ADVERTISEMENT

ഉമ്മറത്തെ ചാരുകസേരയിൽ ആകാശം കണ്ട് കിടക്കുകയായിരുന്നു അയാൾ. അകലെയാരോ കോരിയൊഴിച്ച കറുത്ത ചായം അവിടെ അനുസരണയില്ലാതെ പടരുകയാണ്. തൊലിവെളുപ്പിൽ അഹങ്കരിച്ച് നടന്നിരുന്ന മേഘങ്ങളെ കറുപ്പ് വിഴുങ്ങുന്നത് കണ്ട് അയാൾ കണ്ണുകളടച്ചു. ഉത്തരമില്ലാത്ത ഒരിരുട്ട് തന്നെ ഉറക്കാൻ ശ്രമിക്കുന്നത് കുറച്ചായി ആ മനുഷ്യൻ അറിയുന്നുണ്ട്. പുറകിലേക്ക് വളർന്നു തുടങ്ങിയ നെറ്റിത്തടങ്ങളിൽ തടവുമ്പോൾ തടഞ്ഞ നനവ് വിയർപ്പിന്റെതായിരുന്നില്ല. പുറത്ത് മഞ്ഞ് പൊഴിയാൻ തുടങ്ങിയിരിക്കുന്നു. തറവാട്ടു മുറ്റത്തെ പകുതി പഴകിയ വീട്ടിലായിരുന്നു മോഹനനും കുടുംബവും താമസിച്ചിരുന്നത്. ട്രഷറിയിലെ ജോലി തീരാൻ മൂന്ന് വർഷങ്ങൾ കൂടി ബാക്കിയുണ്ട്. അധികമാരോടും മിണ്ടാതെ, അന്തർമുഖനെപ്പോലെ, പരാതികൾ കേൾക്കാനും പറയാനും മനസ്സില്ലാത്ത ഒരു മനുഷ്യൻ. പച്ചക്കറികൾ ഒരുമിച്ചു വാങ്ങി, മുറിച്ച്‌ പാക്കറ്റുകളിലാക്കി കൊടുക്കുന്ന പണി മാലിനി തുടങ്ങുന്നത് മഹാമാരിയുടെ കാലത്താണ്. ആവശ്യക്കാർ കൂടിയതോടെ അമ്മയെ സഹായിക്കാൻ പ്ലസ്ടുക്കാരികളും എത്താറുണ്ട്. മോഹനൻ മാലിനി കൂട്ട് കെട്ടിന്റെ ഇരട്ട മധുരങ്ങളായ പ്രിയയും പ്രീതിയും. ആരെയോ കുതറിയോടുകയാണ് കാലം. ദേശാടന പക്ഷികൾ തീർഥാടനങ്ങൾ തീർത്ത് എത്തി തുടങ്ങിയിരിക്കുന്നു. മടുപ്പിന്റെ മാറ്റ് കൂട്ടുകയാണ് മകരമഞ്ഞ്.

പറയാതെയായിരുന്നു മഴ വന്നത്. ആരോടോ തോന്നിയ ദേഷ്യം വലിച്ചെറിഞ്ഞിട്ട് അത്‌ അതിന്റെ പാട്ടിന് പോയി. ചുരുണ്ട് കൂടി കിടക്കുകയാണ് ആകാശം. പേരമരത്തിലൂടെ മിശിരുകൾ വഴിതെറ്റി നീങ്ങുന്ന കാഴ്ചയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചെറിയ സ്കൂളിൽ പഠിക്കുമ്പോൾ കൗതുകത്തോടെ കണ്ടിരുന്ന അതേ ഉറുമ്പുകൾ തന്നെയാണ് അതെന്ന് അയാൾക്ക് തോന്നി. അതേ തണ്ടും തടിയും തന്നെയാണ് ആ മരത്തിനും. മടുപ്പ് മനുഷ്യന് മാത്രമല്ലെന്നുള്ള ചിന്തയിൽ മോഹനൻ ആശ്വസിക്കാൻ ശ്രമിക്കുകയാണ്. ജനിച്ച് വളർന്ന നാട്ടിലെ ഓരോ മുഖങ്ങളും ഇലയനക്കങ്ങളും അയാളുടെ ഉള്ളിലുണ്ട്. പഴയ കൂട്ടുകാരുടെ കൂട്ടായ്മയിൽ അയാൾ തുറന്ന് വെച്ച ഓർമ്മകൾ എല്ലാവരേയും ഒരിക്കൽ അതിശയപ്പെടുത്തിയിരുന്നു. ചിരിയും കളിയുമായി നടക്കുന്ന കൂട്ടുകാരത്രയും സമപ്രായക്കാരാണ്. അവർക്കൊന്നുമില്ലാത്ത മടുപ്പ് തന്നെ മാത്രം തണുപ്പിക്കുന്നതിൽ അയാൾക്ക് സങ്കടം തോന്നി. വയസ്സിനു വലിയ ഇളപ്പമില്ലാത്ത തന്റെ മണം അയാൾക്കരോചകമാകുന്നത് മാലിനി കാണാതെ വിടുകയാണ്. നാഭീ രോമങ്ങൾ നരച്ച് തുടങ്ങിയതിന്റെ നാണമെങ്കിലും മനുഷ്യർക്ക് വേണമെന്നുള്ള മുടന്തൻ ചിന്തകൾക്ക് പിന്നിലും മടുപ്പാകുന്നു. മരിക്കാൻ തയാറായിരിക്കുന്നവന്റെ തുടിപ്പ്.

