ഈ തെളിവുകൾ സാക്ഷി, ഇതെന്റെ കഥയാണ്: ‘മലയാളി ഫ്രം ഇന്ത്യ’ തിരക്കഥാകൃത്ത് പറയുന്നു
Mail This Article
നിവിൻ പോളി ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണമാണോ ? , ഒരേ കഥ രണ്ടുപേർ ഏകദേശം ഒരേ സമയത്തു ആലോചിച്ചുപോയി എന്ന യാദൃച്ഛികത മാത്രമാണോ ‘മലയാളി ഫ്രം ഇന്ത്യ’യുടെ അണിയറപ്രവത്തകരും തിരക്കഥാകൃത്ത് നിഷാദ് കോയയുമായി ഉണ്ടായത്? കാര്യങ്ങൾക്കു കൂടുതൽ വ്യക്തയുമായി ഷാരിസ് മുഹമ്മദ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
‘‘നിഷാദ് കോയയുടെ ‘ഓർഡിനറി’ മുതൽ ‘മധുരനാരങ്ങാ’ വരെ ബഹുമാനത്തോടെ ഞാൻ കാണുന്ന സ്ക്രിപ്റ്റുകളാണ്. എന്റെ ഭാഗത്തിൽ കൃത്യതയുണ്ടാകാനാണ് ഇപ്പോൾ ഞാൻ തുറന്നു പറയാൻ തയാറായത്. 2021ലാണ് ‘മലയാളി ഫ്രം ഇന്ത്യ’യുടെ ചിന്തയുണ്ടാകുന്നത്. ആദ്യം പറഞ്ഞത് ശ്രീജിത്ത് നായർ എന്ന ക്യാമറാമാനോടാണ്. അദ്ദേഹത്തിന് അത് നന്നായി തോന്നി. അങ്ങനെ ഞങ്ങൾ തിരക്കഥയിൽ വർക്ക് ചെയ്തു. അപ്പോളാണ് ജനഗണമനയുടെ ലൈൻ പ്രൊഡ്യൂസറായ ഹാരിസ് ദേശത്തോടു ഇന്ത്യക്കാരനും പാകിസ്ഥാൻകാരനും കോവിഡ് കാലത്ത് ഒരു മുറിയിൽ ക്വാറന്റൈനിൽ പെട്ടുപോകുന്ന ആളുകളുടെ കഥ പറയുന്നത്.
ഞാൻ പറയുന്നത് കള്ളമാണെന്ന് ആരൊക്കെ പറഞ്ഞാലും ഡിജിറ്റൽ തെളിവുകൾ കള്ളം പറയില്ലല്ലോ. അന്ന് റോഷൻ മാത്യുവിനെയാണ് നടനായി ഞങ്ങൾ കണ്ടത്. 2021ൽ മനസ്സിൽ വന്ന കോവിഡ് കഥ 14 സെപ്റ്റംബർ 2021, 13 സെപ്റ്റംബർ 2021 തിയതികളിലായി സംവിധായകൻ ശ്രീജിത്തേട്ടന്റെ മൈലിൽ നിന്നാണ് റോഷന് അയച്ചത്. ഇതാണ് ദൈവത്തിന്റെ തെളിവ്. ഹാരിസ് ദേശത്തിന്റെ മൈലിലും തെളിവുണ്ട്.
ഇത് എംടി സാറിനു മാത്രം ചിന്തിക്കാവുന്ന ‘രണ്ടാമൂഴം’ ഒന്നുമല്ലല്ലോ. സാധാരണ കഥയല്ലേ. അന്ന് ഈ സിനിമയുടെ പേര് 'ആൽക്കമിസ്റ്റ്' എന്നായിരുന്നു. അപ്പോൾ ഉണ്ടാകുന്ന സംശയം, ആ ഒരു പേരുള്ള കവർ മാത്രം വച്ച് ഞാൻ പറ്റിക്കുന്നതാണോ എന്നാണ്. അവിടെയാണ് ഡിജിറ്റൽ തെളിവുകൾ സഹായത്തിനു എത്തുന്നത്. നിഷാദ്‌ക്ക പറഞ്ഞത് നിഷേധിക്കാനല്ല എന്റെ ശ്രമം. എനിക്കെതിരെ വന്ന കഥാമോഷണം ആരോപണത്തിന് വ്യക്തത വരുത്തണമല്ലോ.
