മോശപ്പെട്ട മനുഷ്യർ എല്ലായിടത്തുമുണ്ട്, അടച്ചാക്ഷേപിച്ച് സിനിമയെ തകർക്കരുത്: സാബു ചെറിയാൻ
Mail This Article
ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സിനിമ എന്ന കലാമേഖലയെ നശിപ്പിച്ചു കളയരുതെന്ന് നിർമാതാവും കെഎസ്എഫ്ഡിസിയുടെ (കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ) മുൻ ചെയർമാനുമായ സാബു ചെറിയാൻ. എല്ലാ മേഖലയിലും ലൈംഗിക ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നും അതിന് ആ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ലെന്ന് അദ്ദേഹം മനോരമ ഓൺലൈനിനോടു പറഞ്ഞു. സ്വയം പര്യാപ്തരായി സിനിമയിൽ നിൽക്കുന്ന പലരെയും ഈ റിപ്പോർട്ട് സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണെന്നും അവർ അനാവശ്യമായ ചീത്തപ്പേര് കേൾക്കേണ്ടിവരുന്നുവെന്നും സാബു പ്രതികരിച്ചു. റിപ്പോർട്ട് വിശദമായി പഠിച്ച് സർക്കാർ വേണ്ട നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്നും സാബു ചെറിയാൻ പറഞ്ഞു.
സിനിമാ പ്രവർത്തനമാണെന്നു പറയാൻ ഇപ്പോൾ മടി
റിപ്പോർട്ട് പൂർണമായും ഞാൻ വായിച്ചിട്ടില്ല. ആരോപണവിധേയർക്കെതിരെ നടപടികളുമായി സർക്കാർ മുന്നോട്ടു പോകട്ടെയെന്നു തന്നെയാണ് അഭിപ്രായം. റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമ മേഖല എന്നാല്‍ സിനിമ എടുക്കുന്നതിനേക്കാളുപരി പീഡനം നടക്കുന്ന സ്ഥലമാണ് എന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്. അക്കാര്യത്തിൽ കടുത്ത വിയോജിപ്പ് അറിയിക്കുന്നു. ആയിരക്കണക്കിനു കുടുംബങ്ങൾ ജീവിക്കുന്നത് സിനിമാ രംഗത്തെ ആശ്രയിച്ചാണ്. അഭിനേതാക്കൾ മാത്രമല്ലല്ലോ ജൂനിയർ ആർട്ടിസ്റ്റുകളും ടെക്നീഷ്യൻമാരും ഉൾപ്പെടെ എത്രയധികം ആളുകളാണ് സിനിമാരംഗത്തു നിന്നുള്ള വരുമാനത്തിൽ മുന്നോട്ടു പോകുന്നത്. എന്നാലിപ്പോൾ, എന്താണ് ജോലി എന്നു ചോദിച്ചാൽ സിനിമയിൽ ആണെന്നു പറയാൻ പറ്റാത്ത തരത്തിലായിരിക്കുന്നു കാര്യങ്ങൾ. ഞാൻ ഒരു നിർമാതാവാണ്. എന്നാലിപ്പോൾ അതാണ് ജോലിയെന്നു പറയാൻ പറ്റുന്നില്ല. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ ഇത്തരം ചർച്ചകളോട് ഒരുവിധത്തിലും യോജിക്കാനാവില്ല.
ഈ റിപ്പോർട്ടിലൂടെ സിനിമയെ നശിപ്പിക്കരുത്
ഉന്നത വിദ്യാഭ്യാസമുള്ള നിരവധി പെൺകുട്ടികൾ സിനിമാ മേഖലയിലേക്കു കടന്നു വരുന്നുണ്ട്. അവരെയെല്ലാം മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് വാർത്തകളും ചർച്ചകളും നടന്നുകൊണ്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വളച്ചൊടിച്ച് ചർച്ചയാകുമ്പോൾ അവരും സത്യത്തിൽ ചോദ്യംചെയ്യപ്പെടുകയാണ്. കാരണം അതിൽ പറയുന്നത്, ഈ ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കണമെങ്കിൽ വഴങ്ങിക്കൊടുക്കണമെന്നാണ്. അപ്പോൾ അതിനെല്ലാം വഴങ്ങിയിട്ടാണ് ആർട്ടിസ്റ്റുകൾ സിനിമയിൽ തുടരുന്നത് എന്നല്ലേ അർഥം. ഒരാവശ്യവുമില്ലാതെ അവർക്കൊക്കെ ചീത്തപ്പേര് ആയില്ലേ? ഇത് ഒരു വൃത്തികെട്ട പ്രവണതയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വച്ച് സർക്കാർ എന്തു നടപടിയും സ്വീകരിച്ചുകൊള്ളട്ടെ. അതിൽ യാതൊരു വിരോധവുമില്ല. ചൂഷണത്തിന് ഇരയായവരുണ്ടെങ്കിൽ അവർക്ക് നീതി കിട്ടട്ടെ. അതെല്ലാം ആവശ്യം തന്നെയാണ്. അതിൽ യാതൊരു തർക്കവുമില്ല. പക്ഷേ ഇത്രയും നല്ല ഇൻഡസ്ട്രിയെ ഈയൊരു റിപ്പോർട്ടിലൂടെ നശിപ്പിച്ചു കളയരുത്.
അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല
പ്രമുഖ നടിക്ക് ഒരു മോശപ്പെട്ട അനുഭവം ഉണ്ടായത് വലിയ വാർത്തയായതാണല്ലോ? അത് ചരിത്രത്തിലെ ആദ്യ സംഭവമല്ല. ഇപ്പോൾ കൊൽക്കത്തയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ കാര്യം നോക്കൂ. ആലുവയിലാണെങ്കിൽ ഒരു ബാലിക പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടു. ഇതെല്ലാം ഈ ലോകത്ത് നടക്കുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിനിമ, സാഹിത്യം, കായികം തുടങ്ങി എല്ലാ മേഖലകളിലും മോശപ്പെട്ട മനുഷ്യരുണ്ട്. കോടിക്കണക്കിന് ആളുകൾക്കിടയിൽ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അത്തരത്തിലുള്ളവർ. അതിന് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ല.
സിനിമ എന്നത് കഥയുടെ അടിസ്ഥാനത്തിൽ ചെയ്യുന്നതല്ലേ?
പിന്നെ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞ മറ്റൊരു കാര്യം, സ്ത്രീകളുടെ പ്രാധാന്യം കൂട്ടണമെന്നാണ്. സിനിമ എന്നത് ഒരു കഥ വച്ച് ചെയ്യുന്ന സംഭവമല്ലേ? അടുത്തിടെ പുറത്തിറങ്ങിയ ‘ഉള്ളൊഴുക്ക്’ എന്ന ചിത്രത്തിൽ പുരുഷന്മാർക്കു പ്രാധാന്യമില്ല. അതിൽ ഉർവശിയും പാർവതിയുമാണ് ലീഡ് ചെയ്യുന്നത്. ആ ചിത്രത്തിൽ നടന്മാർക്കു പ്രാധാന്യമില്ലെന്നു പറഞ്ഞ് ബഹളം വച്ചിട്ട് കാര്യമുണ്ടോ?
പണ്ട് സൗകര്യങ്ങൾ അപര്യാപ്തം, പക്ഷേ ഇപ്പോൾ...
സിനിമാ സെറ്റുകളിൽ ടോയ്‌ലറ്റ് സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചതായി കണ്ടു. 5 വർഷങ്ങൾക്കു മുൻപ് കൊടുത്ത മൊഴികളാണ് റിപ്പോർട്ടിലുള്ളത്. ആ സമയത്ത് കാരവാനൊക്കെ വന്നു തുടങ്ങിയതേയുള്ളു. അതിനു മുൻപ് തീർച്ചയായും സൗകര്യങ്ങൾ അപര്യാപ്തമായിരുന്നു. എന്നാൽ ഇപ്പോഴങ്ങനെയൊരു സാഹചര്യമില്ല. ശാരദാമ്മ (നടി ശാരദ) പറഞ്ഞല്ലോ പണ്ട് തുണി മറച്ചാണ് അവരൊക്കെ വസ്ത്രം മാറിയിരുന്നതെന്ന്. ശരിയാണ്, അന്നത്തെ അഭിനേതാക്കൾ അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഷീലാമ്മയോടും ജയഭാരതിയോടുമൊക്കെ ചോദിച്ചാലും ഇതേ അനുഭവങ്ങൾ പറയാനുണ്ടാകും. എന്നാൽ ഇന്ന് സാഹചര്യങ്ങൾ ഒരുപാട് മാറി. ആലോചിച്ചു നോക്കൂ, തിരുവനന്തപുരത്തുനിന്ന് കാസർകോട് വരെ പോകുന്ന വഴി ടോയ്‌ലറ്റ് സൗകര്യം ലഭിക്കണമെങ്കിൽ ഏതെങ്കിലും നല്ല ഹോട്ടലിൽ കയറണം. അല്ലാതെ സർക്കാർ അതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടോ? ഇല്ല. അതുപോലെ പുകയിലയും സിഗരറ്റുമെല്ലാം സർക്കാരിന്റെ അറിവോടെ വിൽക്കുന്നതല്ലേ? എന്നാൽ സിനിമയിൽ കാണിക്കുമ്പോൾ ഇത് ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിക്കാണിക്കണം. എല്ലാവരെയും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങൾ സിനിമയിലെത്തുമ്പോൾ മാത്രം എന്തുകൊണ്ട് വലിയ ചർച്ചയാകുന്നു?
ഭയം പുരുഷന്മാർക്ക്
പുതുതായി സിനിമയിലേക്കു വരുന്ന പെൺകുട്ടികളല്ല., മറിച്ച് അവിടെയുള്ള പുരുഷന്മാരാണ് ഇപ്പോൾ ഭയക്കുന്നത്. അതുകൊണ്ട് അവർ പരമാവധി പെൺകുട്ടികളുടെ കടന്നുവരവിനെ ഒഴിവാക്കാൻ നോക്കും. ടെക്നീഷ്യന്മാരായി സ്ത്രീകളെ വയ്ക്കേണ്ടെന്ന നിലയിലേക്ക് കാര്യങ്ങൾ മാറാൻ തുടങ്ങും. കാരണം, സ്ത്രീകളേക്കാള്‍ പേടി ഇപ്പോൾ പുരുഷന്മാർക്കാണ്. സ്ത്രീകൾക്ക് ധൈര്യമുണ്ടെങ്കിൽ കടന്നുവരാം. കോസ്റ്റ്യൂം ഡിസൈനേഴ്സിൽ ഭൂരിഭാഗവും ഇപ്പോൾ സ്ത്രീകളാണ്. ഇനി അവരെ വയ്ക്കേണ്ട, അത് തലവേദനയാകും എന്നു പറയില്ലേ. അതിലേക്കല്ലേ ഈ സാഹചര്യം നീങ്ങുന്നത്?