ADVERTISEMENT

ഒരു കേസ് അന്വേഷണത്തിന്റെ പിരിമുറുക്കം അടിമുടി നിറയുന്ന കണ്ണൂർ സ്ക്വാഡിൽ ആകെ ഒരു രംഗത്തു മാത്രമെ തിയറ്ററിൽ ചിരി പടരുന്നുള്ളൂ. ആ ചിരിയുടെ ക്രെഡിറ്റ് സജിൻ ചെറുകയിലിനുള്ളതാണ്. മമ്മൂട്ടിക്കൊപ്പമുള്ള ആ ഒറ്റ സീനിലാണ് 'വിളച്ചിലെടുക്കല്ലേ' എന്ന വൈറൽ ഡയലോഗ് സംഭവിച്ചതും തിയറ്ററിൽ കൂട്ടച്ചിരി ഉയർന്നതും. സിനിമാമോഹങ്ങളെ കുറിച്ചു ചോദിച്ചാൽ, സജിൻ പറയും, "ഒരുപാടൊന്നും വേണ്ട, ഇതുപോലെ ഒറ്റ സീൻ മതി", എന്ന്! 

 

ഒരു നടൻ ആകണമെന്ന ആഗ്രഹം മനസിൽ തോന്നിയപ്പോൾ 'ഇതൊക്കെ നടക്കുമോ' എന്ന് സ്വയം ചോദിച്ചു നോക്കിയിട്ടുണ്ട് സജിൻ. പക്ഷേ, ആ ആഗ്രഹത്തെ ഉള്ളാലെ താലോലിച്ചു കൊണ്ടു നടന്ന ആ ചെറുപ്പക്കാരന്റെ ചിന്തകളിലും വർത്തമാനങ്ങളിലും സിനിമയായിരുന്നു. ആകാശത്തിനു താഴെ ഏതെങ്കിലും വിഷയത്തെക്കുറിച്ചെങ്കിലും ആത്മവിശ്വാസത്തോടെ സംസാരിക്കാൻ സാധിക്കുമെങ്കിൽ അതു സിനിമ മാത്രമായിരുന്നു. അങ്ങനെ സിനിമ മാത്രം ആഗ്രഹിച്ചു മോഹിച്ചു സ്വപ്നം കണ്ടു നടന്നിരുന്ന ആ അന്തിക്കാട്ടുകാരൻ ഒടുവിൽ സിനിമയിലെത്തി. തണ്ണീർമത്തനിലെ ബെൻസീന്റെ ഫോർമുല ചോദിക്കുന്ന സതീഷ് മാഷായും ഭാര്യയുടെ വീട്ടുകാരോടു അതിരറ്റ കൂറു പുലർത്തുന്ന അഭിലാഷ് അളിയനായും തിങ്കളാഴ്ച നിശ്ചയത്തിലെ മുറചെറുക്കൻ ശ്രീകുമാർ ആയും പദ്മിനിയിൽ രാരീരം മാട്രസ് മുതലാളിയായ ജയേട്ടനായും പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും സ്വന്തം സ്വപ്നത്തിനൊപ്പം യാത്ര ചെയ്യുകയാണ് സജിൻ ചെറുകയിൽ. ചെറുതാണെങ്കിലും കണ്ണൂർ സ്ക്വാഡിലുമുണ്ട് സ്വതസിദ്ധമായ നർമം വിതറിയുള്ള സജിന്റെ സാന്നിധ്യം. സിനിമാ വിശേഷങ്ങളുമായി സജിൻ ചെറുകയിൽ മനോരമ ഓൺലൈനിൽ.  

