34 വർഷത്തെ അഭിനയജീവിതം, ആദ്യ സംസ്ഥാനപുരസ്കാരം: സുധീഷ് അഭിമുഖം
Mail This Article
അടൂർ ഗോപാലകൃഷ്ണന്റെ ‘അനന്തര'ത്തിലൂടെ മലയാള സിനിമയിൽ സ്വപ്നതുല്യമായ അരങ്ങേറ്റം കുറിച്ച നടനാണ് സുധീഷ്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ സുധീഷ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. 34 വർഷം നീളുന്ന തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി തന്നെ തേടിയെത്തിയ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ നിറവിലാണ് അദ്ദേഹം. സിനിമയിൽ പിന്നിട്ട വഴികളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും അദ്ദേഹം വാചാലനാകുന്നു.
അടൂരിന്റെ കളരിയിലെ അരങ്ങേറ്റം
അനന്തരം റിലീസാകുന്നത് 1987 ലാണ്. അതിനു ഒരു വർഷം മുമ്പാണ് ഷൂട്ടിങ് നടക്കുന്നത്. അടൂർ സാർ അഭിമുഖം ചെയ്താണ് സിനിമയിലേക്കു തിരഞ്ഞെടുക്കുന്നത്. ഇന്ന് ഓൺലൈൻ വഴിയാണ് അഭിനേതാക്കളെ അന്വേഷിച്ചു പരസ്യങ്ങൾ വന്നിരുന്നതെങ്കിൽ അന്നത്തെ കാലത്ത് പത്രങ്ങളിലൂടെയായിരുന്നു അത് നടന്നിരുന്നത്. അച്ഛനാണ് അഭിനയത്തിൽ എന്റെ ഗുരു. കലാപരമായ കാര്യങ്ങളിൽ ചെറുപ്പം മുതൽ തന്നെ വലിയ പ്രോത്സാഹനമാണ് വീട്ടിൽ നിന്നു ലഭിച്ചിരുന്നത്. ഒന്നാം ക്ലാസ് മുതൽ നാടകത്തിലൂടെയും മോണോ ആക്റ്റിങിലൂടെയും അഭിനയത്തിൽ സജീവമായിരുന്നു. മോണോആക്റ്റിലൊക്കെ സംസ്ഥാനതലത്തിൽ എനിക്ക് സമ്മാനം ലഭിച്ചിരുന്നു. പത്രത്തിലെ പരസ്യം കണ്ട് അച്ഛനും മറ്റു കുടുംബാംഗങ്ങളും ചേർന്നാണ് സിനിമയിലേക്ക് അപേക്ഷിക്കാൻ പറയുന്നത്.
അന്ന് കുട്ടിയായിരുന്നത് കൊണ്ട് തന്നെ എനിക്ക് അടൂർ സാറിന്റെ മഹത്വം ഒന്നും അറിയില്ലായിരുന്നു. അച്ഛന് അറിയാമായിരുന്നു. എത്ര വലിയ ആളുകളായാലും പേടിക്കാതെ നന്നായി അഭിനയിച്ചു കാണിക്കണമെന്ന് ഉപദേശിച്ചാണ് അച്ഛൻ എന്നെ അഭിമുഖത്തിനു അയച്ചത്. അറുപതോളം കുട്ടികളുണ്ടായിരുന്നു. സിനിമയിൽ അശോകന്റെ ബാല്യകാലം അവതരിപ്പിക്കാൻ പറ്റിയൊരു കുട്ടിക്കു വേണ്ടിയാണ് അഭിമുഖം. അശോകന്റെ മുഖ സാദൃശ്യമുള്ള കുട്ടികളൊക്കെ ഉണ്ടായിരുന്നതുകൊണ്ടു വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. കൊല്ലത്ത് ഹോട്ടൽ പ്രശാന്തിയിൽവെച്ചായിരുന്നു അഭിമുഖം. എന്നെ സംബന്ധിച്ചിടത്തോളം യാത്ര പോകുന്നതിന്റെ രസവും കൗതുകവുമൊക്കെയായിരുന്നു കൂടുതൽ.
