ADVERTISEMENT

കപ്പേള എന്ന ചിത്രത്തിനു ശേഷം മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മുറ ഗംഭീര പ്രതികരണങ്ങളുമായി തിയറ്ററുകളിൽ കുതിക്കുകയാണ്. പുതുമുഖങ്ങളായ ഒരുകൂട്ടം ചെറുപ്പക്കാരിലൂടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥ പുതുമയോടെ അവതരിപ്പിച്ച മുസ്തഫയും സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്ത മാല പാർവതിയും മനോരമ ഓൺലൈനിൽ. 

മികച്ച പ്രതികരണങ്ങൾ 

മുസ്തഫ: എല്ലാ ഭാഗത്തു നിന്നും പോസിറ്റീവ് കമന്റുകളും റെസ്പോൺസുകളുമാണ് കിട്ടുന്നത്. ‍സന്തോഷം മാത്രം. ഞാൻ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞത്, വെറുതെ പുകഴ്ത്തി പറയണ്ട, എന്തെങ്കിലും കുറവുണ്ടെങ്കിൽ പറയാനാണ്. എന്തായാലും സന്തോഷം. എല്ലാവരും ഹാപ്പിയാണ്. 

മാലാ പാർവതി: മനസ്സ് നിറഞ്ഞു. പറയാൻ പറ്റാത്തത്ര സന്തോഷം. 

'അന്നു മുതൽ രമാദേവി എന്റെ മനസ്സിൽ കയറിയതാണ്'

മാലാ പാർവതി: അമ്മയുടെ മീറ്റിങ്ങിൽ വച്ചു കണ്ടപ്പോൾ, ‘ചേച്ചി ഒരു പടമുണ്ട്, ചേച്ചിയുടെ മുഖമാണ് എന്റെ മനസ്സിൽ’ എന്ന് മുസ്തു (മുസ്തഫ) എന്റടുത്ത് പറഞ്ഞു. എപ്പോഴാണെന്ന് പറഞ്ഞാൽ മതിയെന്ന് ഞാൻ പറഞ്ഞു. പിന്നീട് എറണാകുളത്തു വച്ച് ഞങ്ങൾ കണ്ടു. അവിടെ വച്ച് മൂന്ന് മണിക്കൂറു കൊണ്ട് കഥ മുഴുവനും പറഞ്ഞു. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും ഭയങ്കര ഇമോഷനൽ ആയി, കുറേ നേരം മിണ്ടാതെ ഇരുന്നു. അപ്പോഴെ അറിയാമായിരുന്നു, ഇത് വർക്ക് ആകുമെന്ന്. പക്ഷേ, ഇതെങ്ങനെ നടക്കും എന്നതായിരുന്നു ചിന്തിച്ചത്. കാരണം പുതിയ പിള്ളേരു വേണമല്ലോ. അന്നു മുതൽ രമാദേവി എന്റെ മനസ്സിൽ കയറിയതാണ്. അന്ന് മുസ്തു നറേറ്റ് ചെയ്തപ്പോൾ തോക്കു കൊണ്ട് ഷൂട്ട് ചെയ്യുന്നതായി കൈകൊണ്ടുള്ള ഒരു ആക്ഷൻ കാണിച്ചിരുന്നു. അതേ സാധനമാണ് ഞാൻ ആ സീനിൽ ചെയ്തത്. മുസ്തു പറഞ്ഞപ്പോൾ രമാദേവിയുടെ മുഖത്തെ എക്സ്പ്രഷൻ, രമാദേവി പറയാന്‍ സാധ്യതയുള്ള ടോൺ, അതേ കാര്യങ്ങൾ വച്ചാണ് ഞാൻ രമാദേവിയെ ഡെവലപ് ചെയ്തിരിക്കുന്നത്. വേറെ ഒരു റഫറൻസും എനിക്ക് ആ ക്യാരക്ടറിനില്ല. രണ്ടു മൂന്ന് കാര്യമൊഴിച്ച് ബാക്കി എല്ലാം ഇഷ്ടമുള്ളതുപോലെ ചെയ്തോ എന്ന സ്വാതന്ത്ര്യം മുസ്തു നൽകിയിരുന്നു. 

