ADVERTISEMENT

കോഴിക്കോട്∙ ഈ പെരുന്നാൾക്കാലം അൻസിബയ്ക്ക് ഏറെ പ്രത്യേകത നിറഞ്ഞതാണ്. ഇനി സിനിമയിലേക്കില്ലെന്ന് തീരുമാനിച്ചിരിക്കെയാണ് ദൃശ്യം 2വിലൂടെ കിടിലൻ പ്രകടനവുമായി അൻസിബ പ്രേക്ഷകഹൃദയങ്ങളിലേക്ക് രണ്ടാംവരവ് നടത്തിയത്. ദൃശ്യത്തിന്റെ ആദ്യഭാഗത്തിൽനിന്ന് രണ്ടാംഭാഗത്തിലേക്കെത്തുമ്പോൾ പക്വതയാർന്ന അഭിനയത്തിലൂടെ കയ്യടി നേടിയതിന്റെ സന്തോഷത്തിലാണ് താരം. ഈ പരിശുദ്ധ നോമ്പുകാലത്ത് അൻസിബ തന്റെ കോഴിക്കോടൻ ഓർമകൾ പങ്കുവയ്ക്കുന്നു. 

 

∙ നോമ്പുകാലം തുടങ്ങിക്കഴിഞ്ഞു; എന്താണ് പുതിയ വിശേഷങ്ങൾ? 

ansiba

 

നോമ്പുകാലത്ത് അധികം പുറത്തേയ്ക്ക് പോവാറില്ല. വീട്ടിൽത്തന്നെ ഇരിക്കുകയാണ് പതിവ്. പ്രാർഥനാനിർഭരമായ അന്തരീക്ഷം. ഉച്ചയ്ക്കുശേഷം നോമ്പുതുറയ്ക്കുള്ള ഒരുക്കങ്ങൾ.  സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.  ദൃശ്യം 2വിൽ നന്നായി അഭിനയിച്ചുവെന്ന് എല്ലാവരുടെയുംനല്ല അഭിപ്രായം കേൾക്കുമ്പോൾ ഏറെ സന്തോഷമുണ്ട്.

 

വലിയ ആർഭാടങ്ങളോ ആഘോഷങ്ങളോ ഒന്നുമില്ലാത്ത സാധാരണ വ്യക്തിയാണ് ഞാൻ. പുറത്തുപോവുമ്പോൾ കണ്ണുപോലുമെഴുതാത്തതിന് ഉമ്മ ചീത്ത പറയാറുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴും എപ്പോഴും എനിക്കൊരു മാറ്റവുമില്ല.

ansiba-hassan

 

ഈ നോമ്പുകാലത്ത് കോഴിക്കോടൻ ജീവിതം മിസ്സ് ചെയ്യുന്നുണ്ടോ?

 

കൊച്ചിയിലെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസം. ലോക്ഡൗൺ വന്നതിനുശേഷം കോഴിക്കോട്ടേക്ക് വരാൻ കഴിഞ്ഞിട്ടില്ല. മുൻപ് കോഴിക്കോട്ടെ വീട്ടിലായിരുന്നപ്പോൾ നോമ്പുതുറ ആഘോഷമായിരുന്നു. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. ഞങ്ങള് സഹോദരങ്ങളെല്ലാവരും ഒരുമിച്ച് ആഘോഷിച്ചാണ് ഓരോ ദിവസവും കടന്നുപോവുക.  നോമ്പുതുറയ്ക്ക് കുട്ടികള്‍ ചോദിക്കുന്നതെന്തും മുതിർന്നവര് ഉണ്ടാക്കിത്തരും. പലതരം വിഭവങ്ങളുണ്ടാവും.

ansiba-02

 

അടുത്ത വീട്ടുകാർതമ്മിൽ നോമ്പുതുറ വിഭവങ്ങൾ പങ്കുവയ്ക്കുകയെന്നതും ആഘോഷമായിരുന്നു. പക്ഷേ ഇവിടെ കൊച്ചിയിലെ ഫ്ലാറ്റിൽ വന്നതോടെ നോമ്പുതുറയും ആഘോഷവുമൊക്കെ ചുരുങ്ങിപ്പോയി. വിഭവങ്ങളുടെ എണ്ണവും കുറഞ്ഞു. വീട്ടിൽ അടുക്കളയ്ക്കുപുറത്ത് നാടൻ അടുപ്പിൽ പരമ്പരാഗത വിഭവങ്ങൾ പാകം ചെയ്യാറുണ്ട്. അടുപ്പത്തു മാത്രം പാചകം ചെയ്യാവുന്ന പല നോമ്പുതുറ വിഭവങ്ങളുണ്ട്. പക്ഷേ ഫ്ലാറ്റിൽ അതൊന്നും സാധിക്കില്ലല്ലോ. 