ആദ്യ റൗണ്ട് അഭിമുഖം കഴിഞ്ഞ് ഉച്ചയ്ക്കു പതിനഞ്ചു ആളുകളെ വീണ്ടും വിളിപ്പിച്ചു. അവസാനമായിട്ട് എന്നെ വിളിച്ചു. സുധീഷിനെയും വെറൊരു കുട്ടിയെയുമാണ് ഞങ്ങൾ ഈ വേഷം ചെയ്യാൻ കണ്ടെത്തിയിരിക്കുന്നത്. അടുത്തമാസം ഷൂട്ടിങ് തുടങ്ങും ഒരു മാസത്തേക്കുള്ള ഉടുപ്പുമൊക്കെയായി വരാൻ പറഞ്ഞു. അങ്ങനെ വന്നു, സാർ എന്നെ കൊണ്ടു പോയി ഉടുപ്പുകളൊക്കെ വാങ്ങിക്കുന്നു, സംസാരിക്കുന്നു, അഭിനയിപ്പിക്കുന്നു. അപ്പോഴും സെലക്റ്റായ കാര്യം അദ്ദേഹം എന്നോട് പറഞ്ഞിരുന്നില്ല. അതാണ് അടൂർ സാറിന്റെ രീതി. അദ്ദേഹത്തിനു വേണ്ടത് നമ്മളറിയാതെ തന്നെ അഭിനയിപ്പിച്ചെടുക്കാൻ അറിയാം.
പുരസ്കാര നിറവിലും അച്ഛന്റെ അസാന്നിധ്യം നൊമ്പരം
ഈ അവാർഡ് ലഭിച്ചപ്പോൾ ഏറ്റവും വലിയ സങ്കടം അത് കാണാൻ അച്ഛൻ ഉണ്ടായി ഇല്ലല്ലോ എന്നത് തന്നെയാണ്. എന്റെ വ്യക്തിജീവിതത്തിലും അഭിനയത്തിലും എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള വ്യക്തി അദ്ദേഹമാണ്. അച്ഛൻ കാരണമാണ് ഞാൻ സിനിമകൾ കാണാൻ തുടങ്ങിയത്. വീട്ടിന്റെ അടുത്ത് തന്നെ സിനിമാ തിയറ്റർ ഉണ്ടായിരുന്നു. എല്ലാ സിനിമകളും കാണുമായിരുന്നു. അന്നത്തെ കാലത്ത് സിനിമ സംഭവിച്ചിരുന്നത് ചെന്നൈയിലും തിരുവനന്തപുരത്തുമൊക്കെയായിരുന്നു.
അച്ഛന് എന്തുകൊണ്ടോ അവിടേക്കു പോയി സിനിമയിൽ എത്തിപ്പെടാൻ താൽപ്പര്യം ഇല്ലായിരുന്നു. അഭിനയത്തിൽ എന്നെക്കാൾ എത്രയോ ഉയരത്തിൽ എത്താൻ അച്ഛനു കഴിയുമായിരുന്നു. അച്ഛൻ സർക്കാർ സർവീസിലായിരുന്നു. ഡെപ്യൂട്ടി കലക്ടറായിട്ടാണ് വിരമിച്ചത്. അന്നത്തെ കാലത്ത് സാമ്പത്തിക സുരക്ഷിതത്വമുള്ള ഒരു തൊഴിൽ നഷ്ടപ്പെടുത്തേണ്ടതില്ല എന്നു കരുതിയിട്ടുണ്ടാകും. ജോലിക്കൊപ്പം നാടകവും അഭിനയവുമൊക്കെ കൊണ്ടുപോയാൽ മതിയെന്ന് അച്ഛൻ തീരുമാനം എടുക്കാൻ കാരണം അതാകും. എവിടെയെങ്കിലും ഇരുന്ന് അച്ഛൻ ഇതൊക്കെ കാണുകയും എന്നെ അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകും.