മുസ്തഫ:  ക്യാരക്ടറിന്റെ രൂപസാദൃശ്യം, ശബ്ദം, നോട്ടം, ഭാവം ഇതൊക്കെ യോജിച്ചു വരിക എന്നത് ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഭയങ്കര ഭാഗ്യമാണ്. കാരണം, കാസ്റ്റിങ് ശരിയായി വന്നാൽ പണി അറുപതു ശതമാനത്തോളം ഓകെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കപ്പേള കഴിഞ്ഞപ്പോഴും എല്ലാവരും കാസ്റ്റിങ്ങിനെക്കുറിച്ചാണ് സംസാരിച്ചത്. ചേച്ചിയെ പോലെ  ഡെഡിക്കേഷനുള്ള ആർട്ടിസ്റ്റ് വരുമ്പോൾ കിട്ടുന്ന ഒരു ഫയർ ഉണ്ട്. അത് നമുക്കും കിട്ടും അപ്പോൾ നമ്മളും തിരിച്ച് അത് കൊടുക്കും. 

പുതിയ പിള്ളേരുടെ മുറ

മുസ്തഫ: ഹൃദുവിനെ നേരത്തേ അറിയാം. അനുഭവപരിചയമുള്ള ആളാണ്. മറ്റു പയ്യൻമാരെ കിട്ടുക എന്നു പറയുന്നത് വലിയ ചലഞ്ചിങ് ആയിരുന്നു. ഓഡിഷന് ഒരുപാട് ആൾക്കാർ വന്നു. ആറായിരം പേരിൽ നിന്ന് തിരുവനന്തപുരത്തു നിന്ന് മാത്രം രണ്ടായിരം പേരെ തിരഞ്ഞെടുത്തു. അതിൽ നിന്ന് 200 പേരിലേക്കെത്തി. അതുകഴിഞ്ഞ് ഡയറക്ട് ഓഡിഷൻ വച്ചിട്ടും ആളെ കിട്ടിയില്ല. ഇവരുടെ സ്നേഹവും ബോണ്ടിങ്ങും വർക് ആകണമെങ്കിൽ അതുപോലെയുള്ള ആളുകളെ കിട്ടണം. പക്ഷേ നമ്മുടെ മനസ്സിൽ ഉള്ള ആരെയും കിട്ടിയില്ല. പിന്നെ നമ്മൾ ഇറങ്ങിത്തിരിക്കുകയായിരുന്നു. എഴുത്തുകാരനും ഒരു സംഘവും ഒരു സ്ഥലത്തേക്കു പോയി. വേറൊരു ടീം മറ്റൊരു സ്ഥലത്തേക്കു പോകുന്നു. ചായ കുടിക്കാൻ പോയാലും ഞാൻ ചുറ്റുപാടും നോക്കും.

മനുവാണ് ഏറ്റവും പ്രായം കുറഞ്ഞയാൾ. നമ്മള്‍ 20–21 പ്രായമുള്ളവരെ കിട്ടിയില്ല എന്നു പറഞ്ഞിരിക്കുമ്പോൾ ഒരാൾ അച്ഛനെയും കൂട്ടി വന്ന് തകർത്ത് അഭിനയിച്ചു. ഞാൻ ഫ്ലാറ്റായിപ്പോയി. അങ്ങനെയൊക്കെയാണ് ഇവരിലേക്ക് എത്തുന്നത് 