 

കണ്ണൂർ സ്ക്വാഡിലെ മമ്മൂട്ടി മൊമന്റ്

sajin-cherukayil-2

 

മമ്മൂക്കയ്ക്കൊപ്പം കണ്ണൂർ സ്ക്വാഡിൽ അഭിനയിച്ചത് വലിയ സന്തോഷം നൽകിയ അനുഭവമായിരുന്നു. ഒറ്റ സീൻ ആണ് മമ്മൂക്കയോടൊപ്പം ഉണ്ടായിരുന്നത്. ആ ഒറ്റ സീൻ ഉള്ളതുകൊണ്ടാണ് ഈ സിനിമ തിരഞ്ഞെടുത്തതും. സെറ്റിൽ വച്ചാണ് മമ്മ‌ൂക്കയെ കാണുന്നത്. ആ കൂടിക്കാഴ്ചയിൽ രസകരമായ ഒരു കാര്യം സംഭവിച്ചു. അദ്ദേഹം എന്റെ പേരു ചോദിച്ചു. ഞാൻ പറഞ്ഞു, സജിൻ! അദ്ദേഹം ഞെട്ടി. പിന്നെ, പക്കാ മമ്മൂക്ക സ്റ്റൈലിൽ ഒരു ചോദ്യം– "സജിനോ? നിന്നോട് ആരാ ആ പേരിടാൻ പറഞ്ഞത്!" 

 

മമ്മൂക്കയുടെ തുടക്കക്കാലത്ത്, മമ്മൂട്ടി എന്ന അദ്ദേഹത്തിന്റെ പേര് കൊള്ളില്ലെന്നു പറഞ്ഞ് സംവിധായകൻ വിശ്വംഭരൻ സർ അദ്ദേഹത്തിനു നൽകിയ പേരാണ് സജിൻ. സ്ഫോടനം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ പേരു ക്രെഡിറ്റിൽ വന്നതും സജിൻ എന്നായിരുന്നു. എന്തായാലും അതൊരു രസകരമായ നിമിഷമായിരുന്നു. അദ്ദേഹത്തിന് എന്നെ കണ്ടു പരിചയം ഉണ്ടായിരുന്നു. ഞാൻ അഭിനയിച്ച ചില സിനിമകൾ അദ്ദേഹം കണ്ടിട്ടുണ്ട്. 

 

എന്തിനധികം?! ഒറ്റ സീൻ തന്നെ ധാരാളം

sajin-cherukayil-22

 

'വിളച്ചിലെടുക്കല്ലേ' എന്ന ഡയലോഗ് ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് വിചാരിച്ചില്ല. ആ സീനിൽ മറ്റൊരു കാര്യം കൂടി നടന്നു. ഇപ്പോൾ കാണുന്ന രീതിയിൽ ആയിരുന്നില്ല ആ സീൻ ആദ്യം അവസാനിപ്പിച്ചിരുന്നത്. മമ്മൂക്കയുടെ ഭാഗം എടുത്തതിനു ശേഷം അദ്ദേഹം പോയി. പിന്നീട് എന്റെ ചില ക്ലോസ് ഷോട്ടുകൾ എടുക്കുകയായിരുന്നു. അപ്പോൾ മമ്മൂക്ക വീണ്ടും വന്നു. എന്നിട്ടു ചോദിച്ചു, "ആ സീൻ കഴിഞ്ഞോ? ഇല്ലെങ്കിൽ ഒരു കാര്യം കൂടി ചെയ്യാം," എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ സജഷനിൽ ഞാൻ പറയുന്ന ഒരു ഡയലോഗ് കൂടി അതിൽ ഉൾപ്പെടുത്തി. നോർമൽ ആയി 'ശരി സർ' എന്ന ഡയലോഗ് പറയാൻ എന്നോട് മമ്മൂക്കയാണ് ആവശ്യപ്പെടുന്നത്. അതും കൂടി ചെയ്യിപ്പിച്ചിട്ടാണ് അദ്ദേഹം പോയത്. ആ ഒറ്റ രംഗത്തിന് നല്ല പ്രതികരണമാണ് എനിക്കു ലഭിച്ചത്. തിയറ്ററിൽ അത്യാവശ്യം ചിരി വന്ന രംഗമായിരുന്നു അത്. ഇത്ര മതി. ഒരു സീനിന്റെ ആവശ്യമേയുള്ളൂ. ഒറ്റ ദിവസത്തെ പരിപാടി... അത്യാവശ്യത്തിന് ചിരിയും കിട്ടി... കയ്യടിയും കിട്ടി. 

