ADVERTISEMENT

കഴിഞ്ഞ 160 ദിവസമായി കൊച്ചിയിലെ ക്രൗൺപ്ലാസ ഹോട്ടലിലെ 1423 ാം നമ്പർ മുറിയാണു സന്തോഷ് ശിവന്റെ വിലാസം. ജാലകത്തിനപ്പുറം കാലവർഷത്തിലേക്ക് ചാഞ്ഞിറങ്ങുന്ന മഴത്തുള്ളികൾ. സിനിമാജീവിതത്തിൽ തിരക്കേറിയ ശേഷം സന്തോഷ് ഇത്രയും കാലം ഒരുമിച്ചു കേരളത്തിൽ നിൽക്കുന്നതാദ്യം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ക്യാമറാജോലികൾ, സ്വന്തം ചിത്രമായ ‘ജാക്ക് ആൻഡ് ജില്ലി’ന്റെ പ്രമോഷൻ.

‘തിരുവനന്തപുരം ലയോള സ്കൂളിലെ പൂർവവിദ്യാർഥി യോഗത്തിൽ നിന്നാണു സന്തോഷ് ശിവന് ‘ജാക്ക് ആൻഡ് ജില്ലിന്റെ’ കഥയുടെ വിത്തു കിട്ടുന്നത്. പണ്ട് സ്കൂളിൽ പഠിച്ചവർ ഒരു ഹോട്ടലിൽ ഒത്തുകൂടി. അതിൽ ഡോക്ടർമാരും എൻജീനിയർമാരും മുതൽ നാസയിലെ സയന്റിസ്റ്റ് വരെ. അവിടെ നിന്നാണു നാട്ടിൻപുറത്തെ കാവും അവിടെയൊരു സയൻസ് ലാബുമെന്ന കോൺട്രാസ്റ്റായ കഥയുണ്ടായത് ’– ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കു സിനിമയുമായെത്തുന്ന സന്തോഷ് ശിവൻ കാവും കുളങ്ങളും മുത്തശ്ശിക്കഥകളുടെ വിസ്മയങ്ങളും തന്റെ അനന്തമായ മനസ്സിൽ ഭദ്രമായി സൂക്ഷിക്കുന്നു.

പുതിയ തലമുറ പുതിയ ക്യാമറയെക്കുറിച്ചും അതിലെ പരീക്ഷണങ്ങളെക്കുറിച്ചും ചോദിക്കുമ്പോൾ സന്തോഷ് പറയുന്ന ഉത്തരമുണ്ട് : ‘ ഒരു വിരൽ ചൂണ്ടി ചന്ദ്രനെക്കാണിച്ചാൽ ചന്ദ്രനെയാണു നോക്കേണ്ടത്. ടെക് നോളജി അതിലേക്കു ചൂണ്ടുന്ന വിരൽ മാത്രമാണ്. നമ്മൾ നോക്കേണ്ടത് ആ കാഴ്ചയിലേക്കാണ്’

മണിരത്‌വുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് സന്തോഷിനു പറയാതിരിക്കാനാവില്ല.‘ ഞാൻ 6 സിനിമകൾ മണിരത്നവുമായി ചെയ്തിട്ടുണ്ട്. എനിക്കു കേരളത്തിനു പുറത്ത് ഒരു പേരുണ്ടാക്കിത്തന്ന സംവിധായകൻ മണിയാണ്. മണിയുടെ ചിത്രങ്ങൾ ഏറ്റെടുത്താൽ നമ്മൾ ചെയ്യുന്ന ചിത്രങ്ങളുടെ എണ്ണം കുറയും. അതായത് ദീർഘമായ കാലം ആ ചിത്രത്തിനൊപ്പമായിരിക്കും. എന്നാൽ നല്ല പ്രതിഫലം കിട്ടും. കൃത്യമായ പ്ലാനിങ് ആണു മണിക്ക്. റോജ ചെയ്യുമ്പോൾ ഞങ്ങൾ ഒരു തീരുമാനമെടുത്തിരുന്നു. നായിക മധുബാല കശ്മീരിലെത്തി മഞ്ഞുമലകൾ കാണുമ്പോൾ മാത്രമായിരിക്കണം പ്രേക്ഷകരും മഞ്ഞുകാണുകയെന്ന്. മധുവിന്റെ ആ എക്സൈറ്റ്മെന്റ് പ്രേക്ഷകരിലേക്കുമെത്തണം. അതായിരുന്നു തീരുമാനം. അതു കൃത്യം വർക്കൗട്ടായി’

ലയോള സ്കൂളിലെ ഹിസ്റ്ററി അധ്യാപകൻ ജോർജ് സാറിന്റെ ക്ലാസിൽ നിന്നാണ് ഷാറൂഖ്ഖാനെയും കരീനകപൂറിനെയും വച്ച് ‘ അശോക ’ എന്ന ബിഗ് ബജറ്റ് ചിത്രമെടുക്കാൻ സന്തോഷ് ശിവനു ധൈര്യം കിട്ടുന്നത്.