സ്നേഹത്തിന്റെ മുറ 

മുസ്തഫ: പരസ്പരം സ്നേഹത്തിൽ നിൽക്കുക എന്നതാണ് ആദ്യം വേണ്ടത്. അപ്പോൾ ഈ കൊടുക്കൽ വാങ്ങലുകൾ ഭയങ്കര സ്മൂത്ത് ആയിരിക്കും. സ്നേഹിക്കുക സ്നേഹിക്കുക സ്നേഹിക്കുക എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. ലൊക്കേഷനിലും അതു കഴിഞ്ഞും ഇപ്പോഴും അങ്ങനെ തന്നെയാണ്. വർക്ഷോപ്പിന്റെ സമയത്തു തന്നെ പല ടെക്നിക്കുകളും ഉണ്ടായിരുന്നു. റാൻഡം ആയിട്ടാണ് ഷൂട്ട് ചെയ്യുന്നത്. സീനുകൾ പലയിടത്തു നിന്നും എടുത്താണല്ലോ ഷൂട്ട് ചെയ്യുന്നത്. ഇവന്മാരുടെ അടുത്ത് പറയും പല ഭാഗങ്ങളിൽ നിന്നെടുത്തായിരിക്കും ഷൂട്ട് ചെയ്യുന്നത് നിങ്ങൾ അപ്പോൾ ഒന്നിച്ചു സെറ്റായി നിന്ന് അതിനു മുന്നേയും അതു കഴിഞ്ഞും എന്തായിരുന്നു എന്ന് ചർച്ച ചെയ്ത് ആ ഇമോഷനിൽനിന്ന് ഇപ്പോൾ നിൽക്കുന്ന ഇമോഷനിലേക്ക് എത്തണം എന്നു പറയും. അതുകൊണ്ടാണ് ഇവരു പെട്ടെന്ന് കൂട്ടമായി വന്ന് ചാർജായി നിൽക്കുന്നത്. എല്ലാവരും ആ ഒരു സ്നേഹത്തിൽ തന്നെയാണ് വർക് ചെയ്തത്. ഭയങ്കര വൈബ് ആയിരുന്നു. കപ്പേളയേക്കാൾ എനിക്ക് ഫീൽ ചെയ്തത് ഇതിന്റെ പിന്നിലുള്ള ഈ പ്രോസസ് ആണ്. 

മാലാ പാർവതി: മുസ്തു ആദ്യം സ്നേഹിക്കാനാണ് പഠിപ്പിച്ചത് എന്ന് പറയുന്നത് അക്ഷരാർഥത്തിൽ അങ്ങനെ തന്നെയാണ്. 

സ്റ്റാർട്ട് ആക്ഷൻ മുറ 

മുസ്തഫ: സുരാജേട്ടനും ഹൃദുവും തമ്മിലുള്ള ഫൈറ്റ് സീനിൽ റോപ്പില്ലാതെയാണ് ഹൃദു  അഭിനയിച്ചത്. പിള്ളേരെല്ലാം അങ്ങനെയായിരുന്നു. ബെഡ് ഉണ്ടോ എന്നൊന്നും നോക്കില്ല. ശരീരം മറന്നാണ് അവർ ഇതിൽ അഭിനയിച്ചത്. സുരാജേട്ടൻ ചോദിക്കും ‘എടാ നിങ്ങൾക്ക് ഈ പടം അഭിനയിച്ചാൽ മതിയോ? വേറെ പടത്തിലൊന്നും അഭിനയിക്കണ്ടേ’ എന്ന്. ടെക്നീഷ്യൻമാരെല്ലാവരും നല്ല ചാർജായിരുന്നു. ഇതൊക്കെ അപൂർവമായിട്ട് സംഭവിക്കുന്ന കാര്യങ്ങളാണ്. വാണിജ്യവിജയം എന്ന ലക്ഷ്യത്തോടെ മാത്രം ചെയ്യുകയായിരുന്നു എങ്കിൽ ഈ നാലു വർഷത്തിനിടെ എനിക്ക് കുറേ സിനിമകള്‍ ചെയ്യാമായിരുന്നു. പല ആൾക്കാരും കയ്യിൽ അഡ്വാൻസ് വച്ചു തന്നിടത്തു നിന്നും ഇപ്പോള്‍ ചെയ്യാൻ പറ്റില്ല എന്നു പറയേണ്ടി വന്നിട്ടുണ്ട്. നമുക്ക് സംതൃപ്തി കിട്ടുന്ന ഒരു കാര്യത്തിലേക്ക് എത്തുക എന്നത് ഒരു സന്തോഷമുള്ള നിമിഷമാണ്. 

മാല പാർവതി: സാധാരണ ഷൂട്ടിങ്ങിനിടയിൽ കാണുന്ന ഈഗോ പ്രശ്നങ്ങളോ മറ്റുള്ള അഭിപ്രായ വ്യത്യാസങ്ങളോ ഒന്നും ഈ കുട്ടികളായതു കൊണ്ട് തന്നെ ഇല്ലായിരുന്നു. നാടകത്തിലെ ഒരു സംഘം ഒരു സിനിമയെടുക്കാൻ കൂടിയാൽ എങ്ങനെയിരിക്കും അതുപോലെ ആയിരുന്നു ഷൂട്ട്. 

