ADVERTISEMENT

ബാഹുബലി സംവിധായകന്‍ എസ്.എസ്.രാജമൗലിയുടെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് കണ്ണൂരില്‍. ജൂനിയര്‍ എന്‍.ടി.ആർ., രാം ചരൺ എന്നിവരെ നായകന്മാരാക്കി രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ അഥവാ ട്രിപ്പിള്‍ ആര്‍ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിക്കാനാണ് രാജമൗലിയും സംഘവും കണ്ണൂരിലെ കണ്ണവം വനത്തിലെത്തുന്നത്. ബാഹുബലി രണ്ടിലെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിച്ചത് കണ്ണവം വനത്തില്‍ നിന്നായിരുന്നു. 

 

ആര്‍ആര്‍ആര്‍

Main parts of Bahubali 2 shoot in Kannur | Manorama News

 

സഹോദരന്മാരായാണ് ജൂനിയര്‍ എന്‍.ടി.ആറും. റാംചരണും ചിത്രത്തില്‍ എത്തുന്നത്. ഈ കാലഘട്ടത്തിലെ കഥാപരിസരത്ത് നിന്ന് 1920 കളിലേയ്ക്ക് പോകുമ്പോള്‍ വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായി ഇരുവരും എത്തും. ഈ ഫ്ലാഷ് ബാക്ക് പറയാനാണ് കണ്ണൂരിലെ കണ്ണവം വനത്തില്‍ രാജമൗലിയും സംഘവും വീണ്ടുമെത്തുക. 1920 കളില്‍ തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സ്വാതന്ത്യ സമരസേനാനികളാണ് അല്ലൂരി സീതാരാമ രാജു, കോമരം ഭിം എന്നിവര്‍. ഇവരുടെ ജീവിത കഥ സാങ്കല്‍പ്പികമായി എഴുതിയാണ് സിനിമയാക്കുന്നത്. വിദേശചിത്രമായ മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

 

എന്തുകൊണ്ട് വീണ്ടും കണ്ണൂര്‍ ?

 

ചിത്രത്തിന്‍റെ ക്ലൈമാക്സിലാണ് ജൂനിയര്‍ എന്‍ടിആറും റാംചരണും അവതരിപ്പിക്കുന്ന കോമരം ഭിം അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളുടെ നിര്‍ണായക ഫൈറ്റ് സീന്‍. ഈ ഫൈറ്റ് കണ്ണവം വനത്തിലാകും പൂര്‍ണമായും ചിത്രീകരിക്കുക. വനത്തിന്‍റെ പ്രത്യേകത തന്നെയാണ് കാരണം. ഉള്‍വനത്തിലേയ്ക്ക് നല്ല റോഡുണ്ട് എന്നതാണ് പ്രധാന കാരണം. ക്യാമറയും ലൈറ്റുമടക്കമുള്ളവ വാഹനത്തില്‍ എത്തിക്കാം. ഇടതൂര്‍ന്ന വനമെന്ന് തോന്നിപ്പിക്കുമെങ്കിലും അത്ര തിങ്ങി നിറഞ്ഞല്ല വനം നില്‍ക്കുന്നത്. ഇടതൂര്‍ന്ന വനത്തില്‍ ലൈറ്റ് പൊതുവെ കുറവായിരിക്കും. എന്നാല്‍ കണ്ണവം വനത്തില്‍ ഉള്‍ക്കാടുകളിലേയ്ക്ക് പോലും നല്ല ലൈറ്റ് കിട്ടും. ജൂണ്‍, ജൂലൈ മാസത്തിലാകും ചിത്രത്തിന്‍റെ ഷൂട്ടിങ്. 

 

കഴിഞ്ഞയാഴ്ച്ചയാണ് രാജമൗലിയും ഭാര്യ രമയും കണ്ണൂരിലെത്തി ലൊക്കേഷന്‍ ഉറപ്പിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങിയതും കണ്ണവം വനത്തെ തേടി രാജമൗലിയെത്തുന്നതില്‍ മറ്റൊരു പ്രധാന ഘടകമായി. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഏറെ ബോധിച്ച സംവിധായകന്‍ പുതിയ ചിത്രത്തില്‍ വിമാനത്താവളത്തെയും ഉള്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയെങ്കില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാകും ആര്‍ആര്‍ആര്‍.

 

വീണ്ടുമൊരു ബാഹുബലി..!

 

ബാഹുബലിയുടെ മുഴുവന്‍ റെക്കോര്‍ഡുകളും തകര്‍ക്കുന്ന രീതിയിലാകും പുതിയ ചിത്രത്തിന്‍റെ വരവെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. മുന്നൂറ് കോടി രൂപ ചിലവിലാണ് നിര്‍മാണം. തെലുങ്കിന് പുറമേ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകും. തമിഴ് നടന്‍ സമുദ്രക്കനിയും ഒരു സുപ്രധാന വേഷത്തിലെത്തും.

 

റിലീസ്

 

റിലീസ് എന്നാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തത വന്നിട്ടില്ലെങ്കിലും അടുത്ത വര്‍ഷം ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന. ലഭിക്കുന്ന വിവരമനുസരിച്ച് 2020 ജനുവരി മുപ്പതോടെ എത്തിയേയ്ക്കാനാണ് സാധ്യത. എന്നാല്‍ ഇത്രയും സൂപ്പര്‍ താരങ്ങള്‍ ചിത്രത്തിലെത്തുന്നതിനാല്‍ ഡേറ്റുകള്‍ ക്ലാഷാകാനുള്ള സാധ്യത ഏറെയാണ് അങ്ങനെയെങ്കില്‍ ഷൂട്ടിങ് നീളും. ഇതനുസരിച്ച് പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികളും നീണ്ടു പോകാം. എന്നാല്‍ നിലവിലെ കണക്കൂകൂട്ടല്‍ അനുസരിച്ച് അടുത്ത വര്‍ഷം ആദ്യം തന്നെ ചിത്രം പ്രതീക്ഷിക്കാം. പത്ത് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com