ADVERTISEMENT

'മോനേ ഇന്ന് അവധിയുടെ കാര്യം വല്ലതും പത്രത്തിലുണ്ടോ?' സൂസി ടീച്ചർ പുതപ്പിനടിയിൽ നിന്നും തല മാത്രം പുറത്തേക്കിട്ടു ചോദിച്ചു. തുടർച്ചയായി മൂന്നു ദിവസം അവധിയുടെ ആഹ്ലാദത്തിലായിരുന്ന മകൻ അമ്മയോട് വളരെ സന്തോഷത്തോടെ തന്നെ പറഞ്ഞു. 'പുതപ്പ് മാറ്റേണ്ടമ്മേ, ഇന്നും അവധിയാ.' അതു കേട്ടപ്പോൾ ടീച്ചർക്കും വലിയ സന്തോഷമായി. പുതപ്പ് വീണ്ടും തലവഴി മൂടി കിടപ്പ് തുടരുമ്പോൾ ടീച്ചർ ഓർത്തു. മഴ ഇങ്ങനെ തകർത്ത് പെയ്യുകയാണെങ്കിൽ ഇനി കുറച്ചു ദിവസം കൂടി അവധിയുടെ ഘോഷയാത്രയായിരിക്കും. 'ജോലി ദുഃഖമാണുണ്ണീ, അവധിയല്ലോ സുഖപ്രദം' എന്നൊരു കവിതയെഴുതിയാലെന്താ എന്നും ടീച്ചർക്ക് തോന്നാതിരുന്നില്ല. ഭർത്താവ് കുളി കഴിഞ്ഞു വന്നിട്ടും ടീച്ചർ സുഖ നിദ്ര തന്നെ. 'നിങ്ങൾക്ക് മാത്രമേ അവധിയുള്ളു, എനിക്കില്ല.' ടീച്ചറെ തട്ടി വിളിച്ച് ഭർത്താവ് പറഞ്ഞു. 'കഴിഞ്ഞ മഴയ്ക്കും ഞാൻ പറഞ്ഞതല്ലെ, വിദ്യാഭ്യാസ വകുപ്പിലേക്ക് മാറാൻ, ഇപ്പോൾ കിടന്നുറങ്ങാൻ മേലായിരുന്നോ?'

അടുക്കളയിലെ പുട്ട് പരീക്ഷണം തീരാൻ കാത്തിരിക്കുക തന്നെ എന്ന് ഓർത്ത് ഹസ്ബെന്റ് പത്രം വായിക്കാനിരുന്നു. പുട്ടിന്റെ വിവിധ രൂപങ്ങളിലുള്ള പരീക്ഷണങ്ങളാണ് ടീച്ചറുടെ പ്രധാന ഹോബി. അരിപ്പുട്ട്, മണിപ്പുട്ട്, ഗോതമ്പ് പുട്ട്, ചെമ്പാ പുട്ട് ഇതെല്ലാം ഉണ്ടാക്കി ഒരാഴ്ച്ച തികഞ്ഞില്ലെങ്കിൽ വേണ്ടി വന്നാൽ നൂൽപ്പുട്ടും ഉണ്ടാക്കിക്കളയും. ഏത് ന്യായപ്രകാരം നോക്കിയാലും ഒരാഴ്ച്ച സ്കൂളുകൾക്ക് അവധി കൊടുക്കുമ്പോൾ മറ്റുള്ളവർക്കും രണ്ടു ദിവസം അവധി കൊടുക്കേണ്ടതല്ലേ? പുട്ട് വരും വരെയുള്ള ഷോർട്ട് ബ്രേക്കിൽ ഹസ്ബെന്റ് ആലോചിച്ചു. അപ്പോഴാണ് അടുത്ത സുഹൃത്തിന്റെ ഫോൺ. വീട്ടിൽ അവധി പ്രമാണിച്ച് വെറുതെയിരുന്ന് മടുത്ത സുഹൃത്ത് സകുടുംബം ഇങ്ങോട്ട് വരാമെന്ന്.

ഓഫീസിൽ നിന്ന് വരുന്നതിനു മുമ്പ് സുഹൃത്തും കുടുംബവും വീട്ടിൽ എത്തിയിരുന്നു. അവർ സംസാരിച്ചു കൊണ്ടിരിക്കെ സുഹൃത്തിന്റെ ഇളയ മകൻ അടുത്തെത്തി. 'മോന് ആരെയാണ് കൂടുതലിഷ്ടം. അച്ഛനെയാണോ, അമ്മയെയാണോ?' വെറുതെ ഒരു കുശലം ചോദിച്ചതാണ്. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അവന്റെ മറുപടി. 'രണ്ടു പേരെയുമല്ല.' 'അപ്പോൾ അമ്മൂമ്മയേയോ അപ്പൂപ്പനെയോ ആയിരിക്കും അല്ലേ, മോനേ?' അല്ലെന്ന അർഥത്തിൽ അവൻ തലയാട്ടി. 'പിന്നെ മോന് ഏറ്റവും ഇഷ്ടം ആരെയാ? 'അതേയ്, എനിക്ക് ഏറ്റവും ഇഷ്ടം കളക്ടറങ്കിളിനെയാ.' എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് അവന്റെ മറുപടി. 

'അതെന്താ മോനേ? പ്രിയതമ ചോദിച്ചു. 'കളക്ടറങ്കിളല്ലേ, എപ്പോഴും ഞങ്ങൾക്ക് അവധി തരുന്നത് അതു കൊണ്ടാ.' അതും പറഞ്ഞ് അവൻ പുറത്തേക്ക് ഒരോട്ടം. അവന്റെ ന്യായപ്രകാരമാണെങ്കിൽ സകലമാന അധ്യാപകർക്കും വിദ്യാർഥികൾക്കും ഏറ്റവും ഇഷ്ടം ആരെയാണെന്നതിൽ എന്താ സംശയം? [ഇനി ഏതെങ്കിലും ജില്ലയിൽ അവധി പ്രഖാപിക്കാൻ വിട്ടു പോകുകയോ താമസിക്കുകയോ ചെയ്താൽ അപ്പോൾ കാണാം ഈ ഇഷ്ടത്തിന്റെ വേറൊരു രൂപം!]

English Summary:

Malayalam Short Story ' Avadhiyallo Sukhapradam ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com