മുസ്തഫ: അതല്ലേ ഏറ്റവും വലിയ സമാധാനം. എനിക്ക് ഡബിൾ ചാലഞ്ച് എന്തായിരുന്നു എന്നു ചോദിച്ചാല്‍ ആക്ടേഴ്സിന്റെ ഒരു ഗ്രൂപ്പ് ഉണ്ടാക്കണം. അവരെ തമ്മിൽ ചേർത്തു കൊണ്ടു വരണം. ഇവരു പരസ്പരം കണക്ഷൻ വേണം. കപ്പേളയിൽ ഉണ്ടായിരുന്ന ടീമേ അല്ല ഇതിലുള്ളത്. മറ്റേത് കോഴിക്കോടായിരുന്നു ഷൂട്ട്. അപ്പോൾ അവിടെയുള്ള കുറച്ചു പേരെ കൂട്ടിയാണ് എനിക്കൊപ്പമുള്ള സംഘത്തെ ഉണ്ടാക്കിയത്. അഭിനേതാക്കളെ കൂട്ടി യോജിപ്പിക്കുന്നതു പോലെ തന്നെയായിരുന്നു. ഇതിന്റെ പിന്നിൽ ഉള്ള അസിസ്റ്റന്റ് ഡയറക്ടേഴ്സിന്റെ ടീമിനെയും തയാറാക്കിയത്. പ്രമോഷൻ പരിപാടികൾക്കു വരെയും അവർ കട്ടയ്ക്ക് ഓടിക്കൊണ്ടിരിക്കുകയാണ്. അടുത്ത പരിപാടി എന്നാണെന്ന് പറയണം എന്നാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. 

മോണ പൊട്ടി, എന്നാലിപ്പോ എന്താ?

മാലാപാർവതി: രമാദേവിക്കായി മുഖത്തിന്റെ രൂപത്തിൽ ചെറിയൊരു മാറ്റം വരുത്തിയിരുന്നു. അതിനായി, മുഖത്തെ താഴത്തെ താടിയുടെ എല്ലിന്റെ ഒരു വശത്ത് ചെറിയൊരു സാധനം വച്ചിരുന്നു. അതുമായി അഡ്ജസ്റ്റ് ആകാൻ എനിക്കു കുറച്ചു സമയം വേണ്ടി വന്നു. മോണയൊക്കെ പൊട്ടി ഭക്ഷണം കഴിക്കാനൊക്കെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, എനിക്കതൊന്നും പ്രശ്നമല്ലായിരുന്നു. രമാദേവിയുടെ സ്ക്രിപ്റ്റും പിടിച്ചാണ് ഞാൻ ഉറങ്ങിയിരുന്നത് പോലും. കാരണം എനിക്ക് ഒട്ടും അറിയാൻ വയ്യാത്ത ഒരാളാകാനാണ് ഞാൻ ശ്രമിച്ചത്. ആ യാത്ര വളരെ മനോഹരമായിരുന്നു. അവരുടെ സങ്കടങ്ങൾ നമ്മുടെ ഉള്ളിലേക്കും കയറി. അവരുടെ സാമ്പത്തിക പ്രയാസങ്ങൾ, മകന്റെ പ്രശ്നങ്ങൾ അങ്ങനെ പല കാര്യങ്ങളും ഉണ്ട്. പല അടരുകളുള്ള ഒരു കഥാപാത്രമാണ് അവരുടേത് അവരൊന്നും വെളിയിൽ കാണിക്കാറില്ല. അത് നിങ്ങളൊക്കെ നല്ലതാണെന്ന് പറയുമ്പോൾ ‘ടോപ് ഓഫ് ദ വേൾഡ്’ എന്നു പറയുന്ന ഫീൽ ആണ്. റോണക്സും കോസ്റ്റ്യൂമിലെ നിസാറും ഒക്കെയായി എനിക്ക് നല്ല സൗഹൃദമാണുള്ളത്. മാസ്റ്റർപീസ് ചെയ്ത സമയത്ത് ഞാൻ നല്ല തടി വച്ചിട്ടുണ്ടായിരുന്നു. അതിൽ കോസ്റ്റ്യൂം ചെയ്തത് നിസാറായിരുന്നു. ഈ പടത്തിന്റെ കോസ്റ്റ്യൂം എടുക്കാനായി നിസാർ എന്നെ വിളിച്ചപ്പോൾ എന്നെ കണ്ട് നിസാർ വായും പൊളിച്ചു നിന്നു പോയി. ഇതെന്തൊരു തടി ഇത് പറ്റില്ല എന്ന് നിസാർ പറ​ഞ്ഞു. അന്നു മുതൽ പട്ടിണിയും പരിവട്ടവും ആയിപ്പോയി ഞാൻ. രാവിലെയും വൈകിട്ടും ജിമ്മും പരിപാടികളുമൊക്കെയായിരുന്നു പിന്നീട്. തടിയൊക്കെ കുറച്ച് മുസ്തുവിനെ കണ്ടപ്പോൾ ഇത് കറക്റ്റാണ് ഇനി മെലിയേണ്ട എന്നു മുസ്തു പറഞ്ഞു. 

