ADVERTISEMENT

രുധിരം എന്ന സിനിമ കണ്ടിറങ്ങിയവരാരും ചിത്രത്തിലെ മെമ്പർ വർഗീസിനെ മറക്കാനിടയില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ താനൊരു അസാധ്യ നടനാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് ആ കഥാപാത്രത്തിലൂടെ കോട്ടയംകാരനായ കുമാരദാസ് ടി.എൻ കാഴ്ച വച്ചത്. ബസേലിയൂസ് കോളജിൽ പഠിക്കുമ്പോൾ സുഹൃത്തും പിന്നീട് മലയാള ചലച്ചിത്രമേഖലയിൽ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീറിനൊപ്പം ഒരുക്കിയ ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയമെന്ന വലിയ സ്വപ്നത്തിലേക്ക് കുമാരദാസ് ആദ്യ ചുവടു വച്ചത്. പിന്നീട്, അഭിനയം ഗൗരവമായി പഠിക്കാൻ ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനങ്ങളിൽ വിദ്യാർഥിയായി. പല ദേശങ്ങൾ, പല വേഷങ്ങൾ... അവയൊക്കെയും അഭിനയം എന്ന വലിയ ഇഷ്ടത്തിലേക്കുള്ള ചവിട്ടുപടികളായിരുന്നു. ഹിന്ദി വെബ് സീരീസുകളിലും സിനിമകളിലും വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ച കുമാരദാസിന് ഏറ്റവും പ്രിയപ്പെട്ട മലയാള ചലച്ചിത്രമേഖലയിലെത്താൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു. ആ കാത്തിരിപ്പിന് അർഥസംപുഷ്ടമായ പരിസമാപ്തിയാണ് നവാഗതനായ ജിഷോ ലോൺ ആന്റണി ഒരുക്കിയ രുധിരം എന്ന സിനിമയിലൂടെ സംഭവിച്ചത്. ചിത്രത്തിലെ മെമ്പർ വർഗീസ് പുതിയൊരു കാഴ്ചാനുഭവമാണ് പ്രേക്ഷകർക്കു സമ്മാനിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി കുമാരദാസ് മനോരമ ഓൺലൈനിൽ. 

അഭിനയം പഠിക്കാനുള്ള അലച്ചിൽ

റിലീസാകുന്ന എന്റെ ആദ്യമലയാള സിനിമയാണ് രുധിരം. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നാണ് ഞാൻ അഭിനയ പഠനം തുടങ്ങുന്നത്. പക്ഷേ, ആ കോഴ്സ് ഞാൻ പൂർത്തിയാക്കിയില്ല. പിന്നീട് ഞാൻ ന്യൂഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ മൂന്നു വർഷം പഠിച്ചു. സംവിധാനമാണ് പഠിച്ചത്. പിന്നീട് ഡൽഹി ആസ്ഥാനമാക്കി, ഡയറക്ടർ, ആക്ടർ, ഡിസൈനർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. മധ്യപ്രദേശ് സ്കൂൾ ഓഫ് ഡ്രാമയിൽ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റായും ജോലി നോക്കി. അപ്പോഴും അഭിനയിക്കാനുള്ള മോഹം ഉള്ളിലുണ്ടായിരുന്നു. അങ്ങനെ ഞാൻ വീണ്ടും പഠിക്കാൻ പോയി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി അഭിനയം പഠിച്ചു. എൻഎസ്ഡിയിലെ മൂന്നു വർഷത്തെ കോഴ്സും പുണെയിലെ രണ്ടു വർഷത്തെ കോഴ്സും പൂർത്തിയാക്കിയ ആകെ മൂന്നു പേരെ ഇന്ത്യയിലുള്ളൂ. ഒന്ന് ഓംപൂരി, രണ്ട് നസറുദ്ദീൻ ഷാ, മൂന്നാമത്തെയാൾ ഞാനാണ്. അഭിനയത്തിൽ എന്റെ ഗുരു നസറുദ്ദീൻ ഷാ ആണ്. 

ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് 

2018ൽ കോഴ്സ് ചെയ്തതിനു ശേഷം മുംബൈ കേന്ദ്രമാക്കിയാണ് ജോലി ചെയ്തത്. പോച്ചർ വെബ് സീരീസ്, വിശാൽ ഭരദ്വാജിന്റെ ഫുർസത്ത്, വിദ്യാ ബാലൻ അഭിനയിച്ച ദോ ഓർ ദോ പ്യാർ, സിറ്റി ഓഫ് ഡ്രീംസ്, അവരോധ് തുടങ്ങി നിരവധി ഹിന്ദി സിനിമകളിലും വെബ് സീരീസിലും അഭിനയിച്ചു. പട, ഇന്നു മുതൽ എന്നീ സിനിമകളിൽ അതിഥിവേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. എന്നാൽ, ഒരു മുഴുനീള വേഷം സംഭവിക്കുന്നത് രുധിരത്തിലാണ്. നടൻ എന്ന രീതിയിൽ മലയാളത്തിന് എന്നെ പരിചയപ്പെടുത്തിയ ചിത്രം എന്നു വേണമെങ്കിൽ പറയാം. അത്രയും ഗംഭീര കഥാപാത്രമാണ് സംവിധായകൻ ജിഷോ എനിക്കു തന്നത്. നവഭാവങ്ങൾ ചെയ്യാൻ കഴിയുന്ന കഥാപാത്രം. മൂന്നിൽ കൂടുതൽ ലുക്കുകളിൽ ഈ സിനിമയിൽ ഞാൻ പ്രത്യക്ഷപ്പെടുന്നുണ്ട്. രാജ് ബി.ഷെട്ടിക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതു തന്നെ വലിയൊരു അനുഭവം ആയിരുന്നു. 

മെമ്പർ വർഗീസ് തന്ന ചലഞ്ച്

കാസ്റ്റിങ് ഡയറക്ടർ അലൻ പ്രാക് ആണ് എന്നെ ഈ പ്രൊജക്ടിലേക്ക് കൊണ്ടു വരുന്നത്. അദ്ദേഹം സ്കൂൾ ഓഫ് ഡ്രാമയിൽ എന്റെ ജൂനിയർ ആയിരുന്നു. അദ്ദേഹം വഴിയാണ് ഞാൻ, രമേശ് വർമ, രമ്യ വൽസല, കെ.പി ഉമ എന്നിവരൊക്കെ ഈ സിനിമയിലെത്തിയത്. ഞാനൽപം തടിച്ച പ്രകൃതമുള്ള കക്ഷിയാണ്. ഓഡിഷനു ചെന്നപ്പോൾ ജിഷോ ഉണ്ടായിരുന്നില്ല. വേറെ ഒരു രീതിയിലാണ് അപ്പോൾ ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. പക്ഷേ, എന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്യാൻ പറ്റുമെന്ന വിശ്വാസം അവർ‌ക്കുണ്ടായിരുന്നു. പിന്നീട് ഒരു ഡിസംബർ മാസത്തിലാണ് എന്നെ ഈ കഥാപാത്രത്തിന് ഉറപ്പിച്ചു എന്നു പറഞ്ഞുകൊണ്ട് രുധിരം ടീമിൽ നിന്ന് വിളിയെത്തുന്നത്. പിന്നാലെ, ജിഷോ വിളിച്ചു പറഞ്ഞു, ‘കുമാരാ... ഈ കഥാപാത്രത്തിനായി വയർ കുറയ്ക്കണം’ എന്ന്. ഞാനും കുറെക്കാലമായി വയറൊന്നു കുറയ്ക്കണം എന്നു കരുതി ഇരിക്കുകയായിരുന്നു. ഈ സിനിമ കൂടി അതാവശ്യപ്പെട്ടതോടെ ഒരു ചലഞ്ച് ആയി അക്കാര്യം ഏറ്റെടുത്തു. എനിക്ക് അധികം സമയം അതിനായി ഉണ്ടായിരുന്നില്ല. ഒരു മാസത്തിനുള്ളിൽ ഷൂട്ട് തുടങ്ങും. റോഷൻ എന്നൊരു സുഹൃത്ത് ഉണ്ട്. നിവിൻ പോളി ഉൾപ്പടെയുള്ള താരങ്ങളെ പരിശീലിപ്പിക്കുന്ന കക്ഷിയാണ്. ഞാൻ അദ്ദേഹത്തെ പോയി കണ്ടു. ഒരു ഡയറ്റ് പ്ലാൻ ഉണ്ടാക്കി. 45 ദിവസത്തെ വർക്കൗട്ട് പ്ലാൻ ചാർട്ട് ചെയ്തു. അങ്ങനെ ഒരു വിധം വയർ കാണിക്കാൻ പറ്റുന്ന ഷെയ്പ്പിലേക്ക് എത്തി. അങ്ങനെയാണ് ഷൂട്ട് ചെയ്തത്. പിന്നെ, ബൈക്ക് ഓടിക്കുന്ന സീനുണ്ട് സിനിമയിൽ. ഞാൻ അധികം വണ്ടി ഓടിക്കുന്ന ആളല്ല. അതുകൊണ്ട്, അക്കാര്യം പരിശീലിക്കാനായി ഞാൻ ഒരു ബൈക്ക് വാങ്ങി. അത് ഓടിച്ചു പരിശീലിച്ചു.  