 

പദ്മിനിയിലെ ജയേട്ടനും രാരീരം മാട്രസും

 

പദ്മിനിയിലെ ജയേട്ടൻ എന്ന കഥാപാത്രത്തിനുള്ളതിനേക്കാൾ ആരാധകർ രാരീരം മാട്രസിനുണ്ട്. സംവിധായകൻ സെന്ന ഹെഗ്ഡെ എന്നോടു പറഞ്ഞത് ഇയാൾ ഇത്തിരി ക്യൂട്ട് ആണ്. ഒരു പുത്തൻപണക്കാരനാണ്. പക്ഷേ, ആളത്ര വെടിപ്പല്ല. ഇങ്ങനെയാണ് എനിക്ക് ആ കഥാപാത്രത്തെ പറഞ്ഞു തന്നത്. ആ രീതിയിൽ തന്നെയാണ് ഞാൻ ജയേട്ടൻ എന്ന കഥാപാത്രത്തെ സമീപിച്ചതും. സ്ക്രീനിൽ ക്യൂട്ടായി തോന്നിപ്പിച്ചതിന്റെ ക്രെഡിറ്റ് മേക്കപ്പ്മാൻ രഞ്ജിത്തിനു കൊടുക്കേണ്ടി വരും. മുമ്പ് ബിനീഷേട്ടൻ എന്നൊരു ഷോർട്ട്ഫിലിം ഞാൻ ചെയ്തിരുന്നു. ആ കഥാപാത്രത്തെ 'ടോക്സിക്' ആയി കാണിക്കാനാണ് സംവിധായകൻ ഉദ്ദേശിച്ചത്. പക്ഷേ, അതിന്റെ കമന്റ് ബോക്സ് നോക്കിയാൽ ബിനീഷേട്ടനെ സപ്പോർട്ട് ചെയ്യുന്ന നിരവധി പേരെ കാണാം. പദ്മിനിയിൽ എന്റെ കഥാപാത്രം ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതു കണ്ടപ്പോൾ ഏറെ സങ്കടം തോന്നിയെന്നു പറഞ്ഞവരുണ്ട്. അഭിനേതാവ് എന്ന നിലയിൽ പ്രേക്ഷകരുടെ ഈ പ്രതികരണം ഏറെ സന്തോഷമുണ്ടാക്കുന്ന ഒന്നാണ്. കാരണം, ടോക്സിക് ആയ ഒരു വേഷം ചെയ്തിട്ടും പ്രേക്ഷകർക്ക് ഇഷ്ടം തോന്നുന്നുണ്ടല്ലോ. 

 

ടെൻഷനടിപ്പിച്ച ജയേട്ടൻ

 

സൂപ്പർ ശരണ്യയിലെ അഭിലാഷ് അളിയൻ എന്ന കഥാപാത്രത്തിന് താരതമ്യേന സ്ക്രീൻ സ്പേസ് വളരെ കുറവാണ്. പക്ഷേ, ആ കഥാപാത്രത്തിന് എനിക്ക് പ്രേക്ഷകരിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. പദ്മിനിയിലെ കഥാപാത്രം ചെയ്യുമ്പോൾ ഒരൽപം ഉത്തരവാദിത്തം കൂടുതലായിരുന്നു. കുറച്ചൊരു കാരിക്കേച്ചർ ടൈപ്പാണ്. ‍ജയേട്ടൻ ഒരു കോമാളിയാണ്. സിനിമയിലെ കോമിക് റിലീഫ് ഈ കഥാപാത്രമാണ്. അതിന്റെയൊരു ടെൻഷൻ എനിക്കുണ്ടായിരുന്നു. ചെയ്യുമ്പോഴായിരുന്നില്ല ടെൻഷൻ. സിനിമ റീലീസ് ആകാറായപ്പോഴാണ് ടെൻഷനടിച്ചത്. സിനിമ ഇറങ്ങിയാൽ എയറിൽ പോകുമോ എന്നൊരു പേടി.  കാരണം, കോമഡി പാളിപ്പോകാം. പാളിപ്പോയാൽ നൈസ് ആയി തെറി വിളി കേൾക്കേണ്ടി വരുമല്ലോ. ഭാഗ്യത്തിന് കുറെപ്പേർക്ക് ആ കോമഡി വർക്ക് ആയി. 

