ADVERTISEMENT

പത്ത് പന്ത്രണ്ട് കൊല്ലം മുമ്പത്തെ ഒരു സംഭവമാണ്. എം.എ. രണ്ടാം വർഷ പഠന കാലത്ത് കണ്ടംപററി സോഷ്യോളജിക്കൽ തിയറീസ് (Contemporary Sociological Theories) എന്ന ഒരു പേപ്പറുണ്ടായിരുന്നു പഠിക്കാൻ! ഭൂലോകത്തെ മുഴുവൻ ഹലാക്കിന്റെ ഔലും കഞ്ഞി സിദ്ധാന്തങ്ങളുടെയും ഒരു ബഹ്റായിരുന്നു അത്. ആ തിയറി നിർമ്മിച്ച (Construct) സാമൂഹിക ശാസ്ത്രജ്ഞരുടെ പേര് തന്നെ ഓർത്ത് വെക്കാൻ കഴിഞ്ഞിരുന്നില്ല! പക്ഷേ ഒരു കാര്യമുണ്ട്, യൂണിവേഴ്സിറ്റിയിൽ ആ പേപ്പർ ഞങ്ങൾക്ക് ക്ലാസെടുത്തിരുന്നത് പ്രഫ. ഡോ. എം താവമണി സാറായിരുന്നു. ആള് പുപ്പുലിയാണ്, എത്ര പ്രയാസമുള്ള സിദ്ധാന്തവും വളരെ ലളിതമായി പറഞ്ഞ് പഠിപ്പിച്ച് തരും. അത് കൊണ്ട് തന്നെ ഞങ്ങളാരും ആ പേപ്പറിൽ പൊട്ടിയിരുന്നില്ല. സാറ് കാൺപൂർ IIT പ്രൊഡക്റ്റാണ്. നല്ല ഒന്നാം തരം സാമൂഹിക ശാസ്ത്രജ്ഞൻ! അങ്ങനെ ഒരു ദിവസം അദ്ദേഹം ക്ലാസിൽ ഈ തിയറി പേപ്പർ ക്ലാസെടുക്കാൻ വന്നു. പച്ച ബോർഡിൽ സാമുവൽ പി. ഹണ്ടിംഗ്ടൺ - ക്ലാഷ് ഓഫ് സിവിലൈസേഷൻ (Clash of Civilizations) എന്നെഴുതി. എന്നിട്ട് പതിവ് പോലെ ഞങ്ങളോട് ചോദിച്ചു - "സാമുവൽ പി. ഹണ്ടിംഗ്ടനെ കുറിച്ചും അദ്ദേഹത്തിന്റെ സാംസ്ക്കാരിക സംഘട്ടന സിദ്ധാന്തത്തെ കുറിച്ചും നിങ്ങൾക്ക് എന്തെല്ലാം അറിയാം?"

ഞാൻ പറഞ്ഞു - "സർ  എനിക്ക് സാമുവൽ പി. ഹണ്ടിംഗ്ടനെ കുറിച്ചും അയാളുടെ ഈ സിദ്ധാന്തത്തെ കുറിച്ചും ചെറുതായി അറിയാം" "സാമുവൽ പി. ഹണ്ടിംഗ്ടൺ പ്രഗത്ഭനായ ഒരു അമേരിക്കൻ രാഷ്ട്രമീമാംസകനാണ്. അദ്ദേഹത്തിന്റെ ഒരു പ്രബന്ധത്തിലാണ് ഈ ക്ലാഷ് ഓഫ് സിവിലൈസേഷൻ തിയറി പരാമർശിക്കുന്നത്. ആഗോള ശീത സമരാനന്തര ലോകത്ത് ജനങ്ങളുടെ സംസ്ക്കാരവും മത സ്വത്തവുമൊക്കെയായിരിക്കും സംഘട്ടനത്തിന്റെ പ്രഥമ ഹേതു എന്നാണ് അദ്ദേഹം പറയുന്നത്. സമുവൽ പി ഹണ്ടിംഗ്ടൺ ഈ തിയറിയിലൂടെ മുന്നോട്ട് വെക്കുന്ന വാദം ഇനി വരാനിരിക്കുന്ന ലോകത്ത് സംഭവിക്കുന്ന യുദ്ധങ്ങൾ രാഷ്ട്രങ്ങൾ തമ്മിലായിരിക്കില്ല മറിച്ച് സംസ്ക്കാരങ്ങൾ തമ്മിലുള്ളവയായിരിക്കും എന്നാണ്!!" - ഞാൻ എനിക്കറിയാവുന്നത് പറഞ്ഞു നിർത്തി. 

