എന്റെ അനുഭവങ്ങളുടെ സത്യസന്ധമായ ആവിഷ്കാരമാണ് ആ സിനിമ: ഐഷ സുൽത്താന
Mail This Article
ലക്ഷദ്വീപുമായി ബന്ധപ്പെട്ടാണ് ഐഷ സുൽത്താന എന്ന പേര് പൊതു ഇടങ്ങളിൽ പരാമർശിക്കപ്പെട്ടു തുടങ്ങുന്നത്. ദ്വീപിലെ മനുഷ്യരുടെ ആശയങ്ങൾക്ക് വേണ്ടി അവിടെ തന്നെ ജനിച്ചു വളർന്ന ഐഷയോളം അറിവുള്ള മറ്റാരാണ് ഉണ്ടാവുക? ഐഷ പറഞ്ഞ ആശയങ്ങൾ പലതും വഴിമാറി മറ്റു പലതുമായി ചർച്ച ചെയ്യുമ്പോഴും അധികം പ്രതികരണങ്ങക്ക് പോകാതെ തന്റെ മനസ്സിലെ ആശയങ്ങളും നേരിട്ട അനുഭവങ്ങളും സിനിമയിലൂടെ പറയാനാണ് ഐഷ സുൽത്താന ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ ആദ്യത്തെ സംവിധായികയാണ് ഐഷ സുൽത്താന. പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ അസിസ്റ്റന്റ് ആയി സിനിമ കരിയർ ആരംഭിച്ച ഐഷയുടെ മനസ്സിൽ എന്നും സിനിമയുണ്ടായിരുന്നു. കുട്ടിക്കാലത്ത് നാടകങ്ങൾ നടക്കുന്ന ദ്വീപിലെ വേദികളിൽ തന്റെ സജീവ സാന്നിധ്യം ഉറപ്പിച്ചിരുന്ന ഐഷയുടെ അന്നത്തെ ആഗ്രഹം നാടകം സംവിധാനം ചെയ്യണം എന്നത് തന്നെയായിരുന്നു. സാങ്കേതികമായി സിനിമയുടെ പാഠങ്ങൾ പഠിക്കുക എന്നതിനേക്കാൾ കാര്യങ്ങൾ അനുഭവിച്ചും കണ്ടും ചെയ്തും പഠിച്ചെടുത്ത സംവിധായികയാണ് അവർ.
ദ്വീപിന്റെ ജീവിതത്തെയും അവിടുത്തെ അതിമനോഹരമായ പ്രകൃതിയെയും ആസ്വദിക്കാൻ അവസരമൊരുക്കുന്ന സിനിമയാണ് ഐഷ ആദ്യമായി സംവിധാനം ചെയ്ത "ഫ്ലഷ്". എന്നാൽ ആ സിനിമ റിലീസ് ആവുന്നതിനു മുൻപ് തന്നെ താൻ നേരിട്ട ഏറ്റവും വലിയ ദുരിത കാലങ്ങളെ 124 (A ) എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കാൻ അവർ പ്ലാൻ ചെയ്തിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ റിലീസ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയമായി ഒരുപാടു ആക്ഷേപങ്ങളും അധിക്ഷേപങ്ങളും കേൾക്കുമ്പോഴും തന്റെ സിനിമയിലൂടെ നേരിട്ട അനുഭവങ്ങളെ സത്യസന്ധമായി തുറന്നു കാണിക്കാൻ അവർ ശ്രമിക്കുന്നു. ഐഷയുടെ ആദ്യത്തെ ചിത്രം ‘ഫ്ലഷ്’ ബോൾഡ് ആയ സ്ത്രീ ജീവിതത്തെയും ദ്വീപിനെയും കുറിച്ച് പറയുന്നു, അത് റിലീസിന് തയാറെടുക്കുന്നു. ഐഷ സുൽത്താന സംസാരിക്കുന്നു, അവരുടെ സിനിമയെക്കുറിച്ച്.
