ADVERTISEMENT

ഭീതിയുടെ പുത്തൻ കാഴ്ചകളുമായി പ്രേക്ഷകനെ വിസ്മയിപ്പിച്ച വിചിത്രം തിയറ്ററുകൾ കയ്യടക്കുകയാണ്. ജോയ് മൂവി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയിയും അച്ചു വിജയനും ചേർന്ന് നിർമിച്ച ചിത്രം എഡിറ്റിങ് രംഗത്ത് വർഷങ്ങളുടെ അനുഭവസമ്പത്തുള്ള അച്ചു വിജയന്റെ ആദ്യ സംവിധാന സംരംഭമാണ്.  മിസ്റ്ററിയും ഹൊററും ഏറെ പുതുമകളോടെ അവതരിപ്പിച്ച ചിത്രത്തിന്റെ കഥാപരിസരവും കാഴ്ചപ്പുറങ്ങളും ഒരു തുടക്കക്കാരന്റെ പതർച്ചയില്ലാതെ ചെയ്തു ഫലിപ്പിക്കാൻ അച്ചു വിജയൻ എന്ന പരിചയ സമ്പന്നനായ എഡിറ്റർക്കായി. സംവിധാന മോഹവുമായാണ് ഫിലിം എഡിറ്റിങ് എന്ന മേഖലയിലേക്ക് എത്തപ്പെട്ടതെന്ന് അച്ചു വിജയൻ പറയുന്നു. അനുഭവങ്ങളുടെ ആവർത്തനമമല്ല മറിച്ച് പ്രേക്ഷകന്റെ കാഴ്ചയ്ക്കപ്പുറമുള്ള സംഗതികളാണ് തീയറ്ററിൽ തരംഗം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടുള്ള സംവിധായകനാണ് അച്ചു. ആദ്യചിത്രമായ വിചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷവുമായി അച്ചു വിജയൻ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

 

എഡിറ്റിങ്, സിനിമയിലേക്കുള്ള ആദ്യ ചവിട്ടുപടി 

 

എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ലക്ഷ്യവുമായിട്ടാണ് ഫിലിം എഡിറ്റിങിലേക്ക് വന്നത്. പെട്ടെന്നൊന്നും വന്നു ഒരു സിനിമ ചെയ്യാൻ പറ്റില്ല അതിനു വർഷങ്ങളുടെ പരിചയം വേണം എന്നെനിക്ക് അറിയാമായിരുന്നു. എഡിറ്റിങ് ഞാൻ ആസ്വദിച്ചു ചെയ്യുന്ന ജോലിയാണ്. ഓരോ വർക്കും എന്നെത്തന്നെ മനസ്സിലാക്കാനും കൂടുതൽ മെച്ചപ്പെടുത്താനും ഉപകരിച്ചു. ഏറ്റവും പുതിയ സാങ്കേതികതൾ പരിചയപ്പെടാനും മനസ്സിലാക്കാനും എഡിറ്റിങ് ഒരുപാട് സഹായിച്ചു. ആ ഒരു മേഖലയിൽ നിന്ന് വന്നതുകൊണ്ട് സിനിമ ചെയ്തപ്പോൾ എനിക്ക് എന്ത് വേണം എന്നതിനെക്കുറിച്ച് പൂർണ ധാരണ ഉണ്ടായിരുന്നു. ഒരു സീൻ ചെയ്യുമ്പോൾ ഇങ്ങനെ കൂടി വേണ്ടേ എന്ന് ആരെങ്കിലും ചോദിച്ചാൽ വേണ്ട ഇത്രയും മതി എന്ന് പറയാനുള്ള ആത്മവിശ്വാസം തന്നത് എഡിറ്റിംഗ് ആണ്.    

