ADVERTISEMENT

സിനിമയിൽ ജനപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടുക എന്നത് അൽപം പ്രയാസമേറിയ സംഗതിയാണ്. എന്നാൽ കോടികൾ മറിയുന്ന കോളിവുഡിൽ ഇതു രണ്ടും അനായാസം തനിക്കു വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് സംവിധായിക സുധ കോങ്കര. ബിഗ്ബജറ്റ് സൂപ്പർസ്റ്റാർ ചിത്രമായാലും അധികം മുതൽമുടക്കില്ലാത്ത ചെറിയ പടമായാലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കാഴ്ചാനുഭവവും ചിന്തിപ്പിക്കുന്ന ജീവിതവും പറയാൻ സുധ പ്രകടിപ്പിക്കുന്ന മിടുക്ക് ആരെയും വിസ്മയിപ്പിക്കും. 'സുരരൈ പോട്ര്', 'ഇളമൈ ഇതോ ഇതോ' എന്നീ രണ്ടു ചിത്രങ്ങളിലൂടെ സുധ ഇക്കാര്യം തെളിയിക്കുന്നുമുണ്ട്. 

 

സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലെ ക്യാപ്റ്റൻ നെടുമാരൻ രാജാങ്കം എന്നു വിലയിരുത്തപ്പെട്ടപ്പോഴും ചിത്രത്തിലെ ഒരു രംഗം ഒരേസമയം കയ്യടിയും വിമർശനവും നേരിട്ടു. അച്ഛന്റെ മരണത്തിനുശേഷം മാരൻ വീട്ടിലെത്തുന്ന രംഗത്തിന് ദൈർഘ്യമേറിപ്പോയി എന്നായിരുന്നു ചിത്രത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം. എങ്കിലും, സുധ കോങ്കരയുടെ ചിത്രങ്ങളോടു മലയാളികൾക്ക് ഒരു ഇഷ്ടക്കൂടുതലുണ്ട്. അതിനു കാരണം ഉർവശിയാണ്. തന്റെ സിനിമകളിലെ  ഈ 'ഉർവശി ഫാക്ടറെ'ക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചും മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംവിധായിക സുധ കോങ്കര മനസു തുറന്നു. 

 

urvashi

ഞാൻ ഉർവശിയുടെ ആരാധിക

 

ചെറുപ്പം മുതലെ, ഞാൻ ഉർവശി മാഡത്തിന്റെ വലിയൊരു ആരാധികയാണ്. അവരുടെ മുന്താനെ മുടിച്ച് എന്ന സിനിമയൊക്കെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. അന്നു തൊട്ട് ഞാൻ അവരുടെ ആരാധികയാണ്. ഞാൻ അവരുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. അവർ വേറെ ലെവലാണ്. തമിഴിൽ ഈയടുത്ത് അവർ ചെയ്തതെല്ലാം കോമഡി ടച്ചുള്ള കഥാപാത്രങ്ങളായിരുന്നു. 

sudha-suriya

 

പക്ഷേ, ഞാൻ അവർ മലയാളത്തിൽ ചെയ്തിട്ടുള്ള ഗംഭീര സിനിമകൾ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഞാൻ അവരെ ഈ സിനിമയിലേക്ക് ക്ഷണിച്ചത്. മാരന്റെ അച്ഛൻ മരിച്ചതിനു ശേഷമുള്ള ഇമോഷനൽ രംഗത്തിൽ എത്ര ബ്രില്ല്യന്റ് ആയാണ് അവർ അഭിനയിച്ചത്! മലയാളത്തിൽ ഒരുപാടു നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെയൊരു കഥാപാത്രം അവർ തമിഴിൽ ചെയ്തിട്ടില്ല. സത്യം പറഞ്ഞാൽ ഞാൻ അവരുടെ ടാലന്റിനെ എന്റെ സിനിമയ്ക്കായി ഉപയോഗപ്പെടുത്തി എന്നു മാത്രം. എന്നേക്കാളും വലിയ ഉർവശി ഫാൻ ഈ ലോകത്തുണ്ടാകില്ല. എനിക്ക് അവരെ അത്രയും ഇഷ്ടമാണ്. അവർ സമ്മതിച്ചാൽ എന്റെ എല്ലാ സിനിമകളിലും അവർ ഉണ്ടാകും. 

