ADVERTISEMENT

എം. പത്മകുമാർ, മേജർ രവി, വി.എ. ശ്രീകുമാർ, സമുദ്രക്കനി തുടങ്ങിയ പ്രതിഭകളുടെ സഹായിയായി  പ്രവർത്തിച്ച ഉല്ലാസ് കൃഷ്ണ തന്റെ ആദ്യ സിനിമയായ ‘പുഷ്പക വിമാന’വുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. മലയാള സിനിമയിൽ ഇതുവരെ അവതരിപ്പിക്കാത്തൊരു പുതുമയുള്ള വിഷയവുമായാണ് ഉല്ലാസിന്റെ വരവ്. ഒരു മിനിറ്റുകൊണ്ട് ഒരാളുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കാം എന്ന പ്രമേയം ദൃശ്യവൽക്കരിക്കുമ്പോൾ സിജു വിത്സൺ ആണ് നായക കഥാപാത്രമായി എത്തുന്നത്. തന്റെ ആദ്യ സിനിമ ചെയ്യുമ്പോൾ ഒപ്പം പിന്തുണയുമായി കൂടെയുള്ളത് ഏറെക്കാലത്തെ സുഹൃത്തുക്കളാണെന്നത് ആത്മവിശ്വാസം കൂട്ടി എന്നാണ് ഉല്ലാസ് പറയുന്നത്.  സിദ്ദീഖ്, മനോജ് കെ.യു., ബാലു വർഗീസ്, ധീരജ് ഡെന്നി തുടങ്ങിയ താരങ്ങൾ ഒന്നിക്കുന്ന ‘പുഷ്പക വിമാനം’ എന്ന തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ഉല്ലാസ് കൃഷ്ണ...

അജയ് മഹേശ്വരിയുടെ ഓട്ടപ്പാച്ചിൽ 

പത്തുവർഷമായി സിനിമയിൽ അസ്സോഷ്യേറ്റ് ഡയറക്ടറായി ജോലി നോക്കുന്നുണ്ട്. എം. പദ്മകുമാർ സർ, വി.എ. ശ്രീകുമാർ സർ, മേജർ രവി സർ, സമുദ്രക്കനി സർ, ഉദയ് അനന്തൻ, ജോമോൻ അങ്ങനെ കുറേപേരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷക്കാലം പദ്മകുമാർ സാറിനൊപ്പം ആയിരുന്നു.  അദ്ദേഹം ചെയ്ത എല്ലാ സിനിമകളോടൊപ്പവും വർക്ക് ചെയ്തിട്ടുണ്ട്. സിനിമ ചെയ്യണം എന്ന് തീരുമാനിച്ചത് മുതൽ പുതുമയുള്ള ഒരു സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. അതാണ് പുഷ്പകവിമാനം പോലെയൊരു ചലഞ്ചിങ് ആയ കഥ എടുത്തത്. മലയാളത്തിൽ ഇതുവരെ പറയാത്ത സബ്ജക്റ്റ് ആണ് അതിനെ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെടുത്തി, ഇങ്ങനെ ഒരു കാര്യം ആരുടെ ജീവിതത്തിൽ വേണമെങ്കിലും സംഭവിക്കാം എന്ന രീതിയിൽ ആണ് ചെയ്തിട്ടുള്ളത്. 

pushpaka-vimanam2

സിജു വിത്സൺ അവതരിപ്പിക്കുന്ന അജയ് മഹേശ്വരി ആണ് പ്രധാന കഥാപാത്രം. അമ്മയുടെ പേര് ചേർത്താണ് അജയ്‌ക്ക് പേര് ഇട്ടിരിക്കുന്നത്. അമ്മ വളർത്തിയ ആളാണ്,ലെന ആണ് അജയ്യുടെ അമ്മയായി അഭിനയിക്കുന്നത്. ഒരു ചേട്ടനും ഒരു അമ്മാവനുമാണ് പിന്നെ അവനുള്ളത്‌.  ബോംബെയിൽ ദാദ ആകാൻ പോയിട്ട് തിരിച്ചുവന്ന ഹരി ദാദ എന്ന കഥാപാത്രം ചെയ്യുന്നത് മനോജ് കെ.യു. ആണ്. അദ്ദേഹം ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ഹ്യൂമർ ട്രാക്ക് ആണ് ചെയ്തിട്ടുള്ളത്. ഇതൊന്നും പോരാഞ്ഞ് ഒരു വള്ളിയായി ബാലുവർഗീസിന്റെ കൂട്ടുകാരൻ കഥാപാത്രവുമുണ്ട്.  ഇങ്ങനെ പോകുന്ന അജയുടെ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാവുകയും അതേത്തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളും ഇതിൽനിന്നെല്ലാം എങ്ങനെ കരകയറാം എന്ന ചിന്തയിൽ അജയ് നടത്തുന്ന ഒരു ഓട്ടപ്പാച്ചിലാണ് സിനിമയുടെ പ്രമേയം. 

