മോഹൻലാലിനെ കാണാൻ ‘രാജുമോൻ’ എത്തി, സ്വന്തം മകളുമായി!
Mail This Article
‘‘ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്, ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്,കിരീടവും ചെങ്കോലും സിംഹാസനവുമുള്ള ഒരു രാജാവ്, പിന്നീട് എന്നെ കാണുമ്പോള്‍ അവന്‍ കളിയാക്കി വിളിക്കുമായിരുന്നു, പ്രിന്‍സ്, രാജകുമാരന്‍". പറഞ്ഞും കേട്ടും പഴകിയ സിനിമാ ഡയലോഗ്. രാജാവിന്റെ മകൻ എന്ന സിനിമയിൽ മോഹൻ ലാലും അംബികയും തമ്മിലുള്ള ഈ സംഭാഷണത്തിലെ രാജുമോനെ ഓർമയുണ്ടോ?
കോഴിക്കോട് കോട്ടൂളി സ്വദേശി പ്രശോഭായിരുന്നു ചിത്രത്തിലെ രാജുമോന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്. രാജാവിന്റെ മകൻ, അനുബന്ധം,ആൾക്കൂട്ടത്തിൽ തനിയെ, കാറ്റത്തെ കിളിക്കൂട്, ഉണ്ണികളെ ഒരു കഥപറയാം തുടങ്ങി 13 ലധികം സിനിമകളിൽ ബാലതാരമായി തിളങ്ങിയ ഇദ്ദേഹം 1980 കളിൽ മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു.
ആൾക്കൂട്ടത്തിൽ തനിയെ എന്ന ചിത്രത്തിലെ അഭിനയത്തിന് 1984ൽ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും നേടിയിരുന്നു. സിനിമയൊക്കെ വിട്ട് ഇപ്പോൾ ഫോട്ടോഗ്രഫിയും ബിസിനസുമൊക്കെയായി ഭാര്യ അനുരാധയ്ക്കും മകൾക്കുമൊപ്പം കൊച്ചി ഇടപ്പള്ളിയിലാണ് താമസം. കുട്ടിക്കാലത്തെ സിനിമാ ഓർമകൾ പങ്കുവയ്ക്കുകയാണ് മനോരമ ഓൺലൈനിന്റെ ‘ഓർമയുണ്ടോ ഈ മുഖം’ എന്ന പരിപാടിയിലൂടെ പ്രശോഭ്...
മമ്മൂക്കയുടെ കൂടെയാണോ ലാലേട്ടന്റെ കൂടെയാണോ അഭിനയിക്കേണ്ടത്
സിനിമയിലേക്കെത്തിയത് വളരെ യാദൃച്ഛികമായിട്ടായിരുന്നു. വല്യച്ഛൻ കൂടിയായ ബാലൻ കെ. നായർ സെറ്റിൽ നിന്നും ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്കു വന്നു. ഉച്ചയ്ക്കു ശേഷമുള്ള ഷോട്ടിൽ ഒരു കുട്ടിയെ വേണമായിരുന്നു, പോകുമ്പോൾ എന്നെയും കൂടെക്കൂട്ടി. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യപടി. പിന്നീടാണ് കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലേക്കെത്തുന്നത്. ആ സിനിമയ്ക്കു ശേഷം ബാലതാരത്തെ ആവശ്യമുണ്ടെന്നു പറഞ്ഞ് അച്ഛനു കുറേ വിളി വന്നു. അന്നു അഭിനയിച്ച എല്ലാ സിനിമയിലും മമ്മൂക്കയും ലാലേട്ടനും തന്നെയായിരുന്നു നായകന്മാർ. അതുകൊണ്ട് ഷൂട്ടുണ്ടെന്നു പറയുമ്പോൾ മമ്മൂക്കയുടെ കൂടെയാണോ ലാലേട്ടന്റെ കൂടെയാണോ എന്നു മാത്രമേ അച്ഛനോട് ചോദിക്കാറുണ്ടായിരുന്നുള്ളു.
'ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ജയ്ക്കുട്ടൻ'
അനുബന്ധം സിനിമയിൽ വാഹനാപകടത്തിൽ മരിക്കുന്ന ഒരു കുട്ടിയായാണ് അഭിനയിച്ചത്. മരണ ശേഷം വീട്ടിലേക്കു ബോഡി ആംബുലൻസിൽ വീട്ടിലേക്കു കൊണ്ടുവരുന്ന ഒരു സീനുണ്ട്. അന്ന് അവിടെ നിറയെ നാട്ടുകാർ കൂടി. പലർക്കും അതൊരു സിനിമാ ഷൂട്ടായിരുന്നു എന്ന കാര്യം അറിയില്ലായിരുന്നു. ശരിക്കും ഒരു മരണവീട് പോലെ തന്നെയായിരുന്നു തോന്നിച്ചത്. പിറ്റേദിവസത്തെ പത്രത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് 'ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി ജയ്ക്കുട്ടൻ' എന്നായിരുന്നു. അന്നു മരിച്ചു കിടക്കുന്ന സീൻ ഷൂട്ട് ചെയ്യാനും കുറേ കഷ്ടപ്പെട്ടിരുന്നു. എന്റെ മൂക്കിൽ പഞ്ഞിയൊക്കെ വച്ചായിരുന്നു കിടത്തിയത്. ആക്‌ഷൻ പറയുമ്പോഴേക്കും ഞാൻ ശ്വാസം വിടും മൂക്കിലെ പഞ്ഞി തെറിച്ചു പോകും. റീടേക്കുകൾ ആവർത്തിച്ചെടുത്തിട്ടും ശ്വാസം പിടിച്ചിരിക്കാൻ പറ്റിയില്ല. ഒടുവിൽ ആ സീൻ ഫ്രീസ് ചെയ്ത് വച്ചാണ് സനിമയിൽ ഉപയോഗിച്ചത്.
ലാലേട്ടനെ വീണ്ടും കണ്ടപ്പോൾ
സിനിമ വിട്ടശേഷം സിനിമയിൽ ആരുമായും ബന്ധമില്ലായിരുന്നു. മകൾ വലിയ ലാലേട്ടൻ ഫാനാണ്. ലാലേട്ടനെ കാണാൻ ആഗ്രഹമുണ്ടെന്നു അവൾ പറയുമായിരുന്നു. ലാലേട്ടൻ എന്നെ കണ്ടാൽ തിരിച്ചറിയുമോ എന്ന പേടികൊണ്ട് ഞാൻ അതിന് ശ്രമിച്ചില്ല. എന്നാൽ എന്റെ സുഹൃത്ത് വഴി മകൾ അതിനുള്ള ശ്രമം നടത്തി. ഒടുവിൽ അവളുടെ നിർബന്ധത്തിൽ എറണാകുളത്ത് ഒരു സെറ്റിലേക്ക് ഞങ്ങൾ പോയി. അവിടെ വച്ച് സുഹൃത്ത് രാജാവിന്റെ മകനിലെ രാജുമോനാണ് എന്നു പറഞ്ഞ് എന്നെ പരിചയപ്പെടുത്തി, വലിയ സന്തോഷത്തോടെയാണ് ലാലേട്ടൻ അപ്പോൾ പെരുമാറിയത്. പഴയ കാര്യങ്ങളേക്കുറിച്ച് ഒരുപാട് സംസാരിക്കുകയും വീട്ടിലെ വിശേഷങ്ങൾ തിരക്കുകയുമൊക്കെ ചെയ്തു. ഇത്രയും നാളുകൾക്കു ശേഷവും ലാലേട്ടൻ പഴയതെല്ലാം ഓർത്തിരിക്കുന്നത് വളരെ സർപ്രൈസായിരുന്നു.
അച്ഛന്റെ ജോലിത്തിരക്കുകൾ കാരണമാണ് അഭിനയം ഒഴിവാക്കേണ്ടി വന്നത്. അന്നൊക്കെ സിനിമകൾ സെലക്ട് ചെയ്തിരുന്നതും സെറ്റിൽ കൊണ്ടുപോയിരുന്നതുമൊക്കെ അച്ഛനായിരുന്നു. പഠനം കഴിഞ്ഞ് പിന്നീട് ബാങ്ക് ഉദ്യോഗസ്ഥനായി ജോലി ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് യാത്രകളോടും ഫോട്ടോഗ്രഫിയോടുമൊക്കെ താൽപര്യം വരുന്നത്. മികച്ച ഫോട്ടോഗ്രഫിക്ക് സംസ്ഥാന വനം - വന്യജീവി വകുപ്പിന്റെ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ എറണാകുളം ഇടപ്പള്ളിയിൽ സൂപ്പർമാർക്കറ്റ് നടത്തുകയാണ്. സിനിമയിലേക്ക് തിരിച്ചു വരണമെന്നുളള ആഗ്രഹമൊന്നും ഇപ്പോഴില്ല.