അച്ഛനും അമ്മയുമില്ല, അധികപറ്റായി ബന്ധുവിന്റെ വീട്ടിൽ ജീവിതം; ഒടുവിൽ സ്നേഹിച്ചിരുന്ന പെൺകുട്ടിയും അകന്നു
Mail This Article
എരിഞ്ഞു തീരുന്ന സിഗരറ്റിനെയും പുകച്ചു തള്ളുന്ന വെളുത്ത പുകയും നോക്കി കണ്ണന്‍ പിറകോട്ടു ചിന്തിച്ചു.. തന്റെ കഴിഞ്ഞ കാലങ്ങളെ പറ്റി. കഴിഞ്ഞ കാലങ്ങളില്‍ എല്ലാം തനിക്കു സമൂഹവും... ബന്ധുക്കളും... സുഹൃത്തുക്കളും.. തന്നത് അവഗണനയും പരിഹാസവും മാത്രം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ജീവനെക്കാള്‍ ഉപരിയായി താന്‍ സ്നേഹിച്ചിരുന്ന ഇന്ദു. അവളും. അവന്റെ ചിന്തകൾ കഴിഞ്ഞ കാലങ്ങളിലൂടെ സഞ്ചരിച്ചു. കോലോത്തു മനക്കലെ അടിച്ചു തളിക്കാരിയായിരുന്നു അമ്മ രുക്മണി, ലോറി ഡ്രൈവർ ആയ അച്ഛന്റെ വഴി വിട്ട ജീവിതം കാരണം ഒരു സമ്പാദ്യവും ഉണ്ടായിരുന്നില്ല. മനയിലെ വല്യനമ്പൂതിരി പതിച്ചു തന്ന രണ്ടു സെന്റ് സ്ഥലവും ഒരു ചെറ്റകുടിലും അല്ലാതെ. താന്‍ ജനിക്കുന്നതിനു മുമ്പേ തന്നെ അച്ഛന്‍ ഒരു തമിഴത്തിയുടെ കൂടെ പോയി. പോയതിനു കാരണം അച്ഛന്‍ പറഞ്ഞത് അമ്മയുടെ വയറ്റില്‍ വളരുന്ന ഞാന്‍ അച്ഛന്റെ അല്ല എന്നായിരുന്നു. അങ്ങനെ അച്ഛന്‍ ഇല്ലാത്തവനായി ഞാന്‍ ജനിച്ചു. എന്റെ ജനനത്തോടെ അമ്മ മരിച്ചു.
പിന്നീട് എന്നെ വളര്‍ത്തിയത് അമ്മയുടെ ഒരു അകന്ന ബന്ധത്തിൽ ഉള്ള കേശവന്‍മാമ ആയിരുന്നു. കേശവന്‍മാമ്മടെ വീട്ടില് ഞാന്‍ സത്യത്തില്‍ ഒരു അധിക പറ്റായിരുന്നു. എനിക്ക് ഓർമ്മ വെച്ചപ്പോള്‍ മുതല്‍ എന്റെ സ്ഥാനം അവിടുത്തെ വേലക്കാരിലും താഴെയായിരുന്നു. കേശവന്‍മാമക്ക് മൂന്നു മക്കളായിരുന്നു, മൂത്തയാള്‍ അനന്തേട്ടന്‍, അതിനു താഴെ ഉണ്ണിയേട്ടന്‍ ഏറ്റവും ഇളയത് ഇന്ദുവും. സ്കൂളില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ നാലാളും ഒരുമിച്ചായിരുന്നു പോയത്. മറ്റുള്ളവരെ പോലെ നല്ല ഉടുപ്പുകളോ നല്ല പുസ്തകങ്ങളോ ഒന്നും എനിക്ക് ഇല്ലായിരുന്നു, ഉണ്ടായിരുന്നത് ആകെ ഉണ്ണിഏട്ടന്റെ പഴയ രണ്ടു ബുക്കുകള്‍ മാത്രമായിരുന്നു, അതില്‍ എഴുതാത്തതായി ഏതാനും താളുകള്‍ മാത്രവും. കഴിഞ്ഞ ഓണത്തിന് അനന്തേട്ടന് ഉടുപ്പ് മേടിച്ചപ്പോള്‍ കിട്ടിയ പേപ്പർ കൊണ്ട് ആ ബുക്ക് ഞാന്‍ ഭംഗിയായി പൊതിഞ്ഞു സൂക്ഷിച്ചിരുന്നു. ഞാന്‍ ഇട്ടിരുന്ന ഉടുപ്പും നിക്കറും ഏട്ടന്‍മാരുടെ പഴയവ ആയിരുന്നു, അതില്‍ പലതും കീറിയതിനു ശേഷം വീണ്ടും തുന്നിയവയും.