 

വീട്ടിൽ അടുപ്പിൽ ചെമ്പുവച്ച് അതിനുമുകളിൽ ദം ഇട്ടുണ്ടാക്കുന്ന ബിരിയാണി കിടിലനായിരുന്നു.  പക്ഷേ ഫ്ലാറ്റിൽ ബിരിയാണി കുക്കറിലല്ലേ ഉണ്ടാക്കുന്നത്. നോമ്പുതുറയ്ക്ക് കൂട്ടുകാർ വീട്ടിൽവരും.  എന്റെ കൂട്ടുകാരുണ്ടാവും. ഉമ്മയുടെ കൂട്ടുകാരുണ്ടാവും. ഗ്രാൻഡ്മായുടെ വരെ കൂട്ടുകാരുമുണ്ടാവും. 

ansiba

 

പെരുന്നാൾ ദിവസം നോൺ– മുസ്‌ലിം കൂട്ടുകാരാണ് കൂടുതലും വരിക. മുസ്‌ലിം സുഹൃത്തുക്കളൊക്കെ വീട്ടിൽത്തന്നെ പെരുന്നാൾദിവസം ആഘോഷിക്കുകയായിരിക്കും. മൈലാഞ്ചിയിടലാണ് പെരുന്നാൾക്കാലത്തെ ഏറ്റവും മനോഹരമായ ഓർമ . എന്റെ അനിയത്തിമാരും അവരുടെ കൂട്ടുകാരും വീട്ടിലുണ്ടാവും.എല്ലാവർക്കും മൈലാഞ്ചിയിട്ടുകൊടുക്കണം. കുഞ്ഞുകുട്ടികളല്ലേ, മൈലാഞ്ചി ഉണങ്ങുന്നതുവരെ കാത്തുനിൽക്കാനുള്ള ക്ഷമയൊന്നും  കാണില്ല. മായ്ച്ചുകളഞ്ഞവർക്ക് പിന്നെയും പിന്നെയും മൈലാഞ്ചി ഇട്ടുകൊടുത്ത് എന്റെ സഹികെടും. മറ്റാർക്കുമില്ലാത്ത പുതുപുത്തൻ ഡിസൈനിൽ മൈലാഞ്ചിയിടലാണ് എനിക്കേറ്റവുമിഷ്ടം.

 

∙ കോഴിക്കോട്ടെ പെരുന്നാൾക്കാലത്തെ ഏറ്റവും വിലപ്പെട്ട ഓർമ എന്താണ് ?

 

പെരുന്നാൾ ദിവസം രാവിലെ കോഴിക്കോട് കടപ്പുറത്തെ ഈദ്ഗാഹിൽ പങ്കെടുക്കാൻ ഞങ്ങളെല്ലാവരും പോവുമായിരുന്നു. കടപ്പുറത്തെ ഈദ്ഗാഹ് എന്നും മനസ്സിൽപ്പതിഞ്ഞുകിടക്കുന്ന അനുഭവമാണ്. മനസു നിറയുന്ന അനുഭവം. മണൽപ്പരപ്പിൽ നിസ്കരിക്കാനെത്തുന്ന അനേകംപേർ. പ്രാർഥനാനിർഭരമായ അന്തരീക്ഷം. റോഡരികിൽ കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങൾ പാർക്കു ചെയ്തിട്ടുണ്ടാവും. അകലെയെവിടെയെങ്കിലും വാഹനം നിർത്തിയ ശേഷമാണ് ഞങ്ങൾ മുസല്ലയുമൊക്കെയെടുത്ത് നടന്നുപോവുക. അത്രയും തിരക്കാണ് ഉണ്ടാവാറുള്ളത്. 

 

പെരുന്നാൾദിവസം രാവിലെ ചെറിയ മഴ  പെയ്യാറുണ്ട്. രാവിലെ മഴ പെയ്യരുതേ എന്ന് ഞങ്ങൾ പ്രാർഥിക്കും. മഴ പെയ്യുകയാണെങ്കിൽ കടപ്പുറത്തെ ഈദ്ഗാഹം നടക്കില്ല. മറ്റെവിടെയെങ്കിലും പോവേണ്ടിവരും.