 

suriya-soorarai

അവരെ വച്ച് ഇനിയും സിനിമ എടുക്കും

 

ഞാനെന്റെ ആദ്യ ചിത്രം (ദ്രോഹി–2010) ചെയ്യുന്ന സമയം. പൂനം ബാജ്വ ചെയ്ത കഥാപാത്രത്തിന്റെ പ്രായമായ കാലഘട്ടം ചെയ്യാൻ ഞാൻ സമീപിച്ചത് ഉർവശി മാഡത്തിനെ ആയിരുന്നു. അവരുടെ രീതിയിൽ ആ കഥാപാത്രത്തെ പൂനം ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ, ഉർവശി മാഡത്തിന് ആ കഥാപാത്രം ചെയ്യാൻ കഴിഞ്ഞില്ല. അവർക്ക് അന്ന് കുഞ്ഞുണ്ടായിരിക്കുന്ന സമയമായിരുന്നു. പക്ഷേ, ഞാൻ അവരെക്കൊണ്ട് ആ കഥാപാത്രത്തിന് ഡബ് ചെയ്യിപ്പിച്ചു. 

 

aparna-sudha

പൂനത്തിന്റെ കഥാപാത്രത്തിന് വയസാകുമ്പോഴുള്ള ഭാഗത്തിന് ശബ്ദം നൽകിയിരിക്കുന്നത് ഉർവശിയാണ്. ലോക്ഡൗണിൽ 'ഇളമൈ ഇതോ ഇതോ' ചെയ്യാൻ തീരുമാനിച്ച്, അതിന്റെ കഥ ഓകെ ആയപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഉർവശി എന്ന പേരായിരുന്നു. ആ സിനിമയിൽ അവരെയാണ് ആദ്യം തീരുമാനിച്ചത്. മലയാളത്തിൽ ഈയടുത്ത കാലത്ത് ഉർവശി മാഡം അതിമനോഹരമായ ഒരു കഥാപാത്രം ചെയ്തിരുന്നല്ലോ.... വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ. അതിൽ അവരെ കാണാൻ എന്തു രസാ! കുറച്ചു രംഗങ്ങളിലേ അവർ വരുന്നുള്ളൂ. പക്ഷേ, എന്തൊരു സ്ട്രോങ് ആയിരുന്നു ആ കഥാപാത്രം. കല്ല്യാണിയുമായുള്ള അവരുടെ കോംപിനേഷനും വളരെ മനോഹരമായിരുന്നു. തീർച്ചയായും അവരെ വച്ച് ഇനിയും ഞാൻ സിനിമയെടുക്കും. അങ്ങനെയുള്ള സിനിമകൾ പ്രേക്ഷകർക്ക് തീർച്ചയായും പ്രതീക്ഷിക്കാം. 

 

ആ രംഗം കട്ട് ചെയ്യാൻ തോന്നിയില്ല

aparna-bommi

 

സുരരൈ പോട്ര് എന്ന സിനിമയിൽ ഏറ്റവും ചർച്ച ചെയ്ത ഒരു രംഗം മാരന്റെയും അമ്മയുടെയും ദൈർഘ്യമേറിയ ഇമോഷനൽ സീക്വൻസ് ആയിരുന്നു. അച്ഛന്റെ മരണത്തിനുശേഷം മാരൻ വീട്ടിലേക്ക് വരുന്ന ആ രംഗം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ രംഗം മുഴുവനായും രണ്ടു തവണ ഷൂട്ട് ചെയ്തു. ഉർവശി മാഡത്തിന്റെ ഭാഗങ്ങൾ രണ്ടു ക്യാമറ വച്ചാണ് പകർത്തിയത്. സൂര്യയുടേതിന് അതു സാധ്യമായിരുന്നില്ല. അതാണ് രണ്ടു തവണ ആ രംഗം ഷൂട്ട് ചെയ്യേണ്ടി വന്നത്. 

