ADVERTISEMENT

ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ തുടങ്ങിയെങ്കിലും ഐശ്വര്യ ലക്ഷ്മി എന്ന നായിക മലയാളികളുടെ ഹൃദയത്തിൽ കേറിക്കൂടിയത് മായാനദിയിലെ മാത്തന്റെ അപ്പുവായിട്ടാണ്. അടിമുടി മോഡേൺ ആയ ബോൾഡ് ആയ കഥാപാത്രങ്ങളുടെ മുഖമാണ് എപ്പോഴും ഐഷു എന്ന് ആരാധകർ സ്നേഹപൂർവം വിളിക്കുന്ന ഐശ്വര്യ ലക്ഷ്മിക്ക്. പഠിച്ചത് എംബിബിഎസും കരിയർ തുടങ്ങിയത് മോഡലിങ്ങിലും ആണെങ്കിലും ഇപ്പോൾ സിനിമയാണ് ഐശ്വര്യയുടെ ലോകം. സിനിമയിൽ മൂന്നു വർഷം പിന്നിടുമ്പോൾ ഒട്ടേറെ കാര്യങ്ങൾ പഠിച്ചെന്ന് ഐശ്വര്യ ലക്ഷ്മി. ഡ്രൈവിങും നൃത്തവും നീന്തലും വരെ പഠിച്ചത് സിനിമയിൽ വന്നതിനുശേഷമാണെന്നു താരം പറയുന്നു. പഠനത്തിന്റെ തിരക്കിൽ മുൻപൊന്നും ഇതിനു സമയം കിട്ടിയിരുന്നില്ല. സിനിമ നൽകിയ ഈ നല്ല സമയത്തെക്കുറിച്ചുള്ള വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി മനോരമ ഓൺലൈനിൽ. 

 

മൂന്നു വർഷം ഒരു തിരിഞ്ഞു നോട്ടം

 

സിനിമയിൽ വന്ന സമയത്ത് പ്രത്യേകിച്ച് ഐഡിയകൾ ഒന്നും ഇല്ലായിരുന്നു. ഓരോ സിനിമ കഴിയുമ്പോഴാണ്  സിനിമാ ഇൻഡസ്ട്രിയിലെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്ന് പഠിക്കുന്നത്. അഭിനയ പശ്ചാത്തലമോ തിയറ്റർ പരിചയമോ ഒന്നും അല്ല. ഇപ്പോൾ എനിക്ക് തെറ്റുകൾ എന്താണെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്. ഒരു സിനിമ കഴിയുമ്പോൾ എങ്ങനെ മികച്ചതാക്കാം എങ്ങനൊക്കെ ആണ് ഒരു കാരക്ടർ കൺവീൻസിങ്ങ് ആയി ചെയ്യാൻ പറ്റുക അങ്ങനെയുള്ള റിസേർച്ച് എങ്കിലും കൂടുതൽ സീരിയസ് ആയി നോക്കുന്നുണ്ട്. വേറൊരാൾ അഭിനയിക്കുമ്പോൾ അതിലേക്ക് ശ്രദ്ധിക്കാറുണ്ട്. ആദ്യം വന്നപ്പോഴുള്ള അങ്കലാപ്പും പേടിയും ഒക്കെ മാറി , എന്താണ് സെറ്റിൽ സംഭവിക്കുന്നതെന്ന് കുറച്ചുകൂടെ നന്നായിട്ട് നിരീക്ഷിക്കുന്നത് ഇപ്പോഴാണ്.

aishwarya-lakshmi

 

സിനിമയിലെ രാഷ്ട്രീയ ശരി തെറ്റുകൾ

 

എന്റെ അറിവിൽ നിന്നും കിട്ടിയത് നമ്മൾ ചെയ്യുന്ന കഥാപാത്രത്തെ ഒരിക്കലും വിധിക്കരുത് എന്നാണ്. ഞാൻ ചെയ്യുന്ന കഥാപാത്രം തെറ്റാണെന്ന് മനസിൽ വിചാരിച്ച് ചെയ്താൽ ഒരിക്കലും നല്ല രീതിയിൽ ചെയ്യാൻ പറ്റില്ല. എന്റെ സ്വഭാവത്തിനു നേരെ വിപരീതമായാകും കഥാപാത്രം ചെയ്യുന്നത്. അത് ജഡ്ജ് ചെയ്ത് എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നോക്കി ചെയ്യാൻ തുടങ്ങിയാൽ പിന്നെ എല്ലാ കാരക്ടറും ഒരേ പോലെയുള്ളതായി മാറും. അങ്ങനെ ഞാൻ നോക്കാറില്ല. പൊളിറ്റിക്കൽ കറക്ട്നസ് നോക്കാറില്ല. കാരണം ക്രിയേറ്റിവിറ്റിക്ക് ആ വാക്കിൽ തന്നെ ഫ്രീഡം ഉണ്ട്. There should be creative freedom for every film, every character.  അതിന്റെ മേക്കേഴ്സ് ആണ് തീരുമാനിക്കുന്നത്. ഓഡിയൻസ് മണ്ടന്മാരല്ല. Everybody has their own intelligence.  

