ജീവിതം കുളം തോണ്ടുന്ന സൈബർ തട്ടിപ്പുകൾ
Mail This Article
ഇത് ഒരു കെട്ടുകഥയോ കവിതയോ ആസ്വാദനക്കുറിപ്പോ ഒന്നുമല്ല. നമ്മുടെയൊക്കെ ജീവിതത്തിലെ സമ്പാദ്യവും സമാധാനവും തട്ടിയെടുത്ത് കടന്നുകളയാൻ പാകത്തിലുള്ള ചില വൻകിട സൈബർ തട്ടിപ്പുകളെ കുറിച്ചുള്ള ബോധവൽക്കരണത്തിനുള്ള ഒരു ചെറിയ ശ്രമമാണ്. നമ്മുടെ ഇടയിലുള്ള കുറച്ച് ആൾക്കാരെങ്കിലും ഇത്തരം തട്ടിപ്പുകളെ കുറിച്ച് നേരത്തെ അറിയാനും മനസ്സിലാക്കാനും കഴിഞ്ഞാൽ പലവിധ ദുരന്തങ്ങളിൽ നിന്നും പല കുടുംബങ്ങളെയും രക്ഷിക്കാൻ കഴിഞ്ഞേക്കാം.
എനിക്ക് നേരിട്ടുള്ള അനുഭവം തന്നെയാണ് എന്നെക്കൊണ്ട് ഈ ഒരു എഴുത്ത് എഴുതാൻ പ്രേരിപ്പിച്ചത്. പലവിധ സൈബർ തട്ടിപ്പുകളെ കുറിച്ചു നമ്മൾ കേട്ടിട്ടുണ്ടാവും; ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി കടം ചോദിക്കുന്നത് മുതൽ സമ്മാനമായി അടിച്ച 50 ലക്ഷം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന്, അക്കൗണ്ട് വെരിഫൈ ചെയ്യാൻ എന്ന പേരിൽ ഒരു തുക ട്രയൽ ട്രാൻസ്ഫർ ചെയ്യാൻ പറയുന്നതും, ബാങ്ക് അക്കൗണ്ട് എക്സ്പെയർ ആവുന്നതിനു മുമ്പ് ഫോൺകോൾ വഴി അക്കൗണ്ട് ആക്ടിവേഷൻ ചെയ്ത് തരാൻ വിളിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥൻ എന്ന പേരിൽ നടക്കുന്ന തട്ടിപ്പുകൾ വരെ. ഇതൊക്കെ അടിസ്ഥാന വിദ്യാഭ്യാസമോ കുറച്ചു തിരിച്ചറിവോ ഉള്ളവർക്ക് പെട്ടെന്ന് ഊഹിച്ചെടുക്കാൻ പറ്റുന്നതും കാലാവധി കഴിഞ്ഞതുമായ 'ബ്രോഡ്കാസ്റ്റിംഗ്' തട്ടിപ്പുകൾ ആണ്.
ഇത് AI യുടെയും ഡാറ്റയുടെയും കാലം, ഇനി പറയാൻ പോകുന്നത് ന്യൂജെൻ തട്ടിപ്പുകൾ; ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റില്ല എന്ന് മാത്രമല്ല, നമ്മുടെ ജോലിയുടെ സ്വഭാവവും നമ്മുടെ ജീവിത സാഹചര്യങ്ങൾ വരെ മനസ്സിലാക്കി നടത്തുന്ന 'പേഴ്സണലൈസ്ഡ്' തട്ടിപ്പുകൾ ആണ് ഇന്നുള്ളത്. ഇത് എത്ര വിദ്യാഭ്യാസം ഉള്ളവനായിരുന്നാലും, വിവരമുള്ളവർ ആയിരുന്നാലും എന്തിന് ചിലപ്പോൾ സൈബർ ഉദ്യോഗസ്ഥനെ വരെ വഞ്ചിക്കാൻ കഴിയുന്നതുമായ സൈബർ തട്ടിപ്പുകൾ ആണ്. അത്തരം അപകടം പിടിച്ച ചില തട്ടിപ്പുകളെ കുറിച്ച് എഴുതാൻ വേണ്ടിയുള്ള ഒരു ശ്രമമാണ്. എല്ലാ തട്ടിപ്പുകളെ കുറിച്ചും ഒറ്റ എഴുത്തിൽ പറഞ്ഞു മുഷിപ്പിക്കുന്നില്ല. കഴിയുന്നതുപോലെ ഓരോ തട്ടിപ്പുകളെ കുറിച്ചും വെവ്വേറെ എഴുതാൻ ശ്രമിക്കാം, ആദ്യം പാർസൽ സ്‌കാമിനെ പരിചയപ്പെടാം.