 

ആദ്യ സിനിമ യാഥാർഥ്യമായില്ല, വിചിത്രം രണ്ടാമത്തെ ശ്രമം 

 

ഞാൻ എഡിറ്റിങ് ചെയ്യുന്നതിനോടൊപ്പം മൂന്നുനാലു വർഷമായി വേറൊരു പ്രൊഡക്‌ഷൻ ഹൗസിനു വേണ്ടി ഒരു പടം ചെയ്യാനുള്ള തയാറെടുപ്പിൽ ആയിരുന്നു. കുറച്ചധികം സമയം അതിനു വേണ്ടി കളഞ്ഞു. അതെല്ലാം ഒന്ന് ഓൺ ആയി വന്നപ്പോഴാണ് കോവിഡ് വന്നത്. വീണ്ടും രണ്ടുവർഷം പോയി. എറണാകുളം ടൗണിൽ അത്യാവശ്യം ക്രൗഡ് ഒക്കെ വച്ച് ചെയ്യേണ്ട സിനിമയാണ്. കോവിഡ് വന്നുകഴിഞ്ഞു ഒരു ആൾക്കൂട്ടത്തെ വച്ച് ഷൂട്ട്‌ ചെയ്യുക എന്ന് ആലോചിക്കാൻ പറ്റാത്ത ഒരു അവസ്ഥ വന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് അജിത് ജോയ് സർ ഒരു ചിത്രം ചെയ്യണമെന്ന് പറയുകയും വിചിത്രം എന്ന സിനിമ സിനിമ സംഭവിക്കുകയും ചെയ്തത്. ആദ്യ സിനിമയ്ക്കു വേണ്ടി ഓടിയ ഓട്ടമെല്ലാം വിചിത്രത്തിന് സഹായകമായി.   

 

സിനിമ റിയലിസ്റ്റിക് ആവുകയില്ല സിനിമാറ്റിക് ആവുകയാണ് വേണ്ടത് 

 

ഒരു സിനിമ ചെയ്യണം എന്ന് തീരുമാനമെടുക്കുമ്പോൾ എനിക്ക് എന്തെങ്കിലും പുതിയതായി ചെയ്യാൻ ആയിരുന്നു ആഗ്രഹം. നമ്മൾ നിത്യജീവിതത്തിൽ കാണുന്നതിനൊന്നും ഒരു പുതുമയുമില്ലാത്തതാണ്. ക്യാമറ തിരിച്ചും മറിച്ചും ആംഗിൾ മാറ്റിയും വേറെ ലൈറ്റിങ്ങിൽ ചെയ്താലൊന്നും പുതുമയാകില്ല. അതിനു പശ്ചാത്തലം മാറണം. അതിന് പീരിഡ് അല്ലെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങൾ കാണിക്കണം. അല്ലെങ്കിൽ മിസ്റ്ററി ഫാന്റസി ഒക്കെ ചെയ്യണം എന്നാലേ പ്രേക്ഷകർ തിയറ്ററിൽ വരൂ. നമ്മുടേതായ പുതിയ ഒരു സൃഷ്ടിയാണ് സിനിമയിലൂടെ ചെയ്യേണ്ടത്. സിനിമ റിയലിസ്റ്റിക് ആവുകയില്ല സിനിമാറ്റിക് ആവുകയാണ് വേണ്ടത് അതാണ് എന്റെ കാഴ്ചപ്പാട്. ഞാൻ ആദ്യം ആലോചിച്ച സിനിമ നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത പശ്ചാത്തലം പറയുന്നതാണ്.  ഇതുവരെ കണ്ട ഫ്രെയിമുകൾ ഒന്നും തന്നെ അതിൽ ഉണ്ടാകില്ല. പക്ഷേ ഒരു പുതുമുഖ സംവിധായകനു അത്രത്തോളം ഫണ്ട് ചെയ്യാൻ ആരും തയാറല്ലായിരുന്നു. അതിനൊരു ആദ്യ ചുവടുവയ്പ്പ് എന്ന രീതിയിൽ ആണ് മിസ്റ്ററിയും ത്രില്ലറും ഇടകലർത്തി വിചിത്രം ചെയ്തത്.

