‘ഈ വളഞ്ഞ കൈയിൽ സ്ക്രൂ ഇടാൻ അറക്കവാൾ തന്നെ വേണ്ടിവരും’; മറയ്ക്കപ്പുറം ഡോക്ടർ പാടുന്നു, ‘മധുരം ജീവാമൃത ബിന്ദു’; സ്ഥലം മാറിപ്പോയോ?
Mail This Article
ജീവിതത്തിലെ ഒരു സാധാരണ ദിവസം. 2024 ഒക്ടോബർ 22 ചൊവ്വ. പല കാഴ്ചപ്പാടുകളെയും തിരുത്തിക്കുറിച്ച് പുതിയ വെളിപാടുകൾ നൽകിയ ആ ‘അപകടം’ അന്നാണ് എനിക്ക് സംഭവിച്ചത്. വായിച്ചു പഠിച്ച തിയറികൾ ഒക്കെ എന്റെ അനുഭവമാകാൻ ആരംഭിച്ച ദിനം. ഞാൻ ജോലി ചെയ്യുന്ന കോട്ടയം വാഴൂർ ശ്രീ വിദ്യാധിരാജ എൻഎസ്എസ് കോളജിലേക്ക് എന്റെ ഹോണ്ട ഗ്രാസിയയിൽ പോകുമ്പോൾ കാനം ജംക്‌ഷനിൽ വച്ച് ഒരു പട്ടി കുരച്ചുകൊണ്ട് വണ്ടിക്ക് മുന്നിലേക്ക് ഒറ്റ ചാട്ടം. വണ്ടി ഇടിച്ചു, സ്കൂട്ടർ ഇടത്തേക്ക് മറിഞ്ഞു. പട്ടി തടിയൂരി പോയി. സ്‌കൂട്ടറിനടിയിൽ എന്റെ ഇടതു കൈ, ഇടതു കാൽ ഒക്കെ അമർന്ന് മൊത്തത്തിൽ ഒരു പ്രാണവേദന. എഴുന്നേൽക്കാൻ പറ്റാതെ ഒരു നിമിഷം ഞാൻ റോഡിലേക്ക് തന്നെ തലവച്ചു കിടന്നു. ഞാൻ തിരിച്ചറിഞ്ഞു, എന്റെ ജീവിതത്തിലെ ആദ്യത്തെ അപകടം സാരമായിത്തന്നെ സംഭവിച്ചുവെന്ന്! നാട്ടുകാർ ഓടി വന്നു. പതിയെ എഴുന്നേൽപ്പിച്ചു. കാൽ കുത്തുമ്പോൾ വേദന ഉണ്ടെന്ന് പറയുമ്പോഴാണ് കയ്യിലേക്ക് നോക്കുന്നത്. ഇടതു കൈ 'ഗ' മാതൃകയിൽ വളഞ്ഞു പൊങ്ങുന്നു. ഉള്ളിലൂടെ ഒരു മിന്നൽ കയറിയിറങ്ങി. ഒരു ഓട്ടോയിൽ രണ്ട് നാട്ടുകാരുടെ കൂടെ തൊട്ടടുത്തുള്ള ഒരു ആശുപത്രിയിലേക്ക്. അവിടെ എന്റെ കൈ കണ്ടവരൊക്കെ പരിഭ്രമിച്ചു. എന്റെ പ്രിൻസിപ്പലും സഹപ്രവർത്തകരും കുട്ടികളും ഓടിയെത്തി. കയ്യിലെ ഒരു നിസ്സാര അനക്കം പോലും അസഹനീയമായി. ഒരു നല്ല ആശുപത്രിയിലേക്ക് എത്രയും വേഗം എത്തണം. ഒരു ആംബുലൻസ് വിളിച്ചു. നേരെ ചെങ്ങനാശ്ശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക്. ആംബുലൻസിന്റെ നേരിയ അനക്കം പോലും എന്റെ ‘ഗ’ കയ്യിൽ അതിഭീകര വേദനയായിരുന്നു. സഹപ്രവർത്തകയായ സുനിത മിസ്സ് എന്റെ കയ്യിനെ ഒരു കുഞ്ഞിനെ എന്ന പോലെ അതീവശ്രദ്ധയോടെ താങ്ങിപ്പിടിച്ചിരുന്നു. എന്നിട്ടും വണ്ടി ഒന്ന് വിറച്ചാൽ പോലും അസഹനീയമായിരുന്നു വേദന. അര മണിക്കൂറിൽ ചെത്തിപ്പുഴ എത്തുമ്പോഴേക്കും കിരണേട്ടന്റെ സുഹൃത്തും ആശുപത്രിയിലെ എച്ച്ആറും ആയ പ്രിയയും സ്ട്രെച്ചറും ആളുകളും കാത്തു നിൽക്കുന്നു.