മമ്മൂട്ടിയെ ചാടി അടിക്കുന്ന പെൺകുട്ടി; യുപിക്കാരിയല്ല, തൃശൂർക്കാരി; അഭിമുഖം
Mail This Article
കണ്ണൂർ സ്‌ക്വാഡിലെ സംഘട്ടനരംഗത്തിൽ ചാടിയുയർന്നു മമ്മൂട്ടിയെ ഇടിക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ പ്രേക്ഷകർ ആദ്യം കരുതിയത് ഉത്തരേന്ത്യയിൽ നിന്നുള്ള സ്റ്റണ്ട് ആർടിസ്റ്റെന്നാണ്. പക്ഷേ, ആദ്യ ഷോയ്ക്കു ശേഷം തിയറ്ററിനു പുറത്തെത്തിയ മാധ്യമങ്ങളോട് ആ പെൺകുട്ടി തനി മലയാളം പറയുന്നത് കേട്ടപ്പോൾ പ്രേക്ഷകർ അമ്പരന്നു. ചെറിയൊരു ഷോട്ടിൽ വന്നു തീ പാറിച്ചു കയ്യടി നേടിയത് തൃശൂർ അരണാട്ടുകര സ്വദേശി കാതറിൻ മരിയ ആണ്. അഭിനയത്തോടൊപ്പം മാർഷ്യൽ ആർട്സും നൃത്തവും പാഷനായ കാതറിൻ മരിയയുടെ ആദ്യ ചിത്രമല്ല കണ്ണൂർ സ്‌ക്വാഡ്. ഈയടുത്ത് ഇറങ്ങിയ ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ ൽ അമുദ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും കണ്ണൂർ സ്ക്വാഡിലെ ചെറിയ വേഷമാണ് കാതറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ചെറിയൊരു ഷോട്ടിൽ വന്നു തീ പാറിച്ചു കയ്യടി നേടിയ കാതറിൻ മരിയ സിനിമാവിശേഷങ്ങളുമായി മനോരമ ഓൺലൈനിൽ.
ഓഡിഷൻ വഴി കണ്ണൂർ സ്ക്വാഡിലേക്ക്
സ്കൂളിൽ പഠിക്കുമ്പോഴേ മാർഷൽ ആർട്സിനോടു താൽപര്യമുണ്ടായിരുന്നു. യുപി ക്ലാസിൽ പഠിക്കുമ്പോഴാണ് ജൂഡോ പരിശീലനം ആരംഭിച്ചത്. ബിടെക് രണ്ടാം വർഷം വരെ സജീവമായി മാർഷ്യൽ ആർട്സ് ചെയ്തിരുന്നു. ജൂഡോയിൽ സംസ്ഥാനതലത്തിൽ വെള്ളി മെഡൽ നേടിയിട്ടുണ്ട്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിൽ പരിശീലനം നേടിയിട്ടുള്ള കബഡി താരം കൂടിയാണ്. ഇത്രയും കാര്യങ്ങൾ കണ്ണൂർ സ്ക്വാഡിന്റെ ഓഡിഷനു വിളിച്ചപ്പോൾ അയച്ച പ്രൊഫൈലിൽ ഉൾപ്പെടുത്തിയിരുന്നു. കണ്ണൂർ സ്ക്വാഡിന്റെ പ്രൊഡക്‌ഷനിൽ നിന്നു വിളിക്കുമ്പോൾ ഞാൻ ബെംഗളൂരുവിലാണ്. കോഗ്നിസെന്റിൽ നെറ്റ്‍വർക്ക് എൻജിനീയറാണ് ഞാൻ. വർക്ക് ഫ്രം ഹോം ആണെങ്കിലും ബെംഗളൂരുവിലാണ് താമസം.