മാനത്തെ മറയ്ക്കാൻ മാത്രം മരങ്ങൾ കൊണ്ട് സമൃദ്ധമായിരുന്നു അയാളുടെ ഗ്രാമം. വീടിന്റെ മുൻപിലായി ടാറിട്ട ഒറ്റവരി പാതയാണ്. ചെറിയ വണ്ടികൾ മാത്രം പോകുന്ന ആ വഴിക്കപ്പുറം വിശാലമായ പാടങ്ങളും. നെൽകൃഷി അന്യം നിന്ന് പോയപ്പോൾ പാടമൊക്കെ പറമ്പായി മാറിയിരുന്നു. പന്ത് കളി മത്സരങ്ങളും പാർട്ടി സമ്മേളനങ്ങളും നടക്കുന്ന വലിയ മൈതാനമായി അത് മാറി. പിന്നീടെപ്പഴോ ഒരു കിടങ്ങറക്കാരൻ ക്രിസ്ത്യാനി വന്ന് മൊത്തം പാട്ടത്തിന് വാങ്ങി കൃഷി തുടങ്ങി. നെല്ലും പാവലും പയറും പടവലവുമൊക്കെ പകരം കൊടുക്കുമ്പോൾ പരിസരവാസികൾക്ക് സന്തോഷമാകുന്നു. പാടങ്ങൾ വീണ്ടും പൂത്തു തുടങ്ങിയതോടെ പഞ്ചവർണ്ണ കിളികളും കൊക്കുകളും നിറക്കാഴ്ചകളായി മാറുകയാണ്. മഴ പെയ്യുന്ന പ്രഭാതങ്ങളിൽ മോഹനൻ ജോലിക്ക് പോകാൻ കൂട്ടാക്കാറില്ല. ബാല്യത്തിൽ കണ്ട് മറന്ന അതേ കൊക്കുകൾ മുന്നിൽ നിരന്നിരിക്കുകയാണ്. മുത്തച്ഛന്റെ വിയർപ്പ് മണമുള്ള അതേ കസേരയിൽ അവറ്റകളെ നോക്കിക്കൊണ്ട് അയാളും. മടുത്തിട്ടും മാറാതെ നിലകൊള്ളുന്ന സകല വസ്തുക്കളോടും അയാൾക്ക് അസൂയയാകുന്നു. കുട്ടികൾ രണ്ടുപേരും കർണ്ണാടകയിൽ പഠിക്കാൻ പോയി. മാലിനിയാവട്ടെ തിരക്കിന്റെ ലോകത്തുമാണ്. മടുപ്പിന്റെ മുറ്റത്ത് മയങ്ങിക്കിടക്കാൻ മറ്റ് കാരണങ്ങളൊന്നും നിലവിൽ അയാളുടെ മുൻപിലില്ല.