സ്കൂളില്‍ പോകുമ്പോള്‍ എന്റെ ചുമതല ഏട്ടന്‍മാരുടെ സഞ്ചി ചുമക്കുക എന്നത് ആയിരുന്നു, ഒരു കഴുതയെ പോലെ ആയിരുന്നു ഞാന്‍ അത് ചെയ്തിരുന്നത്. സ്കൂളില്‍ പോകുന്ന വഴിയിലും, സ്കൂളില്‍ എത്തിയ ശേഷവും എല്ലാവരും പലരീതിയില്‍ എന്നെ പരിഹസിക്കാറുണ്ടായിരുന്നു. അധ്യാപകര്‍ക്കും ഞാന്‍ പരിഹാസപാത്രമായിരുന്നു. സ്കൂളില്‍ എന്റെ പ്രധാന ജോലി മറ്റു കുട്ടികൾക്ക് ഉച്ചകഞ്ഞി ഉണ്ടാക്കി വിളമ്പുക എന്നതായിരുന്നു.. സ്കൂളില്‍ നിന്നും തിരിച്ചു എത്തിയാല്‍ ഉണ്ണിയേട്ടന്റെ അമ്മ എന്നെ ഒരു അടിമയെ പോലെ പണി എടുപ്പിക്കുമായിരുന്നു. ഇതില്‍ നിന്നെല്ലാം എനിക്ക് ഒരു തെല്ല് ആശ്വാസം ഇന്ദു മാത്രം ആയിരുന്നു. ഒരു നേരം പോലും വയറു നിറച്ചു ആഹാരം കഴിച്ചിട്ടില്ലാത്ത എനിക്ക് ഇന്ദു പലപ്പോഴും അവള്‍ക്കു കിട്ടിയിരുന്ന പലഹാരങ്ങള്‍ തന്നിരുന്നു... വര്‍ഷങ്ങള്‍ വേഗതയില്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. എല്ലാവരില്‍ നിന്നും പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിരുന്ന എനിക്ക് തെല്ലു ആശ്വാസം ഇന്ദുവിന്റെ സാമീപ്യം അത് മാത്രം ആയിരുന്നു. ആ സാമീപ്യം സ്നേഹത്തിലേക്കു വഴി മാറാന്‍ അധിക നാൾ വേണ്ടി വന്നില്ല.
കാലചക്രം മുന്നോട്ടു കറങ്ങികൊണ്ടിരുന്നു. എനിക്ക് ഇന്ന് വയസ് 27. തറവാട്ടിലെ മൂത്ത ആളായ അനന്തേട്ടന്റെ വിവാഹം കഴിഞ്ഞു, തൃശ്ശൂരിലെ മുന്തിയ തറവാട്ടിലെ സീത ഏട്ടത്തി ആയിരുന്നു വധു. സര്‍ക്കാരില്‍ ഉന്നത ജോലി ഉണ്ടായിരുന്ന അനന്തേട്ടന് ആ ബന്ധം എന്ത് കൊണ്ടും യോജിച്ചതായിരുന്നു. ബാംഗ്ലൂരില്‍ ബിരുദാനന്തര ബിരുദം പഠിക്കുകയാണ് ഉണ്ണിയേട്ടന്‍. പന്ത്രണ്ടാം തരത്തില്‍ പഠനം നിറുത്തിയ ഇന്ദു ഇപ്പോള്‍ തയ്യല് പഠിക്കുന്നു. ഇന്ദുവിന് ഇപ്പോള്‍ പ്രായം 21. നാലാം ക്ലാസ്സില്‍ പഠനം നിറുത്തിയ ഞാന്‍ ഇന്ന് വീടിനു അടുത്തുള്ള കേശവന്‍ മാമയുടെ റേഷന്‍ കടയില്‍ അരിയും, പഞ്ചസാരയും തൂക്കി കൊടുക്കുന്നു. ഞാനും ഇന്ദുവും തമ്മിലുള്ള ബന്ധം ഈ കാലത്തിനു ഇടയില്‍ കൂടുതല്‍ ദൃഢമായി. എന്നെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ലെന്നു ഇന്ദു എന്നോട് പറഞ്ഞു. ഞാന്‍ ഇന്ദുവും ഒന്നിച്ചുള്ള വിവാഹ ജീവിതം സ്വപ്നം കണ്ടുകൊണ്ടു മുന്നോട്ടു ജീവിച്ചു.
