ADVERTISEMENT

മഹേഷിന്റെ പ്രതികാരത്തിലെ തഗ്ഗായ 'ങ്ഹാ.. ബെസ്റ്റി'നു ശേഷം, 'ലുക്കില്ലന്നേയുള്ളു' എന്ന പ്രീസ്റ്റ് സിനിമയിലെ തഗ്ഗുമായി അതേ അമ്മച്ചി. ചാച്ചനേയും അമ്മച്ചിയേയും ഓര്‍ക്കുന്നില്ലേ... മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമയില്‍ ഒന്നിച്ചെത്തിയ ദമ്പതികള്‍. ആദ്യ സിനിമ കൊണ്ടു തന്നെ മലയാളികള്‍ ഇരുവരേയും നെഞ്ചിലേറ്റി. സിനിമയില്‍ മഹേഷിന്റെ ചാച്ചന്‍ ഭാവന അച്ചായനായിട്ടായിരുന്നു കെ.എല്‍. ആന്റണി അഭിനയിച്ചത്. ഭാര്യ ലീന, നായിക ജിന്‍സിയുടേയും വില്ലന്‍ ജിന്‍സന്റെയും അമ്മയായി. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചാച്ചന്‍ അന്തരിച്ചു. ചാച്ചനൊപ്പം മോഹന്‍ലാലിന്റെ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പൃഥിരാജിന്റെ ആദം ജോണ്‍, വാരിക്കുഴിയിലെ കൊലപാതകം തുടങ്ങിയ സിനിമകളിലും ലീന അഭിനയിച്ചിട്ടുണ്ട്. 

 

ചാച്ചന്റെ മരണ ശേഷം ലീന ആദ്യമായി അഭിനയിച്ച ചിത്രമാണ് ദ് പ്രീസ്റ്റ്. തിയറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമിലും വിജയകരമായി പ്രദര്‍ശനം തുടരുന്ന പ്രീസ്റ്റില്‍ ലീനയുടെ വേഷം ശ്രദ്ധേയമായി. സിനിമയിൽ നിര്‍ണായക വഴിത്തിരിവു സൃഷ്ടിക്കുന്ന കഥാപാത്രമാണ് ചെറിയ സീനീനിലാണെങ്കിലും ലീനയുടേത്. മമ്മൂട്ടിയുടെ പ്രീസ്റ്റിനോടു പറയുന്ന തഗ്ഗ് ഡയലോഗിന് വലിയ കയ്യടിയാണ് തിയറ്ററില്‍ ലഭിച്ചത്. മഹേഷിന്റെ പ്രതികാരം അവസാനിക്കുന്നതു ലീനയുടെ തഗ്ഗ് ഡയലോഗിലൂടെയായിരുന്നു. തന്റെ മർദനമേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ജിന്‍സണെ സന്ദര്‍ശിച്ച് സഹോദരിയെ വിവാഹം കഴിച്ചു തരുമോ എന്നു ചോദിക്കുമ്പോള്‍- ങ്ഹാ ബെസ്റ്റ്, എന്നാണ് ഡയലോഗ്. പിന്നീട് ട്രോളന്മാര്‍ ആ ബെസ്റ്റ് ഏറ്റെടുത്ത് ആഘോഷിക്കുകയാണ് ഇപ്പോഴും. സിനിമയില്‍ ചാച്ചന്റെ രംഗങ്ങളും ട്രോളന്മാർ ഉപയോഗിക്കുന്നുണ്ട്.

 

ചേര്‍ത്തല ഉളവയ്പില്‍ അമ്മച്ചിയുണ്ട്. പ്രീസ്റ്റില്‍ കയ്യടി കിട്ടിയ വിവരം അറിഞ്ഞു. തിയറ്ററില്‍ പോയി കാണാന്‍ സാധിച്ചില്ല. വിഷുവിന് സിനിമ ഒടിടിയില്‍ എത്തിയപ്പോഴാണ് കണ്ടത്. 