pushpaka-vimanam32

സിജു വിൽസന്റെ കഠിനാധ്വാനം 

സിജു വിത്സൺ ഈ സിനിമയിൽ പാർകൗർ ചെയ്യുന്നുണ്ട്. അതിനു വേണ്ടി പാർകൗർ പഠിച്ചു. ഒരുപാട് ചാട്ടവും ഓട്ടവുമൊക്കെ ഉണ്ട് സിനിമയിൽ.  സിജു ഒരു റിങ്ങിനു ഉള്ളിൽ കൂടി ചാടുന്നത് ടീസർ വന്നപ്പോൾ കണ്ടുകാണും. പ്രാക്ടീസ് സമയത്ത് സിജുവിന് പരുക്ക് പറ്റിയിട്ടുണ്ട്. സിജു ഒരു ജീപ്പിനു മുകളിൽ കൂടി ചാടുന്ന ഒരു വിഡിയോ കുറച്ചു നാൾ മുന്നേ ട്രെൻഡിങ് ആയിരുന്നു.  അത് ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്ത വിഡിയോ ആണ്. വലിയ പാർകൗർ അഭ്യാസം എന്ന് പറയുന്നില്ല എന്നാലും ഒരു സാധാരണക്കാരന്റെ ജീവിതത്തിൽ കുറെ ചാട്ടമൊക്കെ വന്നാൽ എങ്ങനെയിരിക്കും.സിജു അതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. സിജു സിനിമയ്ക്ക് വേണ്ടി വണ്ണം കുറച്ച് മേക്കോവർ ചെയ്തിട്ടുണ്ട്.  

ഇതൊരു മൾട്ടിസ്റ്റാർ പടം 

ബാലുവിന്റെ കഥാപത്രത്തിന്റെ പേര് ആഗ്രഹ് എന്നാണ്, വളരെയേറെ പ്രത്യേകതയുള്ള കഥാപാത്രമാണ്.  ടൊവിനോയുടെ കസിൻ ആയ ധീരജ് ഡെന്നി വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചെയ്യുന്നത്.  ‘വേല’ എന്ന സിനിമയിൽ അഭിനയിച്ച തമിഴ് നടി നമ്രദ ആണ് നായിക. ഇനി ഒരു സർപ്രൈസ് കൂടിയുണ്ട്. മലയാള സിനിമയിൽ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരം അതിഥിയായി എത്തുന്നുണ്ട്. ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണ് അത്. അതാരാണെന്ന് പ്രേക്ഷകർ സിനിമയിൽ കണ്ടറിയട്ടെ ഇപ്പോൾ പറയുന്നില്ല.  ഇതൊരു മൾട്ടി സ്റ്റാർ സിനിമയാണ്, എല്ലാവർക്കും പ്രാധാന്യമുണ്ട്.  

ullas-krishna

സന്ദീപ് സദാനന്ദനും ദീപു എസ്. നായരുമാണ് പുഷ്പകവിമാനത്തിന്റെ കഥ എഴുതിയത്. അവർ ഒരുപാടു കഥകൾ പറയുകയും ഞങ്ങൾ ചർച്ച ചെയ്യുകയും ഒടുവിൽ ഇതിൽ എത്തിച്ചേരുകയുമായിരുന്നു.  ഈ സിനിമ ഉണ്ടാകുന്നത് സൗഹൃദങ്ങളിലൂടെയാണ്.  ടൊവിനോ തോമസിന്റെ പ്രൊഡക്‌ഷൻ ഹൗസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ഗോകുൽ ജി. നാഥ്‌ ആണ് നിർമാതാക്കളെ കണ്ടെത്തുന്നതിന് വേണ്ടി എന്നെ സഹായിച്ചത്. ബിയോണ്ട് ബോർഡർ എന്ന മേജർ രവി സാറിന്റെ ഒരു പടം 2016 ൽ  ചെയ്തപ്പോൾ അതിന്റെ പ്രൊഡക്‌ഷൻ കണ്ടട്രോളർ ആയിരുന്ന ആളാണ് നമ്മുടെ പ്രൊഡ്യൂസർ ജോൺ കുടിയാന്മല.  അന്നത്തെ ഷൂട്ടിങിന് ശേഷം ഞങ്ങൾ ഇപ്പോഴാണ് ഒരുമിച്ച് വർക്ക് ചെയ്യുന്നത്. ആ സിനിമയുടെ സഹസംവിധായകൻ ആയിരുന്നു ഞാൻ.  

