ADVERTISEMENT

ആദ്യം കാണുമ്പോഴേ അന്‍പ് എന്ന വാക്ക് മനസ്സില്‍ തോന്നുന്ന വിധം മുഖമുള്ളൊരു കൊച്ചു പയ്യന്‍. ആ വാക്കിലൂറിയിറങ്ങുന്ന സ്നേഹം തെളിയുന്നൊരു ചെറിയ മുഖം. അതായിരുന്നു ‘മുറ’യിലേക്ക് അന്‍പ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനൊരു കുഞ്ഞിനെ തേടിയിറങ്ങുമ്പോള്‍ സംവിധായകനും സംഘവും മനസ്സില്‍ കണ്ടത്. കുറേ തേടലുകള്‍ക്കൊടുവില്‍ അവര്‍ക്ക് അങ്ങനെയൊരാളെ തന്നെ കിട്ടി. യാദൃച്ഛികമെന്നോളം അതുവരെ ജീവിച്ച കുഞ്ഞു ജീവിതത്തിനിടയില്‍ തന്നെ കുറേ സിനിമകള്‍ കണ്ട, സിനിമയോട് തെല്ലൊരിഷ്ടം കൂടുതലുള്ളൊരാള്‍ തന്നെയായിരുന്നു അത്. മറ്റൊരു പ്രത്യേകത രാജ്യസഭാ എംപി എ.എ. റഹീമിന്റെയും ഡല്‍ഹിയില്‍ കോളജ് അധ്യാപികയായ അമൃതയുടെയും മകനാണ് മുസ്തഫ ‘മുറ’ എന്ന തന്റെ ചിത്രത്തിലെ അന്‍പ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കണ്ടെത്തിയ ഗുല്‍മോഹര്‍. ഗുല്‍മോഹര്‍ എന്ന പേരു പോലെ ചന്തമുള്ളൊരു വേഷം, ചെറിയൊരു വേഷം ചെയ്തതിന്റെ കൗതുകത്തിലാണ് അവന്‍. കഥയേയും കഥാപാത്രത്തെയും ആദ്യ സിനിമയുടെയും അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മിടുക്കനായി സംസാരിച്ചു തുടങ്ങിയിട്ട് പതിയെ അമ്മയ്ക്കു ഫോണ്‍ കൈമാറി ഗുല്‍മോഹര്‍. ഗുല്‍മോഹര്‍ അന്‍പായ കഥ അന്‍പോടെ അമൃത റഹീം പറയുന്നു.

അന്‍പുള്ളൊരു മുഖം

ജിത്തു പിരപ്പിന്‍കോട് ആയിരുന്നു ഇങ്ങനെയൊരു സിനിമയുണ്ട് അതിലെ ഒരു ചെറിയ കഥാപാത്രം ചെയ്യാന്‍ ഗുല്‍മോഹറിന്റെ പ്രായത്തിലുള്ളൊരു കുട്ടിയെ വേണം, ഓഡിഷനില്‍ മകനെ പങ്കെടുക്കാമോ എന്നു ചോദിച്ചത്. അവനോട് ചോദിച്ചപ്പോള്‍, അവന്‍ ഓക്കെ പറഞ്ഞു. അങ്ങനെയാണ് പോയത്. ഓഡിഷനില്‍ പ്രത്യേകിച്ച് അഭിനയിക്കാനൊന്നും നല്‍കിയില്ല. ഫോട്ടോ ഷൂട്ട് ഒക്കെയായിരുന്നു. രണ്ടാഴ്ച കഴിഞ്ഞാണ് അവര്‍ വിളിച്ചു പറഞ്ഞത്, ഓകെ ആണ് ഷൂട്ടിങിന് മുന്‍പൊരു ആക്ടിങ് ക്യാമ്പ് ഉണ്ട് അതില്‍ പങ്കെടുക്കണമെന്ന്. അതായിരുന്നു തുടക്കം.