സാറ് അഭിനന്ദനങ്ങളെ കൊണ്ട് എന്നെ മൂടി. എന്നിട്ട് പറഞ്ഞു - "ഈ തിയറിയുടെ കോർ പോയിന്റ് അത്രയുമാണ്. അത്രയും ഭാഗങ്ങൾ മനസ്സിലാക്കിയാൽ ബാക്കി കാര്യങ്ങൾ പഠിക്കാൻ എളുപ്പമാണ്. അവന്റെ എക്സ്ട്രാ റീഡിംഗ് വളരെ നല്ലതാണ്, അത് കൊണ്ടാണ് അവൻ അതിന്റെ അകക്കാമ്പ് തന്നെ അളന്ന് മുറിച്ച് നമ്മോട് പറഞ്ഞത്!" എന്റെ സഹപാഠികളെ നോക്കിക്കൊണ്ട് സാറ് അഭിനന്ദനമെന്നോണം കൂട്ടിച്ചേർത്തു. അപ്പോൾ വസ്തുത ഞാൻ തുറന്ന് പറഞ്ഞു "സർ ഞാൻ വായിച്ചതല്ല ഈ പറഞ്ഞത്! ഞങ്ങളുടെ ഗ്രാമത്തിലെ എന്റെ ലൈബ്രറി മേറ്റ് (Library mate) നാണിപ്പ എന്നോട് വായനശാലയിൽ നിന്നും പങ്ക് വെച്ച ഒരു വിവരമാണ് ഓർമ്മയിൽ നിന്നുമെടുത്ത് പറഞ്ഞത്. (സത്യത്തിൽ അമേരിക്കയുടെ ഇറാഖ് അധിനിവേശത്തെ കുറിച്ച് സംസാരിക്കുന്നതിനിടക്ക് നാണിപ്പ പറഞ്ഞുതന്ന സൈദ്ധാന്തിക ശകലമായിരുന്നു അത്!)"

അത് കേട്ടു സാറ് ചോദിച്ചു -  "അദ്ദേഹം (നാണിപ്പ) പൊളിറ്റിക്കൽ സയൻസ് പ്രൊഫസറാണോ?!" "അല്ല സർ, അദ്ദേഹം ഒരു പരന്ന വായനക്കാരൻ (Voracious reader) ആണ്. അദ്ദേഹം ഒരു School drop out (സ്കൂൾ പഠനം പൂർത്തീകരിക്കാതെ നിർത്തി പോയവൻ) കൂടിയാണ്! പത്താം ക്ലാസ് പോലും പൂർത്തീകരിച്ചിട്ടുണ്ടാകില്ല, പക്ഷേ ഒരു ബിരുദാനന്തര ബിരുദധാരി (Postgraduate) യേക്കാളും വിവരമുണ്ട്! അഞ്ചോ ആറോ പത്രങ്ങളും കൈയ്യിൽ കിട്ടുന്ന ആനുകാലികങ്ങളും അവയിലെ എഡിറ്റോറിയൽ പേജും ഇന്റർനാഷണൽ പേജുമുൾപ്പെടെ അരിച്ച് പെറുക്കി വായിക്കുകയും വായിച്ചവ പങ്ക് വെക്കുകയും സംവേദനങ്ങൾക്കും സംവാദങ്ങൾക്കും ഉപയോഗിക്കുകയും ചെയ്യുന്ന ഒരു സാധാരണ മനുഷ്യനാണ്! അങ്ങനെയുള്ള കുറേ മനുഷ്യർ എന്റെ ഗ്രാമത്തിലുണ്ട്!"- ഞാൻ മറുപടി പറഞ്ഞു. അത് കേട്ടപ്പോൾ എന്റെ പ്രൊഫസർക്കും കൂട്ടുകാർക്കും സന്തോഷമായി. ഗ്രാമത്തെ കുറിച്ചും കേരളത്തിലെ വായനശാലകളെപ്പറ്റിയും മലയാളികളുടെ വായന ശീലത്തെ പറ്റിയുമൊക്കെ അദ്ദേഹം ചോദിക്കുകയും പറയുകയും ചെയ്തു.

