ADVERTISEMENT

എപ്പോഴെങ്കിലും സ്വന്തം മരണത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എങ്ങനെയായിരിക്കും മരണമെന്ന് ആലോചിച്ചിട്ടുണ്ടോ കവികളൊക്കെ പറയുന്നതുപോലെ ഒരില കൊഴിഞ്ഞു വീഴും പോലെയാണ് മർത്ത്യർക്ക് മൃത്യുവെന്നാണോ അതോ രോഗം ബാധിച്ച് നരകിച്ച് മരിക്കുമെന്നോ സ്വയം മടുത്ത് ആത്മഹത്യ ചെയുമോ അതോ ആരാലെങ്കിലും കൊല്ലപ്പെടുമോ എന്തായാലും മരണം സുനിശ്ചയം. അപ്പോൾ പിന്നെ എങ്ങനെ മരിച്ചാലെന്ത് എനിക്ക് തോന്നിയിരുന്നു ഞാൻ ആത്മഹത്യ ചെയ്യുമെന്ന്. ജീവൻ നൽകിയ ഈശ്വരനു മാത്രമേ അത് തിരിച്ചെടുക്കാൻ അധികാരമുള്ളൂ എന്നാണല്ലോ. യമദേവനെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും എനിക്കില്ല. വിപരീതം വർത്തിക്കുകയെന്നത് എന്റെ പൊതു സ്വഭാവമാണ്. എന്തിനും ഏതിനും വിപരീതം പ്രവർത്തിക്കുക. യമദേവൻ വിളിക്കാൻ വരുന്നതിനു മുൻപേ മൂപ്പരെ വെല്ലുവിളിച്ച് കാലപുരിയിലേക്ക് അങ്ങ് കേറി ചെല്ലുക. വിളിക്കാതെ കയറി വന്ന അതിഥിയെ കണ്ട് അങ്ങേരുടെ മുഖം വിളറി വെളുക്കും. അന്നേരം ഒരു ഗൂഢമന്ദഹാസം അങ്ങിട് പൊഴിക്കുക. ആഹാ എന്തൊരു ആനന്ദകരം.. വല്ലാത്തൊരു അനുഭൂതി.

ആത്മഹത്യ എന്നൊക്കെ പറഞ്ഞാൽ അതിനൊരു അന്തസ്സൊക്കെ വേണം. ഒരു ഒന്നൊന്നര മരണമായിരിക്കണം. കാണാനൊരു ചന്തമൊക്കെ വേണം. കൈയ്യിലെ നീല ഞരമ്പിനു കുറുകെ കത്തി കൊണ്ടൊരു വര. ഒരു ചെറിയ നീറ്റൽ. കുഞ്ഞു കുഞ്ഞു തുള്ളികളായി ചോര പതിയെ ഒന്ന് എത്തിനോക്കും. പിന്നെ നല്ല രസമാണ്. കുടു കുടാ ചോര വാർന്നൊഴുകും. പിന്നെയൊരു മയക്കം. പൂർണ്ണമായ ശാന്തത. ശുഭം. അല്ലെങ്കിൽ പിന്നെ വിഷം കഴിച്ചു മരിക്കണം. ഒറ്റ തുള്ളി അകത്തു ചെല്ലുമ്പോൾ തന്നെ കുടലും ആമാശയവും കത്തി പോകുന്ന കൊടും വിഷം. അതിത്തിരി അടിപൊളി ബിരിയാണിയിൽ കൂടി കലർത്തിയാൽ കേമമായി. നല്ല ചൂട് ബിരിയാണിയും ഇച്ചിരി എരിവുള്ള മൊരിഞ്ഞ ചിക്കൻ ഫ്രൈയും കൂടെയായാൽ വിഷം കലർത്തിയതൊക്കെ അങ്ങ് മറന്നു പോവും. പതിയെ ശരീരം മുഴുവൻ വിഷം പടരും. ഒടുവിൽ നീലിച്ച് നീലിച്ചൊരു നീല മരണം.