 

ഒറ്റ ടേക്കിലാണ് മൊത്തം ആ സീൻ എടുത്തത്. ചിലർക്ക് ആ രംഗം ഒരുപാട് ഇഷ്ടപ്പെട്ടു. ആ രംഗത്തിന് ദൈർഘ്യം കൂടുതലായെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ആ രംഗത്തിൽ കത്തി വയ്ക്കാൻ എനിക്കൊട്ടും താൽപര്യമുണ്ടായിരുന്നില്ല. എന്തൊരു റിയൽ ആയാണ് സൂര്യയും ഉർവശിയും അതു ചെയ്തത്. ആ ഭാഗം കുറച്ചു കട്ട് ചെയ്യാൻ പലരും പറഞ്ഞു. പക്ഷേ, അത് അങ്ങനെ തന്നെ എനിക്ക് വേണമായിരുന്നു. അതിനാൽ, ചെറിയ രീതിയിൽ ട്രിം ചെയ്യുക മാത്രമാണ് ചെയ്തത്. ഓരോ തവണ ആ രംഗം കാണുമ്പോഴും ഞാൻ കരയുകയായിരുന്നു. 

 

അപർണ വന്നത് സിംപിൾ സൽവാറിൽ 

 

കഴിവുറ്റ നടിമാരാണ് അപർണയും ഉർവശിയും. സുരരൈ പ്രോട് എന്ന സിനിമയിലെ ആ കഥാപാത്രങ്ങൾക്കായി ഇവരെക്കാൾ മികച്ച പ്രതിഭകൾ ഇൻഡസ്ട്രിയിൽ ഇല്ല. അപർണ ഒരു എക്സ്ട്രാ ഓർഡിനറി ആക്ടർ ആണ്. മഹേഷിന്റെ പ്രതികാരം എന്ന സിനിമ കണ്ടപ്പോഴാണ് അപർണ ബാലമുരളിയെ ഞാൻ ശ്രദ്ധിച്ചത്. ആ സിനിമയിൽ she was fantastic! 

ജി.വി പ്രകാശിനൊപ്പം സർവം താളമയം എന്ന ചിത്രം അപർണ ചെയ്തിരുന്നു. ജി.വി എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ആ സിനിമയുടെ ഷൂട്ടിനിടയിൽ അപർണ ജി.വിയോടു പല തവണ എന്നെ കാണണമെന്നും പരിചയപ്പെടുത്തി കൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

 

അപർണ എന്റെ ഇരുദ്ധി സുട്ര് എന്ന സിനിമ കണ്ടിട്ടുണ്ട്. അവർ ചെന്നൈയിൽ ഷൂട്ട് ചെയ്തിരുന്ന സമയത്ത് ഞാൻ വളരെ തിരക്കിലായിരുന്നു. അതിനാൽ കാണാൻ കഴിഞ്ഞില്ല. പക്ഷേ, കേരളത്തിലേക്ക് തിരിച്ചു പോന്നിട്ടും അപർണ ജി.വിയോട് ഇക്കാര്യം തുടർന്നും ആവശ്യപ്പെട്ടു. അപ്പോൾ ജി.വി എന്നെ വിളിച്ചു കാര്യം പറഞ്ഞു. അങ്ങനെയാണ് അപർണയോട് എന്നെ വന്നു കാണാൻ പറഞ്ഞത്. ഒരു സിംപിൾ സൽവാർ ധരിച്ച് വരാൻ നിർദേശിച്ചു. അതനുസരിച്ച് അപർണ എന്നെ കാണാൻ ചെന്നൈയിലെ ഓഫിസിലെത്തി. വളരെ സിംപിൾ ആയ സൽവാറും വെളുത്ത ദുപ്പട്ടയും ആയിരുന്നു വേഷം. ആ വേഷത്തിലും അവർ വേറിട്ടു നിന്നു. അവരുടെ ആ കണ്ണുകൾ... എന്തൊരു കരുത്തായിരുന്നു ആ നോട്ടത്തിന്! 