 

∙ അമ്മച്ചിയെ വീണ്ടും സിനിമയില്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി... ചാച്ചന്റെ നിര്യാണത്തിനു ശേഷം പിന്നെ സിനിമകളില്‍ കണ്ടില്ലല്ലോ?

priest-movie
പ്രീസ്റ്റ് സിനിമയിൽ ലീന

 

ചാച്ചന്‍ ഇല്ലാത്ത ഒരു ദിവസം ഉണ്ടായിട്ടില്ലെന്ന് പറയാം. മാറി നിന്നു എന്നു പറയാന്‍ കുറച്ചു ദിവസങ്ങള്‍ ഉണ്ടാകും. പെട്ടന്ന് ചാച്ചന്‍ അങ്ങു പോയപ്പോള്‍, ഒറ്റയ്ക്കായി. എങ്ങോട്ടും പോകാന്‍ തോന്നിയില്ല.

 

∙ പ്രീസ്റ്റിലേയ്ക്ക് എത്തിയത് എങ്ങനെയായിരുന്നു?

mahesh-leena

 

ചാച്ചനും ഞാനും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയില്‍ അഭിനയിച്ചിരുന്നല്ലോ... അതിന്റെ അണിയറയിലുണ്ടായിരുന്ന മക്കളുടെ സിനിമയാണ് പ്രീസ്റ്റ്. അവര്‍ വന്നു വിളിച്ചപ്പോള്‍ മടിച്ചിരിക്കാന്‍ തോന്നിയില്ല. ഷൂട്ട് വീടിന് അടുത്തു തന്നെയുള്ള മുഹമ്മയിലായിരുന്നു.

 

∙ മഹേഷിന്റെ പ്രതികാരത്തിലും ഇപ്പോള്‍ പ്രീസ്റ്റിലും അമ്മച്ചിക്ക് വലിയ കയ്യടി കിട്ടി?

 

എഴുത്തുകാര്‍ എഴുതുന്നത് നമ്മള്‍ പറയുന്നു എന്നല്ലേയുള്ളു. പ്രീസ്റ്റില്‍ എനിക്ക് സ്വന്തം സ്വരത്തില്‍ തന്നെ ഡബ്ബു ചെയ്യാന്‍ പറ്റി എന്ന സന്തോഷമുണ്ട്. മൈക്കൊന്നും ഇല്ലാതിരുന്ന കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയതാണ്. ഉറക്കെ പറയുമ്പോഴും സംഭാഷണങ്ങളിലെ ഭാവം നഷ്ടപ്പെടരുത്. അക്കാലത്തിന്റെ ശീലമാണ് ഇപ്പോഴുമുള്ളത്.

 

അമ്മച്ചി എങ്ങനെയാണ് അഭിനയത്തിലേയ്ക്കു വന്നത്?

 

എന്റെ അപ്പന്‍ ശൗരി ഒരു കമ്യൂണിസ്റ്റായിരുന്നു. ജന്മിത്തത്തിന് എതിരായിരുന്നു. ബ്ലൗസൊക്കെ പ്രബലമാകുന്ന കാലമാണത്. അപ്പന്‍ ഞങ്ങള്‍ മൂന്നു പെണ്‍മക്കള്‍ക്കും ചുവന്ന ബ്ലൗസ് വാങ്ങി തന്നു. ജന്മികള്‍ക്ക് അതൊന്നും ഇഷ്ടമല്ല. അക്കാലത്ത് നാടകത്തില്‍ ആണുങ്ങളാണ് പെണ്‍വേഷം ചെയ്യുന്നത്. അപ്പന്‍ ഞങ്ങള്‍ പെണ്‍മക്കളെ നാടകം കളിക്കാന്‍ വിട്ടു. നാടകവും കഥകളിയുമെല്ലാം ആശാന്മാരെ വെച്ചു പഠിപ്പിച്ചു. ഞാനും ചേച്ചി അമ്മിണിയും കലാനിലയം, കാളിദാസ കലാകേന്ദ്രം പോലുള്ള പ്രഫഷണല്‍ നാടക സംഘങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് കേരളത്തില്‍ എല്ലായിടത്തും പോയി നാടകം അഭിനയിച്ചു. അത് നല്ല വരുമാനവും ആയിരുന്നു.