 

റൊമാൻസ് ചെയ്യാൻ അൽപം ചമ്മലുണ്ട്

 

പൂവൻ എന്ന സിനിമയിലും എനിക്ക് റൊമാൻസ് രംഗങ്ങളുണ്ടായിരുന്നു. സത്യത്തിൽ റൊമാൻസ് ചെയ്യാൻ ഭയങ്കര ചമ്മലാണ്. ഉള്ളിൽ അതൊക്കെ അടക്കിപ്പിടിച്ചാണ് അത്തരം രംഗങ്ങൾ ചെയ്യുന്നത്. പൂവനിൽ‌ എന്റെ കൂടെ അഭിനയിച്ചത് ഒരു പുതിയ ആർടിസ്റ്റ് ആയതുകൊണ്ട് അത്രയ്ക്ക് ടെൻഷനില്ലായിരുന്നു. പദ്മിനിയിൽ വന്നപ്പോൾ ഒപ്പം അഭിനയിക്കുന്നത് ദേശീയ പുരസ്കാര ജോതാവു കൂടിയായ അപർണ ബാലമുരളിയാണ്. അതുകൊണ്ട് ചമ്മൽ കുറച്ചു കൂടുതലായിരുന്നു. ഞങ്ങൾ ആദ്യമെടുത്തത് അപർണയെ പെണ്ണുകാണാൻ പോകുന്ന രംഗമായിരുന്നു. അതിലൂടെ അപർണയെ പരിചയപ്പെടാനും സംസാരിക്കാനും സാധിച്ചു. അപർണ കട്ട സപ്പോർട്ടായിരുന്നു. അതുകൊണ്ട്, ആ രംഗങ്ങൾ ഈസിയായി ചെയ്യാൻ സാധിച്ചു.

 

ജയേട്ടൻ ക്ലിക്കായ സീൻ  

sajin-padmini

 

പദ്മിനിയിൽ എന്റെ കഥാപാത്രം തലയിണയും കെട്ടിപ്പിടിച്ചു ചിരിച്ചു നടന്നു പോകുന്ന സീൻ ആണ് പ്രേക്ഷകർ എടുത്തു പറയുന്ന ഒരു രംഗം. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ 'ദോ നൈന' എന്ന പാട്ടിന്റെ താളത്തിൽ ഡാൻസ് ചെയ്തു വരാനാണ് എന്നോടു സംവിധായകൻ ആവശ്യപ്പെട്ടത്. 'ലവ് യൂ മുത്തേ' എന്ന ഗാനം അവിടെ വരുന്നത് പിന്നീടാണ്. ആദ്യം അങ്ങനെയൊരു ഗാനം പ്ലാനിൽ ഉണ്ടായിരുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് അവിടെയൊരു പാട്ടു വരുന്നത്. അങ്ങനെയാണ് ഞാൻ മനസിലാക്കുന്നത്. കൃത്യമായ ഇടത്ത് ആ രംഗം വരുന്നു. ഒപ്പം ഗ്രാഫിക്സ് വരുന്നു. ഇതൊക്കെയാണ് ആ രംഗത്തിൽ ചിരി പടർത്തുന്നത്. ഞാനിതു വരെ ചെയ്ത സിനിമകളിൽ, 'ടെക്നിക്കൽ കോമഡി' രീതിയിൽ ചെയ്ത സിനിമയാണ് പദ്മിനി. ആ സീനിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നിക് ആണ് കോമഡി ഉണ്ടാക്കുന്നത്. രാരീരം മാട്രസിന്റെ പരസ്യവും അതുപോലെയാണ്. മാട്രസിന്റെ കോസ്റ്റ്യൂം ഇട്ട് ഷൂട്ട് ചെയ്തപ്പോൾ കൗതുകമായിരുന്നു മനസിൽ. സിനിമയിലാണ് അതിന്റെ കോമഡി. 