 

പക്കാ മധുരൈ പൊണ്ണ്

 

കാണാൻ വന്ന ദിവസം തന്നെ അപർണയ്ക്ക് രണ്ടു രംഗങ്ങൾ അഭിനയിക്കാൻ കൊടുത്തു. സിനിമയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള രംഗങ്ങളാണ് കൊടുത്തത്. മാരനോട് വിവാഹം ചെയ്യാൻ താൽപര്യമില്ല എന്നു പറയുന്ന രംഗവും ട്രെയിനിലെ ഒരു രംഗവുമാണ് അഭിനയിക്കാൻ പറഞ്ഞത്. ഫുൾ മധുരൈ സ്ലാങ്ങിൽ! എന്നെ അവർ ഞെട്ടിച്ചു. That girl was brilliant! ബൊമ്മി എന്ന കഥാപാത്രമായി അവരെ ഉറപ്പിച്ചതിനുശേഷം മധുരെ സ്ലാങ് പഠിച്ചെടുക്കാൻ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ഓഡിയോ ക്ലിപ് ആയി സംഭാഷണങ്ങൾ അയച്ചുകൊടുക്കും. അതിൽ കേൾക്കുന്ന തമിഴ് പോലെ അപർണ പഠിച്ചെടുക്കും. ഷൂട്ടിനായി വന്നപ്പോഴേക്കും അപർണ മുഴുവൻ ഡയലോഗും ആ സ്ലാങ്ങിൽ പറയാൻ പഠിച്ചിരുന്നു. പക്കാ മധുരൈ പൊണ്ണ്!

 

കൊച്ചിയിൽ കണ്ട ആ സിനിമകൾ

 

എന്റെ അച്ഛൻ കൊച്ചിൻ ഷിപ്പ്യാർഡിനു വേണ്ടി ചില കോൺട്രാക്ട് പണികൾ ചെയ്തിരുന്നു. അതിനാൽ, അവധിക്കാലത്ത് ഞങ്ങൾ അച്ഛനൊപ്പം കൊച്ചിയിലായിരുന്നു ചെലവഴിച്ചിരുന്നത്. പനമ്പിള്ളി നഗറിലായിരുന്നു അന്നു താമസം. മനോരമ ഓഫിസ് കഴിഞ്ഞ് ആദ്യം വലത്തോട്ടുള്ള വഴി എന്ന് ഓട്ടോക്കാരനോടു പറയാറുള്ളത് എനിക്കിപ്പോഴും ഓർമയുണ്ട്. കൊച്ചിയിൽ വച്ചാണ് മലയാളം സിനിമകൾ കാണാൻ തുടങ്ങിയത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ പോയി കാണും. ആ സമയത്തിറങ്ങിയ എല്ലാ ചിത്രങ്ങളും ഇപ്പോഴും ഓർമയിലുണ്ട്. 

 

ഏപ്രിൽ 18, കാണാമാറയത്ത്, ഇത്തിരിപ്പൂവെ ചുവന്ന പൂവെ, എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്... അങ്ങനെ എത്രയോ ചിത്രങ്ങൾ. പിന്നീട് മലയാളം സിനിമ കാണുന്നത് എന്റെ ശീലമായി. അൽഫോൻസ് പുത്രന്റെ പ്രേമം, അഞ്ജലിയുടെ ബാംഗ്ളൂർ ഡെയ്സ്, ട്രാൻസ്, മഹേഷിന്റെ പ്രതികാരം... ഇതെല്ലാം എനിക്കിഷ്ടപ്പെട്ട ചിത്രങ്ങളാണ്. ഫഹദിനെ ഇഷ്ടമാണ്. നസ്റിയ.... ദുൽഖർ സൽമാൻ എന്റെ ഓൾടൈം ഫേവറിറ്റ് ആണ്. നിങ്ങൾക്ക് നല്ല അഭിനേതാക്കളെ വേണമെങ്കിൽ മലയാളത്തിലേക്ക് നോക്കൂ എന്നാണ് ഞാനെപ്പോഴും പറയാറുള്ളത്. തീർച്ചയായും ഇവരെ വച്ചെല്ലാം പടം എടുക്കണമെന്നാണ് എന്റെ ആഗ്രഹം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com