 

പുലിയെ പിടിക്കുന്നത് കാണണമെങ്കിൽ പുലിമുരുകൻ തന്നെ കാണണം 

 

പുലിയെ പിടിക്കുന്നത് നമ്മൾ കണ്ടിട്ടില്ല, അത് പുലിമുരുകൻ എന്ന സിനിമയിൽ വന്നപ്പോൾ അത് കാണാൻ ആളുണ്ടായി. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടിട്ടുള്ള സിനിമകൾ, മാസ്സ് ഓഡിയൻസിനെ ആകർഷിക്കുന്ന സിനിമകൾ ഒക്കെ പുതുമ പരീക്ഷിച്ചവയാണ്. ഇന്ത്യയിൽ കെജിഎഫ്, ബാഹുബലി അതുപോലെ ഇന്ത്യക്ക് വെളിയിൽ അവതാർ, ജുറാസിക് പാർക്ക് ഇതുപോലെയുള്ള പടങ്ങൾ കാണണമെങ്കിൽ  തിയറ്ററിൽ പോകണം. അങ്ങനെയുള്ള ഒരു പടം മലയാളത്തിൽ വന്നതാണ് പുലിമുരുകൻ. പുലിയെ പിടിക്കുന്നത് കാണണമെങ്കിൽ തിയറ്ററിൽ തന്നെ പോകണം. അങ്ങനെയുള്ള എലമെന്റ് സിനിമയിൽ വരണം അപ്പോഴാണ് സിനിമ സിനിമാറ്റിക് ആകുന്നതും സിനിമയ്ക്ക് ജീവിതത്തിന് മേലെയുള്ള ഒരു നിലനിൽപ്പ് ഉണ്ടാകുന്നതും.  

 

ഇത്തരമൊരു എക്സ്പീരിയൻസ് സിനിമയിൽ കൂടി നൽകണം എന്നാണ് എനിക്ക് ആഗ്രഹം. എന്റെ കയ്യിൽ അങ്ങനെയുള്ള ഒരുപാട് ഐഡിയകൾ ഉണ്ട്. പക്ഷേ ഒരു പുതിയ സംവിധായകനെ ഇത്തരം വലിയ ടാസ്കുകൾ വിശ്വസിച്ച് ഏൽപ്പിക്കാൻ നിർമാതാക്കൾ ചങ്കൂറ്റം കാണിക്കില്ല. ഒരു തിയറ്റർ എക്സ്പീരിയൻസ് വേണ്ട സിനിമയാണ് വിചിത്രം.  മുടക്കിയ പണത്തിന്റെ തൊണ്ണൂറു ശതമാനവും പ്രൊഡക്‌ഷന് വേണ്ടിയാണു ചെലവാക്കിയത്. ആർട്ടിസ്റ്റുകൾ എല്ലാം തന്നെ വളരെ കുറച്ച് പ്രതിഫലമേ വാങ്ങിയുള്ളൂ. ഈ സിനിമ നന്നാവാൻ വേണ്ടി വിചിത്രത്തിന്റെ മുഴുവൻ ടീമും സപ്പോർട്ട് ചെയ്തു.  അതിന്റെ ഒരു റിസൾട്ട് ആണ് തിയറ്ററിൽ കാണാൻ കഴിഞ്ഞത്.

 

വിചിത്രത്തിലെ ബിംബങ്ങൾ 

 