ദ്വീപിലെ ആദ്യ സംവിധായിക. ദ്വീപുകാരുടെ സ്വന്തം ഐഷ
ലക്ഷദ്വീപിലെ ആസ്പദമാക്കി ആദ്യമായി മുഴുവനായി അവിടെ ഷൂട്ട് ചെയ്ത സിനിമയാണ് ഫ്ലഷ്. അവിടെയുള്ള ഓരോരുത്തർക്കും അത് തന്റെ കഥയാണല്ലോ എന്ന് തോന്നുന്ന രീതിയിലാണ് അവരതിനെ സ്വീകരിക്കുന്നത്. അത് അവരുടെ തന്നെ കഥയാണ്. ദ്വീപിലെ ആളുകൾ സിനിമയെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന ആളുകളാണ്. എനിക്കുള്ള പൂർണമായ പിന്തുണ അവർ തന്നിരുന്നു. എനിക്ക് മാത്രമല്ല പൊതുവെ സിനിമയ്ക്ക് തന്നെ അവർ പൂർണമായ അനുകൂല അവസ്ഥയാണ്.പല സിനിമകളും അവിടെ ഷൂട്ടിങ് നടത്താറുണ്ട്, അതിനൊക്കെ അവർ പൂർണമായ സഹകരണവുമാണ്. അവിടെ ഒരുപാടു കലാകാരന്മാരുണ്ട്, അവരെയൊക്കെ തന്നെയാണ് എന്റെ സിനിമയിലും ഞാൻ കൂടുതലും അവതരിപ്പിച്ചത്. ഫ്ലഷിൽ ഉള്ളവർ കൂടുതലും അവിടെയുള്ളവർ തന്നെയാണ്. ദ്വീപിലുള്ള കലാകാരന്മാരെക്കുറിച്ച് എല്ലാവരും അറിയണം, അവർക്ക് ഇനിയും ഒരുപാടു അവസരങ്ങൾ ലഭിക്കണം, അത് തന്നെയാണ് എന്റെ ആഗ്രഹം.
സ്ത്രീകളെക്കുറിച്ചും ദ്വീപിനെക്കുറിച്ചുമാണ് ‘ഫ്ലഷ് ’
ഒന്ന് രണ്ടു കാര്യങ്ങളുണ്ട്. പ്രധാനമായ ഒരു കാര്യം സ്ത്രീകളെക്കുറിച്ചാണ്. നോക്കൂ, നിസ്സാര കാര്യങ്ങൾക്ക് പോലും സ്ത്രീകൾ ആത്മഹത്യാ ചെയ്യുന്നുണ്ട്, അത് നമ്മൾ കാണുന്നുണ്ട്. എന്തിനാണ് നമ്മൾ നമ്മളെ നശിപ്പിക്കുന്നത്? ഒരു സ്ത്രീ ചിന്തിക്കേണ്ടത് ബോൾഡ് ആകാനാണ്. അങ്ങനെയൊരു ആശയം ഫ്ലഷ് പങ്കു വയ്ക്കുന്ന്നുണ്ട്. നമ്മൾ തന്നെയാണ് നമ്മുടെ ശത്രുവും മിത്രവും. എനിക്കൊരു ബുദ്ധിമുട്ട് വന്നു കഴിഞ്ഞാൽ എന്റെയുള്ളിലെ ശത്രുവാണ് എന്നെ അടിച്ചു താഴ്ത്തുന്നത്. മിത്രമാണ് നമ്മളെ എടുത്തുയർത്തേണ്ടത്. അതാണ് നമ്മൾ ഫോക്കസ് ചെയ്യേണ്ടത്, നമ്മുടെ തന്നെയുള്ളിലെ ശത്രുവിനെ അടിച്ചു താഴ്ത്തി മിത്രത്തെ ഒപ്പം കൂട്ടി ചേർക്കുക. അതാണ് ഫ്ലഷിന്റെ ആശയം. ആത്‍മഹത്യ ചെയ്യുന്ന സ്ത്രീകളോടാണ് അത് പറയുന്നത്.
രണ്ടാമത്തെ പ്രശ്നം ലക്ഷദ്വീപ് നേരിടുന്ന വിഷയങ്ങളാണ്. എന്റെ അച്ഛന്‍ ഉൾപ്പെടെ പറഞ്ഞു കേട്ട കഥകളുണ്ട്. അവരൊക്കെ അനുഭവിച്ച കാര്യങ്ങൾ. ആ കാലം മുതൽ ഈ കാലം വരെ ഞങ്ങൾ അനുഭവിക്കുന്ന പ്രശ്നമാണ് അവിടെ ഹോസ്പിറ്റൽ ഇല്ല എന്നുള്ളത്. ഒരു അപകടം വന്നാലും ഗർഭിണികൾക്ക് പ്രശ്നമുണ്ടായാലും കൃത്യമായ ചികിത്സ കിട്ടുന്നത് ബുദ്ധിമുട്ടാണ്. വലിയൊരു ആരോഗ്യ -അപകട പ്രശമുണ്ടായാൽ ഉടനെ കേരളത്തിലേയ്ക്ക് എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അവരെ അവിടെ നിന്ന് ഇവാക്വേറ്റ് ചെയ്യണം അതിനായി. അവരിൽ എത്ര പേര് രക്ഷപെടും എന്നത് ഉറപ്പില്ല. ഒരുപാടു പേര് കൃത്യമായി ചികിത്സ കിട്ടാതെ മരണപ്പെട്ടിട്ടുണ്ട്. ദ്വീപിലെ മിക്ക ഫാമിലിയും ഈ ദുരവസ്ഥ നേരിട്ടിട്ടുണ്ട്. അല്ലാത്തവർ വിരലിൽ എണ്ണാവുന്നവർ മാത്രമേ ഉണ്ടാകൂ. ഈ അവസ്ഥയെയും ഫ്ലഷ് പറയാൻ ശ്രമിക്കുന്നുണ്ട്.