അന്‍പായി മാറിയ നാളുകള്‍

എനിക്ക് തോന്നുന്നു ഇത്രയും കാലത്തെ അവന്റെ ജീവിതത്തില്‍ വീടിനു പുറത്ത് ഇത്രയേറെ മനോഹരമായ അനുഭവങ്ങള്‍ അവന് സമ്മാനിച്ച വേറെ ദിവസങ്ങളുണ്ടാകില്ലെന്ന്. അത്രമാത്രം അവന്‍ ആ ക്യാമ്പുമായി ഇണങ്ങിച്ചേര്‍ന്നു. ആ ക്യാമ്പിലെ എല്ലാവരും അവന്റെ കൂട്ടുകാരായി. കഥാപാത്രങ്ങളുടെ പേരുകളായിരുന്നു പരസ്പരം വിളിച്ചിരുന്നതു പോലും. ആ സിനിമ അവന്റെ ജീവിതത്തിന്റെ ഭാഗമായി. അതിലെ അഭിനയത്തെ നോര്‍മല്‍ ലൈഫില്‍ നിന്നും വേര്‍തിരിക്കാന്‍ പിന്നെ കഴിയാതെയായി. പല വയസുകളിലുള്ള കൂട്ടുകാരെ കിട്ടി. ചെറിയ വേഷമായിരുന്നെങ്കിലും അതിലേക്കുള്ള തയാറെടുപ്പുകള്‍ ജീവിതത്തിലേക്കുള്ള വലിയ ഓര്‍മകളായി മാറി.

അന്‍പോടെ ആ ദിവസങ്ങള്‍

തമിഴ്നാട്ടിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. വളരെ കുറച്ചു സീനുകളേ അവന് ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ഇപ്പോള്‍ ഒരു സര്‍വകലാശാലയില്‍ അധ്യാപികയാണ്. ജോലിക്കാര്യത്തിനായി ആദ്യമായി മക്കളെ വിട്ട് മാറി നില്‍ക്കുകയാണ്. സത്യം പറഞ്ഞാല്‍ ഗുല്‍മോഹര്‍ വീട്ടിലെ കാര്യസ്ഥന്റെ റോള്‍ കൂടി ചെറുതായി നോക്കുന്നുണ്ട്. ഇളയയാള്‍ എല്‍കെജിയില്‍ ആയിട്ടേയുള്ളൂ. എന്റെ അച്ഛനും സുഖമില്ലാതിരിക്കുകയാണ്. ആ തിരക്കുകള്‍ക്കിടയിലായിരുന്നു ഷൂട്ടിങ് യാത്ര. പക്ഷേ സംവിധായകന്‍ മുസ്തഫയും ടീമും അങ്ങേയറ്റം പിന്തുണ നല്‍കി. ഈ കഥാപാത്രം അവതരിപ്പിക്കുന്ന കുട്ടിയെ കണ്ടാല്‍ അന്‍പ് എന്ന പേര് അവന് ചേരണം എന്നതായിരുന്നു അവരുടെ മനസ്സില്‍.

നിനച്ചിരിക്കാതെ

ഈ ഷൂട്ടിങിന്റെ ദിവസങ്ങളിലായിരുന്നു ഒരു തമിഴ് സിനിമ ടീം അവിടേക്കു വന്നത്. വിക്രം ചിത്രമായിരുന്നു അത്. ‘ചിത്ത’യുടെ സംവിധായകന്‍ അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ‘വീരധീരശൂര’ എന്ന സിനിമയുടെ ടീമായിരുന്നു അത്. അവിടെ വച്ച് അവനെ അവർ കണ്ടപ്പോള്‍ അതിലെ ഒരു കഥാപാത്രത്തിന് ചേരുമെന്നു തോന്നി. അവര്‍ ആ സിനിമയിലേക്ക് അവനെ തിരഞ്ഞെടുത്തു. അതൊരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. ഇതേ സിനിമയുടെ തന്നെ പ്രൊഡക്‌ഷന്‍ ഹൗസിന്റെ ചിത്രമായിരുന്നു അതും. നിനച്ചിരിക്കാതെയാണ് ഈ സിനിമ വന്നത്.

gulmohar-rahim23

പണ്ടേയിങ്ങനെ

ഞാനും റഹീമും സിനിമയില്‍ ജീവിക്കുന്ന ആളുകളാണെന്നു പറയാം. ഏത് സിനിമയിറങ്ങിയാലും കാണും. അതേക്കുറിച്ച് ചര്‍ച്ച ചെയ്യും. വര്‍ത്തമാനം പറയും. ഗുല്‍മോഹര്‍ മൂന്നാം മാസം മുതല്‍ ആ ജീവിതത്തിന്റെ ഭാഗമാണ്. അവന്‍ പഴയ സിനിമകളുടെ വലിയ ആരാധകനാണ്. ഒരുപാട് സിനിമകള്‍ കാണും. അതിലെ ഡയലോഗുകളൊക്കെ കാണാപ്പാഠമാണ്. മിക്കപ്പോഴും നല്ല ടൈമിങില്‍ അത് പറയുകയും ചെയ്യും. അതുപോലെ ചെറുപ്പം തൊട്ടേ ടിവി റിപ്പോര്‍ട്ടര്‍മാരെ അനുകരിക്കുന്ന സ്വഭാവമുണ്ട്. വെള്ളപ്പൊക്കവും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നതൊക്കെ അനുകരിക്കും. ടിവി റിപ്പോര്‍ട്ടര്‍മാരുടെ പേരുകളൊക്കെ അറിയാം. കാമറമാന്റെ പേരും അറിയാമായിരുന്നു. ബക്കറ്റിലൊക്കെ വെള്ളം നിറച്ചു നിന്നിട്ട് അത് പറയുന്നതു കേള്‍ക്കാന്‍ നല്ല രസമാണ്.