ലുക്കല്ല, റോൾ ആണ് പ്രധാനം
മമ്മൂട്ടി കമ്പനിയിൽനിന്നു വിളി വന്നപ്പോൾ പിന്നൊന്നും ചിന്തിച്ചില്ല, അന്നു രാത്രി തന്നെ നാട്ടിലേക്കു തിരിച്ചു. കൊച്ചി ഫാക്ടിൽ ആയിരുന്നു ഷൂട്ട്. അവിടെയായിരുന്നു തിക്രി വില്ലേജിന്റെ ചില സംഘട്ടന രംഗങ്ങൾ സെറ്റിട്ട് ചിത്രീകരിച്ചത്. സ്റ്റൈൽ മേക്കപ്പ് ചെയ്തപ്പോൾ പല തവണ സംവിധായകൻ ചോദിച്ചു, കംഫർട്ടബിൾ ആണോ എന്ന്. കാരണം, എന്റെ യഥാർഥ ലുക്കിൽനിന്നു നല്ല വ്യത്യാസമുണ്ട് സിനിമയിലെ ലുക്കിന്. ഞാൻ അപ്പുറവും ഇപ്പുറവും ചിന്തിക്കാതെ ഉടനെ ഓകെ പറഞ്ഞു. ഇത്രയും നല്ല പ്രോജക്ട്, അതും മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയിൽ, മമ്മൂക്കയ്ക്കൊപ്പം! എനിക്കു വേറൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
റോപ്പില്ലാത്ത റിയൽ ജംപ്
സെറ്റിൽ എത്തിയതിനു ശേഷം ഒരു സ്പോട്ട് ഓഡിഷൻ നടന്നു. മമ്മൂക്കയെ ചാടി അടിക്കുന്ന രംഗം സിനിമയിലുണ്ട്. അത് ആരു ചെയ്യണമെന്ന ചോദ്യം വന്നപ്പോഴാണ് സ്പോട്ട് ഓഡിഷനിലേക്കു പോയത്. സ്റ്റണ്ട് മാസ്റ്റേഴ്സിനൊപ്പം രണ്ടു ഫൈറ്റേഴ്സ് വന്നിരുന്നു. ഇവരെക്കൂടാതെ മാർഷ്യൽ ആർട്സ് അഭ്യസിച്ചിട്ടുള്ള ചിലരും അവിടെയുണ്ടായിരുന്നു. ഇവരിൽ നിന്ന് ആരെ ആ സീൻ ഏൽപ്പിക്കും എന്നതായിരുന്നു ആശയക്കുഴപ്പം. റോപ്പും ക്രെയിനും ഇല്ലാതെ സിനിമയിൽ കാണുന്ന ആ ജംപ് ചെയ്യണം. അതാണ് ടാസ്ക്. എല്ലാവരും ശ്രമിച്ചു. ഞാൻ നല്ല ഉയരത്തിൽ ജംപ് ചെയ്തത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ആ സീൻ എന്നെക്കൊണ്ടു ചെയ്യിപ്പിച്ചത്. മമ്മൂക്കയുമായി ഫെയ്സ് ടു ഫെയ്സ് നോക്കിയാണ് ആ സീൻ ചെയ്യുന്നത്. അത്രയും അഗ്രസീവ് ആയ സീൻ അദ്ദേഹത്തിനൊപ്പം ചെയ്യുന്നതിന്റെ ചെറിയൊരു ടെൻഷൻ ഉണ്ടായിരുന്നുവെന്നത് സത്യമാണ്. പക്ഷേ, എനിക്ക് എന്റെ കഴിവു തെളിയിക്കാൻ കിട്ടിയ അവസരമാണല്ലോ. വേറൊന്നും ആലോചിച്ചില്ല. അതിൽ ബെസ്റ്റ് കൊടുക്കാൻ ഞാൻ ശ്രമിച്ചു. അതു വിജയിച്ചു.
മമ്മൂക്കയ്ക്ക് സർപ്രൈസായി
മമ്മൂക്ക എന്നോട് ഇംഗ്ലിഷിലാണ് ആദ്യം സംസാരിച്ചത്. ചെന്നൈയിൽനിന്നു വന്ന ഫൈറ്റ് ആർടിസ്റ്റാണെന്നാണ് അദ്ദേഹം കരുതിയത്. അപ്പോൾ ഞാൻ പറഞ്ഞു, സർ, ഞാൻ മലയാളിയാണ്, തൃശൂർകാരിയാണ് എന്ന്. വലിയ സർപ്രൈസ് ആയിരുന്നു മമ്മൂക്കയ്ക്ക്. ഇത്രയും അടുത്തുണ്ടായിരുന്ന കക്ഷിയാണോ എന്നൊക്കെ ചോദിച്ചു. സീൻ ചെയ്തുകൊണ്ടിരുന്നപ്പോഴും അദ്ദേഹം ഞാൻ ഓകെ അല്ലേ.. കംഫർട്ടബിൾ അല്ലേ എന്നെല്ലാം ചോദിച്ചു കൂടെയുണ്ടായിരുന്നു. ജംപ് സീൻ കഴിഞ്ഞതും മമ്മൂക്ക വന്ന് എനിക്ക് കൈ തന്നു. നന്നായി ചെയ്തെന്നു പറഞ്ഞു. ആക്ടിങ് പഠിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ആക്ടിങ് സ്കൂളിൽ പോയി പഠിച്ചിട്ടില്ലെങ്കിലും അഭിനയം പാഷനാണെന്നു ഞാൻ പറഞ്ഞു. അഭിമാനകരമായ ഒരു നിമിഷമായിരുന്നു അത്.
