ബാഹുബലി 98, മഹേന്ദ്ര ബാഹുബലി 90, സാഹോ 87 കിലോ
Mail This Article
ചരിത്രകഥാപാത്രങ്ങളുടെ കവചകുണ്ഡലങ്ങൾ അഴിച്ചുവച്ച് പ്രഭാസ് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിലെ ലോബിയിലേക്കു കടന്നുവരുമ്പോൾ ശിരസ്സിലൊരു കിരീടമുണ്ടെന്നു തോന്നിക്കും. ടോമി ഹിൽഫിഗറിന്റെ കറുത്ത ബനിയനു മുകളിൽ പാറപോലെ ഉറച്ച പടച്ചട്ടയുണ്ടെന്നു സംശയം തോന്നാം. ബാഹുബലി എന്ന കഥാപാത്രം ഇറങ്ങിപ്പോകാൻ മടിക്കുന്ന വിരിഞ്ഞ ശരീരവുമായി പ്രഭാസ് മുന്നിലിരുന്നു.
‘‘ബാഹുബലി ചരിത്രമാണ്. രാജമൗലി എനിക്കു തന്ന ചിരസ്‌മരണയും സമ്മാനവും. എന്റെ ജീവിതം മുഴുവൻ ഞാനതിനു കടപ്പെട്ടിരിക്കും. രക്തം പുരണ്ട ആ വാൾ താഴെ വയ്‌ക്കാം. നമുക്ക് സാഹോയെക്കുറിച്ചു സംസാരിക്കാം. സൂപ്പർ ബൈക്കുകളിലും കാറുകളിലും ചേസ് ചെയ്യുന്ന സാഹോയിലെ നായകൻ. അമരേന്ദ്ര ബാഹുബലി 98 കിലോ. മഹേന്ദ്ര ബാഹുബലി 90 കിലോ. സഹോയിൽ ഞാൻ 87 കിലോ. പക്കാ വെജിറ്റേറിയൻ’’– കഥാപാത്രങ്ങളിലേക്കു പരകായപ്രവേശം നടത്തുന്ന തന്റെ ശരീരത്തെക്കുറിച്ച് അഭിമാനപൂർവം പ്രഭാസ് പറഞ്ഞു.
ഇന്ത്യയിലെ 7500 തിയറ്ററുകളിൽ സാഹോ 30നു പ്രദർശനത്തിനെത്തും. വിജയം നമ്മുടേതാകട്ടെ എന്നാണ് സാഹോ എന്നാലർഥം. ശ്രദ്ധ കപൂർ നായികയാകുന്ന ചിത്രം തെലുങ്കിലെ യുവപ്രതിഭ സുജീതാണ് സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേ ദിവസം. സംവിധായകൻ ബി. ഉണ്ണികൃഷ്‌ണന്റെ ആർ.ഡി. ഇല്യൂമിനേഷൻസാണ് 400 കോടിയുടെ ആക്‌ഷൻ ത്രില്ലർ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
∙ ബാഹുബലിയിൽ നിന്ന് സാഹോയിലെത്തുമ്പോൾ?