ഈ സാഹചര്യം സിനിമയിൽ പ്രവർത്തിച്ച പലർക്കും പല പ്രശ്നങ്ങളാണ് നൽകിയത്. നിർമാതാവ് ലിസ്റ്റിൻ ചേട്ടന് സിനിമയുടെ റിലീസിന് തലേന്ന് വന്ന ഫെയ്സ്ബുക് പോസ്റ്റാകും പ്രശനം. ത്രില്ലർ സിനിമയല്ലെങ്കിലും സിനിമയുടെ കഥ അങ്ങനെ പറയുന്നത് ശരിയല്ലല്ലോ. ആ മാനസികാവസ്ഥ എനിക്ക് മനസിലാകും. പക്ഷേ, അറിഞ്ഞുകൊണ്ട് ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല.
ഒരു സിനിമയുടെ കഥയിലേക്ക് കടന്നാൽ പ്രാക്ടിക്കലി അത് എങ്ങനെ സിനിമയാക്കാം എന്നതിലേക്കുള്ള പ്രയാണമാണ്. ഇപ്പോൾ അത് പ്രൊട്ടക്റ്റ് ചെയ്തു എന്നിരിക്കട്ടെ വേറൊരു സിനിമ വന്നു കഴിഞ്ഞാൽ എന്തു ചെയ്യാൻ പറ്റും. ആ സിനിമ നടന്നുകഴിഞ്ഞിട്ടായിരിക്കും നമ്മൾ അറിയുന്നത്. ലീഗലി മൂവ് െചയ്യാനുള്ള ഒരു മാനസികാവസ്ഥയല്ല ഇപ്പോഴുള്ളത്. ഇപ്പോഴുള്ള സ്പേസുണ്ടല്ലോ തർക്കം നിലനിൽക്കുന്ന സാഹചര്യം ഇതൊന്നും പ്രതീക്ഷിച്ചു കൊണ്ടല്ല നമ്മള്‍ സിനിമയിലേക്ക് വന്നത്. നമുക്കൊരു കഥ പറയണം. അത് പ്രേക്ഷകരിലേക്കെത്തിയാൽ നല്ലത് എന്ന ഒരു വിഷനിലാണ് എല്ലാ റൈറ്റേഴ്സും ഇതു ചെയ്യുന്നത്. എന്നു പറഞ്ഞ് ഒരു കഥ നമ്മുടെ മാത്രമായി റജിസ്റ്റർ ചെയ്തു വയ്ക്കാൻ പറ്റില്ലല്ലോ. വേറൊരാൾ വളരെ ഇൻഡിപെൻഡന്റായി അത് ആലോചിച്ചാൽ അത് അയാളുടെയും കൂടിയാണ്. ഇതിലേക്കു വന്നാൽ ഇത് രാജീവ് എന്നു പറയുന്ന ആളുടെ കഥയാണ് നിഷാദ് കോയയുടെയും കഥയാണ് എന്റെയും കഥയാണ്. ഇതിൽ ഏറ്റവും അവസാനം വരുന്നയാളാണ് ഞാൻ. ഏറ്റവും ജൂനിയർ ഞാനാണ്. 2021 ലാണ് എന്റെ ടൈംലൈൻ തുടങ്ങുന്നത്. പക്ഷേ എന്റെ സിനിമയാണ് നടക്കുന്നത്.
ഈ തെളിവുകളെല്ലാം ഫെഫ്കയുടെയും പ്രൊഡ്യൂസർ അസോസിയേഷന്റെയും മീറ്റിങ്ങിൽ ഹാജരാക്കിയിരുന്നു. ഈ മീറ്റിങ്ങിൽ നിഷാദിക്കയും പ്രൊഡ്യൂസറും ഉണ്ടായിരുന്നു. ശ്രീജിത്തേട്ടനെ വിളിച്ച് ക്രോസ് ചെക്ക് ചെയ്തിരുന്നു. അതിനു ശേഷം ഇത്രയും ഉത്തരവാദിത്തപ്പെട്ടവരായ ഫെഫ്ക എന്ന സംഘടനയും പ്രൊഡ്യൂസർ അസോസിയേഷനും ഒരു പ്രസ് മീറ്റ് വിളിച്ച് ഇതിനെക്കുറിച്ചു സംസാരിക്കുമ്പോൾ എന്റെ തെളിവുകളെക്കുറിച്ച് ഞാൻ സംസാരിക്കേണ്ട ആവശ്യമില്ലല്ലോ. 2021 ല്‍ ഞാൻ അയച്ച ഡ്രാഫ്റ്റ് അയയ്ക്കുന്ന സമയം തൊട്ട് അതിനു മുൻപോ അതിനു ശേഷമോ ഞാൻ നിഷാദിക്കയും ഞാനും തമ്മിൽ ഒരു രീതിയിലും ഇതിനെക്കുറിച്ച് ഡിസ്കസ് ചെയ്തിട്ടില്ല.’’–ഷാരിസ് മുഹമ്മദിന്റെ വാക്കുകൾ.