അന്ന് അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്ന രവിചന്ദ്രൻ ആണ് ഇതിന്റെ ക്യാമറാമാൻ, അസിസ്റ്റന്റ് എഡിറ്റർ ആയിരുന്ന അഖിലേഷ് മോഹൻ ആണ് ഇതിന്റെ എഡിറ്റർ, അതിന്റെ അസിസ്റ്റന്റ് മേക്കപ്പ്മാൻ ആണ് ഈ സിനിമയ്ക്ക് മേക്കപ്പ്മാൻ ജിത്തു, അതിന്റെ സിജി ചെയ്ത നെഗിൻ ആണ്  ഇതിന്റെയും സിജി ചെയ്തത്.  ആ സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് ആയ പ്രശാന്ത് നാരായണൻ ആണ് ഇതിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ. നമ്മൾ ഒരിക്കലും ഇങ്ങനെ പ്ലാൻ ചെയ്തതല്ല, പല വഴികളിലൂടെ ഈ സിനിമ പോയപ്പോൾ അവരെല്ലാം വന്നു ചേർന്ന് ഇങ്ങനെ സംഭവിക്കുകയായിരുന്നു. ഏതൊരു സിനിമയും നന്നാകുന്നത് കൂട്ടായ്മയിൽ നിന്നാണല്ലോ. സിനിമയുടെ സംഗീതം ചെയ്യുന്നത് രാഹുൽ രാജ് ആണ്. എന്റെ വർഷങ്ങളായുള്ള സുഹൃത്താണ് അദ്ദേഹം. ഇത്രയും ടാലന്റഡ് ആയ ആളായിട്ടു കൂടി മലയാളത്തിൽ അണ്ടർറേറ്റഡ് ആണ് അദ്ദേഹം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  അദ്ദേഹം ചെയ്തുതന്ന സംഗീതം മനോഹരമാണ്.  ഇവരുടെയൊക്കെ ഒരു ടീം വർക്ക് ആണ് നമ്മുടെ സിനിമ നല്ലരീതിയിൽ ഷൂട്ട്ചെയ്തു പൂർത്തിയാക്കാൻ എന്നെ സഹായിച്ചത്. 

pushpaka-3

ജീവിതത്തിലെ ഒരു മിനിറ്റിൽ എന്തും മാറിമറിയാം 

നമ്മുടെയൊക്കെ ജീവിതത്തിൽ ഒരു മിനിറ്റിൽ ഉണ്ടാകുന്ന ഒരു സംഭവം എന്ത് വ്യത്യാസമാണ് വരുത്തുന്നതെന്ന് ദൃശ്യവൽക്കരിച്ചു കാണിക്കുകയാണ് ഞങ്ങൾ. ‘ദൃശ്യം’ എന്ന സിനിമ ഡയലോഗിലൂടെ ഒരു കാര്യം പറയുന്നത് എങ്കിൽ, ഉദാഹരണത്തിന് ‘ആറു മണിക്ക് പാറേപ്പള്ളിയിൽ പോയി’ എന്ന തരത്തിൽ സംഭാഷണത്തിലൂടെയാണ് ആ സിനിമ പ്രേക്ഷകരുടെ മനസിലേക്ക് ഇറങ്ങി ചെന്നത്, നമ്മുടെ സിനിമയിൽ വിഷ്വൽ ആണ് പുനരാവിഷ്കരിച്ചു കാണിക്കുന്നത്. ഇങ്ങനെ പുതുമയുള്ള ഒരു കാര്യമാണ് സിനിമയിൽ പറഞ്ഞിരിക്കുന്നത്.