പാർസൽ സ്‌കാം
നമ്മുടെ മൊബൈലിൽ ഒരു ടെസ്റ്റ് മെസ്സേജ് വരുന്നു; കൃത്യമായ അഡ്രസ് നൽകാത്തത് കൊണ്ട് നിങ്ങളുടെ കൊറിയർ റിട്ടേൺ പോകുന്നു കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്നായിരിക്കും ആ മെസ്സേജിന്റെ ഉള്ളടക്കം. സ്വാഭാവികമായി മറ്റു പണികൾ ഉള്ളതുകൊണ്ടും ഇങ്ങനെ ഒരു ഡെലിവറി വരാനില്ലാത്തതുകൊണ്ടും, സ്പാം മെസ്സേജുകൾ നിരവധി വരുന്നതുകൊണ്ടും അവജ്ഞയോടെ നമ്മളത് തള്ളിക്കളയുന്നു (ആ ലിങ്ക് ക്ലിക്ക് ചെയ്താൽ എന്താണ് സംഭവിക്കുക എന്നത് വേറെ പറയാനുണ്ട്). ഇതുപോലെ വീണ്ടും ഇടയ്ക്ക് മെസ്സേജ് വരുന്നു നമ്മൾ തള്ളിക്കളയുന്നു. എന്നാൽ ഒരു ദിവസം നമ്മൾക്ക് ഒരു റെക്കോർഡഡ് കോൾ വരുന്നു അറ്റൻഡ് ചെയ്താൽ, പലതവണ ശ്രമിച്ചിട്ടും സക്സസ്ഫുൾ അല്ലാത്തതുകൊണ്ട് താങ്കളുടെ Fedex ഷിപ്പ്ഡ് കൊറിയർ ഐറ്റം റിട്ടേൺ പോകുന്നു (Fedex നു പകരം വേറെയും നല്ല ഇന്റർനാഷണൽ ബ്രാൻഡുകൾ പ്രതീക്ഷിക്കാം). കൂടുതൽ വിവരങ്ങൾക്ക് കസ്റ്റമർ കെയറുമായി കണക്ട് ചെയ്യുക എന്നും പറയും. കസ്റ്റമർ കെയറിലേക്ക് കണക്ട് ചെയ്യുന്നതിന് ഒന്നമർത്തുക എന്ന് കേട്ട ഉടനെ സ്വാഭാവികമായി ‘ഇതാരാണപ്പാ നമ്മൾക്ക് Fedex ലൊക്കെ കൊറിയർ ചെയ്യുന്നത്’ എന്ന മാനസികാവസ്ഥയിൽ, ‘ഇനിയിപ്പോ വല്ല ലോട്ടറിയും അടിച്ചാലോ’ എന്ന മാനുഷിക പ്രേരണയുടെ പുറത്ത് നമ്മൾ ഒന്നമർത്തുന്നു.
അപ്പുറത്ത് കുലീനമായും വളരെ മാന്യമായും സംസാരിക്കുന്ന ഒരു സ്ത്രീ/പുരുഷ ശബ്ദം കേൾക്കുന്നു, Fedex ലെ കസ്റ്റമർ കെയർ ഉദ്യോഗാർഥിയുടെ എല്ലാ മര്യാദയോടും കൂടി അവർ കാര്യം ചോദിക്കുന്നു. നമ്മൾ ഇങ്ങനെ ഒരു ഷിപ്പിങ്ങിനെ കുറിച്ച് കോൾ വന്ന കാര്യം പറയുന്നു. അപ്പോൾ അവർ നമ്മുടെ മൊബൈൽ നമ്പർ വെരിഫൈ ചെയ്യുന്നു. തുടർന്ന് സാറിന്റെ ഡീറ്റെയിൽസ് ഒന്ന് പരിശോധിച്ചോട്ടെ എന്ന് ചോദിച്ചതിന് ശേഷം ഒരു മിനിറ്റോളം സമയമെടുത്ത്, കാത്തു നിന്നതിന് നന്ദിയും പറഞ്ഞ് നമ്മുടെ ഡീറ്റെയിൽസ് ഇങ്ങോട്ട് പറഞ്ഞു തരുന്നു, അപ്പോഴേക്കും നമ്മളുടെ മനസ്സ് Fedex കസ്റ്റമർ കെയറിന്റെ ആധികാരികതയിലും വിശ്വാസതയിലും തൃപ്തരായി കാണും, നമ്മുടെ മനസ്സ് ഇയാളെ Fedex കസ്റ്റമർ കെയർ ആണെന്ന് ഉറപ്പിക്കുകയും ചെയ്യും.