 

സിനിമയിലെ ഒരു കഥാപാത്രം കൊലപാതകം ചെയ്തു എന്നു പറഞ്ഞ് നാളെ പോയി ഒരാൾ കൊലപാതകം ചെയ്യണമെന്നില്ല. നല്ലതും ചീത്തയും പ്രേക്ഷകരാണ് മനസിലാക്കും. കഥാപാത്രത്തിന്റെ സ്റ്റൈൽ നമുക്ക് കോപ്പി ചെയ്യാം, പെരുമാറുന്ന രീതിയോ സംസാരിക്കുന്ന രീതിയോ , വാക്കോ ഒക്കെ സ്വാധീനം ചെലുത്താൻ സാധിക്കുമായിരിക്കാം. നെഗറ്റീവ് ആണെങ്കിൽ അത് മോശമാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എല്ലാ പ്രേക്ഷകർക്കും ഉണ്ട്.

 

ധനുഷിനൊപ്പം

 

മൂന്ന് വർഷം മുമ്പാണ് ധനുഷ് സാറിനെ ആദ്യായി കാണുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിഷനു വേണ്ടിയായിരുന്നു പരിചയപ്പെട്ടത്. ഒരു തമിഴ് ബ്രാഹ്മിൺ പെൺകുട്ടിയെയായിരുന്നു ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. കുറച്ച് തമിഴ് ഡയലോഗ്സ് ഒക്കെ പറഞ്ഞുകേൾപ്പിക്കുകയും ചെയ്തു. അന്ന് ആ സിനിമയിൽ എന്നെ അദ്ദേഹം എടുത്തില്ല. പിന്നീട് ജഗമേ തന്തിരം എന്ന സിനിമയിൽ അഭിനയിക്കുന്നതിനിടെ ഇക്കാര്യം തമാശ രീതിയില്‍ അദ്ദേഹത്തോട് പറയുകയുണ്ടായി. എന്നാൽ അന്ന് എനിക്കു പറഞ്ഞു തന്ന ഡയലോഗ്സ് പോലും അദ്ദേഹത്തിന് ഓർമയുണ്ടായിരുന്നു. ഒരുപാടൊന്നും സെറ്റിൽ സംസാരിച്ചിരുന്നില്ല. പുറത്തൊരു രാജ്യത്തായിരുന്നു സിനിമയുടെ ഷൂട്ട്. എനിക്ക് ഒരു സഹോദരനെപ്പോലെയായിരുന്നു അദ്ദേഹം സെറ്റിൽ. 

 

മണിരത്നം ചിത്രം

 

പൊന്നിയൻ സെൽവം എന്ന ഈ ചിത്രത്തിന്റെ പ്രി പ്രൊഡക്‌ഷൻ ഒന്നര വർഷം മുമ്പേ തുടങ്ങിയതാണ്. ആദ്യമായി ആ സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ലുക്ക് ടെസ്റ്റ് ചെയ്യുന്നത് എന്നെ വച്ചാണ്. അതായിരുന്നു ആ സിനിമയുടെ ആദ്യ ഓഡിഷനും. അതുപോലെ തന്നെ സിനിമയുടെ ആദ്യ ഷോട്ട് എന്റെ കഥാപാത്രത്തിന്റേതായിരുന്നു. 

 

മണിരത്നം സാറിന്റെ സിനിമയില്‍ ഭാഗമാകുക എന്നത് തന്നെ ഭാഗ്യമാണ്. ആദ്യ ഷോട്ട് നന്നായി ചെയ്യാൻ ഒരുപാട് കഷ്ടപ്പെട്ടു. ഇതൊരു അവാർഡ് ലഭിക്കുന്നതുപോലെയായിരുന്നു. സിനിമയിലെ അസിസ്റ്റന്റ്സ് ഒക്കെ നമ്മളിലൊരാളായാണ് പ്രവർത്തിക്കുന്നത്. സെറ്റിൽ എല്ലാവരും എല്ലാ ജോലിയും ചെയ്യാൻ തയാറായിരുന്നു. 

 

ഒന്നരമാസത്തെ ഷൂട്ടിങ് പൂർത്തിയായി. കൊറോണ സാഹചര്യമായതിനാൽ ഷൂട്ട് നിർത്തിവച്ചിരിക്കുകയാണ്. എപ്പോൾ ഇനി തുടങ്ങും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ജനുവരിയിലോ ഫെബ്രുവരിയിലോ തുടങ്ങാനാകും എന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com