ADVERTISEMENT

ഫഹദ് ഫാസിലിന്റെ മലയൻ കുഞ്ഞ് തിയറ്ററുകൾ നിറയ്ക്കുമ്പോൾ ഫഹദ് പകർന്നാടിയ അനിക്കുട്ടന്റെ അമ്മ ആരാണെന്നുളള തിരച്ചിലിലായിരുന്നു സിനിമാപ്രേമികൾ. അമ്മയാണ് അനിക്കുട്ടന് എല്ലാം. അവന്റെ വാശിയും ശാഠ്യവും ദുഃഖവും സങ്കടവും എല്ലാം മനസ്സിലാകുന്നത് അമ്മയ്ക്കു മാത്രമാണ്. അനിക്കുട്ടനായി ഫഹദ് ഫാസിൽ പ്രേക്ഷകരെ ഞെട്ടിച്ചപ്പോൾ അമ്മയായി വിസ്മയിപ്പിച്ചത് നാടകരംഗത്ത് വർഷങ്ങളുടെ അനുഭവപരിചയമുള്ള ജയ കുറുപ്പാണ്. സിനിമയിൽ പുതുമുഖമായ ജയ കുറുപ്പ് നാടകത്തിൽ പ്രകടമാകുന്ന അമിതാഭിനയമൊന്നുമില്ലാതെ മലയൻ കുഞ്ഞിലെ സ്നേഹധനയായ അമ്മയായി മാറി. നാൽപതു വയസ്സ് കഴിഞ്ഞ താൻ അറുപതിനടുത്ത അമ്മയുടെ ശരീര ഭാഷ നിലനിർത്താൻ ഒട്ടൊന്നു പണിപ്പെട്ടു എന്ന് ജയ പറയുന്നു. ഒപ്പം ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ മലയൻകുഞ്ഞിന്റെ ഭാഗമാക്കിയവരോട് നന്ദിയുണ്ടെന്നും മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ജയ കുറുപ്പ് പറയുന്നു. 

 

തിയറ്ററിൽനിന്ന് വെള്ളിത്തിരയുടെ തിളക്കത്തിലേക്ക് 

jaya-kurup-malayankunju

 

ഞാൻ ഒരു തിയറ്റർ ആർടിസ്റ്റാണ്. ഇരുപത്തിമൂന്ന് വർഷമായി പ്രഫഷനൽ നാടകവേദിയിൽ ഉണ്ട്. ഇടുക്കി കട്ടപ്പനയിൽ ആണ് താമസം. ഭർത്താവും തിയറ്റർ ആർടിസ്റ്റാണ്. മൂന്നു കുട്ടികളുണ്ട്. കുടുംബമാണ് എനിക്ക് ഏറ്റവും പിന്തുണ നൽകുന്നത്. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ നാടകവേദിയിൽ എത്തിയതാണ്. അഭിനയം എനിക്ക് ഭയങ്കര ഇഷ്ടമാണ്. എന്റെ ഒരു ബന്ധുവിന് ബാലെ സമിതി ഉണ്ടായിരുന്നു. അവിടെ ദൈവങ്ങളുടെ ചെറിയ കഥാപാത്രങ്ങൾ ഒക്കെ ചെയ്യുമായിരുന്നു. അവിടെയാണ് തുടക്കം. അതിനു ശേഷം കോട്ടയം അക്ഷയ എന്ന നാടക സമിതിയിൽ ഒരു നാടകം ചെയ്തു. പിന്നീടു  ചേർത്തല സാഗരിക, ചങ്ങനാശേരി പ്രതിഭ, സൃഷ്ടി, തിരുവനന്തപുരം സങ്കീർത്തന, അങ്കമാലി അഞ്ജലി, കോട്ടയം നളന്ദ, അമ്പലപ്പുഴ നാടകശാല, വയലാർ നാടകവേദി തുടങ്ങിയ സമിതികളിൽ പ്രവർത്തിച്ചു. കോവിഡ് തുടങ്ങിയ സമയത്ത് എറണാകുളം ഡ്രാമാനന്ദം എന്ന സമിതിയിൽ ‘മഴ ബാക്കി വച്ചത്’ എന്ന നാടകം ചെയ്തു. അതായിരുന്നു ഒടുവിൽ ചെയ്തത്.  

