‘ഷട്ടർ ഐലൻഡ്' അല്ല 'അതിരൻ': ആ 'സത്യം' വെളിപ്പെടുത്തി സംവിധായകൻ
Mail This Article
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം അതിരൻ ഹോളിവുഡ് സിനിമയായ ഷട്ടർ ഐലൻഡിന്റെ റീമേയ്ക്ക് അല്ലെന്ന് സംവിധായകൻ വിവേക്. അതിരൻ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തതിനെ തുടർന്ന് ഡി കാപ്രിയോ അഭിനയിച്ച ഷട്ടർ ഐലൻഡ്, ഗെറ്റ് ഔട്ട് തുടങ്ങി നിരവധി ചിത്രങ്ങളുമായി അതിരന് സാദൃശ്യമുണ്ടെന്ന തരത്തില്‍ ചർച്ചകൾ സജീവമായിരുന്നു.
‘ഹോളിവുഡ് ചിത്രങ്ങളിലെ സാദൃശ്യം മാത്രമാണ് ആളുകൾ ശ്രദ്ധിച്ചത്. മലയാളത്തിലെ സിനിമകൾ ചർച്ചയായില്ല. ഉള്ളടക്കം, ശേഷം, ദേവദൂതൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്. ഒപ്പം ഷട്ടർ ഐലന്‍ഡ്, എ ക്യുവർ ഫോർ വെൽനെസ്, സ്റ്റോൺഹേസ്റ്റ് അസൈലം എന്നീ ചിത്രങ്ങളും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ ഷട്ടർ ഐലൻസ് അല്ല അതിരൻ. ആ ജോണർ ചിത്രമാണ് എന്നതേ ഉള്ളൂ, അവതരണരീതി തീർത്തും വ്യത്യസ്തമാണ്. ട്രെയിലറിൽ ഇല്ലാത്ത പല കാര്യങ്ങളുമാണ് ചിത്രത്തിന്റെ ഹൃദയം. അത് സിനിമ കണ്ടുതന്നെ അനുഭവിച്ചറിയേണ്ട ഒന്നാണ്.’–വിവേക് മനോര ന്യൂസിനോട് പറഞ്ഞു.
‘അവതരണരീതിയിലാണ് കാര്യം. അവിടെയാണ് അതിരൻ വ്യത്യസ്തമാകുന്നത്. ഒരു പരീക്ഷണചിത്രമാണ് അതിരൻ. ഫഹദ് സാറുമായി രണ്ട് വർഷത്തെ പരിചയമുണ്ടായിരുന്നു. ഫഹദിനെ നായകനാക്കി ഒരു റൊമാന്‍ഡിക് കോമഡി സിനിമ ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. പിന്നീടാണ് അതിരന്റെ ആശയം മനസ്സിൽ വരുന്നത്. സിനിമയുടെ ട്രീറ്റ്മെന്റ് ഫഹദിന് ഇഷ്ടപ്പെട്ടു. തുടർന്നാണ് തിരക്കഥക്കായി പിഎഫ് മാത്യൂസിനെ സമീപിക്കുന്നത്. എന്നോടൊപ്പം സിനിമ സ്വപ്നം കണ്ടുനടന്നിരുന്ന സുഹൃത്തുക്കളും ചിത്രത്തിൽ പങ്കാളികളായി.’–വിവേക് വ്യക്തമാക്കി.