ADVERTISEMENT

24 ജൂൺ 1988...ശൃംഗാരത്തിന്റെയും പശ്ചാത്താപത്തിന്റെയും മുദ്രകൾ ചാർത്തി മാതു പണ്ടാരവും, നിസഹായതയുടെയും അവഗണനയുടെയും പരിഹാസത്തിന്റെയും നൊമ്പരങ്ങളുടെയും മുദ്രകൾ ചാർത്തി സോപ്പ് കുട്ടപ്പനും വന്നിട്ട് ഇന്നേക്ക് 32 വർഷങ്ങൾ....അതെ, മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ, അഭിനയ മികവിന്റെ പൂർണത പ്രേക്ഷകർക്ക് സമ്മാനിച്ച ആർ.സുകുമാരൻ-മോഹൻലാൽ ടീമിന്റെ പാദമുദ്ര റിലീസായിട്ട് ഇന്നേക്ക് 32 വർഷങ്ങൾ...

 

സ്ത്രീലമ്പടനായ 'മാതുപണ്ടാര'ത്തിന്റെയും അയാൾക്ക് അവിഹിത ബന്ധത്തിൽ ഉണ്ടാകുന്ന, പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന, നാട്ടുക്കാരുടെ പരിഹാസപാത്രമാകുന്ന 'കുട്ടപ്പൻ' എന്ന മകന്റെയും ആത്മസംഘർങ്ങളുടെ  കഥയാണ് ആർ.സുകുമാരൻ സംവിധാനം ചെയ്ത 'പാദമുദ്ര'.....

 

40 വർഷത്തെ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങളാണ് മാതു പണ്ടാരവും സോപ്പ് കുട്ടപ്പനും. സിനിമ എന്ന മാധ്യമവുമായി യാതൊരു മുൻ പരിചയവും ഇല്ലാതിരുന്ന, ഒരു സിനിമ സെറ്റിൽ പോലും പോയിട്ടില്ലാത്ത ആർ.സുകുമാരൻ എന്ന പുതുമുഖ തിരക്കഥാകൃത്ത്-സംവിധായകൻ ആണ് മോഹൻലാലിൽ നിന്ന് വിസ്മയിപ്പിക്കുന്ന ഈ അഭിനയ പ്രകടനം പുറത്തെടുത്ത്, ഇത്രയും മികച്ച ഒരു സിനിമ മലയാളത്തിന് സമ്മാനിച്ചത്  എന്നത് ഒക്കെ അതിശയിപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ്...

 

മേക്കപ്പിന്റെ അമിത സഹായം ഇല്ലാതെ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളെ ഒരു സിനിമയിൽ എങ്ങനെ വളരെ സ്വഭാവികമായി, എങ്ങനെ അതി മനോഹരമായി അവതരിപ്പിക്കാമെന്നുള്ളതിന് ഇന്ത്യൻ സിനിമയ്ക്കുള്ള ഒരു പാഠപുസ്തകമാണ് പാദമുദ്രയിലെ മോഹൻലാലിന്റെ പെർഫോമൻസ്....അത്രയ്ക്ക് മികച്ചതായിരുന്നു മാതുപണ്ടാരവും സോപ്പു കുട്ടപ്പനുമായിട്ടുള്ള മോഹൻലാലിന്റെ പകർന്നാട്ടം....

 

'കുട്ടപ്പാ, കടല വേണൊ' എന്ന് ചോദിച്ച് കൊണ്ട് തന്റെ ജാര സന്തതിയായ കുട്ടപ്പന്  മാതു പണ്ടാരം ചായക്കടയിൽ നിന്നും ദോശയും കടലയും വാങ്ങി കൊടുക്കുന്ന രംഗം, അപ്പോൾ ചായക്കടയിലുള്ളവരുടെ  പരിഹാസ ചിരികൾ കണ്ട്  ഒന്നും  മിണ്ടാതെ അപമാന ഭാരത്താൽ, തന്റെ മകന്റെ അവസ്ഥയോർത്ത്, താൻ ചെയ്ത തെറ്റിൽ പശ്ചാത്താപിച്ച് നിസ്സഹായനായി ഇരിക്കുന്ന മാതു പണ്ടാരം...കൂടെ ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും...മനോഹരം എന്നൊന്നും പറഞ്ഞാൽ പോരാ ആ രംഗത്തിലെ മോഹൻലാലിന്റെ  അഭിനയത്തെ...ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെ നിരയിലേയ്ക്ക് മോഹൻലാൽ എന്ന നടൻ കസേര വലിച്ചിട്ട് ഇരുന്ന രംഗം....