എന്നിട്ടും എനിക്ക് തൂങ്ങി ചാകാനാണ് തോന്നിയത്. അത് രണ്ടായിരത്തി പത്തിലാണ്. ഇരുപത്തി രണ്ട് വയസ്സിന്റെ തുടിപ്പ്. അമീർ പോയപ്പോൾ എനിക്ക് എങ്ങനെങ്കിലും മരിച്ചാൽ മതിയെന്നായി. അത്രയ്ക്ക് അയാളെ ഭ്രാന്തമായി സ്നേഹിച്ചിരുന്നു. അയാൾ മാത്രമായിരുന്നു ജീവിതം. അതുകൊണ്ടാണല്ലോ ഇട്ടേച്ചു പോയപ്പോൾ അങ്ങ് ചത്തു കളയാൻ തോന്നിയത്. തൂങ്ങി മരണം ഒരൽപം ഭീകരത സൃഷ്ടിക്കുന്ന ഒന്നാണ്. മരിക്കാൻ ആണെങ്കിലോ അതിലും കഠിനവും. ശ്വാസം മുറുകി, മൂത്രം പുറത്ത് ചാടും. ശരീരമങ്ങ് വലിയും. തുടയാകെ മാന്തി പൊളിച്ച് ചോരയൊക്കെ കല്ലിച്ച് നാവ് പുറത്തേക്ക് ചാടി വല്ലാത്തൊരു മരണം. കാണുന്നവർക്കെല്ലാം പേടി തോന്നും. എല്ലാവരേയും ഭയപ്പെടുത്താൻ എനിക്കായില്ല. അതിനു മുമ്പേ കെട്ടിയ കുരുക്കിന് എന്നെ താങ്ങാൻ ശക്തിയില്ലാത്തതിനാൽ ഞാൻ അടപടലം താഴെ വീണു. വീണവീഴ്ച്ചയിൽ നടുവൊടിഞ്ഞ് ഞാൻ കിടപ്പിലുമായി. അങ്ങനെ ആത്മഹത്യ ചെയ്യാനുള്ള പൂതിയങ്ങ് മാറി കിട്ടി.

മുപ്പതാമത്തെ വയസ്സിൽ മരണത്തെ കുറിച്ച് ആകുലതപ്പെടുമ്പോൾ ഒരു ആത്മഹത്യയ്ക്ക് തുനിയാൻ മാത്രം ശക്തി എന്നിലില്ല. യമദേവനെ വെല്ലുവിളിക്കാതിരിക്കാൻ മനസ്സ് അനുവദിക്കുന്നുമില്ല. വല്ലാത്തൊരു സ്വഭാവമാണ് എന്റേത്. സ്വസ്ഥമായി ജീവിക്കേണ്ട പ്രായത്തിൽ വെല്ലുവിളിക്കാൻ നടക്കുന്നു. വെല്ലുവിളിയുടെ ഹരത്തിൽ എന്നെ കൊല്ലാൻ ഒരു ഘാതകനെ ഏർപ്പാടു ചെയ്താലോ എന്ന് വരെ ഞാൻ ചിന്തിച്ചുപോയി. അതാവുമ്പോൾ സുഖമാണ്. സ്വന്തം കൈയാലെ മരിക്കുന്നതിനേക്കാൾ എളുപ്പമല്ലേ മറ്റൊരാളാൽ കൊല്ലപ്പെടുന്നത്. "ഹേയ്... ഘാതകാ... ഞാനിതാ റെഡി എന്നെയങ്ങ് കൊന്നു കളഞ്ഞേക്കൂ.." എന്നും പറഞ്ഞ് അങ്ങിട് നെഞ്ചും വിരിച്ചങ്ങ് നിന്നു കൊടുത്താൽ പോരേ.. നല്ല സുഖമല്ലേ.. കത്തി കൊണ്ടോ ബുള്ളറ്റു കൊണ്ടോ ഒരു മരണം. ഒരു അസ്സൽ കൊലപാതകം. പിന്നെ വാർത്തയായി, ചർച്ചയായി, കേസായി, അന്വേഷണമായി. കുറച്ചു നാൾ അങ്ങനെ എല്ലായിടത്തും നിറഞ്ഞു നിൽക്കാം. ഇത്തിരി കാശ് ചെലവുണ്ടെന്നേ ഉള്ളൂ. അല്ലെങ്കിൽ തന്നെ ഇത്തിരി കാശ് ചെലവാക്കിയാലെന്താ കുറച്ച് ഫേമസ് ആവാലോ..

