ADVERTISEMENT

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻ.ടി.ആര്‍.,  രാംചരണ്‍ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. 

 

1920കളിലെ അല്ലൂരി സീതാരാമ രാജു (രാം ചരൺ), കോമരം ഭീം (ജൂനിയര്‍ എൻ.ടി.ആർ.) എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ആര്‍ആര്‍ആര്‍ ടീമിന്റെ പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുക. 

 

ചിത്രത്തെക്കുറിച്ച് രാജമൗലിയുടെ വാക്കുകൾ: നൂറുശതമാനവും ഇതൊരു സാങ്കല്‍പിക കഥയാണ്. എന്നാൽ രണ്ട് യഥാർഥ പോരാളികളാണ് പ്രധാനകഥാപാത്രങ്ങൾ. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുക. ‘കൊമരം ഭീം, അല്ലുരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. രണ്ട് പേരും പരസ്പരം കണ്ടിട്ടില്ല. അവര്‍ തമ്മില്‍ കണ്ടിരുന്നുവെങ്കില്‍ എന്താകുമായിരുന്നു, അവര്‍ തമ്മില്‍ പരസ്പരം അറിയുമായിരുന്നുവെങ്കിലെന്താകുമായിരുന്നു. ഇതാണ് ആര്‍ആര്‍ആര്‍ പറയുന്നത്. ചിത്രം പൂര്‍ണമായും സാങ്കല്‍പികമാണ്.’

 

‘വലിയ സ്കെയ്‌ലിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ഒരുകാര്യവും ചെറുതായി ചെയ്യാൻ ഇഷ്ടമല്ലാത്തൊരു ആളാണ് ഞാൻ. എന്തെങ്കിലും ചെയ്യാൻ ഒരുങ്ങുന്നെങ്കിൽ വലിയ രീതിയില്‍ ചെയ്യണം. ഈ സിനിമയും അങ്ങനെ തന്നെ. 

 

സിനിമയ്ക്കു മുമ്പ് ഒരുപാട് റിസർച്ച് നടന്നു. ആ കാലഘട്ടത്തിലെ ജീവിതരീതി, സാഹചര്യം എല്ലാം. അതിനുശേഷമാണ് സിനിമയിലേയ്ക്കു കടന്നത്. ഈ കഥയ്ക്ക് ശക്തമായ സഹതാരങ്ങളെ ആവശ്യമായിരുന്നു. 

 

അജയ് ദേവ്ഗൺ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫ്ലാഷ്ബാക്കിലാണ് അജയ് ദേവ്‍ഗണിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാം ചരണിന്റെ നായികയായി ആലിയ ഭട്ട് വരുന്നു. വിമാനത്താവളത്തിൽവച്ച് ആകസ്മികമായി കാണുമ്പോഴാണ് ആലിയയോട് ചിത്രത്തെക്കുറിച്ച് പറയുന്നത്. അപ്പോൾ തന്നെ അവർ സമ്മതം മൂളുകയായിരുന്നു. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തമിഴ് നടന്‍ സമുദ്രക്കനിയും ചിത്രത്തിലെത്തും.

 

ആർആർആർ എന്നാണ് സിനിമയുടെ വർക്കിങ് ടൈറ്റിൽ. എന്നാൽ അതുതന്നെയാകും സിനിമയുടെ ഔദ്യോഗിക ടൈറ്റിലും. കാരണം ഈ ടൈറ്റിൽ എല്ലായിടത്തും എത്തിക്കഴിഞ്ഞു. ഈ ഹാഷ്ടാഗിലാണ് എല്ലാവരും സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. പ്രേക്ഷകരുടെ ആവേശം കണക്കിലെടുത്താണ് ഇത് നിലനിർത്താൻ തീരുമാനിച്ചത്. എല്ലാ ഭാഷകളിലും ഇതേ ടൈറ്റിലിൽ ആകും റിലീസിനെത്തുക. ആർആർആർ എന്നതിന് അതിമനോഹരമായ പൂർണരൂപം ഉണ്ട്. അത് പിന്നീട് വെളിപ്പെടുത്തും.’–രാജമൗലി പറഞ്ഞു.

 

വിദേശഭാഷ ചിത്രം മോട്ടോർസൈക്കിൾ ഡയറീസിൽ നിന്നാണ് ഈ ചിത്രത്തിന് പ്രചോദനമുൾക്കൊണ്ടതെന്നും രാജമൗലി പറഞ്ഞു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തില്‍ ഏറ്റവും ഒടുവിലാണ് അതിലെ കഥാപാത്രം വേറെയാരുമല്ല, ചെഗുവേര തന്നെയാണ് എന്ന് പറയുന്നത്. അതുപോലെ രണ്ട് പേരുടെ കഥ മുഴുവന്‍ പറഞ്ഞതിന് ശേഷം അവസാനം അവര്‍ ആരായി തീര്‍ന്നുവെന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാവുമെന്ന് ആലോചിക്കുകയായിരുന്നുവെന്നും അതില്‍ നിന്നാണ് ഈ ചിത്രം ആരംഭിച്ചതെന്നും രാജമൗലി വിശദമാക്കി.

 

അച്ഛൻ വിജയേന്ദ്രപ്രസാദിന്റെ കഥയ്ക്ക് രാജമൗലി തിരക്കഥ എഴുതുന്നു. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ഡിവിവി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡി.വി.വി. ധനയ്യ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എം.എം. കീരവാണി സംഗീതം. കെ.കെ. സെന്തിൽകുമാർ ഛായാഗ്രഹണം. 2020 ജൂലൈ 30ന് ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com