 

jaya-kurup-fahadh

ജെല്ലിക്കെട്ട് എന്ന ചിത്രത്തിൽ ബാങ്ക് മാനേജർ ആയി ഒരു ചെറിയ വേഷം ചെയ്താണ് സിനിമയിൽ തുടക്കം കുറിച്ചത്. സാജൻ ബേക്കറി എന്ന ചിത്രത്തിലും തല കാണിച്ചിട്ടുണ്ട്. ജെല്ലിക്കെട്ട് എന്ന ചിത്രത്തിനു വേണ്ടി ഓഡിഷൻ നടന്നപ്പോൾ അവിടെ പോയി ഫോട്ടോ കൊടുത്തു. അങ്ങനെ അതിലേക്ക് വിളിക്കുകയായിരുന്നു. മൂന്നു ദിവസം ഷൂട്ടിങ്ങിന് പോയി കാത്തിരുന്നു. പോത്ത് ഓടി വരുന്നതിനനുസരിച്ചായിരുന്നു ഷൂട്ടിങ്. മലയൻകുഞ്ഞിന്റെ കാസ്റ്റിങ് കോൾ വിളിച്ചപ്പോൾ ദർശന എന്ന ഫിലിം സൊസൈറ്റിയുടെ കപ്പിത്താൻ ഇ.ജെ. ജോസഫ് സാറാണ് എന്റെ ഫോട്ടോ അയച്ചത്. ആ കഥാപാത്രത്തിനു വേണ്ടത് കുറച്ച് കൂടി പ്രായമുള്ള സ്ത്രീയെ ആയിരുന്നു. നാല് പ്രാവശ്യം ഫോട്ടോ അയച്ചപ്പോൾ ഓഡിഷന് വിളിച്ചു. അങ്ങനെയാണ് ഈ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്തത്.

 

jaya-kurup-2

നാൽപതുകാരി അറുപതുകാരി ആയപ്പോൾ 

 

jaya-kurup

ആദ്യം ഞാൻ ഓഡിഷന് വരുമ്പോൾ അവർക്ക് ഈ അമ്മക്കഥാപാത്രം ഞാൻ ചെയ്താൽ പറ്റുമോ എന്ന സംശയമുണ്ടായിരുന്നു. നാൽപത് കഴിഞ്ഞ ഞാൻ അറുപതുകാരിയായിട്ടാണ് അഭിനയിച്ചത്. ചിലപ്പോൾ എനിക്ക് എന്റെ യഥാർഥ മാനറിസം വരും അപ്പോൾ ‘ചേച്ചീ, ഏജ് വിട്ടുപോയിട്ടുണ്ട് കേട്ടോ’ എന്ന് സജി സാർ ഓർമിപ്പിക്കും. അറുപത് വയസ്സുകാരിയുടെ ശരീരഭാഷയും എക്സ്പ്രഷനും സിനിമയിലുടനീളം നിലനിർത്തണമായിരുന്നു. സജി സാറിനെപ്പറ്റി പറഞ്ഞാൽ തീരില്ല, ഇത്രയും നല്ല മനുഷ്യൻ വേറെ ഇല്ല. ഓഡിഷന് ചെന്നപ്പോൾ നല്ല ടെൻഷൻ ആയിരുന്നു, പക്ഷേ സജി സാർ ചിരിച്ചു കണ്ടപ്പോൾ സമാധാനമായി. ‘എത്ര ടേക്ക് പോയാലും കുഴപ്പമില്ല, ചേച്ചി ധൈര്യമായി ചെയ്യൂ’ എന്നാണ് സജിസാർ പറഞ്ഞത്. ചിരിച്ച മുഖങ്ങൾ മാത്രമേ ഞാൻ സെറ്റിൽ കണ്ടിട്ടുള്ളു. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ നല്ല പെരുമാറ്റമായിരുന്നു സെറ്റിൽ എല്ലാവരും.  പുതിയ ഒരു ആർട്ടിസ്റ്റ് എന്ന രീതിയിലല്ല പെരുമാറിയത്.  എന്നെയും അവരിലൊരാളായി കണ്ടു. അതെന്നെ ഒരുപാട് കംഫർട്ടബിൾ ആകാൻ സഹായിച്ചു. എന്റെ പാർട്ട് ആദ്യത്തെ ഷെഡ്യൂളിൽത്തന്നെ കഴിഞ്ഞിരുന്നു. സെക്കൻഡ് ഷെഡ്യൂൾ ആയപ്പോഴേക്കും എന്റെ കഥാപാത്രം മരിച്ചിരുന്നു. സ്ക്രിപ്റ്റ് മുഴുവൻ ആദ്യം തന്നെ അയച്ചു തന്നു ഞാൻ വായിച്ചിരുന്നു.