പിന്നീടാണ് കളി; നമ്മളെ പലതവണ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു, മെസ്സേജും അയച്ചിരുന്നു എന്ന് അവർ പറയും (അപ്പോൾ സ്പാമാണെന്ന് കരുതി നമ്മൾ തള്ളിക്കളഞ്ഞ ആ പഴയ മെസ്സേജിനെ കുറിച്ച് നമ്മൾ ഓർക്കും). താങ്കൾക്ക് മുംബൈയിൽ നിന്നും ഒരു കൊറിയർ ഉണ്ടായിരുന്നു, ഒരു അംറാസ് ഖാൻ അയച്ചത് (പേര് ആവശ്യത്തിനനുസരിച്ച് മാറാം). അത് പൊലീസ് ഉദ്യോഗസ്ഥർക്ക് കിട്ടിയ റിപ്പോർട്ട് പ്രകാരം പിടിച്ചെടുക്കുകയും, അതിൽ 300 ഗ്രാമോളം നിരോധിത ഡ്രഗ്സ് കണ്ടെത്തുകയും ചെയ്തിട്ടുണ്ട് (അപ്പോഴേക്കും നമ്മൾ ആകെ ഒരു അമ്പരപ്പിൽ ആയിരിക്കും). അയാൾ തുടരുന്നു; ഇതിലുള്ള നിരോധിത മരുന്ന് എംഡിഎംഎ ആണ്. താങ്കൾക്ക് ഈ സുഹൃത്തിനെ പരിചയം ഉണ്ടോ എന്നും ചോദിക്കും, നമ്മൾ സ്വാഭാവികമായും എനിക്ക് ഇങ്ങനെ ഒരു സുഹൃത്തേ ഇല്ല മാത്രമല്ല ഞാൻ ഇതുവരെ മുംബൈയിൽ പോയിട്ട് പോലുമില്ല എന്ന് പറയും. അപ്പോൾ അയാൾ, താങ്കളുടെ ബുദ്ധിമുട്ട് മനസ്സിലാവുന്നു എന്നാൽ താങ്കളുടെ ആധാർ ഡീറ്റൈൽ അടക്കം ആരോ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നും അറിയിക്കുന്നു. താങ്കളുടെ ആധാർ ഈയടുത്ത് നഷ്ടപ്പെട്ടിരുന്നോ എന്നും ചോദിക്കും, നമ്മൾ ഇല്ല എന്നു പറയും, അങ്ങനെ നമ്മൾ നമ്മളുടെ നിസ്സഹായാവസ്ഥ അറിയിക്കുമ്പോൾ, അയാൾ എനിക്ക് മനസ്സിലാകും എന്ന് പറഞ്ഞ് നമ്മളെ ആശ്വസിപ്പിക്കും.
തുടർന്ന്, എന്നാൽ കാര്യം കുറച്ചു ഗൗരവമുള്ളതാണ് താങ്കളുടെ ആധാറും മറ്റു വിവരങ്ങളും പൊലീസ് ഉദ്യോഗസ്ഥർക്ക് മാഫിയയുടെ അടുത്ത് നിന്നും കിട്ടിയ സ്ഥിതിക്ക് അത് താങ്കളുടെ ആധാറും പാസ്പോർട്ടും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാനും, മറ്റന്വേഷണങ്ങൾക്ക് വിധേയമാകാനും സാധ്യതയുണ്ട്. (ഇപ്പോൾ നമ്മളുടെ അമ്പരപ്പ് മുഴുവനായി മാറി ശരിയായി പേടിയിലേക്ക് എത്തുന്നു). ഇതിനിടക്ക് അയാൾ സാറിന് മുംബൈയിലെ നാർക്കോ സെല്ലിൽ നേരിട്ട് ഹാജരാവാൻ പറ്റുമോ എന്ന് ചോദിക്കുന്നു, നമ്മൾ 'അയ്യോ ഇവിടെനിന്ന് നല്ല ദൂരമുണ്ട് പറ്റില്ല' എന്ന് പറയുന്നു. അപ്പോൾ അയാൾ ഞാൻ നേരിട്ട് ഈ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണക്ട് ചെയ്തു തരാമെന്നും താങ്കൾക്ക് ഉടനെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു.
തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ എന്ന് പറയുന്ന ഒരാളുമായി ഫോൺ കണക്ട് ആകുന്നു നമ്മൾ കാര്യങ്ങൾ പറയുമ്പോൾ അയാൾ സ്കൈപ്പ് വീഡിയോ കോളിൽ വരാൻ പറയുകയും അങ്ങനെ സ്കൈപ്പ് കോളിൽ കയറിയാൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പൊലീസ് സ്റ്റേഷനിൽ നിന്ന് നമ്മളോട് സംസാരിക്കുന്നതും കാണാൻ കഴിയും. വളരെ ആധികാരിക സ്വഭാവത്തോടെ സംസാരിക്കുന്ന ആ ഉദ്യോഗസ്ഥൻ പിടിക്കപ്പെട്ട പാർസലിന്റെ ഗൗരവവും മറ്റും ബോധ്യപ്പെടുത്തിയ ശേഷം നിങ്ങൾ ഇതിൽ ഭാഗമാണെന്ന് ഞങ്ങൾ കരുതുന്നില്ല എന്നും എന്നാൽ നിങ്ങളുടെ പാസ്പോർട്ടും ആധാറും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യേണ്ടിവരും എന്നും അറിയിക്കുന്നു. തുടർന്ന് ഇത്തരം മാഫിയകളുമായി സാമ്പത്തിക ഇടപാടുകൾ ഒന്നും നടത്തിയിട്ടില്ല എന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞാൽ താങ്കളെ ചിലപ്പോൾ ഈയൊരു അന്വേഷണങ്ങളിൽ നിന്ന് ഒഴിവാക്കി തരാൻ കഴിഞ്ഞേക്കാം എന്നു അറിയിക്കുന്നു. അതിനുവേണ്ടി താങ്കളുടെ ആധാറുമായി കണക്ട് ചെയ്ത അക്കൗണ്ട് ഡീറ്റെയിൽസ് നൽകാനും ഒരുതരത്തിലും സംശയിക്കാത്ത രീതിയിൽ ആവശ്യപ്പെടുന്നു.
പിന്നീടുള്ള കാര്യങ്ങൾ പറയേണ്ടതില്ലല്ലോ ഒരു മനുഷ്യായുസ്സിലെ സമ്പത്തും സമാധാനവും എല്ലാം കവർന്നെടുത്ത് ഇവർ രക്ഷപ്പെടുകയും ചെയ്യും. ഇനി ഇവർ വിളിച്ച നമ്പറിലേക്ക് നമ്മൾ തിരിച്ചു വിളിക്കാൻ ശ്രമിച്ചാൽ അങ്ങനെ ഒരു നമ്പർ നിലവിൽ ഉണ്ടാവുകയും ചെയ്യില്ല. തുടർന്ന് സൈബർ സെല്ലിൽ അതിനെക്കുറിച്ച് പരാതി നൽകുകയും അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്യുമെങ്കിലും ഉദ്യോഗസ്ഥർക്ക് ഒരു തരത്തിലും കുറ്റവാളികളെ കണ്ടെത്താൻ കഴിയുകയുമില്ല. ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് ട്രാക്ക് ചെയ്തു അവസാനം എത്തിപ്പെടുന്നത് ഉത്തരേന്ത്യയിലെ പാവങ്ങളായ ഏതെങ്കിലും കർഷകരുടെ അഡ്രസ്സുകളിൽ ആയിരിക്കാം, നേരത്തെ ഇവരുടെ അടുത്തുനിന്നും ഇത്തരം മാഫിയകൾ അക്കൗണ്ടുകൾ വിലക്ക് വാങ്ങുകയും, തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയും ചെയ്യും. ഇതുപോലെ നൂറുകണക്കിന് അക്കൗണ്ടുകൾ ഇവരുടെ കൈവശം ഉണ്ടാവുകയും ചെയ്യും. ഒരു അക്കൗണ്ടിൽ നിന്നും മറ്റ് പല അക്കൗണ്ടുകളിലേക്ക് മാറ്റി പല എടിഎമ്മുകളിൽ നിന്നുമായി അത് പിൻവലിക്കുകയും ചെയ്തിട്ടുണ്ടാവും. അത്തരത്തിൽ വളരെ വിദഗ്ധമായി നമ്മുടെ സമ്പത്ത് കവർന്നെടുത്ത് അവർ എങ്ങോ മാഞ്ഞുപോകും, തട്ടിപ്പിനിരയായവർ ചിലപ്പോൾ ഏതെങ്കിലും ദുര്യോഗവാർത്തകളിലെ പത്രക്കോളങ്ങളിൽ കാണേണ്ടിയും വരും..
തുടരും..