നീചനായ രാഷ്ട്രീയക്കാരനും പെൺമക്കളുടെ അച്ഛനും
‘ഭൂമിയിലെ മനോഹരമായ സ്വകാര്യം’ വ്യത്യസ്തമായൊരു പ്രണയകഥയായിരുന്നു. നാടകകൃത്തായ ശാന്തകുമാറായിരുന്നു ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരുന്നത്. അദ്ദേഹത്തെ മൂന്നാല് മാസങ്ങൾക്കു മുമ്പ് നമ്മുക്ക് നഷ്ടമായി. അവാർഡിന്റെ സന്തോഷത്തിലും അദ്ദേഹത്തിന്റെ അസാന്നിധ്യം ഒരു നൊമ്പരമായി കിടക്കുന്നു. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത സിനിമയിൽ രണ്ടു പെൺകുട്ടികളുടെ അച്ഛനായിട്ടാണ് വേഷമിടുന്നത്. കൊറാണ കാരണം തിയറ്ററുകൾ അടയ്ക്കുന്നതിനു തൊട്ടുമുമ്പാണ് സിനിമ പ്രദർശനത്തിനെത്തിയത്. അതുകൊണ്ടു തന്നെ നല്ല സിനിമയായിരിന്നിട്ടു കൂടി പ്രേക്ഷകരിലേക്ക് വേണ്ടാവിധത്തിൽ എത്താൻ കഴിയാതെ പോയി. സിദ്ധാർദ്ധ ശിവ സംവിധാനം ചെയ്ത എന്നിവർ സിനിമയിൽ നീചനായ നെഗറ്റീവ് സ്വാഭവമുള്ള ഒരു പ്രാദേശിക രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഞാൻ എത്തുന്നത്.
സിദ്ധാർഥ ശിവയെ ഞാൻ ആദ്യമായി കാണുന്നത് അദ്ദേഹത്തിന്റെ അച്ഛൻ കവിയൂർ ശിവപ്രസാദ് സംവിധാനം ചെയ്ത ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയുടെ സെറ്റിൽവച്ചാണ്. അന്ന് സിദ്ധു പത്താം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു പയ്യനാണ്. പിന്നീട് വർഷങ്ങൾക്കു ശേഷം സഹ്രസം എന്ന സിനിമയിൽ ഒരുമിച്ചു അഭിനയിക്കുമ്പോഴാണ് ഞങ്ങൾ മാനസികമായി അടുക്കുന്നത്. അന്നു മുതൽ ഞങ്ങൾ തമ്മിൽ വലിയൊരു ആത്മബന്ധം ഉണ്ട്. സിദ്ധു തന്റെ ആദ്യ സിനിമയായ ‘101 ചോദ്യങ്ങൾ’ ചെയ്യാൻ തീരുമാനിച്ചപ്പോൾ ഞാൻ അതിലൊരു വേഷം ചെയ്യണമെന്നു പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ സിനിമയുടെ ചിത്രീകരണം തുടങ്ങിയ സമയത്ത് എനിക്കൊരു അമേരിക്കൻ ടൂറിനു പോകേണ്ടി വന്നു. അത് ഒഴിവാക്കാൻ കഴിഞ്ഞില്ല.
അമേരിക്കയിൽ നിന്ന് തിരിച്ചു വന്നപ്പോൾ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു. എന്നാൽ എന്റെ സീൻ സിദ്ധാർഥ് എടുക്കാതെ മാറ്റിവച്ചിരുന്നു. അത്രയും ഒരു സ്നേഹബന്ധം ഞങ്ങൾക്കിടയിലുണ്ട്. പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. സിദ്ധു ഒരു സിനിമയിലേക്ക് വിളിച്ചാൽ ഞാൻ വേഷം എന്താണെന്നോ പ്രതിഫലം എന്താണെന്നോ ചോദിക്കാറില്ല. ‘എന്നിവരി’ലേക്കു 15 ദിവസത്തെ ഡേറ്റാണ് ചോദിച്ചിരുന്നത്. സ്ക്രിപ്റ്റ് ഉണ്ടായിരുന്നില്ല. ഒരു റിഹേഴ്സൽ ക്യാംപ് പോലെയായിരുന്നു ലൊക്കേഷൻ.