 

എന്റെ പ്രായത്തിലുള്ള കൂട്ടുകാരെല്ലാവരും കടപ്പുറത്തു ഈദ്ഗാഹിൽ പങ്കെടുക്കാൻ വരും.  പെരുന്നാളിനുശേഷമാണല്ലോ പകല് ഭക്ഷണംകഴിച്ചുതുടങ്ങുന്നത്. ഏറെക്കാലത്തിനുശേഷം കടപ്പുറത്തെ ഐസൊരതിയും ഉപ്പിലിട്ടതുമൊക്കെ കഴിക്കുന്നത് ആഘോഷമാണ്. പക്ഷേ പെരുന്നാൾ ദിവസം ഇതൊക്കെ കഴിക്കുന്നത് ആശങ്കയോടെയായിരിക്കും. നോമ്പുകഴിഞ്ഞ ദിവസമല്ലേ.

 

∙ ആഘോഷങ്ങൾക്ക് ഇത്തവണയും കോവിഡ് തടയിടുകയാണോ ?

 

എന്റെ പല കൂട്ടുകാരും ബന്ധുക്കളുമൊക്കെ കോവിഡ് വന്നുപോയത് അറിഞ്ഞേയില്ല എന്നൊക്കെ  പറയാറുണ്ട്. പലർക്കും ഒരു ലക്ഷണം പോലുമുണ്ടായിരുന്നില്ലത്രേ. പക്ഷേ എന്റെ കാര്യം നേരെ തിരിച്ചാണ്. കോവിഡ് വന്നതോടെ ഞാനാകെ സൈഡായി. കടുത്ത ശരീരവേദനയും  അസ്വസ്ഥതകളുമായിരുന്നു. മണം ഇല്ലാതായതോടെ രുചി നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കാൻ വയ്യാതായി. കോവിഡ് മാറിയ ശേഷവും അസഹ്യമായ കാലുവേദനയൊക്കെയാണ്.

 

മുൻപ് ഓടിച്ചാടി നടന്നിരുന്ന ഞാനാണ്. ഫ്ലാറ്റിലേക്കുള്ള സ്റ്റെപ്പ് നടന്നുകയറുകയാണ് പതിവ്. എന്നാൽ കോവിഡ് വന്നുപോയതോടെ ലിഫ്റ്റ് ഉപയോഗിക്കുകയല്ലാതെ രക്ഷയില്ല. കോവിഡിനെ അത്ര നിസാരമായി കാണരുത്. കോവിഡ് രോഗികളുടെ എണ്ണം കൂടിക്കൂടി വരികയാണല്ലോ. കഴിഞ്ഞ വർഷവും നോമ്പും പെരുന്നാളും ലോക്ഡൗൺ കാലത്തായിരുന്നു. പൊതുവായ ചടങ്ങുകൾ ഇത്തവണയും ഒഴിവാക്കുമെന്ന് തോന്നുന്നു. ജീവൻ സുരക്ഷിതമായിരിക്കാൻ ആരോഗ്യമാർഗനിർദേശങ്ങൾ പാലിക്കണം. വീട്ടിലിരുന്നായാലും പ്രാർഥിച്ചാൽ മതിയല്ലോ. 

 

∙ എന്താണ് പുതിയ സിനിമാവിശേഷങ്ങൾ?

 

ആറു വർഷത്തിനു ശേഷമാണ്  ദൃശ്യം 2 സംഭവിച്ചത്. നാലു വർഷത്തോളമായി സിനിമയിൽനിന്നു വിട്ട് സ്വന്തം കാര്യങ്ങളുമായി മുന്നോട്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ലോക്ഡൗൺ വന്നത്.  ലോക്ഡൗൺ കാലത്താണ് ജിത്തു ജോസഫ് സാർ വിളിച്ച് ദൃശ്യം 2  തുടങ്ങുകയാണെന്നു പറഞ്ഞത്. വളരെപ്പെട്ടന്ന് ദൃശ്യം 2 പൂർത്തിയായി.

ദൃശ്യം ആദ്യ ഭാഗത്തിനുശേഷമുള്ള കാലയളവിനിടയ്ക്ക് കഥാപാത്രത്തിനുണ്ടായ വളർച്ച ഏറെ ശ്രദ്ധയോടെ ചെയ്യേണ്ടിയിരുന്നു. എനിക്കു ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമാണ് ദൃശ്യം 2വിലേത്. അഭിനേത്രിയെന്ന നിലയിൽ നന്നായി പെർഫോം ചെയ്യാനുള്ള അവസരമായിരുന്നു ദൃശ്യം 2. ഇത്രയും മികച്ചൊരു സിനിമയുടെ ഭാഗമായ ശേഷം അടുത്ത സിനിമ തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്നാണ് തോന്നുന്നത്. കുറേകഥകൾ കേൾക്കുന്നുണ്ട്. മികച്ച കഥാപാത്രത്തിനായാണ് കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com