‘ഫ്ലഷ്’ കൃത്യമായി എഴുതി തയാറാക്കിയ ഒരു തിരക്കഥ പോലുമില്ലാതെ എഴുതിയത്.
എന്റെ മനസിലാണ് ഫ്ലഷിന്റെ തിരക്കഥ ഉണ്ടായത്. ആ കഥ പൂർണമായും ഒരു ചിത്രം പോലെ എന്റെ മനസ്സിലുണ്ട്. അതുകൊണ്ട് പ്രത്യേകം ഒരു സ്ക്രിപ്റ്റ് എഴുതി തയാറേക്കേണ്ട ആവശ്യമുണ്ടായില്ല. ഷൂട്ടിങ് സമയത്ത് സഹപ്രവർത്തകർ പലരും അതിൽ സംശയം പറഞ്ഞിരുന്നു. പലതും ഷൂട്ട് ചെയ്യുമ്പോൾ ഇത് ശരിയാകുമോ, എങ്ങനെയാകും എന്നൊക്കെയുള്ള ആശങ്കയുണ്ടായിരുന്നു. സ്ക്രിപ്റ്റ് ഇല്ലാതെ എങ്ങനെയാണ് സിനിമ ചെയ്യുക എന്നൊക്കെ അനുജൻ വരെ ചോദിച്ചു. പക്ഷേ ഇപ്പോൾ സിനിമ കണ്ടതിനു ശേഷം എല്ലാവരുടെയും സംശയങ്ങൾ മാറിക്കിട്ടി. മനസിലുള്ള ചിത്രത്തെ പകർത്തുകയാണ് ഞാൻ ചെയ്തത്.
സിനിമയെടുക്കാൻ ഒരു യുദ്ധമായിരുന്നു
.
ഷൂട്ട് കഴിഞ്ഞാണ് രാജ്യദ്രോഹ ആരോപണം നേരിടേണ്ടി വന്നത്. ഷൂട്ടിങ് സമയത്താണ് പുതിയ അഡ്മിനിസ്ട്രേറ്റർ വന്നത്. അതും കോവിഡ് പ്രോട്ടോക്കോൾ ഒക്കെ ലംഘിച്ച്. അതുവരെ ഒരു വർഷത്തോളം കോവിഡ് വരാതെ ദ്വീപ് രക്ഷപെട്ടിരുന്നതാണ്, കോവിഡ് അവിടെയുമെത്തി. കവരത്തിയിൽ ഒക്കെ ഇതുമായി ബന്ധപെട്ടു സമരങ്ങളും മറ്റു പ്രതിഷേധങ്ങളുമുണ്ടായി. ഞങ്ങൾ ആ സമയം ഷൂട്ടിങ്ങിനായി അഗത്തി ദ്വീപിലാണ്. വാർത്തകളൊക്കെ നമ്മൾ അറിയുന്നുണ്ട്. അവിടെ പോയതിനു ശേഷം ഏഴു ദിവസത്തെ ക്വാറന്റീൻ ഒക്കെ ഇരുന്നാണ് അവിടെ പുറത്തിറങ്ങിയത്. പക്ഷേ ദ്വീപുകാരുടെ സുരക്ഷിതത്വം കൂടി നോക്കിയതുകൊണ്ട് ഞങ്ങൾ നിയമം പാലിച്ചാണ് അവിടെ ഇറങ്ങിയത്. അന്ന് ഞങ്ങൾ ഷൂട്ട് ചെയ്തു തുടങ്ങിയ ശേഷം സർക്കാരിന്റെ ഭാഗത്ത് നിന്ന് തന്നെ ഒരുപാടു പ്രശ്നങ്ങളുണ്ടാക്കി. അന്ന് കോവിഡ് എല്ലാവരിലേക്കും എത്തി എന്ന് പറഞ്ഞു 144 പാസാക്കി.
