ADVERTISEMENT

പുതുമുഖങ്ങളുടെ വലിയ നിര അണിനിരന്ന ചിത്രമായിരുന്നു ഒരു അഡാര്‍ ലവ്. പക്ഷേ സിനിമയാകട്ടെ അതിലും വലിയൊരു വാര്‍ത്താനിരയാണ് സൃഷ്ടിച്ചത്. പേരു പോലെ തന്നെ അഡാര്‍ ട്രോളുകളും ഗോസിപ്പുകളും ചിത്രത്തിന്റേതായി വന്നു. അതിപ്പോഴും അവസാനിക്കുന്നുമില്ല. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തെ അവതരിപ്പിച്ച റോഷ്‌ന അതേപ്പറ്റി സംസാരിക്കുന്നു. 

 

അഡാറ് ലൗവിലെ ടീച്ചർ

roshna-ann-roy-5

 

എന്റെ കരിയറിലെ മികച്ച കഥാപാത്രമാണിത്. ഇതുവരെ കിട്ടിയ ഏറ്റവും വലിയ ക്യാരക്ടര്‍. അതിൽ സന്തോഷമുണ്ട്. സിനിമയിൽ വേഷത്തിനു വേണ്ടി കുറേ കഷ്ടപ്പെടുകയും അലയുകയും ചെയ്തതാണ്. ഇപ്പോഴും ആ കഷ്ടപ്പാടുണ്ട്. അതിനിടയില്‍ ഒമറിക്ക സമ്മാനിച്ചതാണ് ഈ വേഷം. എന്റെ കഷ്ടപ്പാടു കണ്ടിട്ടു തന്നെയാണ് ഈ വേഷം തന്നത്. നന്നായി ചെയ്യാനായി എന്നറിയുമ്പോള്‍ അദ്ദേഹത്തോട് നീതിപുലര്‍ത്തിയെന്ന ആത്മസംതൃപ്തിയുണ്ട് മനസ്സില്‍.

roshna-ann-roy-7

 

ശരിക്കും അഡാര്‍ ലവിലെ വഴക്കുകള്‍ എന്താണ്

roshna-ann-roy-4

 

roshna-ann-roy-6

ആദ്യമേ പറയാം എത്ര വിവാദങ്ങളുണ്ടായാലും സിനിമ ഞങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മുന്നോട്ടാണ് പോയത്. ഒരു കൂട്ടം പുതുമുഖങ്ങളെ വച്ച് ചെയ്ത പ്രണയ ചിത്രമാണിത്. പരിചയ സമ്പന്നര്‍ വിരളം. അത്തരത്തില്‍ ഇത് നല്ലൊരു നീക്കം തന്നെയായിരുന്നു. എന്നെപ്പോലുള്ള കുറേ ആളുകള്‍ക്ക് നല്ലൊരു അവസരമാണ് ചിത്രം തുറന്നു തന്നത്.

roshna-ann-roy

 

ചിത്രത്തിലെ വിവാദങ്ങള്‍ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെയാണ്. ആ ഒരൊറ്റ ഗാനത്തിലൂടെ പ്രിയാ വാരിയര്‍ എന്ന നടി വലിയ പ്രശസ്തിയിലെത്തി. അതോടെ സ്വാഭാവികമായും നിർമാതാവിന്റെ മനസ്സു മാറുകയായിരുന്നു. ആരാണോ സിനിമ ഹിറ്റ് ആക്കുന്നത് അവരിലേക്ക് ആകുമല്ലോ പ്രൊഡ്യൂസറിന്റെ ചായ്‌വ്. പക്ഷേ ഇവിടെ നായികയെ അടക്കം മാറ്റുകയും കഥ തിരുത്തുകയും ചെയ്യേണ്ടി വന്നു. അത് ചിലരുടെ നിര്‍ബന്ധം കാരണം സംഭവിച്ചതാണ്. 

 

ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയാണ്. പക്ഷേ പാട്ട് ഹിറ്റ് ആയതോടെ നിര്‍മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാന്‍ സംവിധായകനെ നിര്‍ബന്ധിക്കുകയും ചെയ്തു. അത് സംവിധായകനായ ഒമര്‍ ലുലുവിന് വിഷമമുണ്ടാക്കി. നിര്‍മാതാവ് പ്രിയയുടെ പക്ഷത്തായിരുന്നു. പ്രിയ തിരിച്ചും. 

 

roshna-ann-roy-1

ഞാന്‍ കൊണ്ടു വന്ന നായികയാണ് നൂറിന്‍ എന്ന് ഒമറിക്ക പറഞ്ഞു. അങ്ങനെയൊക്കെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കഥയെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉണ്ടായി. അതൊക്കെ സംവിധായകന് സ്വാഭാവികമായും മാനസിക വിഷമം ഉണ്ടാക്കുമല്ലോ. നിർമാതാവിന് പ്രിയയും റോഷനും തമ്മിലുള്ള പ്രണയത്തിന് പ്രാധാന്യം കൊടുത്താല്‍ മതിയെന്നായിരുന്നു. നൂറിനുമായുള്ളത് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ആ രീതിയില്‍ കഥ മാറ്റാന്‍ സംവിധായകനോട് അദ്ദേഹം പറഞ്ഞു. പക്ഷേ അവസാനം ത്രികോണ പ്രണയകഥ ആണെന്ന പബ്ലിസിറ്റി കൊടുത്തു പോയതു കൊണ്ട്, ഇന്ന് കാണുന്ന രീതിയിലേക്ക് കഥ തീരുമാനിച്ച് പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു. 