സാഹോ നിങ്ങളെ വിസ്‌മയിപ്പിക്കും. അത്തരത്തിലാണ് സിനിമയിലെ കാർ ചേസുകൾ, ട്രക്ക് ചേസുകൾ, ഹോളിവുഡിൽനിന്ന് മുപ്പതംഗ സംഘമാണ് അതു ചെയ്‌തിരിക്കുന്നത്. ട്രാൻസ്‌ഫോർമർ പരമ്പര ചിത്രങ്ങളിലെ പരിചയസമ്പന്നരായ ഡ്രൈവർമാരാണ് ഇതിൽ ചേസ് രംഗങ്ങളുടെ അണിയറയിൽ. ഗെയിം ഓഫ് ത്രോൺസിലെ ടീമും ഇതിനു പിന്നിലുണ്ട്. കംപ്യൂട്ടർ ഗ്രാഫിക്സ് കൊണ്ടു മാത്രമുള്ള കളിയല്ല ഇത്. മിക്ക ആക്‌ഷനും റിയൽ സ്‌പീഡിൽ ഷൂട്ട് ചെയ്‌തതാണ്. അബുദബിയും ഇറ്റലിയുമുൾപ്പെടെ എട്ടോളം വിദേശ ലൊക്കേഷനുകളിൽ ഒരു വർഷമെടുത്ത് ചിത്രീകരിച്ചതാണ് പല രംഗങ്ങളും. റിമോട്ട് കൺട്രോൾ ഉപയോഗിച്ചാണ് കാറുകൾ തകരുന്നതു ചിത്രീകരിച്ചത്. ട്രക്കുകൾക്കു മുന്നിൽ കാറുകൾ നിലംതൊടാതെ പറക്കുന്നുണ്ട് . ആക്‌ഷന്റെ കാഴ്‌ചയെ മാറ്റിമറിക്കുന്ന സിനിമയാകും സാഹോ.
∙ പ്രഭാസ് ഇത്തരം ആക്‌ഷൻ ചിത്രങ്ങളുടെ ആരാധകനാണോ ? ആരാണ് പ്രഭാസിന്റെ പ്രചോദനം ?
സത്യം പറഞ്ഞാൽ അല്ല. എന്റെ പ്രിയപ്പെട്ട സിനിമ മണിരത്‌നം സംവിധാനം ചെയ്‌ത ഗീതാഞ്‌ജലിയാണ്. മലയാളത്തിൽ പ്രേമവും. അമിതാഭ് ബച്ചൻ, രജനീകാന്ത്, മോഹൻലാൽ, മമ്മൂട്ടി..... അവരോടു വലിയ ആരാധനയുണ്ട്.
∙ കഥ തന്നെയാണോ താങ്കളെ സിനിമയിലേക്ക് ആകർഷിക്കുന്നത്?
തീർച്ചയായും കഥ തന്നെയാണ് സിനിമയുടെ ഹീറോ. ബാഹുബലിക്കു ശേഷം എനിക്കു മുന്നിൽ ധാരാളം ചരിത്രസിനിമകൾ വന്നിരുന്നു. ചിലതെല്ലാം നല്ല കഥകളും ആയിരുന്നു. എന്നാൽ, കഥാപാത്രവും എന്നെ സംബന്ധിച്ചിടത്തോളം ഒരു ഘടകമാണ്. സാഹോയിൽ പ്രണയമുണ്ട് ആക്‌ഷനുണ്ട്. കൃത്യമായ ആക്‌ഷൻ ഡിസൈന് അനുസരിച്ച് ചെയ്‌തതാണ് സാഹോ. ബാഹുബലി ആദ്യ ഭാഗം ചെയ്യുമ്പോൾ യുദ്ധരംഗങ്ങളിൽ ഞങ്ങൾക്ക് റഫറൻസ് ഒന്നുമില്ലായിരുന്നു. എന്നാൽ രണ്ടാം ഭാഗം കുറച്ചുകൂടി ഈസിയായി. സാഹോയിലും മുൻപ് പരിചയമില്ലാത്തതാണ് പലതും ചെയ്‌തത്.
∙ ശരീരം താങ്കളുടെ സിനിമയിലെ കഥാപാത്രങ്ങളുടെ ഗതി നിർണയിക്കുന്നു. ഫിറ്റ്‌നസ് ഒരു കലപോലെ കൊണ്ടു നടക്കുന്നു. അതെങ്ങനെയാണ് ?
