'വീട്ടുകാർ അവൾക്കായി സമ്മാനിച്ച വീട്ടിൽ താമസിക്കാൻ ഭർത്താവിന് ആദ്യമൊക്കെ മടിയായിരുന്നു...'
Mail This Article
അടുപ്പത്ത് അവിയലിന്റെ കഷണം വേവുന്ന മണം അവൾ മാത്രം അറിഞ്ഞു. അപ്പോൾ ആണ് അവൾ ഓർത്തത്, "ഓ.! തേങ്ങ അരച്ചു ചേർക്കാൻ മറന്നു.." ഒരു കറി വയ്ക്കുമ്പോൾ എവിടെയെല്ലാം മനസ് ചെല്ലണം. അതും പ്രഭാതത്തിലെ തിരക്കിനിടയിൽ. ഇതുവരെ അമ്മ വിളമ്പിത്തരുന്നത് കഴിച്ചാൽ മാത്രം മതിയായിരുന്നു. ഒന്നും അറിഞ്ഞിരുന്നില്ല. ഒരു തമാശ പോലെ അന്നൊക്കെ അമ്മ ചിരിച്ചുകൊണ്ട് പറയും, "എല്ലാം അറിയുന്ന ഒരു ദിവസം വരും." ആ ദിവസം വന്നിരിക്കുന്നു. വിശ്വസിക്കുവാനാകുന്നില്ല...!
വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ പുതിയ വീട്ടിൽ താമസം തുടങ്ങി. വീട്ടുകാർ നേരത്തെ പണി കഴിപ്പിച്ച, മകൾക്കായി സമ്മാനിച്ച വീട്. തന്റെ ഭർത്താവിന് ആദ്യമൊക്കെ മടിയായിരുന്നു. "ഇത്ര പെട്ടെന്ന് നമ്മൾ താമസം മാറിയാൽ അച്ഛനും അമ്മയ്ക്കും അത് പ്രയാസമാകില്ലേ?" അദ്ദേഹം തന്റെ അനിഷ്ടം അറിയിച്ചു. അവിടെയും എന്റെ വീടുപോലെ, അച്ഛനും അമ്മയും മാത്രം. എങ്കിലും ഞാൻ പറഞ്ഞു, "ഇതുവരെ അച്ഛനും അമ്മയും ഞാനുമായിരുന്നു എന്റെ വീട്. അവിടം വിട്ട് ഞാൻ പോന്നില്ലേ. വിവാഹം എന്ന മൂന്നക്ഷരത്തിൽ... ഒരു പെണ്ണിന്റെ യാത്ര പറച്ചിൽ... അത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ... ഇനി മുതൽ എല്ലാവരും നമ്മുടെ പുതിയ വീട്ടിലേക്ക് വരട്ടെ. പോയീം, വന്നും ഓരോ വീടും വലുതാകട്ടെ." ഏതോ ഒരു നിമിഷം തന്റെ ഭർത്താവിന് തോന്നി, ഞാൻ പറഞ്ഞത് ശരിയാണെന്ന്.
"എണീക്ക്. ഓഫീസിന്റെ സമയം... ബ്രേക്ക് ഫാസ്റ്റ് തയ്യാർ. അരി വേവിച്ച് വാർത്ത് ഇട്ടിരിക്കുന്നു. അവിയലിന്റെ കഷ്ണം വെന്തു. ഇതൊന്ന് അരച്ചു ചേർക്കണം. ഒന്ന് പൊട്ടിച്ചു തരുമോ..." തേങ്ങായും, കറിക്കത്തിയും അയാളുടെ കൈയ്യിലേക്ക് വച്ച്, അവൾ തന്റെ തിരക്കിലേക്ക് മറഞ്ഞു. "രണ്ടുപേർക്കും ഒരേ സമയത്താണ് ഓഫീസിലേക്ക് ഇറങ്ങേണ്ടത്. വീട്ടിലും ഇരുവരും ഒരുപോലെ ജോലി ചെയ്തെങ്കിലേ സമയത്ത് ജോലിക്ക് എത്താൻ പറ്റൂ. എല്ലാം പരസ്പരം നേരത്തെ പറഞ്ഞിട്ടുള്ളതാണ്. സ്വപ്നവും ജീവിതവും തമ്മിൽ എവിടെയോ ചേരാതെ ബാക്കി നിൽക്കുന്നു...!" വിയർപ്പിൽ കുളിച്ച്, ഒറ്റയ്ക്ക് അടുക്കളയിൽ നിൽക്കുമ്പോൾ കുറെ ചിന്തകൾ മാത്രം അവൾക്ക് കൂട്ട്!
കൈയ്യിലിരിക്കുന്ന ഉടയ്ക്കാനുള്ള തേങ്ങ, കറിക്കത്തിയുടെ മൂർച്ച, ഇടയ്ക്കിടെ വീടിന്റെ ഓർമ്മകൾ... അയാൾ ആകെ ഒന്ന് നോക്കി. "പരിചിതമായ മുഖം. തന്നിലേക്കത് കൂടുതൽ അടുത്തു വരുന്നു. തന്നോട് എന്തൊക്കെയോ പറയുന്ന രണ്ടു കണ്ണുകൾ. നെറ്റിയും, പുരികവും, മൂക്കും, വായും, കീഴ്താടിയും എല്ലാം പകർത്തി വച്ചതുപോലെ... ശിരസ്സിൽ പറ്റിച്ചേർന്നു നിൽക്കുന്ന മുടിയുടെ പിന്നിലൊരു കെട്ടും. തനിക്കിത് പൊട്ടിക്കാനാകില്ല!!" കറിക്കത്തി അയാളുടെ കൈയ്യിൽ ഇരുന്ന് വിറച്ചു. "എന്തായി കറിയുടെ പകുതി ജാതകം." വിയർപ്പിൽ നനഞ്ഞ്, മുഖം ഇല്ലാതെ അവൾ തന്റെ ഭർത്താവിന്റെ മുന്നിൽ നിന്നു കൈനീട്ടി...!