ഒരു മിസ്റ്ററി സിനിമയ്ക്ക് ആവശ്യമായ ഒരുപാട് നിഗൂഢ ബിംബങ്ങൾ വിചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അത് മുഴുവൻ തിരക്കഥാകൃത്ത് എഴുതിയത് തന്നെയാണ്. വെള്ള മുയൽ ആണ് തിരക്കഥയിൽ ഉണ്ടായിരുന്നത്,  ഒരു നിഗൂഢതയ്ക്ക് വേണ്ടിയാണു നീല മുയൽ ആക്കിയത് അങ്ങനെയുള്ള ചില കാര്യങ്ങൾ മാത്രമേ ഞാൻ മാറ്റിയിട്ടുള്ളൂ. സ്ക്രിപ്റ്റിൽ ഉള്ള കാര്യങ്ങൾ എല്ലാം വളരെ റെലവെന്റ്റ് ആയിരുന്നു. നായിക മാർത്ത ഒരു ആർടിസ്റ്റാണ് അവൾ വീട്ടിൽ തന്നെ അടച്ചിരിക്കുമ്പോൾ എങ്ങനെയായിരിക്കും സമയം ചെലവാക്കിയിട്ടുണ്ടാവുക എന്നതാണ് അവിടെ പെയിന്റിങും പ്രതിമകളും കൊണ്ട് ഉദേശിച്ചത്.  അതുപോലെ അലക്‌സാണ്ടർ എന്ന കഥാപാത്രം ജർമനിയിൽ നിന്ന് വന്നതാണ്.  അയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം പോയി. ആ ഷോക്കിലാണ് അയാൾ മകളെയും കൊണ്ട് നാട്ടിൽ വരുന്നത്. മകളോട് അയാൾ എങ്ങനെയാണു പെരുമാറുക എന്നത് അയാളുടെ പ്രവർത്തിയിൽ നിന്ന് മനസിലാക്കാം. മകളെ കൂട്ടിലടച്ച് വളർത്തുകയാണ് അയാൾ. മകളെ വിശ്വസിച്ച് ഊട്ടിയിൽ അയച്ചു പഠിപ്പിച്ചത് തന്നെ പിന്നീട് തെറ്റായിപോയി എന്ന് മനസ്സിലാകുന്നു. ഒരു ആൺകുട്ടിയെ സ്നേഹിക്കുന്നതുപോലും അയാൾക്ക് സഹിക്കില്ല അപ്പോഴാണ് അവൾ ഒരു പെൺകുട്ടിയെ വീട്ടിൽ കൊണ്ട് വരുന്നത്. ഈ കഥ പറഞ്ഞു വയ്ക്കാൻ നിഗൂഢമായ ഒരുപാട് പ്രോപർട്ടികൾ ഉപയോഗിച്ചു, നീല മുയൽ, ബോൺസായ് വൃക്ഷം, കൂട്ടിലകപ്പെട്ട ശലഭം, പകുതിയാക്കിയ പെയിന്റിങ്ങുകൾ, പ്രതിമകൾ അങ്ങനെ ഒരുപാട് ബിംബങ്ങൾ ചിത്രത്തിലുണ്ട്.       

 

ജോളി വിചിത്രത്തിലെ അമ്മയായത് 

 

വിചിത്രത്തിലെ അഞ്ചു മക്കളുടെ അമ്മയായി ആദ്യം തീരുമാനിച്ചത് മലയാളത്തിൽ അറിയപ്പെടുന്ന മറ്റൊരു  നടിയെ ആയിരുന്നു. അവരെ വച്ച് ഏഴ് ദിവസം ഷൂട്ടും ചെയ്തിരുന്നു.  ഞാൻ ഒരു പുതുമുഖ സംവിധായകൻ ആണല്ലോ. അവരോട് ഒരു സീൻ പറഞ്ഞുകൊടുക്കുന്ന രീതി ഒരുപക്ഷേ എക്സ്പീരിയൻസ് ആയ ഒരാൾ പറഞ്ഞുകൊടുക്കുന്നത് പോലെ ആയിരിക്കില്ല.  എന്റെ സിനിമയെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയുണ്ട്, അത് മുഴുവൻ താരങ്ങളോട് പറഞ്ഞു മനസിലാക്കേണ്ടത് എന്റെ കടമയാണല്ലോ. പറഞ്ഞു കൊടുക്കുമ്പോൾ സഹകരിക്കാൻ മനസ്സില്ലാതെ ആ താരം പലപ്പോഴും എന്നോട് പറഞ്ഞത് ‘‘നിങ്ങൾ പറയുന്നതുപോലെ ഒന്നും എനിക്ക് ചെയ്യാൻ പറ്റില്ല ഞാൻ വാങ്ങിയ അഡ്വാൻസ് തിരികെ തരാം നിങ്ങൾ വേറെ ആളെ നോക്കിക്കൊള്ളൂ’’ എന്നാണ്. ഞാൻ പിന്നെയും ക്ഷമിച്ച് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു, പക്ഷേ ദിവസം കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു. അവർ അഡ്വാൻസ് തിരിച്ചു തന്നിട്ട് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ടേയിരുന്നു.  