അത് ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടിയായിരുന്നു. പല ദിവസവും കുടിവെള്ളം പോലും ഞങ്ങൾക്ക് കിട്ടിയില്ല. ഒരു ദിവസം നമ്മൾ ഷൂട്ട് ചെയ്ത സ്ഥലത്ത് അടുത്ത ദിവസം നിരോധന നിയമം, നമ്മുടെ കണ്ടിന്യുറ്റി അവിടെ നഷ്ടപ്പെടുകയാണ്. നമ്മൾ വരച്ചുകൊണ്ടിരുന്ന പേപ്പർ ഒരാൾ ചുരുട്ടി കൂട്ടി കളയുകയാണ്, ആ ചുരുണ്ട പേപ്പർ നമ്മൾ കഷ്ടപ്പെട്ട് വീണ്ടും ചുരുളുകൾ നിവർത്തി വൃത്തിയാക്കി, അവര്‍ പിന്നീട് വന്നു ആ പേപ്പർ വലിച്ചു കീറി കളയുകയാണ്. അതായിരുന്നു ശരിക്കും അവിടെ സംഭവിച്ചത്. എന്താണ് ചെയ്യേണ്ടത്, സിനിമ നിന്ന് പോകുമോ എന്നറിയാത്ത അവസ്ഥ. അവസാനം കിട്ടിയ അവസരങ്ങളും സമയവും സ്ഥലവും അനുസരിച്ച് അത് പ്രേക്ഷകർക്ക് മനസിലാക്കാൻ പോലും പറ്റാത്ത പോലെ ഓരോ ചുരുളുകളായി കൃത്യമായി വെട്ടി വേണ്ടയിടത്ത് ഒട്ടിച്ചു. അങ്ങനെയാണ് ഫ്ലഷ് ഞാൻ പൂർത്തിയാക്കിയത്.
എന്റെ സങ്കൽപ്പത്തിൽ സിനിമയെടുക്കുക എന്നതൊരു യുദ്ധമാണ്, ‘ഫ്ലഷി’ന്റെ കാര്യത്തിലും അതുക്കും മേലെയാണ് ഞാൻ നേരിട്ട വെല്ലുവിളികൾ. ദ്വീപിനെ സത്യസന്ധമായി അവതരിപ്പിക്കുക എന്നത് മാത്രമായിരുന്നു മനസ്സിൽ. പക്ഷേ സർക്കാരിന്റെ ഭാഗത്ത് നിന്നും അല്ലാതെയും ഒക്കെ പ്രശ്നങ്ങളുണ്ടായി. അഭിനയിച്ചുകൊണ്ടിരുന്നവർ ഇറങ്ങി പോവുകയും കപ്പലിന്റെ ദിശാമാറ്റവും ഒക്കെ പ്രശ്നങ്ങളായിരുന്നു. എന്തായാലും എല്ലാത്തിനെയും അതിജീവിച്ച് സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റും കിട്ടി, ഇപ്പോൾ ഇറങ്ങാൻ തയാറെടുക്കുമ്പോൾ സന്തോഷമുണ്ട്.
പുതിയ കലാകാരൻമാർ, ദ്വീപുവാസികൾ അഭിനേതാക്കൾ
പുതിയ കലാകാരന്മാരാണ് ഇതിൽ എല്ലാവരും. ആ കഥയ്ക്ക് പുതുമ വേണമെങ്കിൽ പുതിയ ആളുകൾ വേണം, അതിലാണ് ആ കഥ കിടക്കുന്നത്. അങ്ങനെ വന്നാലേ ആ കഥ ആളുകൾക്ക് ഇഷ്ടപെടൂ എന്ന് തോന്നി. ദ്വീപിലെ ഒരുപാടു ആളുകൾ ഫ്ലഷിൽ അഭിനയിച്ചിട്ടുണ്ട്. കുട്ടികളൊക്കെ അഭിനയിക്കുന്നുണ്ട്. ഒറ്റ ടെക്കിലൊക്കെയാണ് ആ കുട്ടികൾ ഓക്കെ ആയത്. എത്ര രസായിട്ടാണ് അവരൊക്കെ അത് ചെയ്തിരിക്കുന്നത്. അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു അവര്. ഞാനാലോചിക്കുകയായിരുന്നു, എന്റെ നാട്ടിലെ കുഞ്ഞുങ്ങളൊക്കെ എത്ര വലിയ കലാകാരന്മാരാണ്.