gulmohar-rahim

അവര്‍ അവരുടെ വഴി കണ്ടെത്തണം

റഹീം എപ്പോഴും പറയാറുണ്ട്, നമ്മള്‍ എപ്പോഴാണോ നമ്മുടെ മക്കളുടെ സ്‌കില്‍ തിരിച്ചറിയുന്നതും അതിലേക്ക് അവരെ വഴിനടത്തുന്നതും അപ്പോള്‍ മാത്രമാണ് നമ്മള്‍ പേരന്റിങില്‍ വിജയിക്കുക, അതുവരെ നമ്മള്‍ പരാജിതരാണ് എന്ന്. ഞങ്ങള്‍ രണ്ടാളും സ്‌കൂള്‍ കലോല്‍സവങ്ങളില്‍ ജീവിച്ച ആളുകളാണ്. നാടകവും മോണോ ആക്ടുമൊക്കെ റഹീമിന് സിനിമയേക്കാള്‍ പ്രിയമാണ്. അത് പഠിപ്പിച്ചിരുന്നു ഒരു കാലത്ത്. ആ ടച്ച് അവനിലുമുണ്ടാകുമല്ലോ. അത് അതിന്റേതായ സമയമെടുത്ത് പരുവപ്പെടട്ടേ എന്നാണ് ഞങ്ങളുടെ ചിന്ത. ഗുല്‍മോഹറിന് സിനിമ വലിയ ഇഷ്ടമാണ്. പക്ഷേ എനിക്ക് തോന്നിയിട്ടുള്ളത് സിനിമ ഉണ്ടാകുന്ന പ്രോസസ് ആണ് അവനെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളത് എന്നാണ്. ഇപ്പോൾ അതാണ് ഇഷ്ടം. കുട്ടികൾ വളരുകയല്ലേ. അവരുടെ ഇഷ്ടങ്ങൾ നാളെ മാറാം. ഞങ്ങൾ രണ്ടാളും എന്താണെങ്കിലും ഒരുപാട് കൗതുകത്തോടെ അക്കാര്യങ്ങളെ കാത്തിരിക്കുകയാണ്.എന്തായാലും അവന് അവന്റെ വഴി കണ്ടെത്താനാകട്ടെ, ഞങ്ങള്‍ ഒപ്പമുണ്ടാകും.

ബോര്‍ ആയോ എന്ന ചോദ്യം

‘മുറ’യുടെ ഷൂട്ടിങില്‍ ഉടനീളം ഞാന്‍ ഒപ്പമുണ്ടായിരുന്നു. പക്ഷേ തമിഴ് സിനിമയുടെ സമയത്ത് എനിക്ക് മുഴുവന്‍ സമയം ഒപ്പം നില്‍ക്കാനായില്ല. ഞങ്ങളുടെ സഹപ്രവര്‍ത്തകരും ഓഫിസിലെ സ്റ്റാഫുകളും വരെ അവന് കൂട്ടുപോയി. എനിക്കും ചെറിയ വിഷമമുണ്ടായിരുന്നു അന്ന്. അന്നേരം അവനോട് ചോദിച്ചു, എങ്ങനെയുണ്ട് സിനിമ, ബോര്‍ ആയിത്തുടങ്ങിയോ എന്നൊക്കെ, അന്നേരം ചെറുതായിട്ട് ബോര്‍ ആയിത്തുടങ്ങി എന്നു പറഞ്ഞു. കുട്ടിയല്ലേ അവന്‍ സ്‌കൂള്‍ മുടങ്ങുന്നതും വീട്ടില്‍ വരാന്‍ പറ്റാത്തതും ബാധിച്ചിട്ടുണ്ടാകണം. എന്തായാലും സിനിമയുടെ ഷൂട്ടിങ് നന്നായി കഴിഞ്ഞു.

