വാക്കു മാത്രം ഉച്ചരിച്ചു കൊണ്ട് അമ്മ കടന്നു പോയി. ചെറുപ്പത്തിലേ സന്യാസ ജീവിതം ഇഷ്ടപ്പെട്ടത് അമ്മയുടെ ദുരന്തം. ഈ അമ്പലവും ഇവിടെ ഉള്ള ഒരാളുടെ പേരുമാണ് അവസാനമായി 'അമ്മ പറഞ്ഞത്. ആരാണ് അയാൾ എന്ന് കണ്ടുപിടിക്കാനാണ് ഇവിടെ വന്നത്." യാചകന്റെ സംസാരം അൽപം കടുത്തപ്പോൾ കേട്ട് നിന്നവർ എല്ലാവരും മൂക്കത്തു വിരൽ വെച്ച് പോയി. ഈ നാട്ടിൽ ഇങ്ങനെ ഒരാളോ. ഈ സംഭവം നാട്ടിൽ കാട്ടുതീ പോലെ ജനങ്ങൾ പറഞ്ഞു പരത്തി. എല്ലാവരും കൂട്ടം കൂടുന്നിടത്ത് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പഴിചാരുന്ന സംഭവം ഉണ്ടായി. ചായക്കടയിൽ കുസൃതി ചോദ്യങ്ങൾക്കിടയിൽ തല്ലും ഉണ്ടായി. എല്ലാവർക്കും ആരാണ് ആ മഹാൻ ആയ വ്യക്തി എന്ന് അറിയാൻ ആകാംഷ ആയി.
നാട്ടുകാർ എല്ലാവരും അമ്പലനടയിൽ വീണ്ടും ഒത്തു കൂടി. എന്തെങ്കിലും കൂടുതൽ വിവരങ്ങൾ യാചകനിൽ നിന്നും ലഭിക്കുവാൻ അവർ വെമ്പൽ കൊണ്ടു. അവസാനം യാചകൻ കഥ പറഞ്ഞു. 1997-ൽ ഉണ്ടായ കൊടുംകാറ്റിൽ ആണ് അത് സംഭവിച്ചത്. ഇത് കേട്ടപ്പോൾ എല്ലാവരുടെയും മനസ്സ് അങ്ങോട്ട് തിരിഞ്ഞു. അമ്പലവാസികൾ വീണ്ടും ഒത്തുകൂടി. 1997 -ൽ ഉണ്ടായ ശക്തമായ കൊടും കാറ്റിൽ അന്ന് ഉണ്ടായിരുന്ന വലിയ ഒരു ആൽമരം കടപുഴകി ഓല മേഞ്ഞ കെട്ടിടത്തിന്റെ മുകളിൽ വീണ് സന്യാസിമാർ രണ്ടു പേര് മരിക്കുകയും കുറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്ന് കാലൊടിഞ്ഞ ഒരു സ്ത്രീയെ രുദ്രൻ മാഷ് വീട്ടിൽ ഇരുത്തി ആറ് മാസം ചികിൽസിക്കുകയും ചെയ്തിരുന്നു. പിന്നീട് ആ സന്യാസ മഠം അടച്ചു പൂട്ടി. അന്നുണ്ടായിരുന്ന രുദ്രൻ മാഷിനോട് ചോദിച്ചാൽ ഉണ്ടായ സംഭവങ്ങൾ എല്ലാ അറിയാം എന്ന് പറഞ്ഞു എല്ലാവരും കൂടി മാഷുടെ വീടിനെ ലക്ഷ്യമാക്കി നടന്നു.