റിയലിസ്റ്റിക് അടിയും സിംഗിൾ ഷോട്ടും

ഏപ്രിൽ, മെയ് മാസങ്ങളിൽ തൃശൂരിലെ ചിമ്മിനി ഡാം പരിസരത്തായിരുന്നു ഷൂട്ട്. നല്ല ചൂടാണ്. ഇൻഡോർ സീനാണെങ്കിലും ചെറിയ മുറിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഫൈറ്റ് ചെയ്യാനുണ്ട്. അതിനും ചെറിയൊരു മുന്നൊരുക്കം ഞാൻ നടത്തിയിരുന്നു. സ്റ്റണ്ട് എന്നു പറയുന്നതിനെക്കാൾ അടിയാണ് അവിടെ നടക്കുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫർ റോബിനും അഭിലാഷും ഉണ്ടായിരുന്നു. അവർ എനിക്ക് പ്രാക്ടീസ് തന്നിരുന്നു. ഒരു മാസം ഞാനും പ്രത്യേകം പരിശീലനം നേടി. പ്രാക്ടീസ് ചെയ്തത് ഒന്നുമല്ല അവിടെ ചെയ്തത്. റിയലിസ്റ്റിക് അടിയാണ് സിനിമയിൽ കാണിക്കുന്നത്. കൂടുതലും സിംഗിൾ ഷോട്ടുകളായിരുന്നു. ഫേക്ക് ചെയ്യാൻ പറ്റില്ല. അതിനുവേണ്ടി ശരീരത്തെ പാകപ്പെടുത്താൻ ഈ പരിശീലനം സഹായിച്ചു.

kumaradas-tn-actor
കുമാരദാസ് ടി.എൻ (Special Arrangement)

