'ഒരുമിച്ച് സഞ്ചരിച്ചിരുന്ന വഴിയിലൂടെ വീണ്ടും യാത്ര ചെയ്യേണ്ടി വന്നു, വളരെക്കാലത്തിനുശേഷം അവളെ ഓര്‍ത്തു...'
Mail This Article
വളരെക്കാലത്തിന് ശേഷം അത് വഴി സഞ്ചരിക്കുമ്പോൾ അവളെ ഓര്‍ത്തു. കുന്നുകൾക്ക് താഴെ പാറകളിൽ അള്ളിപ്പിടിച്ചു കയറ്റം കയറുന്ന ബസ് യാത്രയാകാം. ദൂരെ ആനകള്‍ വിശ്രമിക്കുന്നത് പോലെ ഉറച്ച പാറകളോ ചെവിയടപ്പിക്കുന്ന തണുപ്പോ ആകാം. ഉടനെയൊന്നും ലക്ഷ്യത്തിലെത്തില്ലെന്ന് ഉറപ്പില്ലാത്തത് കൊണ്ട് തൽക്കാലം അവളെക്കുറിച്ച് തന്നെ ആലോചിച്ചു. ഫോണില്‍ അവളുടെ നമ്പര്‍ ഉണ്ട്. ഫോട്ടോയില്ല. തിരക്കായിരിക്കും. തീര്‍ച്ചയായും മറന്നേ പോയിട്ടുണ്ടാകും. ഇടം വലം ഓടുന്ന കുട്ടികൾക്ക് നടുവില്‍ അവളെ സങ്കൽപ്പിച്ചു. അവളെ ഓര്‍ക്കുമ്പോഴൊക്കെ അന്തിവെയില്‍. മനസ്സ് പുറത്ത് ചാടാന്‍ വെമ്പി നിൽക്കുന്നൊരു ആര്‍ദ്രത...
രണ്ട് വരി മെസ്സേജ് ടൈപ്പ് ചെയ്തു. "ഭൂമിയിലെ സങ്കടങ്ങളുടെ കണക്കെടുക്കുകയായിരുന്നു. കണക്കിൽപ്പെടാതെ ഓടി വന്നത് നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു!." അവള്‍ ഓണ്‍ലൈന്‍ ഉള്ളതായി തോന്നിയതേയില്ല. ചിലപ്പോള്‍ കുട്ടികളെ സ്കൂളില്‍ അയക്കാന്‍ പോയിട്ടുണ്ടാകും. ഓടിപ്പിടിച്ച് ഓഫീസ് എത്തി തിരക്കിട്ട് നഷ്ടപ്പെട്ട സമയം തിരിച്ച് പിടിക്കുകയാകാം. ചിലപ്പോള്‍ മെസ്സേജ് കണ്ട് ദേഷ്യം വന്നിട്ട്കൂടിയുണ്ടാകും. തന്നോടുള്ള മുൻപരിചയം മാത്രമാകാം പൊട്ടിത്തെറിയില്‍ നിന്ന് അവളെ പിന്തിരിപ്പിക്കുന്നത്..! ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഒറ്റപ്പെട്ട ഒരു മാടക്കടയ്ക്ക് മുൻപിൽ ബസ് നിര്‍ത്തി. "ചായ കുടിക്കാനുള്ള സമയമുണ്ട്" കണ്ടക്ടര്‍ എല്ലാരോടുമായിപ്പറഞ്ഞു.
പല്ല് തേക്കാതെ ചായ കുടിച്ച്കൊണ്ടിരിക്കുമ്പോള്‍ പലതും ഓര്‍ത്തു. കൂടുതലും അവളെക്കുറിച്ച് തന്നെ. കടയ്ക്ക് പിറകില്‍ തഴച്ച് നിൽക്കുന്ന ചോള വയലുകള്‍..! മാടക്കട നിലത്ത് നിന്ന് ഉയര്‍ന്നിട്ടാണ്. ഏതോ ഒരു പൊത്തില്‍ നിന്ന് ഒരു പൂച്ചയെ ഓടിച്ച് കൊണ്ട് മൂന്ന് നായ്ക്കള്‍ വന്നു. മൂന്ന് നായ്ക്കളും മാറി മാറി അതിനെ കടിച്ച് കുടഞ്ഞു. പൂച്ചക്കുട്ടി ഫലമില്ലാത്ത ശൗര്യത്തോടെ എതിര്‍ത്തു നിന്നു. നായ്ക്കളതിനെ കടിച്ച് ഹൈവെയ്ക്ക് നടുക്ക് കൊണ്ടിട്ട് ആക്രമണം തുടര്‍ന്നു. ദൂരെ നിന്ന് ഒരു ലോറി പാഞ്ഞ് വന്നു. നായ്ക്കൾ ചാതുര്യത്തോടെ ഒഴിഞ്ഞ് മാറി. മൃദുവായൊരു കരിക്കിൻചിരട്ട പൊട്ടുന്ന ശബ്ദം മാത്രം...! വണ്ടി പോയിക്കഴിഞ്ഞ് നായ്ക്കൾ വീണ്ടും റോഡിലേക്കിറങ്ങി. എന്നാല്‍ ഒട്ടും താൽപര്യമില്ലാതെ അവ പിരിഞ്ഞു പോകുകയായിരുന്നു.
"കേറാം.. സമയം കഴിഞ്ഞു" കണ്ടക്ടര്‍ പറയുമ്പോള്‍ മനസ്സിലായി. എല്ലാവരും അത് തന്നെ നോക്കി നിൽക്കുകയായിരുന്നു. ഉള്ളില്‍ വല്ലാത്ത തിക്ക് മുട്ടല്‍. ബസ്സിലേക്ക് ഓടിക്കയറുകയായിരുന്നു. അവളുടെ മെസ്സേജ് വന്നു. ഒരു ചിരി. താഴെ ഇങ്ങനെ എഴുതിയിരുന്നു. "രാവിലെ നല്ല കവിതയാണല്ലോ. നമ്മള്‍ പഴയ തെറ്റ് തന്നെ ആവര്‍ത്തിക്കുന്നു. അഴുക്ക് പറ്റിയത് മുഖത്താണെന്ന് അറിയാതെ നാം വൃഥാ കണ്ണാടി വൃത്തിയാക്കുന്നു ദിനവും". വിഷമത്തിനിടയിലും ഒന്നു ചിരിച്ചു. ദൂരെ വിജനമായ പാത അറ്റമില്ലാതെ. ഒരു മറുപടി മാത്രം. "എന്റെ കവിതയല്ല. ഫയസ് അഹമ്മദ് ഫയസിന്റെതാണ്". പച്ചപ്പുകളുടെ അവസാനം പാറക്കെട്ടുകളിലേക്ക് വണ്ടി കയറ്റം തുടങ്ങിയിരിക്കുന്നു.