മലയാള സിനിമയുടെ കിരീടവും ചെങ്കോലും തങ്ങളുടെ കയ്യിലാണെന്ന് കരുതുന്നവർ അറിയാൻ
Mail This Article
ഷെയർ ചെയ്യുക എന്നത് ഒരു സംസ്കാരമായിരിക്കുന്നു. നല്ലതു കണ്ടാൽ അത് അറിയാതെ ഷെയർ ചെയ്തുപോകും. ന്യൂജൻ സിനിമ വളർന്നതുതന്നെ ഈ ഷെയറിങ്ങിലാണ്. സൂപ്പർ താരങ്ങൾ അടക്കി ഭരിക്കുന്നതിനിടയിൽ ചെറിയ ബജറ്റിൽ കഷ്ടപ്പെട്ടു തട്ടിക്കൂട്ടിയ കാര്യങ്ങൾ ജനങ്ങളിലെത്തിച്ചതും സിനിമ ഹിറ്റാക്കിയതും ഷെയറിങ്ങിലൂടെയാണ്. അടുത്ത കാലത്തു നടക്കാതെ പോയൊരു ഷെയറിങ്ങിനെക്കുറിച്ചോർക്കുമ്പോൾ, വിശാലമെന്നു പറയുന്ന പലരുടെയും മനസ്സു പഴയ കുട്ടിപ്പെട്ടി ടിവിയെക്കാൾ ചെറുതാണെന്നു മനസ്സിലാകുന്നു.
ഫഹദ് ഫാസിൽ എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്നത് സേതു മണ്ണാർക്കാട് നിർമിച്ചു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ഞാൻ പ്രകാശനാണ്’. മൾട്ടി പ്ലക്സിലെ കളി മാത്രം നോക്കി ഹിറ്റ് നിശ്ചിക്കുന്ന കാര്യമല്ല പറയുന്നത്. ഫഹദിനെ ന്യൂജെൻ മാത്രം കണ്ടുകൊണ്ടിരുന്ന കാലത്തു കുടുംബ നായകനാക്കിയതിൽ സത്യൻ എന്ന സംവിധായകനു വലിയ പങ്കുണ്ട്. ഫഹദ് പഴയ മോഹൻലാലിനെ ഓർമിപ്പിക്കുന്നുവെന്ന് എത്രയോ പേർ പറഞ്ഞതു സത്യന്റെ രണ്ടു സിനിമകളിലൂടെയാണ്.
ന്യൂജെൻ സംവിധായകരുടെയും എഴുത്തുകാരുടെയും എത്രയോ പോസ്റ്റുകൾ സത്യൻ ഷെയർ ചെയ്യുന്നതും അതിനെക്കുറിച്ചെഴുതുന്നതും കണ്ടിട്ടുണ്ട്. അതിലുമുപരി ഒരു പരിചയവുമില്ലാത്ത ന്യൂജെൻ അഭിനേതാക്കളെയും എഴുത്തുകാരെയും സംവിധായകരെയും വിളിച്ചു സന്തോഷം പങ്കുവയ്ക്കുന്നതും കണ്ടിട്ടുണ്ട്. പലരും ഇതു അഭിമാനത്തോടെ പറഞ്ഞിട്ടുമുണ്ട്. ആരും ആരെയും വിളിച്ചു നല്ലതെന്നു പറയാത്ത കാലമാണിത്. അവിടെയാണ് 40 വർഷമായി തുടർച്ചയായി ഹിറ്റുണ്ടാക്കിക്കൊണ്ടിരിക്കുന്നൊരു മനുഷ്യൻ യാതൊരു തലക്കനവുമില്ലാതെ തുടക്കക്കാരുമായി ഇടപഴകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയും ആഷിക് അബുവും സക്കരിയയും എന്നെ അമ്പരിപ്പിക്കുന്നുവെന്ന് എത്രയോ അഭിമുഖങ്ങളിൽ പറയുന്നത്.
ഇവിടെയാണു ന്യൂജെൻ നന്ദിയില്ലായ്മയെക്കുറിച്ചോർമവരുന്നത്. അവരുടെയെല്ലാം സ്വത്താണെന്നു പറഞ്ഞു നടക്കുന്ന ഫഹദ് ഫാസിൽ അഭിനയിച്ചിട്ടുപോലും ഞാൻ പ്രകാശൻ എന്ന സിനിമ ഹിറ്റായി ഓടുന്ന കാലത്ത് ഒരു വരിപോലും ആരും പറഞ്ഞു കണ്ടില്ല. എവിടെയും ഷെയർ ചെയ്തും കണ്ടില്ല. അതു നല്ല സിനിമയാണോ ചീത്ത സിനിമയാണോ എന്നതു വേറേ കാര്യം. അതു ചീത്തയാണെന്നും ഫഹദ് ഇനി മേലാൽ ഇത്തരം പരിപാടിക്കു പോകരുതെന്നുമെങ്കിലും പറയാമായിരുന്നു.