ഞാനൊരു കോട്ടയംകാരൻ

എന്റെ വീട് കോട്ടയം പാമ്പാടിയിലാണ്. പഠിച്ചത് കോട്ടയം ബസേലിയൂസ് കോളജിലാണ്. പിന്നീടുള്ള യാത്ര മുഴുവൻ തൃശൂർ, ഡൽഹി, മുംബൈ, പുണെ എന്നിവിടങ്ങളിലൂടെയായി. ഞാനും ഷാഹി കബീറും (സംവിധായകൻ, തിരക്കഥാകൃത്ത്) ഒരു ബാച്ചാണ്. ഞാനും ഷാഹിയും ഒന്നിച്ചൊരു ഹ്രസ്വചിത്രമൊക്കെ ചെയ്തിട്ടുണ്ട്. അതിലാണ് ഞാനാദ്യമായി ക്യാമറയ്ക്കു മുൻപിൽ വരുന്നത്. ഷാഹി എനിക്കു മുൻപെ മലയാളം സിനിമയിലെത്തി. ഷാഹിയുടെ എല്ലാ പടത്തിലും എന്നെ വിളിക്കും. പക്ഷേ, പല കാരണങ്ങൾ കൊണ്ട് അതൊന്നും നടന്നില്ല. ഞാൻ ഒരു ആക്ടിങ് ട്രെയിനർ കൂടിയാണ്. അതിന്റെ ഭാഗമായി ധാരാളം യാത്രകൾ ചെയ്യേണ്ടി വരാറുണ്ട്. ഇപ്പോൾ പാലക്കാട് അഹല്യ മീഡിയ സ്കൂളിൽ സ്ക്രീൻ ആക്ടിങ് ഡിപ്പാർട്ട്മെന്റിന്റെ മേധാവി ആണ്. കൂടാതെ എൻഎസ്ഡിയിലും പഠിപ്പിക്കാൻ പോകാറുണ്ട്. അതോടൊപ്പം ആക്ടിങ് വർക്‌ഷോപ്പുകൾ ചെയ്യാറുണ്ട്. കൂടുതലും ഉത്തരേന്ത്യയിലാണ് പല പരിപാടികളും. ഈ വർഷമാണ് ശരിക്കും കേരളത്തിലേക്ക് എത്തിയത്. 

പ്രതികരണങ്ങളിൽ സന്തോഷം

സിനിമ കണ്ടവർ ഞാൻ അവതരിപ്പിച്ച മെമ്പർ വർഗീസിന്റെ കഥാപാത്രത്തെക്കുറിച്ച് പ്രത്യേകം സംസാരിക്കുന്നത് വളരെ സന്തോഷമുളവാക്കിയ കാര്യമായിരുന്നു. സോഷ്യൽ മീഡിയയിൽ മെമ്പർ വർഗീസ് കിടുവായിരുന്നു, പൊളിയായിരുന്നു എന്നൊക്കെ പലരും പറയുമ്പോൾ സന്തോഷം തോന്നും. മലയാളത്തിലേക്ക് ഇടിച്ചു കയറി വരണം എന്നാണല്ലോ നടനാകാൻ ആഗ്രഹിക്കുന്ന ആരും മോഹിക്കുക. അതു കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. സിനിമ കണ്ടിറങ്ങിയവർക്ക് എന്നെ നേരിൽ കാണുമ്പോൾ മനസ്സിലാക്കാൻ പറ്റില്ല. കാരണം, വേറെ ഗെറ്റപ്പിലാണല്ലോ സിനിമയിലുള്ളത്. തിയറ്റർ വിസിറ്റ് നടത്തിയപ്പോൾ പലർക്കും എന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല. മുഖം ആളുകളുടെ മനസ്സിൽ പതിഞ്ഞില്ലെങ്കിലും പ്രകടനം പ്രേക്ഷകർ ശ്രദ്ധിച്ചു. അതാണ് സന്തോഷം. വേറെ ചില ചിത്രങ്ങളും ഷൂട്ട് കഴിഞ്ഞിട്ടുണ്ട്. പലതും റിലീസ് ചെയ്യാനിരിക്കുകയാണ്. ഇടിമഴക്കാറ്റ്, ഷാഹി കബീറിന്റെ റോന്ത്, യൂജിൻ ചിറമ്മേലിന്റെ സൂത്രവാക്യം എന്നീ സിനിമകളിലും അഭിനയിച്ചു. ആദ്യം റിലീസ് ചെയ്തത് രുധിരം ആണ്. ഇടിമഴക്കാറ്റിൽ ചെമ്പൻ വിനോദിന്റെ അനുജന്റെ കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. 

English Summary:

Discover the inspiring journey of Kumaradas T.N., whose phenomenal debut performance as Member Varughese in the Malayalam film 'Rudhiram' is captivating audiences.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com