പോസ്റ്റുമാൻ ഉണ്ണി കുഴഞ്ഞു വീണ് മരണപ്പെട്ടത്രെ. സ്കൂളിൽ തന്റെ ഒരു കൊല്ലം താഴെ പഠിച്ചതാണ്. കുഞ്ഞു നാളിൽ കളിക്കാൻ കൂട്ടാതിരിക്കുമ്പോൾ അവൻ മറ്റുള്ളവരെ പുറകെ വന്ന് തള്ളി താഴെയിടുമായിരുന്നു. മരണങ്ങളും അങ്ങനെയാണ്. ഒറ്റപ്പെടലിന്റെ പരമ കോടിയിലാവണം അവറ്റകൾ ആളെ പിടിക്കാനിറങ്ങുന്നത്. മോഹനന്റെ നിശബ്ദത മാലിനിയെ ഭയപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. വായനശാലയിൽ നിന്നും വീട്ടിലേക്കുള്ള വഴിയോർത്ത് അയാൾ നിന്ന് പോയത് അവൾ മക്കളോട് വിളിച്ചു പറഞ്ഞു. മുഖത്ത് നിന്നും ചിരിയില്ലാതായിട്ട് മാസങ്ങളായെന്ന് കുട്ടികൾ പരിഭവിക്കുമ്പോഴും അയാൾ പുഞ്ചിരിക്കുന്നില്ല. പകരം പഴയൊരു ഡയറിയെടുത്ത് എന്തൊക്കെയോ കുത്തിക്കുറിക്കുകയാണ്. കുറച്ചായി മഴയോടുള്ള പ്രണയം അക്ഷരങ്ങളാവുമ്പോൾ അതിശയപ്പെടുകയാണ് എല്ലാ മുഖങ്ങളും. കണ്ണുകളിൽ പിറന്ന് കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ തുള്ളികളെ അയാൾ മഴയെന്ന് വിളിക്കുന്നു. പുഴയുടെ വഴികാട്ടിയാണവൾ. പ്രകൃതിയിൽ പുനർജ്ജന്മമുള്ള ഏക സത്യം മഴയാണ് പോലും.. അയാൾ എഴുതുമെന്ന് ആർക്കുമറിയില്ലായിരുന്നു. കണിശ്ശക്കാരനായ മിണ്ടാപ്രാണിയായിരുന്നല്ലോ അവർക്കെന്നുമയാൾ. ഒന്നുറപ്പ്. മരണമയാൾ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അരസികനായ ഒരാളെ കൂടെക്കൂട്ടാൻ മരണത്തിന് താൽപര്യമില്ല.

ഇരുപ്പ് രോഗിയായി മാറിക്കഴിഞ്ഞ മനുഷ്യന്റെ മുടികളെ നരപ്പിക്കുന്നത് പ്രായമല്ല. ഓർമ്മകളുടെ വീര്യം കൂട്ടുന്ന ഭാഗ്യമായി മറവി മാറിത്തുടങ്ങുമ്പോൾ അയാൾ ചിരിക്കുകയാണ്. അച്ഛമ്മയോടൊപ്പം കടമക്കാവിൽ കളമെഴുത്ത് കാണാൻ പോയത് അയാൾക്കോർമ്മ വന്നു. വർണ്ണപ്പൊടികൾ കൊണ്ട് വരച്ച മൂർത്തിയുടെ രൂപം കണ്ട് താൻ പേടിച്ചതും വെളിച്ചപ്പാടിന്റെ അഭ്യാസങ്ങൾ ചിരിപ്പിച്ചതും കണ്മുൻപിലുണ്ട്. അവളോടൊപ്പം നനയാൻ വേണ്ടിയായിരുന്നു അന്ന്  കുടയെടുക്കാതെ പോയത്. പെരുമഴക്കാലമായിരുന്നിട്ടും അന്ന് മഴപെയ്യാതിരുന്നപ്പോഴുള്ള അവളുടെ കമഴ്ന്നു കിടന്നുള്ള ചിരി അയാളുടെ കാതിലുണ്ട്. ആദ്യകാല വായനകളിലെ കഥാപാത്രങ്ങൾ മധുരമുള്ള ഓർമ്മകളാവുമ്പോൾ ആ മനുഷ്യൻ പുഞ്ചിരിക്കുകയാണ്. അസ്വാഭാവികതകൾക്കൊണ്ട് ഭ്രാന്തരെന്ന വിളിപ്പേര് കിട്ടിപ്പോയ മനുഷ്യർ ചില പാഠങ്ങളാകുന്നു. അവരുടെ ഉള്ളിലെ സന്തോഷം അവർ മാത്രമേ അറിയുന്നുള്ളൂ. പഴമയുടെ ഭംഗിയുള്ള ഓർമ്മകളിൽ അയാൾക്കൊപ്പം കൂട്ടിരിക്കുകയാണ് കാലം. തലയിലെ ഞരമ്പ് പൊട്ടിയായിരുന്നു മാലിനി മരിച്ചത്. കുളിപ്പിച്ച് കിടത്തിയവളെ കാണാൻ കൂട്ടാക്കാതെ ഏതോ ഓർമ്മകളിൽ ഉണർന്നിരിക്കുന്ന മനുഷ്യൻ. ഇളയമകൾ പ്രീതി കുടുംബസമേതം വീട്ടിൽ താമസമാക്കുന്നത് അച്ഛന്റെ കാര്യങ്ങൾ നോക്കാൻ വേണ്ടിയാണ്.

തോരാതെ പെയ്യുകയാണ് മൗനം. ഡയറിയിൽ മുൻപ് എപ്പഴോ അയാൾ ഇങ്ങനെ എഴുതിയിട്ടിരുന്നു.

"മരണമേ, ഇനി നീ വരണ്ട. നിനക്കായി കാത്തിരുന്ന്.. കാത്തിരുന്ന്, ആ കാത്തിരിപ്പിനെ ഞാൻ പ്രണയിച്ചു പോയി."

English Summary:

Malayalam Short Story ' Moodal Manju ' Written by Dr. Aby Lukose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com