 

∙ ചാച്ചനെ കണ്ടുമുട്ടിയതോ?

 

ചാച്ചന്‍ ഫോര്‍ട്ടുകൊച്ചി സ്വദേശിയാണ്. കലാകേന്ദ്രം എന്നൊരു നാടക സംഘം ഉണ്ടായിരുന്നു ചാച്ചന്. എഴുതുന്നതും സംവിധാനവുമെല്ലാം ചാച്ചന്‍. അവിടെ അഭിനയിക്കാന്‍ പോയി പരിചയപ്പെട്ടതാണ്. കമ്യൂണിസ്റ്റ് നാടകങ്ങള്‍ അവതരിപ്പിക്കുന്ന സംഘമായിരുന്നു അവരുടേത്. വിവാഹശേഷം ചാച്ചന്റെ നാടകങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചത്. പിന്നെ കുട്ടികളായി. അവരെ വളര്‍ത്തലായി. അഭിനയജീവിതം അങ്ങനെ അവസാനിച്ച സമയത്താണ് ചാച്ചനും ഞാനും മാത്രമുള്ള ഒരു നാടകം വരുന്നത്.

 

∙ അമ്മയും തൊമ്മനും- എന്ന നാടകമല്ലേ?

 

അതെ. വേറൊരു നടനായിരുന്നു തൊമ്മിയായി അഭിനയിക്കേണ്ടിയിരുന്നത്. അതു മുടങ്ങിയപ്പോള്‍ ചാച്ചന്‍ തന്നെ മകനായി എനിക്കൊപ്പം സ്റ്റേജില്‍ കയറി. അത് കുറേ സ്റ്റേജില്‍ അവതരിപ്പിച്ചു.

 

∙ മഹേഷിന്റെ പ്രതികാരത്തില്‍ എത്തിയതോ?

 

ആ സിനിമ ഞങ്ങള്‍ക്ക് മക്കളുടെ ഒരു കാര്യമായിട്ടാണ് തോന്നിയത്. എഴുതിയ ശ്യാം പുഷ്‌ക്കരനും ദിലീഷുമെല്ലാം മകന്റെ കൂട്ടുകാരാണ്. സിനിമയില്‍ അഭിനയിക്കുന്നു എന്നൊന്നും തോന്നിയില്ല. ഫഹദും സൗബിനുമെല്ലാം വലിയ സ്‌നേഹത്തോടെ ഞങ്ങളെ ഓരോ കാര്യങ്ങളും പഠിപ്പിച്ചു തന്നു. അപര്‍ണയും കുടുംബവും തൊട്ടടുത്താണ് താമസിച്ചത്. മക്കളുടെ വീട്ടില്‍ പോയതു പോലെയായിരുന്നു അവിടെ കാര്യങ്ങള്‍. ഞാന്‍ അഭിനയിച്ചില്ലെങ്കിലും നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള സിനിമയുടെ ലൊക്കേഷനിലും ഞങ്ങള്‍ക്ക് ഇതേ സ്വീകരണമായിരുന്നു. അവരുടെ ചാച്ചനും അമ്മച്ചിയും എന്ന സ്‌നേഹവും പരിഗണനയുമാണ് കിട്ടിയത്.

 

∙ ചാച്ചനെ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്?