gulmohar

അങ്ങേയറ്റം എക്‌സൈറ്റഡ്: എ.എ.റഹീം

ഗുലുവിന്റെ ടാലന്റ് എന്താണെന്നുള്ളത് ഞാനും അമൃതയും എപ്പോഴും നരീക്ഷിക്കുന്നൊരു കാര്യമായിരുന്നു. ഞങ്ങള്‍ രണ്ടു പേരുടെയും ഉള്ളിലുള്ളൊരു വലിയ ചോദ്യവും അതായിരുന്നു. കാരണം ഏതൊരു കുട്ടിയിലും ഒരു ടാലന്റ് ഒളിഞ്ഞു കിടക്കുന്നുണ്ട്. അത് നേരത്തേ തിരിച്ചറിഞ്ഞാല്‍ അത്രത്തോളം അവരുടെ ജീവിതത്തില്‍ അത് ഗുണം ചെയ്യും. ഗുലു ക്രിയേറ്റീവ് ആയൊരു കുട്ടിയാണെന്ന് ആദ്യമേ തോന്നിയിരുന്നു. ആദ്യം തോന്നി അവന് സ്‌പോര്‍ട്‌സിലാണ് കമ്പമെന്ന് പിന്നെ മനസ്സിലായി അതില്‍ അല്ലെന്ന്. സിനിമയോട് വലിയ ഇഷ്ടമായതുകൊണ്ട് അതിനെ കുറിച്ചായി അടുത്ത ചിന്ത. അങ്ങനെയാണ് ഓഡിഷന് അവസരം വന്നപ്പോള്‍ അതിലേക്ക് പോയത്. അതെന്തായാലും നന്നായി. ഷൂട്ടിങിന് മുന്‍പുള്ള ട്രെയിനിങ് കഴിഞ്ഞ്് വന്നപ്പോള്‍ അവനും അവനില്‍ മുസ്തഫയ്ക്കും ആത്മവിശ്വാസമുണ്ടായി. 

എനിക്ക് തിരഞ്ഞെടുപ്പ് തിരക്ക് കാരണം ഷൂട്ടിങിനൊന്നും പോകാനായില്ല. എങ്കിലും വലിയ രണ്ടു സന്തോഷങ്ങളാണ് സിനിമ തന്നത്. ആദ്യത്തേത് അവന് സിനിമയിലെ അവന്റെ സന്തോഷം അവന്റെ വഴികളിലൊന്നാണെന്ന് അറിഞ്ഞത് മറ്റൊന്ന് ബിഗ് സ്‌ക്രീനില്‍ കണ്ടത്. വളരെ ചെറിയ റോള്‍ ആണെങ്കിലും ഞങ്ങള്‍ക്കത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണ്. ഇപ്പോൾ സിനിമയോടുള്ള കമ്പം നാളെ മറ്റെന്തെങ്കിലും കാര്യത്തോടാകാം. ഞങ്ങൾ ഇരുവരും അവർ എന്തൊക്കെ വഴികളാകും തിരഞ്ഞെടുക്കുക എന്ന്  കാത്തിരിക്കുകയാണ്. അവരുടെ തിരഞ്ഞെടുപ്പുകളാണ് വലുത്. നമ്മൾ നിരന്തരം അവരുടെ മാറ്റങ്ങളിലേക്ക് നോക്കിയിരിക്കുകയാണ്. അത്രേയുള്ളൂ.

ആ സങ്കടം ബാക്കി

ഗുലു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് റഹീമിന്റെ ഉമ്മ, ഗുലുവിന്റെ പ്രിയപ്പെട്ട ഉമ്മച്ചി അറിഞ്ഞിരുന്നു. അസുഖബാധിതയായി കിടക്കുകയായിരുന്നു അന്നേരം. എങ്കിലും, കാഴ്ചയില്‍ തന്റെ ഛായയുള്ള പ്രിയപ്പെട്ട കൊച്ചുമകന്റെ സിനിമ കാണിക്കാന്‍ എങ്ങനെയെങ്കിലും  കൊണ്ടുപോകണമെന്നും പറഞ്ഞിരുന്നു. പക്ഷേ ഷൂട്ടിങ് തുടങ്ങിയതു പോലും അറിയാതെ ഉമ്മച്ചി മരണത്തിനൊപ്പം പോയി.  ബിഗ് സ്‌ക്രീനില്‍ മകനെ കണ്ട സന്തോഷം നിറയുമ്പോഴും ഉമ്മച്ചിയ്ക്ക് അങ്ങനെ അവനെ കാണാനായില്ലെന്ന സങ്കടം മാത്രം ബാക്കിയെന്ന് അമൃതയും റഹീമും പറഞ്ഞു.

English Summary:

Born for the Camera? Meet Gulmohar, the Child Star Whose Love for Cinema Shines Through

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com