ഒന്നും പിടികിട്ടാതെ രുദ്രൻ മാഷും മകളും യാചകന്റെ പിന്നാലെ വരുന്ന വലിയ ജനത്തെ കണ്ട് ഭയപ്പെട്ടുപോയി. എന്തിനാണ് എല്ലാവരും എന്റെ വീട്ടിൽ വന്നിരിക്കുന്നത് എന്ന രുദ്രൻ മാഷുടെ ചോദ്യത്തിന് പിന്നാലെ കൂട്ടത്തിൽ ഒരാൾ മാഷോട് ചോദിച്ചു.. ഈ യാചകന്റെ അച്ഛൻ ആരാണ്? 1997 -ൽ ഉണ്ടായ വലിയ ചുഴലിക്കാറ്റിൽ ഷെഡ് മറിഞ്ഞു വീണ് കാല് ഒടിഞ്ഞു മാഷുടെ വീട്ടിൽ ആറ് മാസത്തോളം താമസിച്ചിരുന്ന സന്യാസിനിയുടെ ഏക മകനാണ് ഇവൻ. മാഷോട് ഉത്തരം പറയാൻ എല്ലാവരും ആവശ്യപ്പെട്ടത് പ്രകാരം മാഷ് അവരോട് ക്ഷമയോടെ എല്ലാ കാര്യങ്ങളും കേൾക്കുന്നതിനായി ആവശ്യപ്പെട്ടു. 1997 ൽ ഉണ്ടായ വലിയ കാറ്റിൽ സന്യാസി മഠം മുഴുവനായി നശിക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മല്ലിക എന്ന പേരുള്ള സ്ത്രീ മഠത്തിൽ എല്ലാവരാലും ഇഷ്ടപ്പെട്ട ഒരു സന്യാസിനി ആയിരുന്നു. മഠത്തിലെ വൈദ്യനായ ശങ്കരൻ എന്നോട് ആവശ്യപ്പെട്ടത് പ്രകാരം മല്ലികക്ക് താമസിക്കുവാനുള്ള ഒരു സൗകര്യവും എന്റെ വീട്ടിൽ ചെയ്തു കൊടുത്തത് ശരിയാണ്.
പിന്നീട് ചികിത്സ ആവശ്യത്തിനായി ശങ്കരൻ വൈദ്യൻ കൂടെ കൂടെ ഇവിടെ വരികയും മല്ലികയുമായി കൂടുതൽ അടുപ്പത്തിൽ ആവുകയും ചെയ്തു. ഇതെല്ലാം മനസിലാക്കിയ ഞാൻ ആറ് മാസം കഴിഞ്ഞപ്പോൾ മല്ലികക്ക് ഈ വീട്ടിൽ താമസിക്കുന്നതിനുള്ള അനുവാദം നിഷേധിച്ചു. പിന്നീട് അവർ രണ്ടു പേരും ചമാകുന്നിൽ ഒരു വീട് വാടകക്ക് എടുത്തു ഒരുമിച്ചു താമസിച്ചു എന്നറിയാൻ കഴിഞ്ഞു. ഏകദേശം ഒരു വർഷം കഴിഞ്ഞു ശങ്കരനെ വീണ്ടും കാണുമ്പോൾ അവർ തമ്മിൽ തെറ്റിപ്പിരിഞ്ഞെന്നും മല്ലിക ഈ നാട് വിട്ട് എങ്ങോട്ടേക്കോ പോയി എന്നും അറിയാനായ് കഴിഞ്ഞു. പിന്നീട് ഇത് വരെ അവരെ കുറിച്ച് യാതൊരു അറിവും ഇല്ല. ശങ്കരൻ വൈദ്യർ നാല് വർഷം മുൻപ് മരിച്ചത് എല്ലാവർക്കും അറിയാവുന്നതാണ്. കൂടാതെ വൈദ്യർക്ക് ബന്ധുക്കൾ ആയി ആരും തന്നെ ഈ നാട്ടിൽ ഇല്ല. ഇത് കേട്ടപ്പോൾ യാചകന്റെ മുഖം വല്ലാതാകുകയും അച്ഛനും അമ്മയും ഇല്ലാത്തവനെ പോലെ അവൻ വലിയ ഒരു അലർച്ചയോടെ അവിടെ നിന്ന് ഓടി പോകുന്ന കാഴ്ചയാണ് കൂടി നിന്നവർ കണ്ടത്. പിന്നീട് ഒരിക്കലും ആ യാചകനെ ആ പ്രദേശത്തു കണ്ടിട്ടില്ല.