 

'അമ്പലമില്ലാതെ ആൽത്തറയിൽ' എന്ന ഗാനരംഗത്തിലെ മോഹൻലാലിന്റെ അസാധ്യ പെർഫോമൻസാണ് പാദമുദ്രയിലെ എടുത്ത് പറയേണ്ട മറ്റൊരു രംഗം...ഭക്തി സാന്ദ്രമായി തുടങ്ങിയ പാട്ടും രംഗങ്ങളും, ഇടയിൽ ഭക്തിയിൽ നിന്നും ശൃംഗാരത്തിലേക്കും കാമത്തിലേക്കുള്ള 'മാതു പണ്ടാര'ത്തിന്റെ ഭാവമാറ്റം...ഗംഭീരം...ഞൊടിയിടയിലാണ് ഈ ഭക്തിയും ശൃംഖാരവും കാമവും ഒക്കെ മാതു പണ്ടാരമെന്ന മോഹൻലാലിന്റെ മുഖത്ത് മിന്നിമറയുന്നത്....'സംഹാര താണ്ഡവമാടുന്ന നേരത്തും ശൃംഖാര കേളികളാടുന്നു' എന്ന വരികൾക്ക് മോഹൻലാൽ കൊടുക്കുന്ന ഭാവവും ഒപ്പമുള്ള തലയാട്ടലും ഒക്കെ ശരിക്കും വിസ്മയിപ്പിക്കുന്നതാണ്...ഇന്ത്യൻ സിനിമയിൽ ഗാനരംഗങ്ങളിൽ ഏറ്റവും നന്നായി പെർഫോം ചെയ്യുന്ന നടൻ എന്നൊരു മൽസരം നടക്കുകയാണെങ്കിൽ മലയാളത്തിന്റെ എൻട്രി ആയി ചിത്രമൊ ഹിസ് ഹൈനസ് അബ്ദുള്ളയൊ ഭരതമൊ ഒന്നും അയക്കേണ്ടതില്ല, പകരം പാദമുദ്രയിലെ 'അമ്പലമില്ലാതെ' എന്ന ഗാനരംഗം മാത്രം അയച്ചാൽ മതി, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉറപ്പായും നമ്മുടെ മോഹൻലാൽ ഉണ്ടാകും...

 

കൂടാതെ മൂന്ന് മിനിട്ടോളം ദൈർഘ്യമുള്ള മാതുപണ്ടാരത്തിന്റെ കാവടിയാട്ടം, അതൊരു പുതിയ ദൃശ്യാനുഭവം ആയിരുന്നു പ്രേക്ഷകർക്ക്...ആ കാവടിയാട്ടത്തിൽ മോഹൻലാൽ എന്ന നടന്റെ താളബോധവും അനായാസമായ മെയ് വഴക്കവും കണ്ട് പ്രേക്ഷകർ ഞെട്ടി എന്ന് പറഞ്ഞാലും അതിൽ അതിശയോക്തിയില്ല..മലയാള സിനിമയിൽ മോഹൻലാൽ എന്ന നടന് മാത്രം സാധ്യമാകുന്ന ഒന്ന്...

 

സ്ത്രീലമ്പടനായ, സംസാരത്തിൽ അശ്ലീലം കുത്തി നിറയ്ക്കുന്ന മാതു പണ്ടാരത്തെയാണൊ, അല്ലെങ്കിൽ കുട്ടിക്കാലം മുതൽ തന്റെതല്ലാത്ത കാരണത്താൽ  മുഴുവൻ നാട്ടുക്കാരുടെയും പരിഹാസം ഏറ്റ് വാങ്ങേണ്ടി വന്ന, മാനസികനില തെറ്റിയ സോപ്പ് കുട്ടപ്പനെയാണൊ മോഹൻലാൽ കൂടുതൽ മികവ് നല്കി അവതരിപ്പിച്ചതെന്ന് ചോദിച്ചാൽ ഉത്തരം പറയുക പ്രയാസമായിരിക്കും...അത്രയ്ക്ക് മികച്ച രീതിയിലാണ് മോഹൻലാൽ ആ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്...

 

അന്ന്,1988ൽ  28 വയസ് മാത്രം പ്രായമുള്ള, കേവലം 8 വർഷങ്ങളുടെ അഭിനയ പരിചയമുള്ള  മോഹൻലാൽ എന്ന നടന്റെ പ്രതിഭ എത്രോത്തോളമുണ്ടെന്ന് മലയാള സിനിമ പ്രേക്ഷകർക്ക് കാണിച്ച് കൊടുത്ത സിനിമയാണ് 'പാദമുദ്ര'...നമ്മുടെ ഭൂരിഭാഗം സിനിമ പ്രേക്ഷകർക്കും അവാർഡ് ജൂറിക്കും ഒരു മുൻവിധി/തെറ്റിദ്ധാരണയുണ്ട്, സെന്റിമെന്റൽ സീനുകളിൽ  ശോഭിക്കുന്നവർ അല്ലെങ്കിൽ വാവിട്ട് കരഞ്ഞ് അഭിനയിക്കുന്നവർ മാത്രമാണ് മികച്ച നടീനടന്മാർ എന്ന്...സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ കോമഡി ചെയ്യുന്ന, പ്രിയദർശന്റെ സിനിമകളിൽ തലക്കുത്തി മറിയുന്ന,കോമഡിയും ആക്‌ഷനും മാത്രം ചെയ്യാൻ പറ്റുന്ന നടൻ എന്നാണ് പാദമുദ്ര വരുന്നത് വരെ മോഹൻലാലിനെ കുറിച്ച് പൊതുവെ ഉണ്ടായിരുന്ന ധാരണ..