 

jaya-fahadh-2

ഫഹദ് ഫാസിൽ എന്ന മകൻ 

 

ഫഹദ് ഫാസിൽ സർ എന്നെ ഒരുപാട് സഹായിച്ചു. ഞങ്ങൾ രണ്ടുപേരുമുള്ള സീനുകൾ ഒരുപാട് ഉണ്ടായിരുന്നല്ലോ. ഒരു തുടക്കക്കാരി ആയതുകൊണ്ട് നല്ല പരിഭ്രമം ഉണ്ടായിരുന്നു. അദ്ദേഹമാണെങ്കിൽ ലെജൻഡ് ആയ അസാധ്യ നടൻ. എന്നാൽ ഒരു വലിയ താരത്തിന്റെ താരജാഡകളോ തലക്കനമോ ഒന്നുമില്ല.  കൂടെ അഭിനയിക്കുന്നവർ ചെയ്തത് നന്നായിട്ടുണ്ട് എന്നു പറയുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും നല്ല സ്വഭാവമായി ഞാൻ കണ്ടത്. അഭിനയിക്കുന്ന സമയം മുഴുവൻ ഫഹദിനെ ഞാൻ എന്റെ മകനായിട്ടാണ് കണ്ടത്.  കാരണം ഇത്രയും വലിയൊരു നടനാണ് അടുത്ത് നിൽക്കുന്നതെന്ന് തോന്നിയാൽ ഒരുപക്ഷേ എനിക്ക് അഭിനയിക്കാൻ പറ്റി എന്നുവരില്ല.  മകനാണ് അടുത്ത് നിൽക്കുന്നത് എന്നുതന്നെ മനസ്സിൽ കരുതി മകനോട് പെരുമാറുന്നതുപോലെ പെരുമാറി. സംവിധായകൻ സജി സാറും മഹേഷ് സാറും ഒരുപാട് സഹായിച്ചു.    

 

jaya-kurup-5

മകന് അപകടം പറ്റിയതു കാണാനുള്ള ശേഷിയില്ല 

 

മലയൻ കുഞ്ഞ് റിലീസ് ആയപ്പോൾ തിയറ്ററിൽ പോയി സിനിമ കണ്ടു. ആദ്യ പടത്തിന്റെ ത്രില്ലിൽ ആണ് പടം കാണാൻ പോയതെങ്കിലും സിനിമ തുടങ്ങി കണ്ടു തീരുവോളം ഉയിര് കയ്യിൽ പിടിച്ചു ഇരിക്കുന്നപോലെ ആയിരുന്നു. എന്റെ മകൻ തന്നെയാണ് അപകടത്തിൽ പെട്ടത് എന്നാണ് തോന്നിയത്. അവൻ എത്രയും പെട്ടെന്ന് രക്ഷപ്പെടണേ എന്ന പ്രാർഥനയായിരുന്നു. എനിക്ക് സഹിക്കാൻ പറ്റിയില്ല. മകൻ കുഴിയിൽനിന്ന് കയറി വരുന്നത് കണ്ടപ്പോഴാണ് സമാധാനമായത്. സിനിമ കണ്ടുകഴിഞ്ഞു ഞാൻ ഫഹദ് സാറിന്റെ മാനേജരെ വിളിച്ച് അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിച്ചു.

 

പ്രതികരണങ്ങളിൽ സന്തോഷിക്കുന്നു 

 

സിനിമ കണ്ടു കഴിഞ്ഞ് ഒരുപാടുപേർ വിളിച്ച് അഭിപ്രായം പറയുന്നുണ്ട്. എന്നെ അധികം ആർക്കും അറിയില്ലല്ലോ. നമ്പർ തപ്പിയെടുത്ത് വിളിക്കുന്നു, ഇന്റർവ്യൂ എടുക്കുന്നു, നല്ല അഭിപ്രായം പറയുന്നു.  ആദ്യത്തെ ചിത്രത്തിൽത്തന്നെ ഇത്രമാത്രം പ്രതികരണങ്ങൾ കിട്ടുമ്പോൾ സന്തോഷമുണ്ട്. സിനിമ മേഖലയിൽനിന്ന് ഒരുപാട് പേര് വിളിക്കുന്നുണ്ട് പുതിയ അവസരങ്ങളും വരുന്നുണ്ട്.   