 

എപ്പോഴും തൃശൂർ ശൈലിയല്ല

 

തൃശൂർ ശൈലിയിലുള്ള ഭാഷയാണ് എന്റേത്. ഒരു ക്യാരക്ടർ ചെയ്യുമ്പോൾ എന്റെ തനതു ശൈലിയിൽ ചെയ്യാനാണല്ലോ ഞാൻ ശ്രമിക്കുക. ആ കഥാപാത്രം വേറൊരു ഭാഷാശൈലി ആവശ്യപ്പെടുന്നുണ്ടെങ്കിൽ മാത്രം അങ്ങനെ ചെയ്താൽ മതിയല്ലോ! അല്ലാതെ ഒരു ശൈലി പിടിച്ചാൽ ആ കഥാപാത്രം പൊളിഞ്ഞു പോകും. പദ്മിനിയിലെ ജയേട്ടൻ എന്ന കഥാപാത്രം പക്കാ തൃശൂർ ശൈലിയല്ല പറയുന്നത്. പിന്നെ, ആ സിനിമ സിങ്ക് സൗണ്ട് ആയിരുന്നു. ചില സിനിമകളിൽ ഞാൻ മാറ്റി ചെയ്തിട്ടുണ്ട്. കോഴിക്കോട് ശൈലിയും തിരുവനന്തപുരം ശൈലിയുമൊക്കെ വരുന്ന കഥാപാത്രങ്ങളുള്ള സിനിമകൾ ഇനി വരാനുണ്ട്. ഷൂട്ടിന്റെ സമയത്തു തന്നെ ശൈലി മാറ്റിയാണ് ഡയലോഗ് പറയുക. ഡബിങ്ങിൽ അതു മിനുക്കിയെടുക്കാൻ പറ്റും. 

 

സൗഹൃദങ്ങൾ– ബ്ലോഗ് മുതൽ സിനിമ വരെ

 

ഓർക്കുട്ട് മടുത്തിരിക്കുന്ന സമയം. പുതിയത് എന്തുണ്ടെന്നു നോക്കിയിരിക്കുമ്പോഴാണ് ബെർളിത്തരങ്ങൾ എന്നൊരു ബ്ലോഗ് ശ്രദ്ധിക്കുന്നത്. അതിന്റെ കമന്റ് ബോക്സിൽ കമന്റിട്ടു തുടങ്ങിയ സൗഹൃദമാണ് സിനിമ പാരഡൈസോ ക്ലബിലെത്തിയത്. ഞാൻ അന്ന് മാക്രിക്കുട്ടൻ എന്ന പേരിലാണ് കമന്റിട്ടിരുന്നത്. അവിടെ നിന്നു തുടങ്ങിയ സൗഹൃദങ്ങളാണ്. ഗിരിഷ് എ.ഡി, ബിലഹരി, വിനീത് വാസുദേവൻ തുടങ്ങി നിരവധി പേർ. മറൈൻ ഡ്രൈവിൽ വച്ചാണ് ഞങ്ങൾ ആദ്യമായി പരസ്പരം കാണുന്നത്. പിന്നെപ്പിന്നെ, ഞങ്ങളിൽ ചിലർ വെറുതെ കാണാനും കൂടാനുമൊക്കെ തുടങ്ങി. ഒരുമിച്ചു സിനിമ കാണാൻ പോയിത്തുടങ്ങി. അപ്പോഴൊക്കെ സിനിമയിൽ വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. എങ്ങനെയാണ് അതിലേക്ക് പോകേണ്ടതെന്ന് അറിയില്ലായിരുന്നു. ചാൻസ് ചോദിക്കാൻ വലിയ മടിയായിരുന്നു. ചോദിച്ചാലും കിട്ടാൻ പോകുന്നില്ല എന്നായിരുന്നു തോന്നിയിരുന്നത്. സിനിമ എനിക്ക് എത്രത്തോളം ഇഷ്ടമാണെന്നത് ഒരാളെ പറഞ്ഞു മനസിലാക്കാൻ എനിക്ക് അറിയില്ല. പിന്നെ, ധാരാളം ഹ്രസ്വചിത്രങ്ങൾ ചെയ്തു. കൂട്ടുകാർക്കൊപ്പം ഷോർട്ട്ഫിലിം ചെയ്യാൻ വേറെ പ്രശ്നങ്ങളില്ലല്ലോ. അങ്ങനെയാണ് ഞാൻ പതിയെ സിനിമയിലെത്തുന്നത്. 