 

ഒടുവിൽ എന്റെ സിനിമയുടെ നന്മയ്ക്ക് വേണ്ടി എന്നാൽ നിങ്ങൾ പൊയ്ക്കൊള്ളൂ ഞാൻ വേറെ ആളെ നോക്കാം എന്ന് പറഞ്ഞു. ഇതെല്ലാം എല്ലാവരുടെയും മുന്നിൽ വച്ചാണ് നടന്നത്. പിന്നെയാണ് ജോളി ചേച്ചി വരുന്നത്. ചേച്ചിയോടൊപ്പം വർക്ക് ചെയ്യാൻ വളരെ എളുപ്പമായിരുന്നു പറയുന്നത് ഒരു മടിയുമില്ലാതെ ചേച്ചി ചെയ്തു. ആ അമ്മയുടെ റോൾ ചേച്ചി മനോഹരമാക്കി.  ആ കഥാപാത്രം പാളിയാൽ സിനിമ തന്നെ കുളമാകും എന്ന സ്ഥിതിയായിരുന്നു. അമ്മ കഥാപാത്രവുമായി സമീപിച്ചപ്പോൾ പലർക്കും  താല്പര്യമില്ലായിരുന്നു ചിലർക്ക് സമയമില്ലായിരുന്നു. പക്ഷേ ജോളി ചേച്ചിയെ കാസ്റ്റ് ചെയ്തത് പടത്തിനു ഗുണം ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്.

 

ബാലു വർഗീസ് പറഞ്ഞു, ‘ഇത് നമ്മൾ പൊളിക്കും’

 

ഷൈൻ ടോം ചാക്കോ ആണ് ഈ സ്ക്രിപ്റ്റ് ആദ്യം കേൾക്കുന്നത്.  വൺ ലൈൻ പറഞ്ഞപ്പോൾ തന്നെ ഇത് കൊള്ളാം ഇത് ഡെവലപ് ചെയ്യൂ എന്നാണ് അദ്ദേഹം പറഞ്ഞത്.  മാർത്ത എന്ന കഥാപാത്രത്തെക്കുറിച്ച് ചിന്തിച്ചപ്പോൾ തന്നെ കനി കുസൃതി ആയിരുന്നു മനസ്സിൽ വന്നത്.  തിരക്കഥാകൃത്ത് ഗോവയിൽ പോയി കനിയെ കണ്ടു സംസാരിച്ചു കൊണ്ടുവന്നതാണ്.  ഞാൻ വിശ്വസിച്ചേൽപ്പിച്ച കഥാപാത്രം കനി വളരെ ഭംഗിയായി ചെയ്തു.  ബാലു വർഗീസ് ഏറെ വർഷങ്ങളായി ഉള്ള സുഹൃത്താണ്.  ഞങ്ങൾ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. കഥ കേട്ടപ്പോൾ തന്നെ എടാ ഇത് നമ്മൾ പൊളിക്കും എന്ന് പറഞ്ഞു.  ബാലുവിന്റെ സീക്വൻസ് തിയറ്ററിൽ ചിരി പടർത്തി എന്നാണ് എല്ലാവരും പറയുന്നത്.  പുതിയ താരങ്ങളുൾപ്പെടെ കാസ്റ്റ് ചെയ്ത എല്ലാവരും തന്നെ വളരെ നന്നായി സഹകരിക്കുകയും വൃത്തിയായി ചെയ്യുകയും ചെയ്തു.   

 

ജോയ് മൂവി പ്രൊഡക്ഷന്റെ പാർട്ണർ 

 