 

നാടകവും സിനിമയും 

 

നാടകം എന്റെ ജീവനാണ്. അതാണ് എന്നെ ഇത്രയും നാൾ പുലർത്തിയത്. സിനിമയും എനിക്ക് ഇഷ്ടമാണ്. രണ്ടിലും അഭിനയമാണല്ലോ. പക്ഷേ രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്. നാടകത്തിൽ കുറച്ചു കൂടുതൽ എക്സ്പ്രഷൻ കൊടുക്കണം, ഒരുപാട് ഉച്ചത്തിൽ ഡയലോഗ് പറയണം, പക്ഷേ അത് അഭിനയിച്ചു തീർന്നാൽ അവിടെ തീരുകയാണ്, ഒന്നുകൂടി മെച്ചപ്പെടുത്തണമെങ്കിൽ അടുത്ത സ്റ്റേജിൽ ചെയ്യാം. സിനിമ പക്ഷേ അങ്ങനെയല്ല. അവിടെ സ്വാഭാവിക അഭിനയമാണ്.  ആക്ഷൻ – കട്ടിനിടയിൽ ബുദ്ധി നന്നായി പ്രവർത്തിക്കണം. പിന്നീട് വർഷങ്ങളോളം എല്ലാവരും കാണുന്നതാണ്.  ഒരിക്കൽ മോശമായി ചെയ്താൽ പിന്നീട് തിരുത്താൻ കഴിയില്ല. ഒന്നും എളുപ്പമല്ല. രണ്ടിലും നന്നായി മനസ്സർപ്പിച്ച് ആത്മാർഥതയോടെ ചെയ്യണം.

 

പുതിയ ചിത്രങ്ങൾ 

 

ഭാവനാ സ്റ്റുഡിയോസിന്റെ പാൽത്തൂ ജാൻവർ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിൽ ജോണി ആന്റണി ചേട്ടന്റെ ഭാര്യയുടെ കഥാപാത്രമാണ്.  ഉള്ളൊഴുക്ക് എന്ന ചിത്രത്തിൽ ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്.  ഇപ്പോൾ ഒരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.  മലയൻ കുഞ്ഞിന്റെ ട്രെയിലർ കണ്ടിട്ടാണ് അവസരങ്ങൾ ലഭിച്ചത്.  

 

മലയൻ കുഞ്ഞിന് നന്ദി 

 

ഇത്രയും വലിയൊരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ച സജി സാർ, മഹേഷ് സാർ എന്നിവരെയാണ് ഈ അവസരത്തിൽ എനിക്ക് നന്ദിയോടെ ഓർക്കാനുള്ളത്. എന്റെ കുടുംബത്തിനു നന്ദി. അവരാണ് എന്റെ തണൽ, അവരാണ് എന്നിലെ കലാകാരിയെ താങ്ങി നിർത്തുന്ന നെടുംതൂൺ. ആർജെ ശാലിനി ആണ് എന്നെ ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യണം എന്ന് പറഞ്ഞത്. ഫഹദ് ഫാസിൽ, ഫാസിൽ സാർ എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. ‘അമ്മയായി അഭിനയിച്ചവർ സ്വാഭാവികമായി നന്നായി അഭിനയിച്ചു’ എന്ന് ഫാസിൽ സർ  ഒരു ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടു.  ഒരു അവാർഡ് കിട്ടിയതുപോലെ ആണ് അത് കേട്ടപ്പോൾ തോന്നിയത്. പൂജയ്ക്ക് വന്നപ്പോൾ ഫാസിൽ സാറിനെ കാണാൻ സാധിച്ചു, പൂജയ്ക്ക് എന്നെക്കൊണ്ട് ഒരു തിരി തെളിച്ചിരുന്നു. ഒരു തുടക്കക്കാരിക്ക് കിട്ടാനുള്ളതിൽ കൂടുതൽ  പരിഗണന എനിക്ക് ലഭിച്ചു. മലയൻ കുഞ്ഞിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com