 

ആദ്യ സിനിമ ലില്ലി

 

സുഹൃത്തുക്കളുടെ ഹ്രസ്വചിത്രങ്ങളിൽ ഞാൻ ഇടയ്ക്ക് തല കാണിക്കാറുണ്ട്. അത് എവിടെയോ പ്രദർശിപ്പിച്ചപ്പോൾ ആരൊക്കെയോ ചിരിച്ചെന്നു ഗിരീഷ് എന്നോടു പറഞ്ഞു. അതു കഴിഞ്ഞ്, യശ്പാൽ എന്ന ഷോർട്ട്ഫിലിം ഗിരീഷ് ചെയ്തപ്പോൾ എന്നെ അഭിനയിക്കാൻ വിളിച്ചു. അതിൽ അഭിനയിച്ചപ്പോൾ ഞാൻ ഹാപ്പി ആയിരുന്നു. ആ ഷോർട്ട്ഫിലിമിനു കിട്ടിയ അഭിനന്ദനങ്ങളേക്കാൾ പ്രശംസകൾ എന്റെ പ്രകടനത്തിന് അന്ന് ലഭിച്ചിരുന്നു. അതു കണ്ടിട്ടാണ് ലില്ലി എന്ന സിനിമയിലേക്ക് പ്രശോഭ് വിളിക്കുന്നത്. ഓഡിഷനു ചെല്ലാൻ പറഞ്ഞു. ലില്ലിക്കു വേണ്ടി മാത്രമേ ഞാൻ ഓഡിഷനു പോയിട്ടുള്ളൂ. അതും എന്നെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞതായിരുന്നു. എനിക്ക് ഓഡിഷനു പോകുക എന്നു പറയുന്നത് വലിയ ബുദ്ധിമുട്ടാണ്. ഒരു സ്ക്രിപ്റ്റ് തന്നു പെർഫോം ചെയ്യാൻ പറഞ്ഞാൽ ഞാൻ അതു ചെയ്യും. പെട്ടെന്നു നാലു പേർ വിളിച്ചിട്ട്, ഞങ്ങളെ ഒന്ന് എന്റർടെയ്ൻ ചെയ്യൂ എന്നു പറഞ്ഞാൽ ഞാൻ പെടും. കാരണം, ഞാനൊരു സ്റ്റേജ് പെർഫോർമർ അല്ല. പക്ഷേ, സാധാരണ രീതിയിൽ വട്ടം കൂടിയിരുന്നു വർത്തമാനം പറയുകയാണെങ്കിൽ ഞാൻ ഷൈൻ ചെയ്യും. 

 

സ്വതന്ത്ര തിരക്കഥാകൃത്ത് ആകുമ്പോൾ

 