അവാർഡ് കിട്ടിയപ്പോൾ ആദ്യം വിളിച്ചത് ഫാസിൽ സാർ
മണിച്ചിത്രത്താഴിന്റെ ഷൂട്ടിങ് തൃപ്പൂണിത്തറ ഹിൽപാലാസിൽ നടക്കുകയാണ്. ഞാൻ ആ സമയത്ത് കുറച്ചു സിനിമകളിലൊക്കെ അഭിനയിച്ചിട്ടുള്ളതുകൊണ്ടു ഷൂട്ടിങ് കാണാൻ വരുന്നവർ സുധിഷേ സുധിഷേ എന്ന് വിളിക്കുന്നുണ്ട്. ഇത് കേട്ട ഫാസിൽ സാർ പറഞ്ഞു സിനിമ ഹിറ്റായാൽ ആളുകൾ നിന്നെ സുധിഷ് എന്നു വിളിക്കുന്നതു നിർത്തും. നിനക്ക് പുതിയ പേര് വീഴും എന്നു പറഞ്ഞു. ഫാസിൽ സാർ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. കിണ്ടി കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ്. എപ്പോഴും ആളുകൾ എന്നെ തിരിച്ചറിയുന്നത് ആ കഥാപാത്രത്തിന്റെ പേരിലാണ്. മണിച്ചിത്രത്താഴ് ഇപ്പോഴും ഫ്രഷായിട്ടുള്ള ഒരു സിനിമയാണ്. പുതിയ തലമുറയിൽപ്പെട്ട ആളുകൾ പോലും ഏറെ കൗതുകത്തോടെ കാണുന്ന സിനിമയാണത്. ആ ഫ്രഷ്നസുള്ളതു കൊണ്ടാണ് കിണ്ടിയെന്ന കഥാപാത്രം ഇപ്പോഴും ആളുകൾ ഓർക്കാൻ കാരണം. മറ്റൊരു സന്തോഷം അവാർഡിന്റെ വാർത്ത പുറത്തു വന്ന ശേഷം ചലച്ചിത്രമേഖലയിൽ നിന്ന് എനിക്ക് ആദ്യം ലഭിച്ച കോൾ ഫാസിൽ സാറിന്റേതായിരുന്നു.
എല്ലാ തലമുറയിൽപ്പെട്ട അഭിനേതാക്കളിൽ നിന്നും പഠിക്കാൻ ശ്രമിക്കാറുണ്ട്
പല തലമുറയിൽപ്പെട്ട അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ്. എല്ലാ വ്യക്തികൾക്കും പോസ്റ്റീവും നെഗറ്റീവ്സുമൊക്കെ കാണും. ഞാൻ അഭിനേതാക്കളുടെ പോസീറ്റീവായ കാര്യങ്ങൾ മാത്രമാണ് എടുക്കാറുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് ഒരാളുടെ അടുത്തു നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ല. ഞാൻ സിനിമയിൽ വരുന്ന സമയത്ത് മമ്മൂട്ടിയും മോഹൻലാലും തിലകൻ ചേട്ടനെ പോലെയുള്ളവർ സീനിയേഴ്സാരുന്നു. ടൊവിനോയും നിവിനെയോ പോലെയുള്ളവർ എന്റെ ജൂനിയേഴ്സാണ്. ആ ഒരു ബഹുമാനവും സ്നേഹവും യുവതാരങ്ങൾ എപ്പോഴും എനിക്കു നൽകുന്നുണ്ട്. പുതിയ താരങ്ങളിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.
അങ്ങനെ ഞാൻ സംവിധായകനായി
അനിയത്തിപ്രാവ് ഷൂട്ടിങ് നടക്കുന്ന സമയത്ത് ഫാസിൽ സാറിന്റെ സംവിധാനമൊക്കെ കണ്ട് എനിക്ക് വലിയ ആവേശമായിരുന്നു. സംവിധായകനാകാണം എന്ന തോന്നലുണ്ടാകുന്നത് അവിടെ നിന്നാണ്. ഇഷ്ടമായി എന്ന പരമ്പരയ്ക്കു വേണ്ടി എഴുതി തുടങ്ങുന്നത് അങ്ങനെയാണ്. നാല് എപ്പിസോഡുകൾ ആദ്യം തന്നെ എഴുതി പൂർത്തിയാക്കി സുഹൃത്തുകൾക്കും അച്ഛനുമൊക്കെ കാണിച്ചുകൊടുത്തു. അവരെല്ലാവരും വലിയ രീതിയിൽ അതുമായി മുന്നോട്ടുപോകാൻ പ്രോത്സാഹിപ്പിച്ചു. ഞാനും എന്റെ സുഹൃത്തും കൂടി നിർമ്മാണവും ഏറ്റെടുത്തു. സീരിയൽ മേഖലയിൽ മുൻപരിചയം ഇല്ലാത്തതു കൊണ്ടു തന്നെ നിർമ്മാണവേളയിൽ നല്ലൊരു തുകയായി. സിനിമയിലെ പോലെ വലിയ യൂണിറ്റൊക്കെവെച്ചാണ് ചിത്രീകരണം നടത്തിയത്.