പറഞ്ഞു വരുന്നത് ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത സാധാരണക്കാരായ പച്ച മനുഷ്യരെ കുറിച്ചാണ്, നാണിപ്പയൊക്കെ ഒരു പ്രതീകമാണ്! നാട്ടുമ്പുറത്തെ വായനശാലകളിലും ആൽത്തറയിലും പീടികത്തിണ്ണയിലും ഓവ് പാലത്തിലുമൊക്കെ ഇരിക്കുന്ന ഔദ്യോഗിക വിദ്യാഭ്യാസമോ സർട്ടിഫിക്കറ്റുകളോ ഇല്ലാത്ത എത്രയോ വലിയ ബുദ്ധിജീവികൾ നമ്മുടെയൊക്കെ ഗ്രാമങ്ങളിലുണ്ട്! സത്യത്തിൽ അവരുടെയൊന്നും തലച്ചോറിന്റെ ഏഴ് അയലത്ത് പോലും എത്താൻ ഉള്ള ആമ്പിയറില്ലാത്ത അനേകം പേരെ ഔദ്യോഗിക കലാശാല ഇടങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്!! ഈ ഡ്രോപ്ഔട്ട്സി (Dropout)നെയൊക്കെ ഉൾപ്പെടുത്തി അവർക്കും പരിഗണനയും അറിവും അംഗീകാരവും നൽകി സമൂഹത്തിനും ലോകത്തിനും അവരുടെ അറിവുകളെ പ്രയോജനപ്പെടുത്താൻ കഴിയുന്ന തലത്തിലേക്ക് നമ്മുടെ സർവകലാശാലകൾ ഉയരുമ്പോൾ മാത്രമേ അവ വിശ്വവിദ്യാലയങ്ങളായി മാറൂ! പഴയ കാലത്ത് പട്ടിണികൊണ്ടും പൊള്ളുന്ന ജീവിത യാഥാർഥ്യങ്ങളെ കൊണ്ടും പഠനം പൂർത്തിയാക്കാൻ കഴിയാത്തവരെ പിന്നീട് പരിപൂർണ്ണമായി മാറ്റി നിർത്തുന്നത് തികഞ്ഞ അന്യായവും അവസര നിഷേധവുമാണ്.

പഞ്ചായത്ത് ഭരണക്കാർ ഉൾപ്പെടെയുള്ള ലോക്കൽ ബോഡി ഗവേർണൻസിന്റെ അധികാരികളും ഇത്തരം ഡ്രോപൗട്ട്സിനും വേണ്ടി ധിഷണാത്മക പദ്ധതികൾ ആവിഷ്ക്കരിക്കുകയും അവരെക്കൂടി സാമൂഹിക പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാക്കുകയും ചെയ്യേണ്ടതുണ്ട്. അവർക്കും ബിരുദ(UG)വും ബിരുദാനന്തര ബിരുദ(PG)വുമൊക്കെ അവരുടെ മാതൃഭാഷയിൽ തന്നെ പഠിക്കാനുള്ള അവസരം സൃഷ്ടിച്ചേ മതിയാകൂ. നമ്മുടെ തിരൂരിലെ മലയാളം തുഞ്ചൻ സർവകലാശാലയെ പോലുള്ള മാതൃഭാഷ സർവകലാശാലകൾ ഇത്തരം കാര്യങ്ങളെ കുറിച്ച് സഗൗരവം ചിന്തിക്കേണ്ടതുണ്ട്. പല യൂറോപ്യൻ രാഷ്ട്രങ്ങളിലും ചില വികസിത രാജ്യങ്ങളിലും ഒരുപാട് മുമ്പേ തന്നെ ഡ്രോപ്ഔട്ട്സിനെയൊക്കെ ഉൾക്കൊണ്ട് വിജ്ഞാന നിർമ്മാണം സാധ്യമാക്കുന്ന രീതിയിലുള്ള വ്യവസ്ഥകൾ നിലവിലുണ്ട്. ആൽബേട്ട് ഐൻസ്റ്റൈൻ, തോമസ് ആൽവ എഡിസൺ, സർ ഐസക്ക് ന്യൂട്ടൻ, റൈറ്റ് സഹോദരൻമാർ (ആദ്യമായി വിമാനത്തിന്റെ കണ്ടുപിടുത്തത്തിന് സഹായകരമായ റിസർച്ച് തുടങ്ങി വെച്ചവർ) തുടങ്ങിയ എത്രയോ വലിയ ശാസ്ത്രജ്ഞർ പോലും സ്കൂൾ ഡ്രോപ്ഔട്ട്സായുണ്ട്. അങ്ങനെയുള്ള എത്രയോ വലിയ മനുഷ്യർക്ക് ഉയർന്ന് വരാനും അവരുടെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ / നിർമ്മാണാത്മകത ലോകത്തിന് സമർപ്പിക്കാനും കഴിഞ്ഞത് അവരുടെ അക്കാദമിക തലത്തിലെ നിർമ്മാണാത്മക വ്യവസ്ഥകളുടെ കരുത്ത് കൊണ്ട് കൂടിയാണ്. 

നമ്മുടെ അക്കാഡമിക് മേഖലയും Inclusive Policy ക്ക് പ്രാധാന്യം നൽകണം. വിദ്യാഭ്യാസ വിചക്ഷണർ ഡ്രോപ്ഔട്ട്സിനെ ഉൾക്കൊള്ളാൻ കഴിയുന്ന സർവകലാശാല ചട്ടങ്ങൾ രൂപീകരിക്കേണ്ടതുണ്ട്. വൈജ്ഞാനിക നിർമ്മാണ പ്രക്രിയയിൽ അത്തരക്കാർക്ക് അവരുടേതായ വലിയ സംഭാവനകൾ സമർപ്പിക്കാനാകും തീർച്ച... 

English Summary:

Malayalam Article ' Nanippa Paranja American Professor Samuel P Huntington ' Written by Shukoor Ugrapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com