എനിക്കൊരു ഘാതകനുണ്ടായി. കാശു കൊടുക്കേണ്ടി വന്നില്ല. എന്നിട്ടും എന്നെ കൊല്ലാൻ തയ്യാറായി. ഒരാൾ എന്തിന് വെറുതെ ഒരാളെ കൊല്ലണമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. ഒരു കൊലയും വെറുതെയല്ല. കാരണമില്ലാത്ത കൊലപാതകങ്ങളുമില്ല. ഈ കൊലയ്ക്ക് ഹേതു പ്രണയ നൈരാശ്യം. അയാളുടെ പ്രണയം ഞാൻ നിഷേധിച്ചു. ഞാൻ പണ്ടേ നിഷേധിയാണല്ലോ. പാവം നെൽസൺ. അയാൾക്കത് അംഗീകരിക്കാനായില്ല. അയാൾ ദുഃഖഭാരം കൊണ്ട് ആത്മഹത്യ ചെയ്യുമെന്ന് ഞാൻ കരുതി. പക്ഷേ അയാളത് ചെയ്തില്ല. പകരം എന്നെ കൊന്നു. ഇഞ്ചിഞ്ചായി കൊന്നു. അപ്പോൾ നിങ്ങൾ കരുതും അയാൾ എന്നെ കത്തി കൊണ്ട് കുത്തി തുണ്ടം തുണ്ടമാക്കിയെന്ന്. ഇല്ല, അയാളത് ചെയ്തില്ല. തോക്കു കൊണ്ട് വെടി വച്ചു കൊന്നു എന്ന് ചിന്തിക്കുന്നുണ്ടാവും. അയാളുടെ തോക്കിനു മുന്നിൽ ഭയചകിതയായി നിൽക്കുന്ന എന്റെ രൂപം നിങ്ങളുടെ കൺമുന്നിൽ തെളിഞ്ഞു വരും. ബുള്ളറ്റു നെഞ്ചിൽ തറച്ചു കയറി അതാ ഞാൻ മരിച്ചു വീഴുന്നു. പക്ഷേ ഞാൻ അങ്ങനെയും മരിച്ചില്ല. പിന്നെ എങ്ങനെയായിരുന്നു അയാളെന്നെ ഇഞ്ചിഞ്ചായി കൊന്നത്. അയാളുടെ പക. ആ പക കൊണ്ടാണ് എന്നെ ഇഞ്ചിഞ്ചായി കൊന്നത്.

ക്ഷണിക്കപ്പെടാത്ത അതിഥി പോലെയാണ് മരണം. ക്ഷണിക്കപ്പെടാത്ത അതിഥിയായിരുന്നു നെൽസണും. വീണ്ടും കണ്ടപ്പോൾ അത്ഭുതം തോന്നി. അന്നയാൾ സാധു ആയിരുന്നു. ഇപ്പോൾ അടിമുടി മാറി. കണ്ണിലൊരു തീക്ഷ്ണത. സർവ്വത്ര ഭീകരത. എന്നിട്ടും ഞാൻ പേടിച്ചില്ല. പേടിച്ചെങ്കിൽ തന്നെ പുറത്തു കാണിച്ചതുമില്ല. അയാളെ വിളിച്ച് അകത്തിരുത്തി. ചിലപ്പോഴൊക്കെ നമ്മൾ മരണത്തേയും വിളിച്ചു വരുത്തുമല്ലോ. ഞാൻ നിർത്താതെ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. ഉള്ളാലെ ഭയന്നാൽ അത് മറയ്ക്കാനുള്ള എളുപ്പവഴി അമിത വർത്തമാനമാണല്ലോ. അയാൾ ഒന്നും മിണ്ടിയില്ല. എനിക്ക് ദേഷ്യം വന്നു. അയാൾക്ക് വല്ലതും വാ തുറന്നു പറഞ്ഞാലെന്ത് ഇവിടെ ഒരുത്തി നിർത്താതെ ചിലയ്ക്കുന്നത് കണ്ടില്ലേ. ഞാനയാൾക്ക് ചായയുണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. അയാൾ അങ്ങോട്ട് വന്നു. ഞൊടിയിടയിൽ ബലാൽക്കാരമായി ചേർത്ത് പിടിച്ച് ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. പാവം കുറെ നാളത്തെ പ്രേമഭാരം കൊണ്ടല്ലേ. അടങ്ങാത്ത ആസക്തി കൊണ്ടല്ലേ. എന്നൊക്കെ ഞാനും കരുതി. അങ്ങനെ കരുതിയില്ലെങ്കിൽ തന്നെ അയാളുടെ കരവലയത്തിൽ നിന്ന് രക്ഷപ്പെടാൻ എനിക്കാവുമായിരുന്നില്ല. കരിമ്പാറ കണക്കെ ഉശിരുള്ള ആ മനുഷ്യന്റെ കരവലയത്തിനകത്ത് ഞാൻ അകപ്പെട്ടു പോയിരുന്നു. രക്ഷപ്പെടാൻ പോയിട്ട് ഒന്ന് അനങ്ങുവാൻ പോലും എനിക്ക് സാധ്യമായിരുന്നില്ല. എന്തായാലും അയാളുടെ പ്രണയസമ്മാനം ഞാൻ ഏറ്റു വാങ്ങി. ഉള്ളെരിഞ്ഞു തുടങ്ങിയപ്പോഴാണ് സമ്മാനത്തിന്റെ ശക്തി ഞാനറിഞ്ഞത്. വിഷം. അയാളുടെ ചുണ്ടുകളിൽ നിന്ന് എന്റെ ചുണ്ടുകളിലേക്ക് അയാൾ പകർന്നത് പ്രണയമായിരുന്നില്ല. വിഷം ഉഗ്രവിഷം.