ഇതിനെയാണ് നാടൻ ഭാഷയിൽ അസൂയ എന്നു പറയുന്നത്. തങ്ങളുടെ സ്വത്തുപയോഗിച്ചു മറ്റൊരാൾ ഹിറ്റുണ്ടാക്കുന്നതു കണ്ടതിന്റെ ഞെട്ടലിലാണ് പല ന്യൂജെൻകാരും. അതിന്റെ കലിപ്പു പല തരത്തിലും പുറത്തു വരികയും ചെയ്യുന്നു. 40 വർഷമായി സിനിമയിൽ പച്ച വിടാതെ നിൽക്കുക എന്നതു ചെറിയ കാര്യമല്ല. അതും വീണ്ടും വീണ്ടും ഹിറ്റുണ്ടാക്കിക്കൊണ്ട്. നേരത്തെ പറയണമെന്നു തോന്നിയിരുന്നുവെങ്കിലും അതു പ്രകാശനെ പ്രമോട്ട് ചെയ്യാൻ വേണ്ടി ചെയ്തതാണെന്നു പറയാതിരിക്കാനാണു പടം തിയറ്ററിൽനിന്നെല്ലാം പോയി മാസങ്ങൾ കഴിഞ്ഞു പറയുന്നത്.
ഫഹദിന്റെ ഈ പടം ഹിറ്റാണെന്നു ഷെയർ ചെയ്തിരുന്നുവെങ്കിൽ ബലം പിടിച്ചുനിൽക്കുന്ന വിഖ്യാത എഴുത്തുകാർക്കും സംവിധായകർക്കും വല്ലതും നഷ്ടപ്പെടുമായിരുന്നോ. മറിച്ച്, നല്ലതു ചെയ്തുവെന്ന സന്തോഷം കിട്ടുകയും ചെയ്യുമായിരുന്നു. ഇറങ്ങാൻ പോകുന്ന സിനിമയുടെ പോസ്റ്റർ ഷെയർ ചെയ്ത ശേഷം അതിനടിയിൽ ഇത് ഉറപ്പായും ഹിറ്റാകുമെന്നടിക്കുന്നതു കണ്ടിട്ടുണ്ട്. പോസ്റ്റർ കണ്ടാൽ പടം ഹിറ്റാകുമെന്നു മനസ്സിലാക്കാൻ ഇവരാരാണ്, ചീട്ടുകോരമാരുടെ പുനർ ജന്മമോ?
സിനിമ ഓടുന്നതിനു പുറകിൽ ന്യൂജൻ പഴയ ജെൻ എന്നൊന്നുമില്ല. നല്ല കറി പോലെ എല്ല മസാലയും നന്നായി ചേർത്താൽ അതു ജനം കാണുമെന്നുമാത്രം. സിനിമ കല മാത്രമല്ല, നല്ല കച്ചവടവുമാണ്. കാരുണ്യ പ്രവർത്തനത്തിനുവേണ്ടിയല്ലല്ലോ സിനിമയെടുക്കുന്നത്. ന്യൂജെൻ ആയാലും പഴയ ജെൻ ആയാലും വേണ്ടതു തുറന്ന മനസ്സുകളാണ്. അത്തരം മനസ്സുകളുണ്ടാകുമ്പോഴാണു മലയാള സിനിമ രക്ഷപ്പെടുന്നത്. ഒരു മഴയ്ക്കു മുളച്ച എത്രയോ തകരകളെ മലയാള സിനിമ കണ്ടു കഴിഞ്ഞു. ഇതൊക്കെ ന്യൂ ജെൻ ആണെന്നു പറഞ്ഞു നടന്നവരായിരുന്നു. ഇനി ഞങ്ങളുടെ കാലമാണെന്നു പറഞ്ഞു നടന്നവർ കാണേണ്ടതു ലൂസിഫറും മധുരരാജയുമെല്ലാം ജനം സന്തോഷത്തോടെ കാണുന്നതാണ്. സിനിമ തിയറ്ററിൽ വരുന്നതു ന്യൂജൻ ബുദ്ധിജീവികൾക്കുവേണ്ടി മാത്രമല്ലല്ലോ. കള്ളുകുടിച്ചു റോഡിൽ കിടക്കുന്നവനും സന്ധ്യവരെ വെയിലത്തു മീൻ വിൽക്കുന്നവനുംകൂടി വേണ്ടിയാണ്.
നല്ല സിനിമയെടുക്കാൻ പലർക്കും പറ്റും. എന്നാൽ തുറന്ന മനസ്സുമായി മലയാള സിനിമാ കുടുംബത്തിലെ അംഗമായി തുടരുക എളുപ്പമല്ല. അതിനു തുറക്കാൻ പറ്റുന്ന മനസ്സു വേണം. മലയാള സിനിമയുടെ കിരീടവും ചെങ്കോലും തങ്ങളുടെ കയ്യിലല്ലെന്ന ബോധം വേണം. കെ. ബാലചന്ദറിനെ കാണുമ്പോൾ അറിയാതെ കൈകാലുകളിൽ തൊടാൻ നോക്കുന്ന രജനീകാന്തിന്റെ ചിത്രം ഓർമവേണം. അല്ലാതെ, എന്റെ ശരിക്കുള്ള അച്ഛൻ സ്റ്റീവൻ സ്പീൽബർഗാണെന്നു മനസ്സിൽ കരുതി നടക്കുകയല്ല വേണ്ടത്. ഇനിയെങ്കിലും നല്ലതു ഷെയർ ചെയ്യുക. നമുക്കായും ഒരു ഷെയർ എവിടെയോ കാത്തിരിക്കുന്നു.