ഷൂട്ടിന് ഇടയിലെ പരുക്ക്
ഒരു ചേട്ടന്റെ പുറത്തു ചവിട്ടിയാണ് ഞാൻ ആ ജംപ് ചെയ്യുന്നത്. രണ്ടാമത്തെ ടേക്കിൽ ഷോട്ട് ഓകെ ആയി. അതു കഴിഞ്ഞതും എന്റെ കാൽ മടങ്ങി. റോപ് ഇല്ലാതെ, അത്രയും ഉയരത്തിൽനിന്നു ചാടിയതല്ലേ. സേഫ് ലാൻഡിങ്ങിൽ ആയിരുന്നില്ല ഫോക്കസ്. ആ സീനിലെ എന്റെ റിയാക്‌ഷൻ കൃത്യമായി കിട്ടണം എന്നു മാത്രമായിരുന്നു മനസ്സിൽ. അങ്ങനെ ലാൻഡ് ചെയ്തപ്പോൾ കാൽ മടങ്ങി. ഉടനെ എന്നെ ആശുപത്രിയിലേക്കു കൊണ്ടു പോയി. വലിയ പ്രശ്നമൊന്നും സംഭവിച്ചില്ല. ബാൻഡേജ് ചുറ്റിയാണ് പിന്നെ കുറച്ചു നാൾ നടന്നത്. ആ സമയത്ത് സെറ്റിലെ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്തു. ഞാനെടുത്ത റിസ്കിനെ വലിയ സ്നേഹത്തോടും ആദരവോടും കൂടിയാണ് എല്ലാവരും കണ്ടത്. അങ്ങനെ എല്ലാവരുമായി നല്ല കമ്പനിയായി.
ഭാഗ്യം, എഡിറ്റിൽ പോയില്ല
മമ്മൂക്കയുടെ ഓപ്പോസിറ്റ് വന്നതുകൊണ്ട്, ചെറുതാണെങ്കിലും കണ്ണൂർ സ്ക്വാഡിലെ വേഷമാണ് ക്ലിക്ക് ആയത്. എഡിറ്റിലൊന്നും ആ ഷോട്ട് പോയില്ല. അതു വലിയ ഭാഗ്യമാണ്. കണ്ണൂർ സ്ക്വാഡിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ടെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. അതിനൊപ്പം ഒരു കാര്യം കൂടി പ്രത്യേകം ഓർമിപ്പിച്ചു. മമ്മൂക്കയ്ക്ക് എതിരെ ജംപ് ചെയ്തടിക്കുന്ന സീൻ എഡിറ്റിൽ പോയില്ലെങ്കിൽ തിയറ്ററിൽ കാണാമെന്ന്! എന്തായാലും ആ സീൻ പോയില്ല. ഇനിയിപ്പോൾ ആ സീൻ പോയിരുന്നുവെങ്കിലും എനിക്കെന്റെ ബിഗ് മൊമന്റ് കിട്ടിയല്ലോ എന്നൊരു സന്തോഷമുണ്ട്. കാരണം, ആ സീൻ ചെയ്തത് മമ്മൂക്കയുടെ കൂടെ ആയിരുന്നല്ലോ. അതിനി സിനിമയിൽ വന്നാലും ഇല്ലെങ്കിലും സാരമില്ല. മമ്മൂക്കയെ കണ്ടു. ഒരുമിച്ചു അഭിനയിച്ചു. അതു തന്നെ വലിയ കാര്യമാണ്.
എന്നാലും മമ്മൂക്കയെ അടിച്ചില്ലേ!