ശരീരം മുഴുവൻ വിഷം കത്തി നശിച്ചു. ഓരോന്നോരോന്നായി കത്തി നശിച്ചു. ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയും പോലെ എന്നെയവിടെ വലിച്ചെറിഞ്ഞ് അയാൾ പോയി. എന്റെ ജീവൻ പോയി. അയാളുടെ പകയും കെട്ടടങ്ങി കാണും. വല്ലാത്തൊരു മരണം തന്നെ എന്റേത്. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. ഇങ്ങനെയൊരു മരണമാണ് വിധിച്ചതെന്ന് ആരറിഞ്ഞു. അല്ലെങ്കിൽ തന്നെ അറിയാൻ പറ്റണതാണോ ഈ വിധിയെന്ന സാധനമൊക്കെ. എന്തായാലും ഞാനങ്ങ് ഫേമസായി. "പ്രണയം നിരസിച്ചതിന് യുവാവ് യുവതിയെ കൊന്നു. വിഷം ചുണ്ടിൽ പുരട്ടി ബലാൽകാരമായി ചുംബിച്ചാണ് കൊലപ്പെടുത്തിയത്". വാർത്തകളിങ്ങനെ ചൂടുപിടിക്കുകയാണ്. എല്ലായിടത്തും ഞാനിങ്ങനെ നിറഞ്ഞുനിൽക്കുന്നു. ഒന്നു മരിച്ചാലെന്താ ഫേമസായില്ലേ. ചർച്ചകൾക്ക് ചൂടുപിടിക്കുമ്പോൾ മെഡിക്കൾ കോളജിലെ മോർച്ചറിയിൽ ഞാനിങ്ങനെ തണുത്ത് മരവിച്ച് കിടക്കുകയാണ്. കൂട്ടിന് എങ്ങനെയൊക്കെയോ മരിച്ച കുറെ സാധു മനുഷ്യരുമുണ്ട്. എല്ലാവരും യമദേവനെ കാത്തിരിക്കുകയാണ്. പറയാതെ വയ്യ. പുള്ളി ഭയങ്കര ലേറ്റാണ്. ഒരു കൃത്യനിഷ്ഠതയില്ലാത്ത മനുഷ്യൻ. മൂപ്പരെ വെല്ലുവിളിച്ചതു കൊണ്ട് എന്നെ കാണുമ്പോൾ പുച്ഛമായിരിക്കും. അപമാനഭാരം കൊണ്ട് അങ്ങേരെ കാണുമ്പോൾ എന്റെ മുഖം വിളറി വെളുക്കുമോ ആവോ..

English Summary:

Malayalam Short Story ' Pranayahathya ' Written by Snehasree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com