കഥാപാത്രവും സീനും കൃത്യമായി അറിയണം 

മാല പാർവതി: ചില സിനിമകളിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ കാരവനിൽ നമുക്ക് ആദ്യം മേക്കപ്പ് തരും. എന്താണ് സീൻ എന്നു ചോദിക്കുമ്പോൾ പേപ്പർ നമ്മുടെ കയ്യിൽ തരില്ല. ക്യാമറയുടെ മുന്നിൽ ചെന്നുനിൽക്കുമ്പോഴാണ് നമ്മൾ എന്താണ് ചെയ്യേണ്ടതെന്ന് ഡയറക്ടർ പറയുന്നത്. എന്റെ താളം തെറ്റി പോകുന്നത് അങ്ങനത്തെ സിനിമകൾ ചെയ്യുമ്പോഴാണ്. എനിക്ക് നേരത്തേ സ്ക്രിപ്റ്റ് കിട്ടണം. ഒരു ദിവസം മുൻപെ എനിക്കത് കിട്ടണം. അവിടെ ചെന്നു കഴിഞ്ഞ് അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞു തന്നു പോയി അഭിനയിക്കാൻ പറഞ്ഞാൽ ബുദ്ധിമുട്ടാണ്. അങ്ങനെ ചെയ്തിട്ടുള്ള സിനിമകളെല്ലാം പാഴാണ്. അതൊന്നും എനിക്കൊരിക്കലും വർക്ക് ആവില്ല. എനിക്ക് ആ സംവിധായകരോടു ദേഷ്യം തോന്നാറുണ്ട്. ഇപ്പോൾ മുസ്തഫയോ ശ്രീജിത്തോ ഒക്കെ പാർവതി ചേച്ചിയുടെ കൂടെ വർക് ചെയ്യാൻ സുഖമാണെന്ന് പറഞ്ഞേക്കാം പക്ഷേ എല്ലാവരും എന്നെക്കുറിച്ച് അങ്ങനെ പറയില്ല. ചെയ്യാൻ ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായില്ലെങ്കിൽ പെട്ടെന്ന് എന്റെ മുഖമൊക്കെ മാറി എനിക്ക് തലവേദന വരും. 

മുസ്തഫ: മനസ്സിലാക്കി ചെയ്യുന്നതാണ് നല്ലത്. ആക്റ്ററിന് അതിൽ എന്തെങ്കിലും കോൺട്രിബ്യൂട്ട് ചെയ്യാനുണ്ടെങ്കില്‍ നേരത്തെ അറിഞ്ഞാൽ തയാറെടുക്കാമല്ലോ. നമ്മുടെ പുതിയ പിള്ളേരാണെങ്കിലും, സ്ക്രിപ്റ്റ് പല തവണ അവർ വായിച്ചിട്ടുണ്ട്. പത്തിരുപതു തവണയെങ്കിലും അവർ വായിച്ചിട്ടുണ്ട്. എല്ലാ ദിവസവും അവരെ വിളിച്ചു വരുത്തി സ്ക്രിപ്റ്റ് വായിക്കാൻ കൊടുക്കും. ഒരാൾ നറേറ്റ് ചെയ്യും ബാക്കി എല്ലാവരും കേട്ടിരിക്കും. ഇതിങ്ങനെ ആവർത്തിച്ച് ഇവർക്ക് കഥ കാണാപാഠമാകും. പിന്നെ അഭിനയിക്കാൻ എളുപ്പമാണ്.  