അള്ള് രാമേന്ദ്രൻ എന്ന സിനിമ ഞാനും വിനീതും (വിനീത് വാസുദേവൻ) ഗിരീഷും ചേർന്നായിരുന്നു എഴുതിയത്. അള്ള് രാമേന്ദ്രൻ സാമ്പത്തികമായി വലിയ തെറ്റില്ലാതെ പോയ സിനിമയാണ്. ആ സിനിമയ്ക്കു വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. പിന്നെ, ഇത്രയും വർഷങ്ങൾ കടന്നു പോകുമ്പോൾ സ്വാഭാവികമായൊരു മാറ്റം വ്യക്തിപരമായും സംഭവിക്കുമല്ലോ. ആദ്യ സിനിമയുടെ പ്രശ്നങ്ങൾ എല്ലാം തീരുത്തി രണ്ടാമത്തെ ചിത്രം ഒരുക്കുക എന്നു പറയുന്നത് എത്രത്തോളം സാധ്യമാണെന്ന് എനിക്ക് അറിയില്ല. കാരണം, രണ്ടാമത്തെ സിനിമ എന്നു പറയുന്നത് വേറെ തന്നെയൊരു പരിപാടിയാണ്. അതിന് ആദ്യ സിനിമയുമായി യാതൊരു ബന്ധവുമില്ല. പിന്നെ, അറിയാതെ നമ്മൾ ഉൾക്കൊള്ളുന്ന പാഠങ്ങൾ തീർച്ചയായും അടുത്ത സിനിമയിൽ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ. ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ഐ ആം കാതലൻ ആണ് ഞാൻ സ്വതന്ത്രമായി തിരക്കഥ എഴുതിയ ചിത്രം. എന്തായാലും പടം വരട്ടെ! 

 

ഗിരീഷിനൊപ്പം ചേരുമ്പോൾ

 

എന്റെ എഴുത്തിൽ ഗിരീഷിന്റെ സ്വാധീനം നന്നായിട്ടുണ്ട്. എന്റെ ഒട്ടു മിക്ക കഥകളും ഹോളിവുഡ് സിനിമയ്ക്ക് പറ്റുന്ന സംഭവങ്ങളാകും. ഒക്കെ വലിയ പരിപാടികളാണ്. ഇതെല്ലാം കേട്ടു കേട്ട് ഒരു ദിവസം ഗിരീഷ് എന്നോടു ചോദിച്ചു, നിനക്ക് പച്ച മനുഷ്യന്മാരുടെ ഒരു കഥയുണ്ടാക്കി കൊണ്ടു വരാൻ പറ്റുമോ? ഒരു സാധാരണക്കാരന്റെ! അപ്പോഴാണ് ഞാൻ അങ്ങനെ ചിന്തിക്കുന്നത്. സത്യത്തിൽ തണ്ണീർമത്തൻ പോലൊരു സിനിമ എനിക്കൊരിക്കലും ചെയ്യാൻ പറ്റില്ല. സിംപിളായി പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യിപ്പിക്കാൻ പറ്റുന്ന കഥ. ഞാൻ പലപ്പോഴും ചില ഷോർട്ട് കട്ടുകൾ കണ്ടു പിടിക്കും. ഒരാളെ കൊല്ലുന്നു... കഥയിൽ ട്വിസ്റ്റ് ഉണ്ടാകുന്നു. എന്റെ കഥകൾ ഏതാണ്ട് ഇതുപോലൊക്കെ പോകുമെങ്കിലും ഗിരീഷിന്റെ സഹവാസത്തിലൂടെ കുറെയൊക്കെ മെച്ചപ്പെട്ടിട്ടുണ്ട്. 

 

വിമർശനം അംഗീകാരമല്ലേ?

 

വിമർശനങ്ങളോടു പൊതുവെ തുറന്ന സമീപനമാണ് എനിക്കുള്ളത്. ഒറ്റത്തവണ മാത്രമാണ് വിമർശനം കേട്ട് തകർന്നു പോയത്. ആ സമയത്ത് ഞാൻ ആരോഗ്യപരമായി നല്ല അവസ്ഥയിൽ ആയിരുന്നില്ല. "ഇവനെന്തു വെറുപ്പിക്കലാണ്" എന്ന തരത്തിൽ ഒരു പോസ്റ്റ് കണ്ടപ്പോൾ ഞാനൊന്നു പൊളിഞ്ഞു. ഞാൻ ഗിരീഷിനെ വിളിച്ചു പറഞ്ഞു, "എടാ... ഞാൻ ഫീൽഡ് ഔട്ടാണ്". പക്ഷേ, ഒന്ന് ഉറങ്ങി എണീറ്റപ്പോൾ‍ അതു വീണ്ടും തമാശയായി. എല്ലാവരും നമ്മളെക്കുറിച്ച് പോസിറ്റീവ് പറയുകയാണെങ്കിൽ അതിൽ എന്തോ കുഴപ്പമുണ്ട്. ഒന്നുകിൽ നമ്മുടെ കണ്ടന്റ് എല്ലാവരിലുമെത്തിയിട്ടുണ്ടാകില്ല. അല്ലെങ്കിൽ, അങ്ങനെ വിമർശിക്കപ്പെടാൻ തക്ക പാകത ഉണ്ടെന്നു പ്രേക്ഷകർക്കു തോന്നിയിട്ടില്ല. അങ്ങനെയാണ് അത്. നെഗറ്റീവ് പറയുന്ന് ഒരു അംഗീകാരമാണ്. സിനിമ പാരഡൈസോ ക്ലബിലൊക്കെ ആരെങ്കിലും നമ്മളെ പുച്ഛിക്കുന്നതൊക്കെ അംഗീകാരമായാണ് ഞാൻ കണുന്നത്. 