 

പാദമുദ്രയ്ക്ക്  മുമ്പ് അമൃതംഗമയ, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ സീരിയസ് സിനിമകളിൽ അത്യുജ്വല അഭിനയം മോഹൻലാൽ കാഴ്ച്ചവെച്ചിട്ടുണ്ടെങ്കിലും  മോഹൻലാലിനെ മികച്ച നടനായി അംഗീകരിക്കാൻ പൊതുവെ എന്തൊ ഒരു വിമുഖത ഉണ്ടായിരുന്നു അന്ന്, കാരണം മേൽപ്പറഞ്ഞ 'നാടകീയത' മുൻവിധി തന്നെ...പക്ഷെ പാദമുദ്രയിലെ പ്രകടനത്തിലൂടെ തന്നെ കുറിച്ച് ഉണ്ടായിരുന്ന ആ മുൻധാരണകളെ മോഹൻലാൽ തിരുത്തി വിമർശകരുടെ വായ് അടപ്പിച്ചുവെങ്കിലും കിരീടത്തിന് ശേഷമാണ് മോഹൻലാലിനെ മികച്ച നടനായി പൊതുവെ അംഗീകരിച്ച് തുടങ്ങിയത്.....

 

1988 ജൂൺ 24ന്, റിലീസ് ദിവസം തന്നെ കൊടുങ്ങല്ലൂർ മുഗൾ തിയറ്ററിൽ നിന്നും കണ്ടതാണ് ഞാൻ പാദമുദ്ര, 8 ആം ക്ലാസിൽ പഠിക്കുമ്പോൾ...കോരിച്ചൊരിഞ്ഞ മഴയിലും വൻ തിരക്കായിരുന്നു പാദമുദ്രയ്ക്ക്, അതും ഫാൻസ് അസോസിയേഷൻ ഒന്നും ഇല്ലാത്ത ആ കാലത്ത്....ഒരുപക്ഷെ ഇന്ന് ആക്ഷൻ ജോണറിലുള്ള മോഹൻലാൽ സിനിമകൾക്ക് പോലും റിലീസ് ഡേയിൽ സ്വപ്നം കാണാൻ പറ്റാത്ത അത്ര തിരക്ക്....അന്നത്തെ മോഹൻലാൽ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള വിഷയം വാണിജ്യ ചേരുവകൾ ഇല്ലാതെ അവതരിപ്പിച്ചത് കൊണ്ടാണ് പാദമുദ്ര ബോക്സ് ഓഫിസിൽ ശ്രദ്ധിക്കപ്പെടാതെ പോയത്....

 

മോഹൻലാലിന്റെ മികച്ച അഭിനയ മുഹുർത്തങ്ങളാൽ സമ്പന്നമായ പാദമുദ്രയിൽ നെടുമുടി വേണുവിന്റെയും സീമയുടെയും മികച്ച പ്രകടനങ്ങൾ എടുത്ത് പറയേണ്ടതാണ്...സാലു ജോർജിന്റെ ഛായാഗ്രഹണവും വിദ്യാധരൻ മാസ്റ്ററുടെ സംഗീതവും ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും പാദമുദ്ര എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു...

 

മോഹൻലാൽ എന്ന നടന്റെ ഏറ്റവും  മികച്ച 10  സിനിമകൾ/പെർഫോമൻസുകൾ 1,2,3 എന്ന ഓർഡറിൽ എന്നോട് പറയാൻ പറഞ്ഞാൽ എനിക്കത് പറയാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്....പക്ഷെ ഒന്നെനിക്ക്  ഉറപ്പിച്ച് പറയാൻ പറ്റും, മോഹൻലാലിന്റെ ഏറ്റവും മികച്ച സിനിമകളിൽ, പെർഫോമൻസുകളിൽ മുൻനിരയിൽ തന്നെ പാദമുദ്രയും അതിലെ മാതുപണ്ടാരവും സോപ്പ് കുട്ടപ്പനും ഉണ്ടാകും....

 

പാദമുദ്ര എന്ന മികച്ച സിനിമ മലയാള സിനിമയ്ക്ക് സമ്മാനിച്ച ആർ.സുകുമാരൻ എന്ന സംവിധായകനോട്, അഗസ്റ്റിൻ എന്ന നിർമ്മാതിവിനോട്, ഒരേ സമയം മാതു പണ്ടാരവും സോപ്പ് കുട്ടപ്പനുമായി  നിറഞ്ഞാടി നമ്മളെ വിസ്മയിപ്പിച്ച മോഹൻലാൽ എന്നിവരോട് ഒരുപാട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com