മാലാ പാർവതി: ഞാൻ അഭിനയിച്ച ചില സിനിമകളിലെങ്കിലും ടെക്നീഷ്യൻസ്, മേക്കപ് ആർട്ടിസ്റ്റ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് ഇവർക്കെല്ലാവർക്കും കഥ അറിയാം. അഭിനയിക്കേണ്ട നമുക്കു മാത്രം കഥ അറിയില്ല. അതൊക്കെ ഭയങ്കര ടെൻഷനാണ്. പിന്നെ അത്ര വലിയ റോളുകളൊന്നും കിട്ടാത്തതു കൊണ്ട് കുഴപ്പമില്ല. ചെറിയ സീനാണെങ്കിൽ പോലും എന്റെ അന്നമാണ് ആ സീൻ പേപ്പർ.  അതെനിക്കു വേണം. 

ഇമോഷൻസ് കൺവേ ചെയ്യുന്ന സംവിധായകൻ 

മുസ്തഫ: ഞാനും വളരെ സെൻസിറ്റീവ് ആണ്. കണക്റ്റാവുന്ന എല്ലാവരുമായി ഞാൻ വളരെ ഇമോഷനൽ ആണ്. പലപ്പോഴും നമ്മൾ ഇത്തരം വാർത്തകൾ വായിക്കുമ്പോൾ ആലോചിക്കും ഒരു ക്രൈം നടന്ന് അല്ലെങ്കിൽ കൊലപാതകം നടന്ന സമയത്ത് മരിച്ചു പോയ ആൾക്കാർ അവിടെ തീർന്നു. അതിനു ശേഷം അനുഭവിക്കുന്ന വേദനയുണ്ട്. അത് വീട്ടുകാരാവാം. അല്ലെങ്കിൽ പ്രണയിനിയോ അമ്മയോ ചേച്ചിയോ ആകാം. ആദ്യം തിരക്കഥാകൃത്ത് കണ്ണൻ ചേട്ടനുമായി സംസാരിക്കുമ്പോൾ ഞാൻ പറഞ്ഞിരുന്നു. ഇതിൽ സ്ത്രീകളുടെ കുറച്ച് ഇമോഷൻസ് ഉണ്ട്. അത് ഹൈലൈറ്റ് ആയാൽ ഇമോഷനൽ ഏരിയ വർക്ക് ആയി. പിന്നെ ഓഡിയൻസ് ഈ കുട്ടികളുടെ കൂടെ സഞ്ചരിക്കുകായാണെങ്കിൽ അവരുടെ സ്നേഹവും സൗഹൃദവും വർക്ക് ആയാൽ ഈ പറയുന്ന ഏരിയയും വർക്കാകും. 

പ്രേക്ഷക പ്രതികരണം 

മുസ്തഫ: കഴിഞ്ഞ ദിവസം സിനിമ കാണാൻ ഞങ്ങൾ തിയറ്ററിൽ പോയി. പ്രേക്ഷകർക്ക് അറിയില്ലല്ലോ നമ്മൾ വരുമെന്ന്. അവസാന ഷോട്ട് കഴിഞ്ഞ് തിയറ്ററിൽ വെളിച്ചം വീണപ്പോൾ അവർക്കു മുൻപിൽ ഞങ്ങൾ ഇങ്ങനെ നിൽക്കുകയാണ്. ആ സമയത്ത് ഇവരുടെ അതേ പ്രായത്തിലുള്ള ഒരു പയ്യൻ ഓടിവന്നു കെട്ടിപ്പിടിച്ചു. ഈ പയ്യന്മാരെല്ലാം ഓടി വന്ന് കെട്ടിപ്പിടിച്ചു. പെട്ടെന്ന് ആർക്കും ഒന്നും മനസ്സിലായില്ല എന്താണ് സംഭവം എന്ന്. 