 

തമാശയാണ് മലയാളത്തിന്റെ മെയ്ൻ

 

ഞാനൊരു കൊമേഡിയനാണെന്ന് അവകാശപ്പെടുന്ന ആളല്ല. പ്രത്യേകിച്ചും മലയാളം സിനിമയിൽ എനിക്ക് അങ്ങനെ അവകാശപ്പെടാനേ അർഹതയില്ല. തമാശകളുടെ വലിയൊരു ആരാധകനാണ് ഞാൻ. എനിക്കെപ്പോഴും തമാശ സിനിമകളോടാണ് താൽപര്യം. ഇടയ്ക്കെവിടെ വച്ചോ മലയാള സിനിമ അതു വിട്ടു കളഞ്ഞു. രാജ്യാന്തര നിലവാരമുള്ള തമാശകളാണ് മലയാളികളുടേത്. തെലുങ്കു സിനിമ ഗ്രാഫിക്സ് ഉപയോഗിക്കുന്ന പോലെ, തമിഴർ ആക്ഷൻ ഉപയോഗിക്കുന്ന പോലെ, ബോളിവുഡ് പ്യാർ ഉപയോഗിക്കുന്ന പോലെ, മലയാളത്തിനുള്ളത് തമാശയാണ്. ഒരു പാൻ ഇന്ത്യൻ ചിത്രം തമാശയിലൂടെ കൊണ്ടു വരാൻ മലയാളത്തിനു കഴിയുമെന്നാണെന്റെ വിശ്വാസം. അതു ഞാൻ വഴി എന്നല്ല പറയുന്നത്. അതിനു കഴിവുള്ളവർ മലയാളത്തിലുണ്ട്. 

 

സിനിമയാണ് എല്ലാം

 

സിനിമയിലൂടെ സൗഹൃദത്തിന്റെ മറ്റൊരു തലം ഞാൻ അനുഭവിച്ചിട്ടുണ്ട്. സിനിമ ഇഷ്ടപ്പെടുന്ന, സിനിമ സംസാരിക്കുന്ന ആളുകളുമായുള്ള സൗഹൃദം വേറെ ലെവലാണ്. ഐഎഫ്എഫ്കെയിൽ പോകുമ്പോൾ കിട്ടുന്ന വൈബുണ്ട്. സിനിമയുടെയും സൗഹൃദത്തിന്റെയും വൈബാണ് അത്. വേറെ എവിടെ നിന്നും കിട്ടാത്ത വൈബ്! സിനിമയിൽ അഭിനയിക്കുന്നതും എഴുതുന്നതുമെല്ലാം എന്റെ മോഹവും ആഗ്രഹവുമൊക്കെയാണ്. ഇതൊന്നുമില്ലെങ്കിലും സിനിമയുടെ വൈബ് കിട്ടിക്കൊണ്ടിരിക്കും. കഴിഞ്ഞ 10 വർഷമായി ഞാൻ അത് അനുഭവിക്കുന്നു. അത് വലിയൊരു ആത്മവിശ്വാസമാണ്. സിനിമയാണ് എല്ലാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com