എനിക്ക് അജിത് ജോയ് സാറിനെ ഏഴെട്ടു വർഷമായി അറിയാം.  അദ്ദേഹത്തിന്റെ പരസ്യ വർക്കുകൾ ഞാൻ ചെയ്തിട്ടുണ്ട്. കോവിഡ് വന്നു പണി ഒന്നും ഇല്ലാതെ ഇരിക്കുന്ന സമയത്താണ് അദ്ദേഹം വിളിച്ചിട്ട് തന്റെ പടം എന്തായി എന്ന് ചോദിച്ചത്.  അപ്പോൾ ഞാൻ പറഞ്ഞു പടം ചെയ്യാൻ കഴിഞ്ഞില്ല സാർ സ്റ്റക്ക് ആയി ഇരിക്കുകയാണ്.  അദ്ദേഹം പറഞ്ഞത് നമുക്കൊരു പടം ചെയ്യണമല്ലോ അച്ചു  സ്ക്രിപ്റ്റ് ഒക്കെ റെഡി ആക്കിക്കോളു എന്നാണ്.  അങ്ങനെയാണ് വിചിത്രം ഓൺ ആകുന്നത്.  ഒരു പ്രൊഡക്‌ഷൻ ഹൗസ് വേണം ഒരു പേര് അച്ചു തന്നെ ഇട്ടോളൂ എന്നുപറഞ്ഞു അദ്ദേഹം.  ജോയ് അദ്ദേഹത്തിന്റെ അച്ഛന്റെ പേരാണ് അങ്ങനെയാണ് ജോയ് മൂവി പ്രൊഡക്‌ഷൻ എന്ന പേരിൽ പ്രൊഡക്‌ഷൻ ഹൗസ് ഉണ്ടാകുന്നത്.  അതിൽ അദ്ദേഹം എന്നെയും പാർട്ണർ ആക്കി.  അങ്ങനെ ഒരാൾ ദൈവത്തെപ്പോലെ വരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.  അദ്ദേഹം മുന്നോട്ടു വന്നതുകൊണ്ടാണ് സംവിധായകനാകണം എന്ന എന്റെ മോഹം സഫലമായത്.  വിചിത്രത്തിൽ തുടങ്ങി ഇപ്പോൾ നാല് സിനിമകൾ ജോയ് മൂവി പ്രൊഡക്‌ഷൻസ് ചെയ്തു. പടം ഇറങ്ങുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു.  എന്നെ വിശ്വസിച്ച് പണം മുടക്കിയ ആൾക്ക് അത് തിരിച്ചു പിടിച്ചു കൊടുക്കണമല്ലോ. പക്ഷേ നല്ല പ്രോഡക്റ്റ് കൊടുത്താൽ അതിനു കാഴ്ചക്കാരുണ്ടാകും എന്നൊരു വിശ്വാസമാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.  നല്ല തിയറ്റർ റെസ്പോൺസ് ആണ് ഇപ്പോൾ കിട്ടുന്നത്.  തിയറ്റർ എക്സ്പീരിയൻസ് വേണ്ട ചിത്രമാണ് എന്നുതന്നെയാണ് എല്ലാവരും പറയുന്നത്.  ഞാൻ പ്രതീക്ഷിച്ച റിസൾട്ട് ചിത്രത്തിന് കിട്ടുമ്പോൾ സന്തോഷമുണ്ട്.  

 

പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കാൻ പ്രേരിപ്പിക്കുന്ന സിനിമകൾ ചെയ്യണം 

   

നല്ല സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ലാർജർ ദാൻ ലൈഫ് ആയ കാര്യങ്ങൾ ചെയ്തു കാണിക്കണം എന്നൊക്കെ ആഗ്രഹമുണ്ട്.  ഏതു പശ്ചാത്തലവും എവിടെ വേണമെങ്കിലും ഷൂട്ട് ചെയ്യാം എന്ന തരത്തിൽ പ്രൊഡക്‌ഷൻ മാറണം.  പ്രേക്ഷകർ ഇതുവരെ എക്സ്പീരിയൻസ് ചെയ്യാത്ത കാര്യങ്ങൾ മലയാള സിനിമയിൽ ചെയ്തു കാണിക്കണം. വീട്ടിലിരുന്നു കാണാൻ മാത്രമുള്ള കാര്യങ്ങൾ തിയറ്ററിൽ പോയി കാണാൻ ആളുകൾ താല്പര്യപ്പെടില്ലല്ലോ അതിനു ഒടിടി മതി അപ്പോൾ നമ്മൾ തിയറ്റർ എക്സ്പീരിയൻസ് വേണ്ട ചിത്രങ്ങൾ ചെയ്യണം. ഒരുപാട് കഥകളും ഐഡിയയും മനസ്സിലുണ്ട്. എല്ലാത്തിനും പ്രേക്ഷകരുടെ പിന്തുണ ആണ് ആവശ്യം.  വിചിത്രം കാണാത്തവരെല്ലാം തിയറ്ററിൽ പോയി കണ്ട് നല്ലതായാലും ചീത്തയായാലും അഭിപ്രായം പറയണം.  ഇനിയും പുതിയ കഥകളുമായി വരാൻ എല്ലാവരുടെയും പിന്തുണ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com