മാലാ പാർവതി: അവന്‍ കണ്ണു തുടച്ച് ഓടി വന്നാണ് കെട്ടിപ്പിടിച്ചത്. എല്ലാവരും വന്ന് കെട്ടിപ്പിടിച്ച് റൗണ്ടായി നിന്നു. ഓടി വന്ന പയ്യൻ കരഞ്ഞു കൊണ്ട് പറയുന്നത് ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ഞാൻ കണ്ട ഏറ്റവും നല്ല സിനിമ എന്നു പറഞ്ഞ് ഇവൻ തിരിഞ്ഞ് എന്നെ ഒരു നോട്ടം നോക്കി. ഞാൻ പേടിച്ചു പോയി. ഞാൻ വിചാരിച്ചു ഇവൻ എന്നെ അടിക്കുമെന്ന്. ഞാൻ പെട്ടെന്ന് തുണിയെടുത്ത് തലയിൽക്കൂടി ഇട്ടു. അപ്പോഴാണ് അവൻ ഒന്ന് ഓൺ ആയത്. പിന്നെ അവൻ വന്നു കൈ ഒക്കെ തന്നു. പക്ഷേ ദേഷ്യം ഉണ്ടായിരുന്നു ആ മുഖത്ത്. മുസ്തഫയും ഇമോഷനൽ ആയി. അതൊക്കെ ഭയങ്കര ഒരു മൊമന്റ് ആയിരുന്നു. മുസ്തഫ ചെന്ന് അവന്റെ പേരും സ്ഥലവും ഒക്കെ ചോദിച്ചിട്ട് പറഞ്ഞു, ഇമോഷനൽ ആയി കണക്ടായില്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണിതെന്ന്. ആദ്യം കുറെയാൾക്കാരു വന്ന് സിനിമ കണ്ടിട്ട് ‘പോപ്കോൺ നന്നായിരുന്നു’ എന്നൊക്കെ പറഞ്ഞു പോയിരുന്നു. ആ മനോഭാവം ഇപ്പോൾ മാറി. അതൊക്കെ കേട്ട് ഞങ്ങൾ വിഷമിച്ചിരുന്നെങ്കിലും ഇപ്പോൾ ഹാപ്പി ആണ്.

പുതുമുഖം ആയിട്ടാണ് എല്ലാവരും വരുന്നത് 

മുസ്തഫ: സിനിമയുമായി ബന്ധപ്പെട്ട് ലോ കോളജിൽ പോയപ്പോൾ, പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാൻ ധൈര്യം വന്നതിന് കാരണമെന്താണെന്നു ചോദിച്ചു. ഒരു താരവും പുതുമുഖം ആകാതെ വന്നിട്ടില്ല. പുതുമുഖം ആയിട്ടു തന്നെയാണ് എല്ലാവരും വന്നിട്ടുള്ളത്. ഇവരും അങ്ങനെ വന്ന ആളുകളാണ്. നാളത്തെ താരങ്ങളാണ് ഇവർ. താരം എന്നതിനേക്കാൾ മികച്ച അഭിനേതാക്കൾ ആണിവർ. 

മാലാ പാർവതി: എത്രയും പെട്ടെന്ന് തിയേറ്ററിൽ പോയി നിങ്ങൾ സിനിമ കാണുക. കാരണം ഇത് ഞങ്ങൾക്ക് വളരെ നിർണായകമായ സമയമാണ്. മലയാളത്തിൽ വലിയ താരമൂല്യമുള്ള പടങ്ങൾ വരുമ്പോൾ അധികം താരമൂല്യം ഇല്ലാത്തവരുടെ സിനിമയെ എന്തു കാരണത്തിന്റെ പുറത്താണ് തിയറ്ററിൽ നിന്ന് മാറ്റുന്നത്. ഈ ഒരു എക്കണോമിക്സും കണക്കുക്കൂട്ടലും ഞങ്ങൾക്കിതുവരെ പിടി കിട്ടിയിട്ടില്ല. എപ്പോഴും ഒരു ഭയത്തിലാണ്.

English Summary:

Maala Parvathy interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com