 

‘ഉച്ചയ്ക്കു കളിച്ചു തിമർത്ത ശേഷം വരുന്ന ആദ്യ പീരീഡാണ് പലപ്പോഴും ഹിസ്റ്ററി. നല്ല ഉറക്കം വരുന്ന സമയം. ജോർജ് സാർ ക്ലാസിൽ അഭിനയിച്ചു പഠിപ്പിക്കുന്ന രീതിയാണ്. അശോകചക്രവർത്തിയെക്കുറിച്ച് ക്ലാസെടുത്തപ്പോൾ കുട്ടികൾക്ക് ഒരു ഉൻമേഷമില്ലായ്മ. എന്താണ് അശോകനെ നിങ്ങൾക്കിഷ്ടമായില്ലേ എന്നായി സാർ. യുദ്ധമൊക്കെ നിർത്തിയ രാജാവിന്റെ ജീവിതം എന്തൊരു ബോറാണ് സാർ?, എന്നായി ഞങ്ങൾ. അപ്പോൾ സാർ ചോദിച്ചു ‘നിങ്ങളിലെത്ര പേർ പട്ടിയെ കാണുമ്പോൾ കല്ലെറിയും?’ പലരും കയ്യുയർത്തി. അപ്പോൾ ജോർജ് സാർ പറഞ്ഞു ‘ഒരു ദിവസം നിങ്ങൾ ഈ കല്ലേറു നിർത്തും. അന്നു നിങ്ങൾ അശോകനെ ഓർക്കും’. ആ ഓർമയിൽ നിന്നാണ് അശോക എന്ന സിനിമ ചെയ്യുന്നത്. ഞാൻ അശോക ചെയ്യുമ്പോൾ ചരിത്ര സിനിമകൾ രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ടെലിവിഷൻ പരമ്പര ഹാങ് ഓവറിലാണ്. വലിയ സ്വർണക്കിരീടങ്ങളും കൊട്ടാരക്കെട്ടുകളും കണ്ടു ശീലിച്ച പ്രേക്ഷകർക്ക് എന്റെ സിംപിൾ അശോകനെ അത്ര എളുപ്പം ഉൾക്കൊള്ളാനായിക്കാണില്ല. ഇപ്പോഴും  കാലത്തിനു മുൻപേ വന്ന ചിത്രമാണ് അശോകയെന്ന് പലരും പറയാറുണ്ട്. അതുകേൾക്കുമ്പോൾ സന്തോഷം’

എല്ലാ ക്യാമറാമാൻമാരോടും കാലങ്ങളായി ചോദിക്കുന്ന ചോദ്യത്തിനും സന്തോഷ് ശിവന് ഉത്തരം റെഡി. ക്യാമറയിലൂടെ നോക്കുമ്പോൾ ആരാണ് കൂടുതൽ സുന്ദരി ?

ഐശ്വര്യയുടെ കണ്ണോ ? മധുബാലയുടെ കുസൃതിയോ ? കരീനയുടെ ഇമയനക്കമോ ? 

‘ക്യാമറമാന് സൗന്ദര്യം ഫീൽ ചെയ്യുന്നത് അവരുടെ ഉള്ളിലെ റേഡിയൻസിൽ നിന്നാണ്. അല്ലാതെ കോസ്മെറ്റിക്സിന്റെ തിളക്കത്തിൽ നിന്നല്ല. ‘കുഛ് കുഛ് ഹോത്താഹെ ’ ചെയ്യുമ്പോൾ എന്നെ വിസ്മയിപ്പിച്ച നടിയാണ് കജോൾ. വലിയ മേക്കപ്പോ വേഷഭൂഷാദികളോ ഇല്ല. എന്നാൽ ആക്‌ഷൻ പറഞ്ഞാൽ കജോൾ ഞെട്ടിക്കും. മഞ്ജുവാര്യയും തബുവും അത്തരക്കാരാണ്. മ‍ഞ്ജുവിന്റെ സാധ്യതകൾ ഇനിയും ഏറെ ഉപയോഗിക്കാനുണ്ട്. തമിഴിൽ വലിയ താരനിരയിലേക്ക് മഞ്ജുവെത്തിക്കഴിഞ്ഞു. ജാക്ക് ആൻഡ് ജില്ലും ഒരു പരീക്ഷണമാണ് ’ 

സന്തോഷ് ശിവന് തൊഴിലിൽ ഒരു ശീലമുണ്ട്. 6 മാസം ജോലി ചെയ്താൽ പിന്നെ 6 മാസം യാത്രകളാകും. അതിനിടെയൊരു ഡോക്യുമെന്ററി ചെയ്യും. അതു ചിലപ്പോൾ ചമ്പക്കുളത്തെ നെൽകൃഷിയെക്കുറിച്ചാകാം. ആമസോൺ കാട്ടിലെ പിങ്ക് ഡോൾഫിനെക്കുറിച്ചാകാം. പോണ്ടിച്ചേരിയിൽ 3 ഏക്കറിൽ കാടു വളർത്തുന്നുണ്ട്. സായാഹ്നങ്ങളിൽ മയിലും മാനും വരുന്ന ചെറിയ കാട്. മുംബൈയിലെ ഫ്ലാറ്റിനു മുകളിൽ വലിയൊരു പൂന്തോട്ടം. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് വിളിച്ചപ്പോൾ അങ്ങോട്ടൊരു യാത്ര. ജഗദ്പുരി ക്ഷേത്രത്തെ ക്യാമറയിൽ പകർത്തൽ. ഇന്നു കാണുന്ന കടകളും മറ്റും സർക്കാർ പണം കൊടുത്തു വാങ്ങി 100 വർഷം മുൻപത്തെ രൂപത്തിലാക്കുകയാണ്. ഇപ്പോഴെടുത്ത ദൃശ്യങ്ങൾക്കൊപ്പം ആ ദൃശ്യങ്ങളും പകർത്താനെത്തണം. അനന്തമായ കാഴ്ചകൾ ഒരു മിഴിച്ചെപ്പിലേക്ക്... സ്വയം പുതുക്കുന്ന യാത്രകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com