ശരീരം അഭിനേതാവിന്റെ പ്രധാനപ്പെട്ട ഘടകം തന്നെയാണല്ലോ. എന്നാൽ സിക്‌സ് പായ്‌ക്ക് കൊണ്ടു മാത്രം കാര്യമില്ല. ദംഗലിലെ ആമിർ ഖാൻ ശരീരം കൊണ്ടല്ല, വഴക്കം കൊണ്ടുകൂടിയാണ് നമ്മളെ വിസ്‌മയിപ്പിക്കുന്നത്. ദീർഘകാല പരിശീലനം കൊണ്ടു മാത്രമേ ഇതു സാധിക്കൂ. സ്‌പോർട്‌സ് സിനിമകൾ ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം. ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ വരുത്തും. എന്നാൽ ചിലപ്പോഴെല്ലാം അതു പാളും. പ്രത്യേകിച്ച്, കേരളരുചിയുള്ള ഇലയിൽ പൊളളിച്ച മീൻ കാണുമ്പോൾ!
∙ എന്താണു ബാഹുബലി സ്‌മരണയായി വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്?
ബാഹുബലിയിൽ ഉപയോഗിച്ച കത്തികളെല്ലാം എന്റെ കയ്യിലുണ്ട്. ആദ്യം ഷൂട്ട് ആരംഭിക്കുമ്പോൾ പ്ലാസ്റ്റിക്കിന്റെയും റബറിന്റെയും കത്തികളാണ് തന്നത്. അതെല്ലാം കയ്യിലുണ്ട്. ചില ഒറിജിനൽ കത്തികളും സ്‌മരണയ്‌ക്കായി സൂക്ഷിക്കുന്നു.
∙ ഒരു സിനിമ പല ഭാഷയിൽ ഷൂട്ട് ചെയ്യുമ്പോൾ എന്താണു പ്രത്യേകത?
ആക്‌ഷൻ രംഗങ്ങളെല്ലാം ഒരുപോലെയാണ്. സാഹോയിൽ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷയിൽ ഡയലോഗ് പറയുമ്പോൾ മൂന്നു തവണയായാണു ചിത്രീകരിച്ചത്. തമിഴും തെലുങ്കും എനിക്ക് അനായാസം വഴങ്ങും. എന്നാൽ, ഹിന്ദിയിൽ കുറച്ചുകൂടി സമയമെടുത്താണ് ചെയ്‌തത്.
∙ എന്താണു തെലുങ്കു സിനിമ താങ്കളെ റിബൽ സ്റ്റാർ എന്നു വിളിക്കുന്നത്?
സത്യത്തിൽ റിബൽ സ്റ്റാർ എന്ന പേര് എനിക്കു കുടുംബപരമായി ലഭിച്ചതാണ്. എന്റെ അമ്മാവൻ ഉപ്പലപ്പട്ടി കൃഷ്ണൻ രാജുവിനെയാണ് തെലുങ്കു സിനിമ ആദ്യം റിബൽ സ്റ്റാർ എന്നു വിളിച്ചത്. അത് എനിക്കും ലഭിച്ചുവെന്നേയുള്ളൂ. ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ച നടൻ, പിന്നീടു തൊണ്ണൂറുകളിൽ രാഷ്ട്രീയത്തിലെത്തി, രണ്ടു തവണ എംപിയായി, വാജ്പേയ് മന്ത്രിസഭയിൽ അംഗവുമായിരുന്നു അമ്മാവൻ. അദ്ദേഹത്തെ റിബൽ സ്റ്റാർ എന്നു വിളിച്ചതുകൊണ്ട് പിന്നീട് എന്നെയും അതേ പേരു വിളിക്കുകയായിരുന്നു.
പ്രഭാസിന്റെ പ്രണയം, വിവാഹം എപ്പോഴും വാർത്തകളിലുണ്ടല്ലോ
അത് എപ്പോഴും എല്ലാവരും ചോദിക്കുന്ന കാര്യമാണ്. എന്നാകും വിവാഹം എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പക്ഷേ, ഒരുകാര്യം ഉറപ്പിച്ചു പറയാം. അതൊരു പ്രണയവിവാഹമായിരിക്കും!