 

ഒന്ന് ചിന്തിച്ചു നോക്കൂ നായികയായി ഒരാളെ നിര്‍ത്തുന്നു. എന്നിട്ട് സിനിമയുടെ പാതി വച്ച് അയാളെ മാറ്റി മറ്റൊരാളെ നായികയാക്കുമ്പോള്‍ എന്തായിരിക്കും ആദ്യമെത്തിയ ആളിന് തോന്നുക. പക്ഷേ നൂറിന്‍ ഒരിക്കല്‍ പോലും ഷൂട്ടിങിനിടയില്‍ ഇതേപ്പറ്റി ഒരു സംസാരം ഉണ്ടാക്കുകയോ പരാതി പറയുകയോ ചെയ്തിരുന്നില്ല. വളരെ സൗഹാര്‍ദപരമായാണ് എല്ലാവരോടും ഇടപെട്ടത്. പക്ഷേ സിനിമയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന മാനസിക അടുപ്പം പിന്നീട് എല്ലാവര്‍ക്കിടയിലും ഇല്ലാതെയായി. കഥ മാറ്റുന്നതിനും മറ്റുമായി സിനിമയ്ക്കിടയില്‍ വന്ന ഇടവേള പോലെ എല്ലാവരുടെ മനസ്സിലും അകലമായി. ആ അകലത്തെ കുറിച്ചായിരിക്കണം ഒമറിക്ക വിവാദമായ അഭിമുഖത്തില്‍ പറഞ്ഞത്.

 

പ്രിയയെ ട്രോളുന്നവരോട്

 

പത്തൊമ്പത് വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയാണ് പ്രിയ. അവള്‍ എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ അതിലെ തെറ്റ് കണ്ടുപിടിച്ച് അവളെ ട്രോളുന്നതും കളിയാക്കുന്നതും കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. അനാവശ്യമായ കാര്യങ്ങളാണ് അതൊക്കെ. അവള്‍ക്ക് അവളുടേതായ നിലപാടുകള്‍ കാണും. 

 

എല്ലാത്തിനും ഉപരിയായി ഇവരെല്ലാവരും വളരെ നല്ല വ്യക്തികളാണ്. സ്‌നേഹമുള്ളവരാണ്. പക്ഷേ സിനിമയ്ക്കിടയില്‍ സംഭവിച്ച ഈ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കുകയും മാനസിക അകലം ഉണ്ടാക്കുകയും ചെയ്തു. നൂറിനും പ്രിയയുമൊക്കെ ഉയരങ്ങളിലെത്തും എന്നതിനു തര്‍ക്കമില്ല. ടാലന്റ് ഉള്ള കുട്ടികളാണ് അവര്‍.

 

ഒമര്‍ എന്ന സംവിധായകന്‍

 

ഒരു വ്യക്തി എന്ന നിലയില്‍ വളരെ സ്‌നേഹമുള്ള മനുഷ്യനാണ് അദ്ദേഹം. ഇടപെടുന്നവരോട് സത്യസന്ധമായി പെരുമാറുന്ന വ്യക്തി. അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ച് പല വിമര്‍ശനങ്ങളും കാണും. പക്ഷേ എനിക്ക് പറയാനുള്ളത് ഓരോ സംവിധായകനും ഓരോ ഇഷ്ടങ്ങളാണ്. അതിനനുസരിച്ചാണ് അവര്‍ സിനിമ ചെയ്യുക. നമ്മളുടെ ഇഷ്ടത്തിനനുസരിച്ച് നമ്മളും സിനിമ കാണുക. അദ്ദേഹത്തിന് വളരെ സിമ്പിളായ രസകരമായ തിരക്കഥകളോടായിരിക്കും താല്‍പര്യം. അതിന് അനുസരിച്ച് മുന്നോട്ട് പോകുന്നു. പക്ഷേ ഓരോ സിനിമ ചെയ്യുമ്പോഴും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലെ നിലപാട് പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ മറ്റൊരു ചിത്രമായ ചങ്ക്‌സില്‍ ധര്‍മജന്‍ ഒരു കോളജ് കുട്ടിയായിട്ടാണ് എത്തുന്നത്. നമ്മളൊരിക്കലും ധര്‍മ്മജനെ അങ്ങനെയൊരു വേഷത്തില്‍ പ്രതീക്ഷിക്കില്ല. 

 

അതുപോലെ സിജു വില്‍സണ്‍, ഹണി റോസ്, അനു സിത്താര തുടങ്ങിയവരുടെ കരിയറിലൊക്കെ നിര്‍ണായകമായ സംവിധായകനാണ് അദ്ദേഹം. ഹാപ്പി വെഡിങില്‍ അനു സിത്താരയായിരുന്നു നായിക. ആ ചിത്രത്തോടു കൂടിയാണ് അവര്‍ മുന്‍ നിര നടിയിലേക്ക് ആകുന്നത്. അതിനു ശേഷമാണ് കുറേയധികം നായികാ വേഷങ്ങള്‍ തേടി വന്നതും. ഇന്ന് അവര്‍ എവിടെ നില്‍ക്കുന്നുവെന്ന് അറിയാമല്ലോ. അതുപോലെ ഹണി റോസിന്റെ കരിയറില്‍ ഒരിടവേള വന്നപ്പോഴും അവര്‍ക്ക് പുതിയൊരു ചിത്രം നല്‍കിയത് ഒമറിക്കയാണ്. പുതുമുഖങ്ങളെ കണ്ടെത്തി സിനിമയ്ക്ക് സമ്മാനിക്കുകയും അവര്‍ക്ക് ഒരു വഴി തുറന്നു കൊടുക്കുകയും ചെയ്യുന്നത് വലിയ കാര്യമല്ലേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com