കോളജ് പ്രധാന ലൊക്കേഷനായിരുന്നു. അവിടെ ചിത്രീകരണം പൂർത്തിയാക്കുക സാങ്കേതികമായി ഏറെ ശ്രമകരമായിരുന്നു. നാല് എപ്പിസോഡ് ചിത്രീകരിച്ചു. സ്വകാര്യ ചാനൽ അത് കണ്ടപ്പോൾ തന്നെ ഓകെ പറഞ്ഞു. അപ്പോഴും അവർ നിശ്ചയിച്ചിരുന്ന ബജറ്റിൽ അത് തീർക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ സീരിയൽ സംവിധായകനാകുന്നത്. സംവിധാനം അത്ര എളുപ്പമുള്ള പണിയല്ല. എന്നാലും നമ്മുക്ക് അഭിനയത്തെക്കാൾ ആസ്വദിച്ചു ചെയ്യാൻ കഴിയുന്ന ജോലി സംവിധാനമാണ്. സിനിമയിൽ നമ്മുടെ ഷോട്ട് ഇല്ലാത്ത സമയത്ത് ബോറടിച്ച് ഇരിക്കണം. സംവിധാനത്തിൽ ഒരു ദിവസം തുടങ്ങുന്നത് മുതൽ ഷൂട്ടിങ് തീരുന്നതുവരെയുള്ള സമയം നമ്മൾ പൂർണ്ണമായും ലൈവായിട്ടിരിക്കും. എനിക്ക് ഇഷ്ടമാണ് അങ്ങനെ മുഴുവൻ സമയവും ലൈവായിരിക്കാൻ.
സീരിയലിനു തീർച്ചയായും പരിമിതികളുണ്ട്. അതുകൊണ്ട് പിന്നീട് ഞാൻ സീരിയലിലേക്കു പോയില്ല. എപ്പോഴെങ്കിലും സംവിധായകൻ ആകുകയാണെങ്കിൽ അത് ഇനി സിനിമയിൽ മതിയെന്നു തീരുമാനിച്ചിരുന്നു. സംവിധായകൻ എന്നത് വലിയ ഉത്തരവാദിത്വമാണ്. കപ്പിത്താന്റെ റോളാണ് ഒരു സംവിധായകനു സിനിമയിൽ ഉള്ളത്. ആ ഒരു നിലവാരത്തിലേക്ക് എത്തുമ്പോൾ മറ്റു ഘടകങ്ങളൊക്കെ അനുകൂലമായി വന്നാൽ അന്ന് സിനിമ ചെയ്യാമെന്നാണ് തീരുമാനം.
‘തീവണ്ടി’ പിടിച്ചു വന്ന തിരിച്ചുവരവ്
ഏറെകാലത്തെ ഇടവേളയ്ക്കു ശേഷം എനിക്കു ലഭിച്ച മികച്ച വേഷമായിരുന്നു തീവണ്ടിയിലേത്. ഇടക്കാലത്ത് എനിക്ക് തന്നെ എന്റെ കഴിവിൽ സംശയം തോന്നി തുടങ്ങിയിരുന്നു. സിനിമകൾ കുറയുന്നു. ചെറിയ വേഷങ്ങളിലേക്കു ഒതുകുന്നു. മുഖ്യധാരാ സിനിമകളിൽ നിന്ന് ഏറെക്കൂറെ മാറ്റി നിർത്തപ്പെടുന്നു. എനിക്കാണെങ്കിൽ ആരോടും ഇടിച്ചു കയറി അവസരം ചോദിക്കാനും അറിയില്ല. ന്യൂജനറേഷൻ സിനിമകളൊക്കെ കാണുമ്പോൾ അതിലൊരു നല്ല വേഷം ചെയ്യണമെന്നൊക്കെ തോന്നും. പക്ഷേ അത്തരത്തിലുള്ള അവസരങ്ങളൊന്നും എന്നിലേക്കു വന്നു ചേർന്നില്ല. എങ്കിലും നിരാശയില്ലായിരുന്നു. കാരണം ഞാൻ എപ്പോഴും സന്തോഷം കണ്ടെത്തുന്നത് ഫാമിലിയിലാണ്. അച്ഛൻ, അമ്മ, ഭാര്യ, മക്കൾ എന്നിവരോടൊപ്പം സമയം ചെലവിടുന്നതാണ് എല്ലാ കാലത്തും എന്റെ ആനന്ദം.