കുറച്ചു നാളുകളായി കേശവന്‍മാമ റേഷന്‍ കടയില്‍ വരാറില്ല. ഞാന്‍ തനിയെ ആണ് കട നടത്തിയിരുന്നത്. ഒരു ദിവസം ഉച്ചക്ക് ഞാന്‍ കടയും പൂട്ടി വീട്ടിലേക്ക് വന്നപ്പോള്‍ വീടിന്റെ ഉമ്മറത്ത് ആരൊക്കെയോ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ കിണറ്റു കരയില്‍ പോയി കൈയും കാലും കഴുകി വീടിന്റെ പിന്നാമ്പുറത്തു കൂടി അടുക്കളയില്‍ച്ചെന്നു. അവിടെ സഹായത്തിനു നില്‍ക്കുന്ന നാണി ഏട്ടത്തി ഉണ്ടായിരുന്നു, ഞാന്‍ ഏട്ടത്തിയോട് ചോദിച്ചു "ആരാ ഉമ്മറത്ത്" ഏട്ടത്തി പറഞ്ഞു "അത് നമ്മുടെ ഇന്ദു മോളെ കാണാന്‍ വന്നവരാണ്." എനിക്ക് തലകറങ്ങുന്ന പോലെയും, ഭൂമി രണ്ടായി പിളരുന്നത് പോലെയും തോന്നി. മനസിലേക്ക് ഇന്ദുവിന്റെ മുഖം വന്നപ്പോള്‍ തെല്ലും ആശ്വാസം തോന്നി. പക്ഷേ സംഭവിച്ചത് എല്ലാം എന്റെ ആശകള്‍ക്ക് എതിരായിരുന്നു. ആരോരും ഇല്ലാത്തവനും, വിദ്യാഭ്യാസമോ, നല്ല ജോലിയോ ഇല്ലത്തവനായ എനിക്ക് ഇന്ദുവിനെ വിവാഹം കഴിച്ചു തരാന്‍ അവളുടെ വീട്ടുകാര്‍ക്ക് സമ്മതം ആയിരുന്നില്ല.. വീട്ടുകാരെ ധിക്കരിക്കാൻ ഇന്ദുവിനും.. എന്നെ ഒരു പെങ്ങളെ പോലെ കാണണം എന്ന് ഇന്ദുവും, ഉണ്ടചോറിനു നന്ദി കാണിക്കണം എന്ന് കേശവന്‍മാമയും പറഞ്ഞു.
നാളെ ഇന്ദുവിന്റെ വിവാഹം.. മുറ്റത്തു ഉയര്‍ന്നിരിക്കുന്ന ഗംഭീരമായ പന്തല്‍, കേശവന്‍മാമയും മറ്റു കാരണവന്‍മാരും പന്തലില്‍ ഇരുന്നു വെടിവട്ടം പറയുന്നു, വീടിനു വെളിയില്‍ ഉണ്ണിയേട്ടനും കൂട്ടുകാരും മദ്യ സല്‍ക്കാരത്തില്‍ ആയിരുന്നു. കലവറയില്‍ പച്ചക്കറി അരിയുന്നതിന്റെയും മറ്റും തിരക്കുകള്‍, അകത്തെ മുറിയില്‍ സീതേട്ടത്തിയും, ഇന്ദുവും, ഇന്ദുവിന്റെ കൂട്ടുകാരികളും ആഭരണങ്ങളും, വസ്ത്രങ്ങളും മറ്റും നോക്കിക്കാണുന്നു, ഇതില്‍ ഒന്നും പെടാതെ ഞാന്‍.. ഞാന്‍ മാത്രം.. നോക്കൂ ഇവിടെ ഞാന്‍ തനിച്ചാണ്...