നായാട്ടിലെ വനിതാ എസ്പി ഈ മലയാളി താരം; യമ അഭിമുഖം
Mail This Article
പ്ലാനും പദ്ധതിയുമില്ലാത്ത ജീവിതമാണു യമയുടേത്. അങ്ങനെ പ്ലാൻ ചെയ്തു ജീവിക്കുന്നതിൽ എന്തു സൗന്ദര്യം എന്നു ചോദിക്കുകയും ചെയ്യും. തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടുന്ന ‘നായാട്ട്’ എന്ന മാർട്ടിൻ പ്രക്കാട്ട് സിനിമയിൽ യമ ജീവൻ നൽകിയ ക്രൈംബ്രാഞ്ച് എസ്പി അനുരാധ കയ്യടി വാങ്ങുമ്പോൾ, വീട്ടിൽ ഗർഭസംബന്ധമായ വിശ്രമത്തിലാണു താരം. തിയറ്ററിൽ സിനിമ കാണാൻ ഇനിയും കഴിഞ്ഞില്ലെങ്കിലും അഭിനന്ദനങ്ങൾ നടിയെത്തേടി ഫോണിലെത്തുന്നു. നന്നായി ചെയ്തുവെന്നുറപ്പുണ്ടായിരുന്നെങ്കിലും ഇത്ര വലിയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നു യമ പറയുന്നു. തിയറ്ററും എഴുത്തുമാണു യമയുടെ പ്രധാന തട്ടകങ്ങൾ. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലും നാഷനൽ ഓഫ് ഡ്രാമയിലും നിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിലും അഭിനയം പ്രഫഷൻ ആക്കാൻ തനിക്കു താൽപര്യമില്ലെന്നു യമ പറയുന്നു. ‘അഭിനയം പാഷൻ ആണ്. അതിനെ അങ്ങനെ കാണാനേ ആഗ്രഹിക്കുന്നുള്ളൂ. ഇഷ്ടമുള്ളപ്പോൾ മതി അഭിനയം. അങ്ങനെയെങ്കിൽ അതിനൊരു നൈസർഗികത കൂടിയുണ്ടാകും– യമ പറയുന്നു.
∙ മുഖ്യധാരാ സിനിമയിൽ ആദ്യം
അതെ. ഇതിനു മുൻപു വിപിൻ വിജയ് സംവിധാനം ചെയ്ത ചിത്രസൂത്രം, പ്രതിഭാസം തുടങ്ങിയ സമാന്തര സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും സിനിമയിൽ വേഷങ്ങൾ തേടിയെത്തിയിരുന്നു. എന്നാൽ, വലിയ താൽപര്യം തോന്നിയിരുന്നില്ല.
∙ എങ്ങനെയാണു നായാട്ടിന്റെ ഭാഗമായത്?
കഴിഞ്ഞ മൂന്നു വർഷമായി ഒരു നോവലിന്റെ പണിപ്പുരയിലാണ്. ഇടയ്ക്ക് എഴുത്തു മുന്നോട്ടു നീങ്ങുന്നില്ല എന്നു തോന്നി. ഒരു ചെറിയ ബ്ലോക്ക് പോലെ. അങ്ങനെ ചില യാത്രകളുമൊക്കെയായി ഊട്ടിയിലെത്തിയപ്പോഴാണു മാർട്ടിൻ വിളിച്ചത്. സിനിമ ചെയ്യാൻ താൽപര്യമില്ലെന്നു പറഞ്ഞപ്പോൾ ‘കഥ ഒന്നു കേൾക്കൂ’ എന്നായി മാർട്ടിൻ. അങ്ങനെ തിരക്കഥാകൃത്ത് ഷാഹി കബീർ വിളിച്ചു കഥ പറഞ്ഞു. കഥയും റോളും ഇഷ്ടപ്പെട്ടെങ്കിലും തിരക്കഥ കൂടി കണ്ടിട്ടു തീരുമാനിക്കാമെന്നാണ് ഷാഹിയോടു മറുപടി പറഞ്ഞത്. തിരക്കഥയും അവർ അയച്ചു തന്നു. അങ്ങനെയാണു നായാട്ടിലെത്തിയത്.
∙ പൊലീസ് വേഷം, ശാരീരിക അധ്വാനം വേണ്ടി വന്നു?