സിനിമ ഇറങ്ങിയതിനു ശേഷം എന്നെ അറിയുന്നവരും അറിയാത്തവരുമായ ഒത്തിരി പേർ വിളിച്ച് അഭിനന്ദിച്ചു. ഇതെല്ലാം എന്റെ ആദ്യ അനുഭവമാണ്. എന്നെക്കുറിച്ചു വരുന്ന കമന്റുകളെല്ലാം ഞാൻ കുത്തിയിരുന്നു വായിക്കും. ചിലരുടെ കമന്റുകൾ രസകരമായിരുന്നു. 'എന്നാലും നിങ്ങൾ ഞങ്ങളുടെ മമ്മൂക്കയെ അടിച്ചില്ലേ', എന്നൊക്കെയുള്ള പ്രതികരണങ്ങൾ വായിക്കുമ്പോൾ ചിരി വരും. ചിലർ പറഞ്ഞത്, എനിക്കൊന്നു പൊട്ടിക്കാൻ തോന്നി, എന്നാണ്. ഒറ്റ ജംപിലൂടെ അല്ലെങ്കിൽ ഒറ്റ റിയാക്‌ഷനിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ പറ്റിയെന്നു പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.
ജലധാരയിലെ അമുദ
ജലധാര പമ്പ്‍സെറ്റിൽ ഒരു നാടൻ പെൺകുട്ടിയുടെ വേഷമാണ് ചെയ്തത്. സനൂഷയുടെ കഥാപാത്രം തമിഴ്നാട്ടിൽ അന്വേഷിച്ചു പോകുന്ന സുഹൃത്തിന്റെ വേഷമായിരുന്നു. അമുദ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. അതായിരുന്നു എന്റെ ആദ്യ ബിഗ് സ്ക്രീൻ വേഷം. അതും ഓഡിഷൻ വഴി വന്ന കഥാപാത്രമാണ്. സാധാരണ ഇങ്ങനെ ഓഡിഷനു പോകാറുണ്ട്. ചിലതു വിളിക്കും. ചിലതു വിളിക്കില്ല. നല്ല വേഷം കിട്ടാൻ ഇങ്ങനെ പല കാത്തിരിപ്പുകൾ ഉണ്ടായിട്ടുണ്ട്. ജലധാര പമ്പ്‍സെറ്റിലേക്ക് അവസാന നിമിഷമാണ് എനിക്ക് വിളിയെത്തിയത്. ഞാനപ്പോൾ തൃശൂരുണ്ടായിരുന്നു. മീനാക്ഷിപുരത്തായിരുന്നു ഷൂട്ട്. ഞാൻ നേരെ വണ്ടിയെടുത്ത് മീനാക്ഷിപുരത്തേക്കു പോയി. ആ സിനിമയിൽ ഡയലോഗ് ഒക്കെ ഉണ്ടെങ്കിലും കണ്ണൂർ സ്ക്വാഡിലെ വേഷമാണ് എനിക്ക് അഭിനന്ദനങ്ങൾ നേടി തന്നത്.
അടുത്തത് സൂപ്പർ സിന്ദഗി
കോവിഡ് സമയം മുതൽ ജോലി വർക്ക് ഫ്രം ഹോം ആയി. അതുകൊണ്ടാണ് ജോലിയും ഷൂട്ടും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നത്. സെറ്റിൽ ലാപ്ടോപ്പും കൊണ്ടാണ് പോവുക. ഷൂട്ട് കഴിയുമ്പോൾ അവിടെത്തന്നെ ഇരുന്ന് വർക്ക് ചെയ്യും. അഭിനയത്തോടാണ് എന്റെ പാഷൻ. ഞാനൊരു ഡാൻസറാണ്. ചെറുപ്പം മുതലെ ക്ലാസിക്കൽ ഡാൻസിൽ പരിശീലനം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഹിപ് ഹോപ് ശൈലിയും പഠിച്ചെടുത്തു. ഡാൻസ്, മാർഷൽ ആർട്സ് എന്നിവയൊക്കെ ഞാൻ കാണുന്നത് ഓരോ സ്കിൽ ആയിട്ടാണ്. ഇതെല്ലാം അഭിനയത്തിൽ ഉപകരിക്കും. ധ്യാൻ ശ്രീനിവാസൻ അഭിനയിക്കുന്ന സൂപ്പർ സിന്ദഗി എന്ന ചിത്രത്തിൽ നല്ലൊരു കഥാപാത്രം ചെയ്തിട്ടുണ്ട്. നായികയല്ല. പക്ഷേ, പ്രധാനപ്പെട്ട കഥാപാത്രമാണ്. തിയറ്ററിൽ വരുമ്പോൾ കാണാം എന്നു മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.