 

നാടകവും എഴുത്തും മാത്രം അറിയാവുന്ന ആളാണ് ചാച്ചന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായിരുന്നു. കൊച്ചിയില്‍ നിന്ന് എന്റെ നാട്ടില്‍ വന്നു വീട് വെയ്ക്കാനുള്ള കാരണം പോലും ഞങ്ങളുടേത് ഒരു കമ്യൂണിസ്റ്റ് ഗ്രാമം ആയതിനാല്‍ ആയിരുന്നു. ചാച്ചന്‍ എഴുതിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് വീടുതോറും പോയി വിറ്റാണ് ജീവിച്ചത്. ഒത്തരി കഷ്ടപ്പെട്ട കലാകാരനാണ്. ചാച്ചന് അവസാനം വലിയ അംഗീകാരവും സ്‌നേഹവുമാണ് സിനിമയിലൂടെ കിട്ടിയത്. എല്ലാവര്‍ക്കും അവരുടെ ചാച്ചനും അമ്മച്ചിയുമായി ഞങ്ങള്‍. മക്കള്‍ ഞങ്ങളെ വിളിക്കുന്നത് ചാച്ചനും അമ്മച്ചിയുമെന്നു തന്നെയാണ്. ഇപ്പോഴങ്ങനെ എല്ലാവരും വിളിക്കുന്നു.

 

∙ മമ്മൂട്ടിയും മോഹന്‍ലാലും- രണ്ടു സൂപ്പര്‍ താരങ്ങളുടെ കൂടെയും അഭിനയിച്ചു?

 

മുന്തിരിവള്ളികളുടെ ഷൂട്ടിങ് കുട്ടനാട്ടിലായിരുന്നു. ലാലും ഞങ്ങളും ഒരു ബോട്ടിലാണ് ഉണ്ടായിരുന്നത്. അന്നദ്ദേഹം ചാച്ചനോട് കുറേ സംസാരിച്ചു. ചാച്ചന്‍ ജീവിച്ചിരുന്നു എങ്കില്‍ മമ്മൂട്ടി സാറിന്റെ കൂടെ തീര്‍ച്ചയായും അഭിനയിക്കുമായിരുന്നു എന്നുറപ്പാണ്. പ്രീസ്റ്റില്‍ അഭിനയിച്ചെങ്കിലും മമ്മൂട്ടി സാറിനോട് നേരിട്ട് ഒന്നും സംസാരിക്കാന്‍ സാധിച്ചില്ല. സിനിമയില്‍ മാത്രമാണ് മിണ്ടിയത്.

 

ഇനിയുള്ള സിനിമകള്‍?

 

സിനിമകളൊന്നും ഇല്ല. കൊറോണയൊക്കെയല്ലേ. ചാച്ചന്റെ പേരില്‍ ഒരു ഫൗണ്ടേഷനുണ്ട് അതിന്റെ കുറച്ചു കാര്യങ്ങളൊക്കെ ചെയ്യുന്നു. പിന്നെ വീടിനു ചുറ്റും പത്തോളം അമ്മമാരുണ്ട് ഏറെപ്പേരുടേയും ഭര്‍ത്താക്കന്മാര്‍ മരിച്ചു. ചാച്ചനാണ് അവസാനം പോയത്. ഞങ്ങള്‍ കൂടി പാട്ടുകള്‍ പാടിയും മറ്റും ഇരിക്കുന്നു. തായ്‌മൊഴി എന്നാണ് ഞങ്ങളുടെ സംഘത്തിന്റെ പേര്. സിനിമകള്‍ വന്നാല്‍ ഇനിയും അഭിനയിക്കണം.

 

∙ വീണ്ടും കയ്യടി കിട്ടുമ്പോള്‍ എന്താണ് പറയാനുള്ളത്?

 

തൊഴിലുറപ്പ് തൊഴിലാളിയായാണ് അഭിനയിക്കുന്നത്, ഒരു ഷര്‍ട്ട് എടുത്തിട്ടു വരാന്‍ പ്രീസ്റ്റിലെ മക്കള്‍ പറഞ്ഞു. ഞാനതില്‍ ഇട്ടിരിക്കുന്നത് ചാച്ചന്റെ ഷര്‍ട്ടാണ്. മഹേഷിന്റെ പ്രതികാരത്തിലും ചാച്ചന്‍ ആ ഷര്‍ട്ട് ധരിച്ചിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍, ഈ സിനിമയിലും എന്റെ കൂടെ ചാച്ചനുണ്ട്. കയ്യടിയൊക്കെ ചാച്ചനും കേള്‍ക്കുന്നുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com