അങ്ങനെയിരിക്കെയാണ് ‘തീവണ്ടി’യുടെ സംവിധായകൻ ഫെലിനിയുടെ കോൾ വരുന്നത്. ടൊവിനോയുടെ സിനിമയാണെന്നു കേട്ടപ്പോൾ സന്തോഷം തോന്നി. സിഗററ്റ് മുഖത്തേക്കു ഊതുന്ന സീനാണ് ഫെലിനി ആദ്യം വിശദീകരിച്ചു തന്നത്. അത് കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഓകെ പറഞ്ഞു. എന്നോട് കുറച്ചു താടി നീട്ടി വളർത്താൻ പറഞ്ഞു. താടി വളർത്തുമ്പോൾ സ്വാഭാവികമായി അങ്ങിങ്ങ് നരകൾ വെളിപ്പെട്ടു വരും. നമ്മൾ എപ്പോഴും ചെറുപ്പക്കാരനായിട്ട് ഇരിക്കാനാണെല്ലോ ശ്രമിക്കുക. ഞാൻ സെറ്റിൽ താടിയൊക്കെ കറുപ്പിച്ചാണ് ചെന്നത്. അവിടെയെത്തിയപ്പോൾ സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞു ചേട്ടാ താടിയൊക്കെ ഓകെയാണ് പക്ഷേ നമുക്ക് കുറച്ചു മിനുക്കുപണികളൊക്കെ ചെയ്യേണ്ടി വരുമെന്നു പറഞ്ഞു. അങ്ങനെ കറുപ്പിച്ച താടി മുഴുവൻ നരപ്പിക്കേണ്ടി വന്നു എനിക്ക്. അങ്ങനെയാണ് അമ്മാവന്റെ സിനിമയിൽ കാണുന്ന രീതിയിലേക്ക് രൂപം മാറ്റം വരുന്നത്.
ടൊവിനോയും സുരാജുമൊക്കെ ഉള്ളതുകൊണ്ട് സിനിമ വിജയിക്കുമെന്നു തോന്നിയിരുന്നു. സിനിമ തിയറ്ററിൽ എത്തിയപ്പോൾ എന്റെ സീനുകൾക്കൊക്കെ വലിയ സ്വീകരണവും കയ്യടിയും ലഭിച്ചു. അത്രത്തോളം ആ കഥാപാത്രം ഹിറ്റാകുമെന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. ‘തീവണ്ടി’ വലിയതോതിൽ ഇമേജ് ബ്രേക്ക് ചെയ്യാൻ സഹായിച്ചു. ഇപ്പോൾ അവാർഡിനു അർഹമാക്കിയ കഥാപാത്രങ്ങൾ ഉൾപ്പടെ ഇപ്പോൾ എന്നെ തേടി വരുന്ന കഥാപാത്രങ്ങൾക്കെല്ലാം നന്ദി പറയേണ്ടത് ‘തീവണ്ടി’യിലെ കഥാപാത്രത്തിനോട് തന്നെയാണ്.
ചാക്കോച്ചന്റെ വാക്കുകൾ ഹൃദയത്തിൽ നിന്ന് വന്നത്
ഞാൻ വളരെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ് ചാക്കോച്ചന്റേത്. ആദ്യ സിനിമ മുതൽ ഞങ്ങൾ തമ്മിൽ നല്ലൊരു ആത്മബന്ധം ഉണ്ട്. അവാർഡ് കിട്ടിയപ്പോൾ ചാക്കോച്ചൻ എഴുതിയ കുറിപ്പ് വായിച്ചാൽ നിങ്ങൾക്കു മനസ്സിലാകും അദ്ദേഹം എത്രത്തോളം ഹൃദയത്തിൽതൊട്ടാണ് അത് എഴുതിയിരിക്കുന്നതെന്ന്.
‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ യുടെ പ്രഥാമികമായ എഴുത്തു നടക്കുമ്പോൾ തന്നെ സിദ്ധാർഥ് പ്രധാനവേഷത്തിൽ എന്റെ മകനെയാണ് കാസ്റ്റ് ചെയ്യുന്നതെന്നു പറഞ്ഞിരുന്നു. അതിനു തയാറെടുക്കാനും ആവശ്യപ്പെട്ടിരുന്നു. സിനിമയിൽ നായകനായി കാണുന്നത് ചാക്കോച്ചനെയാണെന്നും കഥ പറയാൻ കൂടെ വരാമോയെന്നും സിദ്ധു ചോദിച്ചു. ചാക്കോച്ചനും ഞാനും തമ്മിൽ വലിയ സൗഹൃദം ഉണ്ടെങ്കിലും അദ്ദേഹം സ്റ്റാറായ സമയത്തൊന്നും ഒരു രീതിയിലും ഞാൻ ബുദ്ധിമുട്ടിച്ചിട്ടില്ല. സിദ്ധുവിനോടുള്ള സൗഹൃദവും മകൻ അഭിനയിക്കുന്നു എന്നതുകൊണ്ടും ഞാൻ കഥ പറയാൻ കൂടെ വരാമെന്നു സമ്മതിച്ചു.
അങ്ങനെ ഞങ്ങൾ ചാക്കോച്ചനെ പോയി കണ്ടു. അദ്ദേഹം ആ സമയത്ത് മറ്റു കുറച്ചു സിനിമകളുടെ തിരക്കിലായിരുന്നു. കുറച്ചുനാൾ പ്രതികരണങ്ങൾ ഒന്നും ഉണ്ടായില്ല അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന്. ഇതിനിടയിലും സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. സിനിമക്കായി മകനോട് നീന്തൽ പഠിക്കാൻ സിദ്ധു ആവശ്യപ്പെട്ടിരുന്നു. അനന്തരത്തിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ എന്നോടും അടൂർ സാർ നീന്തൽ പഠിക്കാൻ പറഞ്ഞിരുന്നു. അങ്ങനെ ആദ്യ സിനിമക്കു വേണ്ടി ഞാനും മകനും നീന്തൽ പഠിച്ചെന്ന പ്രത്യേകതയും ഉണ്ട്.
അങ്ങനെയിരിക്കെ അപ്രതീക്ഷിതമായി ചാക്കോച്ചന്റെ കോൾ വന്നു. നമ്മൾ ഈ സിനിമ ചെയ്യുന്നു. ഉദയയുടെ ബാനറിൽ ചാക്കോച്ചൻ തന്നെ സിനിമ നിർമ്മിക്കുമെന്നും പറഞ്ഞു. അത് വലിയ സന്തോഷം നൽകുന്ന വാർത്തയായിരുന്നു. ഉദയ പോലെ ഒരു ബാനർ വർഷങ്ങൾക്കു ശേഷം തിരിച്ചു വരുമ്പോൾ ആ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അനുഗ്രഹമായി കാണുന്നു.
അവാർഡ് കൂടുതൽ മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കുമെന്ന് പ്രതീക്ഷ
അവാർഡ് തീർച്ചയായും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ അതിനേക്കാൾ എന്നെ ആനന്ദിപ്പിക്കുക അത് നല്ല കഥാപാത്രങ്ങളിലേക്ക് വഴിതുറക്കുമ്പോഴാണ്. കൂടുതൽ മികച്ച കഥാപാത്രങ്ങൾ എന്നെ തേടിയെത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ഞാനുള്ളത്. നിവിൻ പോളിക്കൊപ്പം ‘പടവെട്ടി’ൽ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്. മധു വാരിയർ ആദ്യമായി സംവിധാനം ചെയ്യുകയും മഞ്ജു വാരിയർ നിർമിക്കുകയും ചെയ്യുന്ന ‘ലളിതം സുന്ദരം’, അൽഫോൺസ് പുത്രന്റെ ‘ഗോൾഡ്’, നിവിൻ നിർമിക്കുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ സംവിധായകൻ രതീഷ് ബാലകൃഷ്ണന്റെ ‘കനകം, കാമിനി, കലഹം’, ധ്യാൻ ശ്രീനിവാസനൊപ്പം ‘സത്യം മാത്രമേ ബോധിപ്പിക്കാവു’, ‘ആപ്പ് കൈസേ ഹേ’, ദുൽഖറിന്റെ ‘കുറുപ്പ്’, ആർജെ മാത്തുകുട്ടി–ആസിഫ് അലി ചിത്രം ‘കുഞ്ഞെൽദോ’ എന്നിവയാണ് റിലീസിങിനു തയ്യാറെടുക്കുന്ന പുതിയ ചിത്രങ്ങൾ.