ullas-siju

സിനിമാ തിയറ്റർ മുറ്റത്ത് കളിച്ചുവരുന്ന കുട്ടിക്കാലം 

എറണാകുളം ജില്ലയിലെ ചേറായിൽ വിക്ടറി എന്നൊരു തിയേറ്ററുണ്ടായിരുന്നു. ആ തിയറ്ററിന്റെ വളപ്പിൽ എന്റെ അച്ഛനൊരു റെസ്റ്റോറന്റ് ഉണ്ടായിരുന്നു അതിന്റെ മുകളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്.  തിയേറ്ററിൻ്റെ മുറ്റത്താണ് ഞങ്ങൾ കളിച്ചു വളർന്നത്.  തിയറ്ററിൽ നടക്കുന്ന ഓരോ കാര്യങ്ങളും കണ്ടുവളർന്ന എനിക്ക് കുട്ടിക്കാലം മുതൽ സിനിമയോടായിരുന്നു അടുപ്പം അതാകും എന്റെ മനസ്സിൽ സിനിമ ഒരു മോഹമായി വളർന്നത്.  ഞാൻ പഠനം കഴിഞ്ഞു ജോലി നേടണം എന്ന് കരുതിയിരുന്ന ആളാണ് പക്ഷെ സിനിമയോടുള്ള പാഷൻ അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു.  അങ്ങനെയിരിക്കുമ്പോഴാണ് സാമ്രാജ്യം, ജാക്പോട്ട് ഒക്കെ ചെയ്ത ജോമോൻ എന്ന സംവിധായകന്റെ കൂടെ സിനിമ എന്താണെന്നു പഠിക്കാൻ ഒപ്പം കൂടാൻ തീരുമാനിച്ചത്.  

ullas

പിന്നീട് ഉദയാനന്ദൻ എന്ന സംവിധായകനോടൊപ്പം ചേർന്നു അതിനു ശേഷമാണ് മേജർ രവി സാറിനൊപ്പം വർക്ക് ചെയ്തത്.  സമുദ്രക്കനി സാർ, എം. പദ്മകുമാർ സാർ എന്നിവരൊക്കെ എങ്ങനയെയാണ് പ്രശ്നങ്ങൾ കെെകാര്യം ചെയ്യുന്നത് എന്ന് കൂടെ നിന്ന് മനസ്സിലാക്കിയത് എന്റെ സിനിമ ചെയ്തപ്പോൾ ഒരുപാട് സഹായിച്ചു.  ഇവരോടൊപ്പമുള്ള അനുഭവസമ്പത്ത് എത്ര വലുതാണെന്ന് തിരിച്ചറിഞ്ഞ ആളാണ്‌ ഞാൻ.  ഈ സിനിമയുടെ ഷൂട്ട് മുഴുവൻ റോഡിൽ ആയിരുന്നു , അതും ചാട്ടവും ചെയ്സും, ഓട്ടവും ഒക്കെയാണ് അതൊക്കെ നന്നായി ചെയ്തെടുക്കാം കഴിഞ്ഞത് എന്റെ അനുഭവസമ്പത്തുകൊണ്ടാണ്. ഇല്ലായിരുന്നെങ്കിൽ വിചാരിച്ച ദിവസങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകളില്ലാതെ ഷൂട്ട് പൂർത്തിയാക്കാൻ സാധിക്കില്ലായിരുന്നു.

ഈ പുഷ്പകവിമാനം നിങ്ങളെ രസിപ്പിക്കും 

ഈ ചിത്രത്തിൽ പ്രണയവും സൗഹൃദവും അതിജീവനത്തിനുവേണ്ടിയുള്ള ഓട്ടവും എല്ലാമുണ്ട്.  പുഷ്പകവിമാനം എന്ന പേര് എന്താണെന്ന് പടം തുടങ്ങുമ്പോൾ പ്രേക്ഷകർക്ക് മനസിലാകും.  ‘എ മിനിറ്റ് ക്യാൻ ചേഞ്ച് യുവർ ലൈഫ്’ എന്ന് മാത്രമാണ് ടാഗ് ലൈൻ ആയി ഞങ്ങൾ പറയുന്നത്.  റയോണ റോൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാന്മല ആണ് പുഷ്പകവിമാനം നിർമ്മിക്കുന്നത്. കിവീസോ മൂവീസ് നെരിയാ ഫിലിം ഹൌസ് എന്നിവരാണ് സഹ നിർമാതാക്കൾ.  രാജ്‌കുമാർ സേതുപതി ആണ് പുഷ്പകവിമാനം പ്രസന്റ് ചെയ്യുന്നത്.  സിനിമ വിതരണത്തിനെടുത്തിരിക്കുന്നത് സാമ്രാജ്യം ഒക്കെ ചെയ്ത ആരിഫ പ്രൊഡക്‌ഷൻസ് ആണ്.   ഈ മാസം തന്നെ സിനിമ റിലീസ് ചെയ്യും.  പ്രേക്ഷകരെല്ലാം തിയറ്ററിൽ എത്തി പടം കണ്ട് സത്യസന്ധമായ അഭിപ്രായങ്ങൾ അറിയിക്കണം എന്നാണ് ആഗ്രഹം.

English Summary:

Chat With Director Ullas Krishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com