124 (A )
124 (A ) എന്നാണ് അന്നൗൻസ് ചെയ്ത സിനിമയുടെ പേര്. എന്റെ വായിൽ നിന്ന് വീണൊരു വാക്കിന്റെ പേരിലാണ് ഈയൊരു വകുപ്പ് എന്റെ തലയിൽ വച്ച് കെട്ടിത്തന്നത്. ആ സമയത്ത് ഞാൻ നേരിട്ട കാര്യങ്ങൾ, അതിനെ അതിജീവിച്ച വിധം ഇതൊക്കെ എല്ലാവരും അറിയണം. നമ്മൾ ഒറ്റയ്ക്കാണ്, പക്ഷെ അത്തരത്തിൽ ഒരു പ്രശ്നം വരുമ്പോൾ എങ്ങനെ പെൺകുട്ടികൾ അതിൽ നിന്നൊക്കെ കരകയറണം എങ്ങനെ നേരിടണം എന്നതാണ് ആ സിനിമ വഴി പറയാൻ ഞാനാഗ്രഹിക്കുന്നത്. ഓരോ പെൺകുട്ടികൾക്കും ആ സിനിമ ഒരു പ്രചോദനമാകണം എന്നാണ് ആഗ്രഹം. സിനിമ എന്റെ അറിവിൽ ആരെയും ദ്രോഹിക്കാൻ വേണ്ടിയും അപമാനിക്കാൻ വേണ്ടിയും ചെയ്യുന്ന ഒന്നല്ല.
ഞാൻ എന്തായാലും അത്തരത്തിലുള്ള ചിന്തകൾ വച്ച് സിനിമയെടുക്കുന്ന ഒരാളല്ല, നമ്മൾ നേരിടുന്ന അനുഭവങ്ങൾ അതിൽ നിന്ന് പുറത്ത് കടക്കുന്ന വിധം അത് കാരണം ഒരാൾക്കെങ്കിലും ചിന്തകളിൽ ധൈര്യം തോന്നിയാൽ അതാണ് എന്നെ സന്തോഷത്തിലാക്കുന്നത്. ‘ഫ്ലഷ്’ കാണുമ്പോൾ അത് മനസ്സിലാകും. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എല്ലാവരും ആശയങ്ങൾ പങ്കു വയ്ക്കുന്നത്. സിനിമ എന്നതും ഒരു കമ്മ്യുണിക്കേഷനാണ്, സമൂഹത്തിലേക്ക് എത്തണം എന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരു ആശയം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് എന്റെ ആഗ്രഹം. ‘ഫ്ലഷി’ലും അത് തന്നെയാണ് പറയുന്നത്, സ്ത്രീകളെ ബോൾഡ് ആക്കി നിർത്താനുള്ള ഒരു പ്രചോദനം, ‘124 എ’യിലും ആരെയും കുറ്റപ്പെടുത്താൻ നില്കാതെ ഞാൻ സഞ്ചരിച്ച വഴിയിലെ സത്യസന്ധമായ അനുഭവമാണ് ആ സിനിമ.
‘ഫ്ലഷ്’ ഉടൻ
‘ഫ്ലഷ്’ ഒടിടി റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ആദ്യം തിയറ്റർ പ്ലാൻ ആയിരുന്നു. പക്ഷേ അത് എല്ലാവരും കാണേണ്ട ഒരു ചിത്രമാണ്. ലക്ഷദ്വീപ് എന്ന മനോഹരമായ ഇടത്തെ അതിന്റെ എല്ലാ മനോഹാരിതകളോടും കൂടി ആസ്വദിക്കാൻ ഈ സിനിമയിലൂടെ പ്രേക്ഷകർക്കാവും. മാത്രമല്ല അവിടെ മനുഷ്യർ നേരിടുന്ന കുറച്ചു പ്രശ്നങ്ങൾ, അവിടുത്തെ സംസ്കാരം, ആളുകൾ, അവരുടെ മനസ്സ്, എല്ലാം ലോകം മുഴുവൻ കാണുകയും ചർച്ച ചെയ്യുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടാണ് സിനിമ ഒടിടി പ്ലാറ്റഫോമിൽ മതിയെന്ന് തീരുമാനിച്ചത്.