നാടകങ്ങളിലെ പരിചയസമ്പത്തുള്ളതിനാൽ അഭിനയം പ്രയാസമായിരുന്നില്ല. ഫിസിക്കൽ തിയറ്റർ തന്നെയാണു ഞാൻ ഏറെയും ചെയ്തിട്ടുള്ളത്. ക്രൈംബ്രാഞ്ച് എസ്പി അനുരാധയായാണു ഞാൻ സിനിമയിലെത്തുന്നത്. ഉന്നത ഉദ്യോഗസ്ഥയുടെ വേഷം പവർഫുൾ ആകണം, പലയിടത്തും വിധേയത്വവും കാട്ടണം. തിരക്കഥാകൃത്ത് ഷാഹി കബീർ സിവിൽ പൊലീസ് ഓഫിസറായതിനാൽ ശരീരഭാഷ രൂപപ്പെടുത്തുന്നതിൽ സഹായിച്ചിട്ടുണ്ട്.
∙ കാടകത്തെ ഷൂട്ടിങ്?
ലൊക്കേഷന്റെ പ്രത്യേകതകൾ മൂലം ഞാൻ മാത്രമല്ല, യൂണിറ്റിലെ എല്ലാവരും നന്നായി ബുദ്ധിമുട്ടി. ഷൂട്ട് നടന്ന പല സ്ഥലങ്ങളും കാടിനുള്ളിലായിരുന്നു. വാഹനമെത്തുന്ന സ്ഥലത്തു നിന്ന് അരമുക്കാൽ മണിക്കൂർ നടന്നാലേ സെറ്റിലെത്തുകയുള്ളൂ. കൊടും തണുപ്പും. ആദ്യ സീക്വൻസ് ചെയ്തപ്പോൾത്തന്നെ കാലുളുക്കി മുട്ടിടിച്ചു വീണു. തണുപ്പിൽ വേദന വലുതായി അറിയാത്തതിനാൽ ഷൂട്ടിങ് തുടർന്നു. അഭിനയം അവസാനിക്കാറായപ്പോഴേയ്ക്കും കാൽക്കുഴയുടെ ഉള്ളിൽ മുറിവുണ്ടായിക്കഴിഞ്ഞിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം 5 മാസക്കാലം റെസ്റ്റ് വേണ്ടി വന്നു.
∙ അകാലത്തിൽ പൊലിഞ്ഞ അനിൽ നെടുമങ്ങാടുമൊത്തുള്ള അഭിനയം?
അനിൽ നെടുമങ്ങാട് സ്കൂൾ ഓഫ് ഡ്രാമയിൽ എന്റെ സീനിയർ ആയിരുന്നു. എന്നാൽ, നേരിട്ടു പരിചയമുണ്ടായിരുന്നില്ല. പിന്നീടു പലപ്പോഴും പലവേദികളിലും കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും ആളു പൊതുവേ ചൂടൻ ആണ് എന്നു കേട്ടറിവുണ്ടായിരുന്നതിനാൽ സംസാരിക്കാൻ പോയിട്ടില്ല. സെറ്റിലെത്തി സൗഹൃദമായപ്പോഴാണ് എന്നെപ്പറ്റിയും ഇതേ ഇമേജാണ് അനിലിന്റെ മനസ്സിൽ ഉണ്ടായിരുന്നത് എന്നറിഞ്ഞത്. വലിയ കെയറിങ് ആയിരുന്നു അദ്ദേഹം.
മിക്ക സീനുകളിലും ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. വളരെ മോശം കാലാവസ്ഥയിലായിരുന്ന ഷൂട്ട്. പച്ചക്കറിയോ പഴങ്ങളോ ഒന്നും കിട്ടാനുണ്ടായിരുന്നില്ല. ഒരിക്കൽ ‘എന്തെങ്കിലും ഫ്രൂട്സ് കണ്ടിട്ട് കുറെ നാളായി’ എന്നു പറഞ്ഞപ്പോൾ അടുത്ത് അനിലുണ്ടായിരുന്നു. അന്നു രാത്രി അവർ പുറത്തു പോയി ഭക്ഷണം കഴിച്ചു വന്നപ്പോൾ ഒരു തമിഴ് ന്യൂസ്പേപ്പറിൽ പൊതിഞ്ഞു നാല് ഉണങ്ങിയ ഓറഞ്ച് കൊണ്ടു വന്നുതന്നു. എവിടെയൊക്കെയോ തപ്പി നടന്നു കഷ്ടപ്പെട്ടു സംഘടിപ്പിച്ചതാണ്. അതായിരുന്നു അനിൽ. ആ മരണം വലിയ ആഘാതമായിരുന്നു. വിടപറയാനായി മാത്രമുള്ള കണ്ടുമുട്ടൽ പോലെ ആയിപ്പോയി.