കുമ്പളങ്ങി നൈറ്റ്സിനു വേണ്ടി ആ ബോളിവുഡ് ചിത്രം ഉപേക്ഷിച്ചു; ഷെയ്ൻ നിഗം
Mail This Article
ബോളിവുഡ് സിനിമയിൽ അവസരം ലഭിച്ചിരുന്നുവെന്ന വാർത്ത സത്യമാണെന്ന് ഷെയ്‍ന്‍ നിഗം. ദംഗൽ സംവിധായകന്‍ നിതീഷ് തിവാരിയുെട പുതിയ ചിത്രത്തിലേ്ക്കാണ് തന്നെ തിരഞ്ഞെടുത്തതെന്നും എന്നാൽ കുമ്പളങ്ങി നൈറ്റ്സിന്റെ ഡേറ്റുമായി ബന്ധപ്പെട്ട് ചിത്രം ഒഴിവാക്കുകയായിരുന്നുവെന്നും ഷെയ്ൻ പറഞ്ഞു.
'ബോളിവുഡിലേയ്ക്ക് എനിക്ക് ക്ഷണം ലഭിച്ചുവെന്നാണ് പല മാധ്യമങ്ങളും പറയുന്നത്. പക്ഷേ അത് അങ്ങനെയല്ല. ഒരു വർഷം മുന്‍പ് നടന്ന സംഭവമാണ് ഇത്. ദംഗൽ സംവിധായകമായ നിതീഷ് തിവാരിയുടെ ചിത്രത്തിലേക്കായിരുന്നു ക്ഷണം. പക്ഷേ അതൊന്നും എനിക്ക് അറിയില്ലായിരുന്നു. സിനിമയുടെ കാസ്റ്റിങ് ഡയറക്ടറായ മുകേഷ് ചോപ്രയാണ് എന്നെ ബന്ധപ്പെട്ടത്. അദ്ദേഹത്തിന്റെ ടീം കൊച്ചിയിലെത്തി ഓഡിഷൻ നടത്തുകയായിരുന്നു. മലയാളിയായ കോളജ് വിദ്യാർഥിയുടെ വേഷത്തിൽ എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു.
ബോളിവുഡിലേക്ക് അവസരം ലഭിച്ചതിന്റെ സന്തോഷം ഒക്കെ അന്ന് ഉണ്ടായിരുന്നു. പക്ഷേ അപ്പോഴാണ് കുമ്പളങ്ങി നൈറ്റ്സിന്റെ ചിത്രീകരണം തുടങ്ങിയത്. ഡേറ്റ് പ്രശ്നം ഉണ്ടായി. അതുകൊണ്ട് ബോളിവുഡ് ചിത്രത്തിൽ കമ്മിറ്റ് ചെയ്യാൻ പറ്റിയില്ല. ആരോടാണെങ്കിലും കമ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് ചെയ്യണം എന്നാണ് ഞാൻ ചിന്തിക്കുന്നത്. ബോളിവുഡ് സിനിമയിൽ അഭിനയിക്കാമെന്ന് അന്ന് ഞാൻ ഏറ്റിട്ടില്ലായിരുന്നു. അതുകൊണ്ട് കുമ്പളങ്ങി ചെയ്യാമെന്ന് തീരുമാനിച്ചു. ആ തീരുമാനം നല്ലതായി വരികയും ചെയ്തു.ആ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ഒക്കെ പൂർത്തിയായി. ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്. ഇനിയും ബോളിവുഡിൽ നിന്ന് ക്ഷണം വന്നാലും ഇതു തന്നെയാകും എന്റെ രീതി. മറ്റ് കമ്മിറ്റ്മെന്റുകൾ ഒന്നുമില്ലെങ്കിൽ അത് ചെയ്യും. നിലവിൽ ബോളിവുഡിൽ നിന്ന് വേറെ സിനിമളിലേക്കൊന്നും അവസരം വന്നിട്ടില്ല. വന്നാൽ സന്തോഷം'. ഷെയ്ൻ തുറന്ന് പറയുന്നു.
സുഷാന്ത് സിങ് രജപുതിനെ നായകനാക്കിയൊരുക്കുന്ന ഛിഛോര്‍ എന്ന ചിത്രത്തിലേക്കായിരുന്നു ഷെയ്നിനെ ക്ഷണിച്ചത്. ഈ സിനിമ വേണ്ടയെന്ന് വച്ച് ഷെയ്ൻ ചെയ്ത കുമ്പളങ്ങി നൈറ്റ്സ് വലിയ ഹിറ്റായിരുന്നു. ചിത്രത്തിലെ ബോബി എന്ന കഥാപാത്രം ഷെയ്‍നിന്റെ സിനിമാ ജിവിതത്തിലെ നാഴികക്കല്ല് തന്നെയായിരുന്നു. ഏറ്റവും പുതിയ ചിത്രം ഇഷ്ക് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒപ്പം ഷെയ്നിന്റെ കഥാപാത്രത്തിന് കയ്യടികളും ലഭിക്കുന്നുണ്ട്. ആ സന്തോഷത്തിലാണ് ഷെയ്ൻ ഇപ്പോൾ.